നിള കൊളുത്തിയ കൊടുംതീയില്‍ കത്തിയെരിയുമോ ജാതിവെറി?

Jess Varkey Thuruthel

ചെയ്യുന്ന തൊഴില്‍ എന്തുമായിക്കൊള്ളട്ടെ. നിള നമ്പ്യാര്‍ (Nila Nambiar) തീ കൊളുത്തിയിരിക്കുന്നത് ജാതിവെറിയുടെ കടയ്ക്കലാണ്. ജാതിയില്ലെന്ന് എത്രയേറെ ആവര്‍ത്തിച്ചാലും മനുഷ്യരേറെയും ഉള്ളിന്റെ ഉള്ളിലെങ്കിലും ജാതീയതയെ താലോലിക്കുന്നവരാണ്. തനിക്കു ചുറ്റും ആജ്ഞാനുവര്‍ത്തികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍. എല്ലാവരെക്കാളും വലിയവരാണ് താന്‍ എന്നു ചിന്തിക്കുന്നവര്‍. ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച ജാതീയത ഇന്നും കേരളസമൂഹത്തില്‍ കൊടികുത്തി വാഴുന്നുണ്ട്. കറുപ്പിനെ ഇകഴ്ത്തിയ സത്യഭാമയെ എതിര്‍ക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നു. പക്ഷേ, ആ എതിര്‍ത്തവരുടെ ഉള്ളിലും ഒരു സത്യഭാമയുണ്ടെന്നതാണ് സത്യം. ജനാധിപത്യമെന്നത് പുസ്തകത്താളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നു. പുറമേയാകട്ടെ, വര്‍ണ്ണവിവേചനത്തിന്റെ അതിഭീകരതയും.

പറിച്ചെറിയുന്തോറും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന അധിനിവേശ സസ്യം പോലെയാണ് ജാതീയത. എത്രയേറെ നശിപ്പിക്കപ്പെട്ടാലും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തും. ഹിന്ദുമതത്തിലെ ജാതീയത വളരെ പ്രകടമാണെങ്കില്‍ മറ്റു മതങ്ങളില്‍ അതത്ര പരസ്യമല്ലെന്നു മാത്രം.

നിള നമ്പ്യാര്‍ ചെയ്ത തെറ്റെന്ത്? ആസിയയെന്ന മുസ്ലീം സ്ത്രീയെ അവരുടെ സമുദായം പുറത്താക്കാന്‍ കാരണം അവര്‍ ഷോര്‍ട്‌സും ടോപ്പുമിട്ടു ഫോട്ടോ എടുത്ത് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റു ചെയ്തു എന്നതാണ്. മതത്തില്‍ നിന്നും മാത്രമല്ല, കുടുംബത്തില്‍ നിന്നും അവരെ പുറത്താക്കി. എവിടെയും പരിഹാസവും എതിര്‍പ്പുകളും വെറുപ്പുകളും മാത്രം. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നാളുകള്‍. ഒരുവേള മരിച്ചുകളയാമെന്നു വരെ അവര്‍ തീരുമാനിച്ചു. പിന്നീടാണ് അവര്‍ എതിര്‍പ്പിന്റെ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചത്. അതിനായി അവര്‍ ഒരു പേരും സ്വീകരിച്ചു, നിള നമ്പ്യാര്‍.

സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിക്കാത്തൊരു മതമാണ് ഇസ്ലാം. സിനിമയും പാട്ടും ഡാന്‍സുമെല്ലാം അവര്‍ക്ക് നിഷിധമാണ്. സ്ത്രീകള്‍ കണ്ണുമാത്രം വെളിയില്‍ കാണിച്ചാല്‍ മതിയെന്നു നിലപാടുള്ളവര്‍ ഷോര്‍ട്‌സും ടോപ്പുമണിഞ്ഞ പെണ്ണിനെ വെറുതെ വിടുമോ? കടുത്ത നിയമങ്ങള്‍ മൂലം പലരും മുന്‍പും ഇസ്ലാം മതത്തില്‍ നിന്നും വെളിയില്‍ ചാടിയിട്ടുട്ടുണ്ട്, പേരും മാറ്റിയിട്ടുണ്ട്. എന്നാല്‍ അവരൊന്നും ഒരു ജാതി വാല്‍ കൂടെക്കൂട്ടിയിട്ടില്ല. നിള ഉയര്‍ത്തിവിട്ട കൊടുങ്കാറ്റും ഇതുതന്നെ.

മറ്റുമതത്തില്‍ നിന്നും സ്വന്തം മതത്തിലേക്ക് ആളുകള്‍ വരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് എല്ലാ മതക്കാരും. പക്ഷേ, അവരെയൊന്നും സ്ഥാനം നല്‍കി ആദരിച്ചിട്ടോ അംഗീകരിച്ചിട്ടോ ഇല്ല. ക്രിസ്തുമതത്തിലേക്കു വന്നവര്‍ ഇപ്പോഴും മാര്‍ഗ്ഗം കൂടിയവരാണ്. ക്രിസ്ത്യാനികളായി അംഗീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല. ഏതുമത്തില്‍ നിന്നു വേണമെങ്കിലും ഹിന്ദുമതത്തിലേക്കും മാറാം. പക്ഷേ, അങ്ങനെ മാറിയവരില്‍ ആര്‍ക്കും ഇന്നേവരെ നായരെന്നോ നമ്പൂതിരിയെന്നോ നമ്പ്യാരെന്നോ ഉള്ള ജാതിപ്പേര് കിട്ടിയിട്ടില്ല, സ്വീകരിച്ചിട്ടുമില്ല. ഇവിടെയാണ് നിള നമ്പ്യാര്‍ നടത്തിയ വിപ്ലവകരമായൊരു നീക്കം. ആനകള്‍ക്ക് ദൈവങ്ങളുടെ പേരു നല്‍കാമെങ്കില്‍ താനൊരു നമ്പ്യാരായതാണോ ഇത്ര വലിയ ആനക്കാര്യം എന്നാണവര്‍ ചോദിക്കുന്നത്. നിളയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ നിളമാര്‍ ഇങ്ങനെ ചെയ്താല്‍ തങ്ങള്‍ ഊട്ടിവളര്‍ത്തുന്ന ജാതീയത തകര്‍ന്നടിഞ്ഞുപോകുമെന്ന് അനില്‍ നമ്പ്യാര്‍ അടക്കമുള്ളവര്‍ക്കറിയാം. നിളയോടുള്ള അവരുടെ എതിര്‍പ്പിന്റെ കാരണവും ഇതുതന്നെ.

പ്രായപൂര്‍ത്തി ആയവരുടെ പോണോഗ്രഫിയ്ക്കോ ഉഭയകക്ഷി സമ്മതത്തോടെയുള്ള സെക്സിനോ യാതൊരു നിയമ തടസവുമില്ലാത്ത നാടാണിത്. പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്നവരെ വേശ്യകളെന്നു വിളിക്കരുതെന്നും അവര്‍ ചെയ്യുന്നതും ഒരു ജോലിയാണെന്നും അതിനെയും മാനിക്കണമെന്നും കോടതി വിധിയുണ്ട്. അതിനാലാണ് അവരെ ലൈംഗികത തൊഴിലാളികള്‍ എന്നു വിളിക്കുന്നത്. പോണോഗ്രഫിയും ലൈംഗികത്തൊഴിലുമെല്ലാം കൂടിക്കൂടി വരുന്നത് അതിന് ആവശ്യക്കാര്‍ അത്രയേറെ ഉള്ളതു കൊണ്ടു തന്നെ.

‘ജീവിക്കാനാണ് പ്രയാസം. മരിക്കാന്‍ എളുപ്പമാണ്. മതത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍, വീട്ടുകാര്‍ ഉപേക്ഷിച്ചപ്പോള്‍ മരിക്കാന്‍ തീരുമാനിച്ചു. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി. പക്ഷേ, മകന്റെ ‘അമ്മേ’ എന്ന വിളി പിന്തിരിപ്പിച്ചു. മരിച്ചാല്‍ ആളുകള്‍ പറയും, അവള്‍ക്കുള്ള ശിക്ഷ കിട്ടിയെന്ന്. നഷ്ടം മക്കള്‍ക്കു മാത്രം. അതിനാല്‍ ജീവിക്കാന്‍ തീരുമാനിച്ചു. മരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ജീവിക്കുന്നത്. ഈ വഴി തെരഞ്ഞെടുത്തത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഇപ്പോള്‍ എനിക്ക് ഏറെ സന്തോഷമുണ്ട്,’ ആസിയ എന്ന നിള നമ്പ്യാര്‍ പറയുന്നു.

ഇവിടെ നിളമാരുണ്ടാവണം. ഓരോരോ മതങ്ങളിലേക്കും പോകുന്നവര്‍ സ്വീകരിക്കുന്ന പേരിനൊപ്പം ജാതിവാലും കൂടെകൂട്ടണം. ബ്രാഹ്‌മണ്യത്തിന്റെയും ജാതീയതയുടേയും അടിവേരുകള്‍ കൂടി പിഴുതെറിയാന്‍ ഇതൊരു കാരണമായേക്കാം.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “നിള കൊളുത്തിയ കൊടുംതീയില്‍ കത്തിയെരിയുമോ ജാതിവെറി?

    1. തീവ്രമതവിശ്വാസിയാ, ല്യോ?? ഞാന്‍ മതം വിട്ട ഒരു മനുഷ്യനാണ്. ഞാന്‍ പറയുന്നതു മനസിലാക്കാന്‍ മതമനുഷ്യര്‍ക്ക് കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *