മനുഷ്യദ്രോഹികള്‍ക്കു മാത്രമേ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം നടത്താനാവൂ

Zachariah

മനുഷ്യവിരുദ്ധത കുത്തിനിറച്ച വെര്‍ബല്‍ ഡയേറിയ ആദ്യം വിളമ്പിയത് ഹാഷ്മി താജ് ഇബ്രാഹിമാണ്. പിന്നീട് അതു പലരുമെടുത്തുപയോഗിച്ചു, ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ആ അപരാധത്തില്‍ നിന്നും വെളിയില്‍ ചാടാന്‍ ഹാഷ്മി എത്രത്തോളം ശ്രമിച്ചാലും ചെയ്തു വച്ച ദ്രോഹത്തിന് ഒന്നും സംഭവിക്കുന്നില്ല. കാരണം അത്രത്തോളം സാമൂഹ്യദ്രോഹം വളിച്ച സാഹിത്യം കുത്തിനിറച്ച ആ ഡയലോഗ് ചെയ്തുകഴിഞ്ഞു (CMDRF).

നേരിട്ടു കൊടുത്തുകൊള്ളാം എന്നതും നിങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളാം എന്നു പറയുന്നതും തുല്യം. ഒന്നും ചെയ്യില്ല, ആരെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെട്ടാല്‍ അവരെക്കൂടി പിന്തിരിപ്പിക്കുകയും ചെയ്യും.

സര്‍ക്കാര്‍ സഹായത്തിനായി (CMDRF) കാത്തിരിക്കുന്ന പതിനായിരങ്ങളുടെ കണ്ണീരിനു മുകളില്‍ നിങ്ങള്‍ നടത്തിയ മനുഷ്യവിരുദ്ധതയെ എന്തു പേരിട്ടാണ് വിളിക്കാനാവുക? ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയല്ലെന്നും തങ്ങളും സര്‍ക്കാരിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയെന്നാല്‍ തങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണെന്നും പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമെല്ലാം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയപ്പോഴാണ് കോണ്‍ഗ്രസിലെ സുധാകരന്റെ പുഴുത്ത നാവുകള്‍ ശബ്ദിച്ചത്, കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെതായ ദുരിതാശ്വാസ നിധിയുണ്ടത്രെ!

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍, ബി ജെ പി നേതാവ് സുരേന്ദ്രന്‍ എന്നിവരും വയനാടിനൊപ്പം വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടപ്പോള്‍, തൃശൂരെടുത്തുകൊണ്ടുപോയ അവതാരം പറയുന്നു, വയനാടിനെന്തെങ്കിലും ചെയ്യാന്‍ സമയമായില്ല എന്ന്! ജനങ്ങള്‍ക്കു വേണ്ടി അവരിലൊരാളായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരും അര്‍ഹതയില്ലാത്തത് തിണ്ണമിടുക്കു കൊണ്ട് നേടിയെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസമിതാണ്.

കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ കസേരയൊഴിഞ്ഞാല്‍ താനാ സീറ്റിലിരിക്കാന്‍ സര്‍വ്വാത്മനാ തയ്യാറാണെന്ന തരത്തില്‍ ഡയലോഗടിക്കുന്ന സിനിമ ഡയറക്ടര്‍ അഖില്‍ മാരാര്‍ നടത്തുന്നതും ദ്രോഹപ്രവര്‍ത്തനങ്ങള്‍ തന്നെ. സര്‍ക്കാര്‍ ഫണ്ടിലേക്കു കൊടുക്കാന്‍ താല്‍പര്യമില്ലെന്നും താന്‍ നേരിട്ടു കൊടുത്തുകൊള്ളാമെന്നും ദുരിതബാധിതരായവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് താന്‍ മൂന്നു വീടുകള്‍ വച്ചു നല്‍കുമെന്നുമായിരുന്നു മാരാരുടെ പ്രഖ്യാപനം. ഈ വാക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുമെന്നു ബോധ്യമായ നിമിഷം അഖില്‍ മാരാര്‍ മലക്കം മറിഞ്ഞു. ബിഗ് ബോസ് കിരീടം ലഭിക്കും വരെ കാല്‍ക്കൂറ കൈയിലെടുക്കാനില്ലാത്തവനായിരുന്നു താനെന്നും പിന്നീട് സമ്പാദിച്ചതാണ് കൈയിലുള്ളതെല്ലാമെന്നും അത്തരത്തില്‍ സമ്പാദിച്ചതില്‍ 5 ലക്ഷവും ബാക്കി സുഹൃത്തുക്കളുടെ സഹായങ്ങളും ചേര്‍ത്താണത്രെ മൂന്നു വീടുകള്‍ നല്‍കുന്നത്. അതല്ലാതെ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കുന്ന തുകയില്‍ നിന്നല്ല! സുഹൃത്തുക്കളുടെ കൈയില്‍ നിന്നും തുക വാങ്ങി ചെയ്യാനാണെങ്കില്‍ ‘ഞാന്‍ 3 വീടുകള്‍ വച്ചു നല്‍കും’ എന്നല്ല പറയേണ്ടത്. പിരിവെടുത്തു കാശു വാങ്ങി ചെയ്തു കൊടുക്കുമെന്നു തന്നെയാണ്. പൈസയില്‍ ഭൂരിഭാഗവും സുഹൃത്തുക്കളുടേയും ക്രെഡിറ്റ് അഖില്‍ മാരാര്‍ക്കും!

ആപത്തു സമയത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് എങ്ങനെയെന്ന് കൃത്യവും വ്യക്തവുമായ ധാരണയുള്ള ഒരു മുഖ്യമന്ത്രി തന്നെയാണ് കേരളം ഭരിക്കുന്നത്. അപകടത്തില്‍പെട്ട മനുഷ്യരെ ഏതുവിധമാണ് രക്ഷിച്ചെടുക്കേണ്ടതെന്നും അദ്ദേഹത്തിനു വ്യക്തമായിട്ടറിയാം. അതിനായി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാനും ഏകോപിപ്പിക്കാനും അതു മുന്നോട്ടു കൊണ്ടുപോകുവാനും അദ്ദേഹത്തിന് അറിയാം. ഒരു ഭരണാധികാരി ഇത്തരത്തില്‍ വന്‍മതില്‍ പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍ സംവിധാനങ്ങളും പ്രതിപക്ഷവുമെല്ലാം ഒത്തൊരുമയോടെ അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്നു. കാരണം ഏതു പാര്‍ട്ടി ഭരിച്ചാലും ആരാണോ ഭരിക്കുന്നത് അവര്‍ പറയുന്നതിനനുസരിച്ചാണ് മുന്നോട്ടു പോകേണ്ടത്.

ഉത്തരഘണ്ഡില്‍ മൂന്നുദിവസമായി തുടരുന്ന മലയിടിച്ചിലില്‍ നൂറുകണക്കിന് കേദാര്‍നാഥ് തീര്‍ത്ഥാടകരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പരിതാപകരമാണിവിടെ എന്നു റിപ്പോര്‍ട്ട്. ഒപ്പം മാധ്യമങ്ങളും അവിടെ നിന്നും അകന്നുനില്‍ക്കുന്നു. ചുരുക്കത്തില്‍, ഈ ദുരന്തം ഡല്‍ഹി പോലും അറിഞ്ഞ മട്ടില്ല.

കേരളത്തില്‍ വയനാട്ടില്‍ മണ്ണിടിച്ചിലുണ്ടായിട്ട് ഇന്നേക്ക് ആറാം ദിവസം. ഇന്നു ഞായറാഴ്ചയും. ഇന്ന് അവധിയെടുക്കുകയോ തെരച്ചില്‍ മന്ദഗതിയിലാക്കുകയോ അല്ല കേരളം ചെയ്തിരിക്കുന്നത്. മറിച്ച് പറ്റാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയും സന്നാഹങ്ങളും വരുത്തി ഇന്നത്തെ ദിവസം കൂടുതല്‍ ഊര്‍്ജിതമായി തെരച്ചില്‍ നടത്താനാണ് തീരുമാനം.

