സഖറിയ & ജെസ് വര്‍ക്കി തുരുത്തേല്‍
വയനാട്ടില്‍ ഒരു ഗ്രാമമൊന്നാകെ ദുരന്തഭൂമിയായി മാറിയിരിക്കുന്നു (wayanad landslides). എങ്ങും നടുക്കുന്ന കാഴ്ചകള്‍. ജീവിതത്തിലേക്കു കഷ്ടിച്ചു രക്ഷപ്പെട്ടവര്‍, കൈത്തുമ്പില്‍ നിന്നും പിടിവിട്ടു പോയവരെ തേടുന്ന ഉറ്റവര്‍. വിലങ്ങുതടിയായി തോരാത്ത പെരുമഴ. വീണ്ടും വീണ്ടുമുണ്ടാകുന്ന മണ്ണിടിച്ചിലുകള്‍. പെരുവെള്ളപ്പാച്ചില്‍. എല്ലാറ്റിനും മുകളിലായി കേരളത്തിന്റെ രക്ഷാദൗത്യം. മഴശമിച്ച് കാലാവസ്ഥ അനുകൂലമായാല്‍ മാത്രം രക്ഷാപ്രവര്‍ത്തനമെന്ന മറ്റു സംസ്ഥാനകാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി, ജീവനോടെ മണ്ണിനടിയില്‍ രക്ഷക്കായി കേഴുന്ന എല്ലാവരെയും രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ, എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചു നടത്തുന്ന രക്ഷാപ്രവര്‍ത്തനം. രാത്രിയിലും ഈ ദൗത്യം തടസമില്ലാതെ നടക്കുന്നതിനായി വൈദ്യുതി എത്തിച്ച് കെ എസ് ഇ ബിയും.
ഒരു ദുരന്തമുണ്ടാകുമ്പോള്‍ കേരളം കാണിക്കുന്നത് അതുല്യമാതൃകയാണ്. അപകടത്തില്‍പ്പെട്ടവരെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്താന്‍ അവര്‍ സാധ്യമായതിനും അപ്പുറത്തേക്കു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമൊന്നും മുന്‍കൂട്ടി പ്രവചിക്കാനോ ഒഴിവാക്കാനോ പ്രയാസമാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനവും. എല്ലാവകുപ്പുകളെയും ഒരുപോലെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനു നേതൃത്വം നല്‍കി മന്ത്രിമാരും ഉദ്യോഗസ്ഥരും.
രക്ഷാ പ്രവര്‍ത്തനം ഒരു ഭാഗത്തു നടക്കുന്നതിനോടൊപ്പം മറുഭാഗത്ത് കെ എസ് ഇ ബി അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്ന് തരിപ്പണമായി പോയിരുന്നു. ഇതുകൂടാതെ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു
ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിടത്തു നിന്നാണ് വൈകുന്നേരം ആയപ്പോഴേക്കുമവര്‍ സര്‍വ്വവും പുനസ്ഥാപിച്ചു രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നത്. പത്തു പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തെ വൈദ്യുതി സംവിധാനമാകെ ഈ കുറഞ്ഞ സമയം കൊണ്ട് ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി പുനസ്ഥാപിക്കുക എന്നത് ഒരിക്കലും ഒരു ചെറിയ കാര്യമേ അല്ല. മാത്രമല്ല ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ സാമഗ്രികളും അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും സജ്ജമാക്കിയിട്ടുമുണ്ട്.
കെ എസ് ഇ ബി തങ്ങളുടെ പത്രക്കുറിപ്പില്‍ പറയുന്നു, ‘ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ തകര്‍ന്ന ലൈനുകള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശം മേപ്പാടി സെക്ഷനില്‍ നിന്നും ഏകദേശം 16 കി മി അകലെയാണ്. കനത്ത മഴയില്‍ ഇന്നലെ മുതല്‍ക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പുലര്‍ച്ചെ 2 മണി മുതല്‍ സെക്ഷനിലെ ജീവനക്കാര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഏകദേശം പുലര്‍ച്ചയോടു കൂടി ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെ 11 kV ലൈന്‍ പുനഃസ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്.
നിലവില്‍ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കല്‍ കോളേജ്, മേപ്പാടി ഗവണ്മെന്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കല്‍പ്പറ്റ 33 കെ വി സബ്സ്റ്റേഷനില്‍ വെള്ളം കയറിയിട്ടുള്ളതിനാല്‍ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട് . എന്നാല്‍ കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികള്‍ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്.’
ഓരോ സംവിധാനത്തിന്റെയും കാര്യക്ഷമത ബോധ്യമാകുന്നത് പ്രതിസന്ധി ഘട്ടങ്ങളെ എങ്ങിനെ നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്ക്കുമ്പോഴും ഓരോ മലയാളിക്കും അഭിമാനിക്കാം, മലയാളി ആയതിന്റെ പേരില്‍. കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ രണ്ടു ദിവസം ആ വശത്തേക്കു തിരിഞ്ഞു നോക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തിന്റെയും മീഡിയയുടേയും സമ്മര്‍ദ്ദഫലമായി പേരിനെങ്കിലും തെരച്ചില്‍ നടത്തിയത്. മറ്റു സംസ്ഥാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിന് കേരളം ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങുന്നു. ഇതു കേരളമാണ്, വീണുപോകുന്നവരെ ചേര്‍ത്തുപിടിച്ച് മുന്നേറുന്ന നാട്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47