Thamasoma News Desk
‘പോട്ടേടാ ചെക്കാ വിട്ടുകള’ എന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ (Sharreth) ഫേയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നതും ഉച്ചനീചത്വം തന്നെ. ആസിഫിനെ സ്റ്റേജില്‍ നിസ്സാരവത്കരിക്കുകയായിരുന്നു രമേഷ് നാരായണനെങ്കില്‍, നീയെന്റെ കുഞ്ഞനുജനല്ലേ വിട്ടുകള ചെക്കാ എന്ന എഴുത്തിലൂടെ ‘നീ അത്രയ്‌ക്കൊന്നും വളര്‍ന്നിട്ടില്ലെന്ന്’ ശരത്തും ഉറപ്പിക്കുന്നു.
ആരൊക്കെ ഏതെല്ലാം കോണുകളില്‍ നിന്നും നിഷേധിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് ദാനച്ചടങ്ങില്‍ രമേഷ് നാരായണ്‍ ചെയ്തത് നീതീകരിക്കാനാകാത്ത തെറ്റാണ് (Asif-ramesh Issue). ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഉച്ചനീചത്വത്തിന്റെ ഏറ്റവും മോശപ്പെട്ട ഒന്നാണ് ആസിഫിന് നേരിടേണ്ടി വന്നത്. രമേഷ് നാരായണിന്റെ പ്രവൃത്തിയെ ചെറുതാക്കി കാണിക്കാനും നിസ്സാരവത്കരിക്കാനും പലകോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ സംഗീത സംവിധായകന്‍ ശരത്തും ഉള്‍പ്പെടും.
സംഗീതമെന്നത് ദൈവികമാണെന്നും അത് എല്ലാവര്‍ക്കും കിട്ടില്ലെന്നും ദൈവത്തിന്റെ നേരിട്ടുള്ള ആശ്ലേഷവും അനുഗ്രഹവും ലഭിച്ചവരാണ് പാട്ടുകാരെന്നും അതിനാല്‍ അവര്‍ ദൈവത്തിന് ഏറ്റവും വേണ്ടപ്പെട്ടവരാണെന്നും ഓരോ ടി വി ഷോകളിലും പ്രോഗ്രാമുകളിലും ശരത് ഉള്‍പ്പടെ സംഗീത രംഗത്തു പ്രശസ്തരായവരെല്ലാം ആവര്‍ത്തിച്ചു പറയുന്നുണ്ട്. രമേഷ് നാരായണന്റെ ഭാഗത്തു നിന്നുണ്ടായത് കേവലം ചെറിയൊരു വീഴ്ചയാണെന്നു നിസ്സാരവത്കരിച്ചുകൊണ്ട് എഴുതിയ കുറിപ്പില്‍ കലാരംഗത്തുള്ളവരെ മുഴുവന്‍ ദൈവം തൊട്ടനുഗ്രഹിച്ചതായും അദ്ദേഹം പറയുന്നു. അണ്ണാച്ചി എന്ന സ്ഥിരം വിളിയില്‍ രമേഷിനെ വെളുപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമവുമുണ്ട്.
ദൈവത്തിനു വേണ്ടപ്പെട്ടവരാണ് തങ്ങളെന്ന ഈ വായ്ത്താരി എത്രയോ കാലങ്ങളായി കേള്‍ക്കുന്നവരാണ് മലയാളികള്‍. ഈ ലോകത്തു ജീവിക്കുവാന്‍ പര്യാപ്തമായ കഴിവോടെയാണ് ഓരോ വ്യക്തിയും ഈ ഭൂമുഖത്തു പിറന്നു വീഴുന്നത്. സംഗീതം കൊണ്ടും മറ്റു കലകള്‍ കൊണ്ടും ജീവിക്കുന്നവര്‍ക്ക് അത് അവരുടെ ഉപജീവനമാര്‍ഗ്ഗമാണ്. അതേപോലെ തന്നെയാണ് പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെ കാര്യവും. ശരത്തിനോ ഈ പാട്ടുംപാടി നടക്കുന്നവര്‍ക്ക് ആര്‍ക്കെങ്കിലുമോ കൃഷിയോ മരപ്പണിയോ കല്‍പ്പണിയോ തുടങ്ങിയ തൊഴില്‍ വൃത്തിയായി ചെയ്യാന്‍ കഴിയുമോ? കഴിയില്ല എന്നാണ് അതിനുത്തരം. അപ്പോള്‍, കര്‍ഷകരില്ലെങ്കില്‍, ഇത്തരം ജോലികള്‍ ചെയ്യാന്‍ കഴിവും സാമര്‍ത്ഥ്യവുമുള്ളവരില്ലെങ്കില്‍ സംഗീതം കൊണ്ടുമാത്രം വിശപ്പടക്കാനും കഴിയില്ല. അപ്പോള്‍ കലാകാരന്മാരെ മാത്രമല്ല, മറ്റെല്ലാ ജോലികള്‍ ചെയ്യുന്നവരും കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. പാട്ടും കലകളും മാത്രമല്ല കഴിവുകള്‍. ഓരോ ജോലിയും വൃത്തിയായി ചെയ്യാന്‍ കഴിവുണ്ടെങ്കില്‍ മാത്രമേ സാധിക്കൂ.
അപ്രമാദിത്വം തലയ്ക്കു പിടിച്ച ഒരു വ്യക്തിക്കു മാത്രമേ ഇത്തരത്തില്‍ സ്വയം എന്തൊക്കെയോ ആണെന്നു വിളിച്ചു പറയാന്‍ സാധിക്കുകയുള്ളു. സത്യത്തില്‍ രമേഷ് നാരായണ്‍ ചെയ്തത് മറ്റൊരു രൂപത്തില്‍ ശരത്ത് അവതരിപ്പിക്കുകയാണ് ചെയ്തത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയെക്കാള്‍ ഭീകരമാണ് സിനിമാ ലോകത്തു നിലനില്‍ക്കുന്നത് എന്നത് സിനിമയില്‍ ഉള്ളവര്‍ തന്നെ പരസ്യമാക്കിയിട്ടുള്ള കാര്യമാണ്. ഒരു സൗഹൃദം പോലും സാധ്യമല്ലാത്ത രീതിയില്‍ ഉച്ചനീചത്വം നിലനില്‍ക്കുന്ന ഒരു മേഖലയാണതെന്ന് അവര്‍ പറയുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് യാതൊരു വിലയും സീനിയര്‍മാരില്‍ നിന്നും കിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും പറയുന്നു, ഇതൊന്നും അഹന്ത അല്ലെന്ന്.
രമേഷ് നാരായണന് വകതിരിവ് ഇല്ലാതെ പോയി. പക്ഷേ, ജയരാജിനോ? ആ അവാര്‍ഡ് വീണ്ടും രമേശിനു നല്‍കുമ്പോള്‍ ആസിഫ് അലിയെ അദ്ദേഹവും ഒന്നു ഗൗനിച്ചതുപോലുമില്ല. ജയരാജും രമേഷ് നാരായണും അവരെ പിന്തുണയ്ക്കുന്നവരുമെല്ലാം ഈ സംഭവം വെറും നിസ്സാരമാക്കുകയാണ്.
2009 ല്‍ ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്കു കടന്നു വന്ന ആസിഫ് അലി ഇതിനോടകം തന്നെ വ്യക്തമായ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ അഭിനയ പ്രതിഭകൊണ്ടു തന്നെ. ബിരുദ പഠനകാലത്തു തന്നെ പരസ്യങ്ങളില്‍ മോഡലായും വീഡിയോ ജോക്കിയായും മറ്റും ആസിഫ് ജോലി ചെയ്തിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് ചെയ്ത സിനിമയാണ് ഋതു. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ആസിഫ് തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍, മലയാള സനിമാലോകത്ത് സ്വന്തമായി ഇരിപ്പിടം നേടിയെടുത്ത ആസിഫിന് ഇനി എന്തിനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍?
ആ വലിയ സദസില്‍ അപമാനിക്കപ്പെട്ടിട്ടും ഒന്നും സംഭവിക്കാത്തതു പോലെ പുഞ്ചിരിച്ചു കൊണ്ട് നേരിട്ട ആസിഫ് ഈ വിവാദത്തിനും വലിയ പ്രാധാന്യം കൊടുക്കാനിടയില്ല. രമേഷ് നാരായണ്‍ എന്ന സംഗീത സംവിധായകനുമായുള്ള പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിക്കുകയും ചെയ്‌തേക്കാം. എങ്കിലും ആ അപമാനം അങ്ങനെതന്നെ നിലനില്‍ക്കും. കാരണം രമേഷ് നാരായണന്മാര്‍ ധാരാളമുള്ളൊരു നാടാണിത്. ആഢ്യത്വം തലയ്ക്കു പിടിച്ച് അഹങ്കാരത്തിമിരം ബാധിച്ചവര്‍. ജനങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന ഈ എതിര്‍സ്വരം അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്.
സംഗീത സംവിധായകന്‍ ശരത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ചുവടെ:
കല എന്നത് ദൈവീകം ആണ് അത് പലര്‍ക്കും പല രൂപത്തില്‍ ആണ് കിട്ടുന്നത്.. ചിലര്‍ അഭിനയത്തില്‍ മറ്റു ചിലര്‍ സംഗീതത്തിലോ ,ചിത്ര രചനയിലോ ,വാദ്യകലകളിലോ ,ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്…ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മള്‍ കാണേണ്ടത്…
പുരസ്‌കാര ദാന ചടങ്ങുകളില്‍ നമക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്… അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും..അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവര്‍ത്തി ഈ പുരസ്‌കാരം നല്‍കിയ കലാകാരന് വേദനിപ്പിച്ചു എങ്കില്‍,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഒള്ളു..
രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ്, മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി…
അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫി നെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്… ആസിഫ് എന്റെ കുഞ്ഞു അനുജന്‍ ആണ്… എവിടെ കണ്ടാലും ആ നിഷ്‌കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍ ??പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല…അപ്പോള്‍ ആസിഫ്‌നോട് എനിക്ക് പറയാന്‍ ഒന്നേ ഒള്ളു ‘പോട്ടെടാ ചെക്കാ’ വിട്ടുകള… വിഷമം ഉണ്ടായിട്ടുണ്ടെല്‍ നിന്റെയൊപ്പം ഞങള്‍ എല്ലാരും ഉണ്ട്
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47