Jess Varkey Thuruthel
”ആദ്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ ആ തീയതി തെറ്റിച്ചു പറഞ്ഞത് എന്തിനായിരുന്നു?’ ‘അത് ഞാന്‍ ഉറക്കപ്പിച്ചിലായിരുന്നു….’ ‘ഈ കേസിനെ പിന്തുണയ്ക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ നിങ്ങള്‍ക്ക് ഹാജരാക്കാനുണ്ടോ?’ ‘തെളിവു കണ്ടെത്തേണ്ടത് പോലീസല്ലേ? (Increasing number of fake rape cases) സിനിമാ നടന്മാരായ മുകേഷ്, ജയസൂര്യ, നിവിന്‍ പോളി, സിദ്ധിഖ് തുടങ്ങിയ നിരവധി പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചവരില്‍ രണ്ടുപേരോട് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ അതിനു നല്‍കിയ മറുപടിയായിരുന്നു ഇത് .
ദുര്‍ബല വിഭാഗങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പ്രത്യേക നിയമസംവിധാനങ്ങളുള്ള നാടാണ് നമ്മുടേത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ആക്ട്, സ്ത്രീകളുടെ സംരക്ഷണത്തിനുള്ള സ്ത്രീപക്ഷ നിയമങ്ങള്‍, എസ് സി/എസ് ടി ആക്ട്, തുടങ്ങി നിരവധി നിയമങ്ങളുണ്ട്. അവരുടെ സംരക്ഷണത്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ നിയമങ്ങള്‍ പലരും ദുരുപയോഗം ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു വ്യക്തിയുടെ (പുരുഷനോ സ്ത്രീയോ ആകാം) അന്തസും അഭിമാനവും തകര്‍ക്കണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ ഉയര്‍ന്നുവരുന്ന ബലാത്സംഗ പരാതികള്‍ നിരവധിയുണ്ട്. യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ഏതൊരാള്‍ക്കെതിരെയും പരാതി ഉന്നയിക്കാം. നല്ല തകര്‍പ്പന്‍ കഥയൊരെണ്ണം മെനഞ്ഞുണ്ടാക്കിയാല്‍ മാത്രം മതിയാകും. വിശ്വസിക്കത്തക്കതായ ഒരു കഥയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും കേസ് നല്‍കാം. ആ വ്യക്തിയെ ജീവിതത്തില്‍ കണ്ടിരിക്കണമെന്നു പോലുമില്ല. ഏതെങ്കിലുമൊരു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതോടെ അത് അന്വേഷിച്ചു കണ്ടെത്തേണ്ട ചുമതല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അന്വേഷണം നടത്തി കേസ് വ്യാജമാണെന്നു തെളിഞ്ഞാല്‍പ്പോലും കള്ളപ്പരാതിക്കാരെ ശിക്ഷിക്കാന്‍ നിലവിലെ നിയമമനുസരിച്ച് വ്യവസ്ഥയില്ല. പ്രതിയാക്കപ്പെട്ട വ്യക്തി നിരപരാധിയാണെന്നു തെളിഞ്ഞാല്‍ വിട്ടയക്കുകയാണ് ചെയ്യുന്നത്. തനിക്കെതിരെ കള്ളക്കേസ് കൊടുത്ത വ്യക്തിക്കെതിരെ പ്രതിയാക്കപ്പെട്ട വ്യക്തി കേസ് നല്‍കിയാല്‍ മാത്രമേ കള്ളപ്പരാതിക്കാര്‍ക്കെതിരെ അന്വേഷണമുണ്ടാവുകയുള്ളു. മിക്ക കേസുകളിലും തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞാല്‍ കേസിന്റെ നൂലാമാലകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ മാത്രമേ പ്രതിയാക്കപ്പെട്ടവര്‍ ശ്രമിക്കുകയുള്ളു. അതിനാല്‍ത്തന്നെ കള്ളപ്പരാതിക്കാര്‍ ശിക്ഷിക്കപ്പെടുകയില്ല. പരാതി നല്‍കിയവര്‍ ആരാണോ അവരുടെ ഉത്തരവാദിത്വം സ്‌റ്റേറ്റിന് ആയതിനാല്‍ അവര്‍ക്ക് കേസു നടത്താനായി പണച്ചെലവുമില്ല. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം കള്ളപ്പരാതികള്‍ നിരന്തരമുണ്ടാകുന്നു. ആര്‍ക്കെതിരെ വേണമെങ്കിലും പരാതി നല്‍കാമെന്ന അവസ്ഥയുമുണ്ടാകുന്നു.
ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇതിന്റെ ഇരകളാണ്. പക്ഷേ, ശാരീരികമായ കൈയ്യേറ്റങ്ങള്‍ കൂടുതലും നടക്കുന്നത് സ്ത്രീകള്‍ക്കെതിരെയാണ്. കള്ളപ്പരാതികള്‍ ഉന്നയിക്കുന്നവരിലേറെയും സ്ത്രീകള്‍ തന്നെ. എന്താണ് ബലാത്സംഗമെന്നും അത്തരത്തില്‍ ആക്രമിക്കപ്പെട്ടാല്‍ ശാരീരികമായും മാനസികമായും ഉണ്ടാകുന്ന ആഘാതം എത്ര വലുതാണ് എന്നുമുള്ള ചിന്താശേഷി പോലുമില്ലാത്തവരാണ് ഇത്തരത്തില്‍ കള്ളപ്പരാതികള്‍ ഉന്നയിക്കുന്നത്. തങ്ങളുടെ അനുവാദമോ സമ്മതമോ ഇല്ലാതെ, ബലപ്രയോഗത്തിലൂടെയും മര്‍ദ്ദനത്തിലൂടെയും ചതിച്ചും ശരീരം ലൈംഗികതയ്ക്കു വേണ്ടി ഉപയോഗിക്കുന്നതാണ് ബലാത്സംഗം. ഇത്തരത്തില്‍ ഒരാക്രമണത്തിന് ഇരയാകേണ്ടി വരുന്നവരുടെ മനസിനും ശരീരത്തിനുമേല്‍ക്കുന്ന ആഘാതം വളരെ വലുതാണ്. അതിനാല്‍ത്തന്നെ മനുഷ്യരാശിയിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായി ഇതിനെ കാണുകയും ചെയ്യണം. ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകുന്ന ഒരു വ്യക്തി എത്ര മറക്കാന്‍ ശ്രമിച്ചാലും തങ്ങള്‍ പിച്ചിച്ചീന്തപ്പെട്ട നിമിഷങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കും. അത്തരത്തില്‍ അതിഹീനമായ ആക്രമണത്തിന് ഇരയാക്കപ്പെട്ട വ്യക്തിയോട് എന്നാണ് ഇതു സംഭവിച്ചത് എന്നു ചോദിക്കുമ്പോള്‍ ഏതുറക്കത്തിലും കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്കു സാധിക്കും. കാരണം, അവരുടെ ഓര്‍മ്മയില്‍ എന്നെന്നും തെളിഞ്ഞു നില്‍ക്കുന്ന ആ സംഭവം ഓര്‍ത്തെടുക്കേണ്ട ആവശ്യം അവര്‍ക്ക് ഇല്ല എന്നതാണ് സത്യം.
കള്ളപ്പരാതി നല്‍കുന്നവര്‍ക്ക് വ്യക്തമായിട്ടറിയാം, തങ്ങള്‍ നല്‍കിയ പരാതി കള്ളമാണെന്നു തെളിഞ്ഞാലും തങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ആരും തയ്യാറായില്ലെങ്കില്‍ നിയമത്തിന് തങ്ങളെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന്. അതു തന്നെയാണ് കള്ളപ്പരാതിക്കാരുടെ ബലവും. പ്രതിയാക്കപ്പെട്ട വ്യക്തിയാകട്ടെ, ആ നിമിഷം മുതല്‍ സമൂഹത്തിന്റെ നോട്ടപ്പുള്ളിയാണ്. നിരപരാധിയാണെന്നു തെളിഞ്ഞാല്‍പ്പോലും തങ്ങള്‍ക്കേറ്റ കളങ്കം പൂര്‍ണ്ണമായും മാറിക്കിട്ടിയെന്നു വരില്ല. അതിനാല്‍ത്തന്നെ, ആര്‍ക്കെങ്കിലുമെതിരെ കള്ളപ്പരാതികള്‍ നല്‍കി കേസ് പിന്‍വലിക്കാന്‍ പണം ആവശ്യപ്പെടുന്നവരുമുണ്ട്. ഏറ്റവുമെളുപ്പം പണമുണ്ടാക്കാനുള്ള ചിലരുടെ മാര്‍ഗ്ഗം കൂടിയാണിത്. ഇത്തരത്തില്‍ കള്ളപ്പരാതിക്കാര്‍ക്കിടയില്‍ നീതി നഷ്ടമാകുന്നത് യഥാര്‍ത്ഥ ഇരകള്‍ക്കാണ്. രക്ഷപ്പെടുന്നതാകട്ടെ യഥാര്‍ത്ഥ പ്രതികളും. ഇത് ബലാത്സംഗങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നു. യഥാര്‍ത്ഥ പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടിയാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ക്ക് അറുതിയുണ്ടാവുകയുള്ളു. ബലാത്സംഗികളെക്കാള്‍ വലിയ ക്രിമിനലുകളാണ് നിരപരാധികള്‍ക്കെതിരെ കള്ളപ്പരാതി നല്‍കുന്നവര്‍. അതിനാല്‍ അവര്‍ക്കും തക്കതായ ശിക്ഷ കിട്ടിയേ തീരൂ.
ലൈംഗികത എന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെയുള്ള വികാരമാണ്. അത് പുരുഷന്റെ മാത്രം ആവശ്യകതയുമല്ല. പുരുഷനെപ്പോലെ തന്നെ സ്ത്രീയ്ക്കും ആവശ്യമുള്ള ഒന്നാണത്. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ വിശ്വസിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നു പിന്മാറുമ്പോള്‍ ബലാത്സംഗ പരാതി കൊടുക്കുക എന്നതാണ് മറ്റൊരു രീതി. എന്താണ് ബലാത്സംഗമെന്നു പോലും മനസിലാക്കാന്‍ ശേഷിയില്ലാത്തവരാണ് ഇത്തരം പരാതികളുമായി മുന്നോട്ടു പോകുന്നത്. തങ്ങള്‍ ആസ്വദിച്ചു ചെയ്ത ലൈംഗികതയുടെ പേരല്ല ബലാത്സംഗം എന്നത്. മറിച്ച്, തങ്ങളുടെ സമ്മതമില്ലാതെ, ബലപ്രയോഗത്തിലൂടെ നടത്തുന്ന അതിക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ പേരാണത്. അതിനാല്‍, യഥാര്‍ത്ഥ ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ കള്ളപ്പീഡനപരാതികള്‍ നല്‍കുന്നവര്‍ക്കും തക്ക ശിക്ഷ ലഭിച്ചേ തീരൂ.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975