ദുരന്തമുഖത്ത് കേരളം കാണിക്കുന്ന ഈ ഒത്തൊരുമ തകര്‍ക്കാനാവില്ലെന്ന് സാമൂഹ്യ ദ്രോഹികള്‍ക്കറിയാം. അപ്പോള്‍പ്പിന്നെ എന്താണ് മാര്‍ഗ്ഗം? സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും വേണം. അതിനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഈ ദ്രോഹികള്‍ നാടിനൊന്നാകെയാണ് വിനാശം വിതയ്ക്കുന്നത്. ഏതു പ്രളയത്തിലും മഹാമാരിയിലും കൈകോര്‍ത്തു പിടിച്ചു മുന്നേറുന്ന ഈ നാടിന്റെ ഐക്യം തകര്‍ക്കാന്‍ ഇത്തരം വിഷജീവികള്‍ക്കു കഴിയില്ല.

ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെ ചാനല്‍ ഫ്‌ളോറിലിരുന്ന് വായില്‍ വരുന്നതെല്ലാം പ്രാസമൊപ്പിച്ചു വിളിച്ചു കൂവുന്ന ഹാഷ്മി ന്യായവാദവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇങ്ങേരുടെ വാക്കുംകേട്ട് വാളെടുത്ത് ഇറങ്ങിയവര്‍ക്കു പക്ഷേ, കുലുക്കമൊന്നുമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച പണവും ചെലവഴിച്ച പണവും ആര്‍ക്കും പരിശോധിക്കാമെന്നിരിക്കെ, എന്തിനിങ്ങനെ നുണപ്രചാരണം നടത്തുന്നു? ബജറ്റില്‍ നിന്നും നല്ലൊരു തുക ഈ നിധിയിലേക്ക് ഓരോ വര്‍ഷവും നീക്കി വയ്ക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടു നട്ടംതിരിയുന്നവര്‍ക്കു മാത്രമല്ല, മറിച്ച് മാരകരോഗം ബാധിച്ച് ജീവിതം വഴിമുട്ടിയവര്‍ക്കും ഈ ഫണ്ട് തുണയാകുന്നുണ്ട്. ഈ മുഖ്യമന്ത്രി മാറിയാലും ഭരണം മറ്റൊരു പാര്‍ട്ടിയുടെ കൈകളിലെത്തിയാലും ആ ഫണ്ട് അവിടെയുണ്ടാകും. ഇതെല്ലാം കൃത്യമായി അറിയാവുന്നവരും വായില്‍ത്തോന്നിയതു വിളിച്ചു കൂവുകയാണ്. അതിനാല്‍ ഇവര്‍ മനുഷ്യര്‍ക്കും സമൂഹത്തിനും ദ്രോഹം ചെയ്യുന്ന കൊടിയ വിഷങ്ങള്‍ മാത്രം. അഖില്‍ മാരാര്‍ക്കു പരിചയമുള്ള പഞ്ചായത്തിലെയും കോര്‍പ്പറേഷനിലെയും ഭരണാധികാരികളെയും മെബറെയും പോലെ എടുത്തുപയോഗിക്കാന്‍ സാധിക്കുന്ന ഒന്നല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. നേടിട്ടു കൊടുക്കേണ്ടവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ട്, പക്ഷേ, അതു ചെയ്യേണ്ടത് സര്‍ക്കാര്‍ ദുരിതാശ്വാസനിധിയെ ചവിട്ടിത്തേച്ചുകൊണ്ടല്ല എന്നത് ഓരോ വ്യക്തിയും ഓര്‍ത്തേ തീരൂ.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *