സഞ്ജു ടെക്കിയെപ്പോലുള്ള നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം

Zachariah

മറ്റുള്ളവരുടെ ജീവന് പുല്ലുവില പോലും നല്‍കാതെ, പൊതുനിരത്തില്‍ വാഹനവുമായി അഴിഞ്ഞാടിയ യു ട്യൂബര്‍ സഞ്ജു ടെക്കി (Sanju Techy) നിയമ നടപടികള്‍ നേരിടുകയാണ്. ആവേശം സിനിമയിലെ ലോറിയിലെ സ്വിമ്മിംഗ് പൂളിനെ അനുകരിച്ച് കാറില്‍ സ്വിമ്മിംഗ് പൂളുണ്ടാക്കി, അതില്‍ കുളിച്ച് നിരത്തിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്കെതിരെ ആദ്യം കേസെടുത്തത്. സ്വിമ്മിംഗ് പൂള്‍ ആക്കി മാറ്റിയ ടാറ്റാ സഫാരി എം വി ഡി പിടിച്ചെടുത്ത് പോലീസിനു കൈമാറിയിരുന്നു. പ്രാരംഭ നടപടിയായി ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യുകയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 15 ദിവസം സേവനം ചെയ്യാന്‍ പൂളില്‍ കുളിച്ച മറ്റു മൂന്നുപേര്‍ ഉള്‍പ്പടെയുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, ഈ ശിക്ഷ കിട്ടിയ ഉടന്‍ മോട്ടോര്‍ വാഹന വകുപ്പിനെ കളിയാക്കിക്കൊണ്ട് സഞ്ജു മറ്റൊരു വീഡിയോ ചെയ്തു. എം വി ഡിയുടെ ഈ നടപടി മൂലം തന്റെ റീച്ച് പതിന്മടങ്ങ് കൂടിയെന്നും ഒരു രൂപയുടെ പോലും ചെലവില്ലാതെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഇതിലൂടെ തനിക്കു കഴിഞ്ഞെന്നുമായിരുന്നു സഞ്ജുവിന്റെ വീഡിയോയുടെ ഉള്ളടക്കം. ഈ വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറും കേരള ഹൈക്കോടതിയും കടുത്ത നിലപാടുമായി രംഗത്തു വന്നു. സഞ്ജുവിന്റെ ലൈസന്‍സ് ആജീവനാന്തത്തേക്ക് റദ്ദാക്കാനാണ് സാധ്യത. ഇതുകൂടാതെ, ഈ കേസ് ഈ മാസം 13 ന് ഹൈക്കോടതിയുടെ പരിഗണനയിലെത്തുമ്പോള്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകാനാണ് സാധ്യത.

ഏതെങ്കിലുമൊരു യു ട്യൂബ് ചാനല്‍ തുടങ്ങി, വരുമാനമാകുമ്പോള്‍ അഹങ്കാരം തലയ്ക്കു പിടിച്ച് നാട്ടിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തി വിലസി നടക്കുകയാണ് പല യു ട്യൂബര്‍മാരും. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുമ്പോള്‍, ഫാന്‍സിനെ ഉപയോഗിച്ച് കലാപത്തിനു വരെ ഇവര്‍ ആഹ്വാനം ചെയ്യുന്നു.

മോട്ടോര്‍ വാഹനനിയമങ്ങള്‍ നിരന്തരമായി ലംഘിച്ച യു ട്യൂബറാണ് സഞ്ജു ടെക്കി. മുന്‍പ് 160 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും പണം നേടിയിരുന്നു. ആഡംബര വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുക, പ്രായപൂര്‍ത്തിയാകാത്ത ആളെ വച്ചു വാഹനം ഓടിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇയാള്‍ക്കെതിരെയുണ്ട്. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തുന്നവരെ അനുകരിക്കാന്‍ കാത്തിരിക്കുന്ന വലിയൊരു ഫാന്‍ നിരയും ഇത്തരക്കാര്‍ക്കുണ്ട്.

നിയമക്കുരുക്കില്‍ കുരുങ്ങിയ ഇ ബുള്‍ ജെറ്റ് തങ്ങളുടെ ഫാന്‍സുകളെ വച്ച് വലിയ പ്രക്ഷോഭമാണ് സംഘടിപ്പിക്കാനൊരുങ്ങിയത്. വീടിന്റെ ആധാരം പണയം വച്ചൊരു വാന്‍ വാങ്ങി, പിന്നീടതൊരു വീടാക്കി രൂപമാറ്റം വരുത്തി നാടുകള്‍ ചുറ്റിക്കറങ്ങി, ആ വീഡിയോകള്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്ത്, വരുമാനമുണ്ടാക്കുകയായിരുന്നു ഇ ബുള്‍ ജെറ്റിന്റെ ഉടമകളായ എബിനും ലിബിനും. എന്നാല്‍, നിയമങ്ങള്‍ ലംഘിക്കുന്നത് സാഹസിക പ്രവര്‍ത്തനങ്ങള്‍ പോലെയാണ് ഇവര്‍ കൊണ്ടാടിയിരുന്നത്. നിരവധി നിയമലംഘനങ്ങളാണ് ഇവര്‍ നടത്തിയത്. ഒടുവില്‍, എം വി ഡിയുടെ പിടിയിലായി. ശിക്ഷാ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പ്രതിഷേധമായി തികഞ്ഞ ഭ്രാന്താണ് ഇവര്‍ കാട്ടിക്കൂട്ടിയത്. തങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതിന്റെ പ്രതികാരമായി കേരളത്തെ കത്തിക്കാനാണ് ഫാന്‍സിന് ഇവര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവരുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ട ഫാന്‍സിനെതിരെയും നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.

പണം കൈയില്‍ വരുമ്പോള്‍ ലംഘിക്കാനുള്ളതല്ല നിയമങ്ങള്‍. പണമില്ലാത്തപ്പോള്‍ പാലിക്കാനുള്ളതുമല്ല. ഒരു രാജ്യത്തൊരു നിയമമുണ്ടെങ്കില്‍, അത് എല്ലാവര്‍ക്കും ബാധകമാണ്. ജയ് വിളികളും ഘോഷങ്ങളുമായി കുറച്ചു പേര്‍ പിന്നാലെ കൂടാനുണ്ടെങ്കില്‍ എന്തു നിയമലംഘനവും തെമ്മാടിത്തരവും നടത്താമെന്നൊരു അഹങ്കാരം സഞ്ജു ടെക്കിയെപ്പോലുള്ളവര്‍ക്കുണ്ട്. അതിനു തടയിടാന്‍ വേണ്ടത് കടുത്ത ശിക്ഷാ നടപടിയാണ്. നിയമലംഘനങ്ങള്‍ നിരവധി നടത്തിയ ഇയാളുടെ യു ട്യൂബ് അക്കൗണ്ടിനു തന്നെ പൂട്ടു വീഴണം. എന്നാല്‍ മാത്രമേ സമാനരീതിയില്‍ നിയമലംഘനം നടത്താന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്കു കൂടി അതൊരു പാഠമാകുകയുള്ളു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *