സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കാണാക്കാഴ്ചകളിലേക്ക് ‘മുംബൈയിലെ ഒരു ഉഷ്ണ രാത്രിയില്‍’

സ്വന്തം ലൈംഗികതയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും ഭയപ്പെടുകയാണ് ഈ ആധുനിക യുഗത്തിലും മനുഷ്യര്‍. സൂര്യനു കീഴിലുള്ള ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മനുഷ്യനു മടിയില്ല, പക്ഷേ, അവരവരുടെ ലൈംഗികതയെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും മിണ്ടിപ്പോകരുതെന്നാണ് അലിഖിത നിയമം.

ലൈംഗികതയെ പാപമായി കാണുന്ന, ലൈംഗിക വികാരങ്ങളില്‍ താല്‍പര്യം കാണിക്കുന്നവരെ കുറ്റവാളികളായി കരുതുന്ന ഈ സമൂഹത്തില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രമാത്രം സാധ്യമാണ്…??

അവരവുടെ ലൈംഗിക കാമനകളെ കൊച്ചു പുസ്തകത്തിലും തുണ്ടുചിത്രങ്ങളിലും കണ്ടു തൃപ്തിയടയുന്ന സമൂഹമാണിത്. നമ്മുടെ ശരീരത്തിനു വേണ്ട ഭക്ഷണം എന്താവണമെന്നു തീരുമാനിക്കാനുള്ള അവസരങ്ങള്‍ ഓരോ മനുഷ്യനുമുണ്ട്. പക്ഷേ, അവരവരുടെ ലൈംഗിക വികാരത്തെ അത്യുദാത്തമായ രീതിയില്‍ ശമിപ്പിക്കാനുള്ള വഴികളത്രയും താഴിട്ടു പൂട്ടി കാത്തിരിക്കുകയാണിവിടെയൊരു സമൂഹം.

ഇത്തരമൊരു സമൂഹത്തെയാണ് ”മുംബൈയിലെ ഒരു ഉഷ്ണ രാത്രിയി”ലേക്ക് സംവിധായകനും നടനും അഭിനയ പരിശീലകനുമായ ടി വി ബാലകൃഷ്ണന്‍ കൂട്ടിക്കൊണ്ടുപോകന്നത്. ഫയര്‍ തിയ്യേറ്റര്‍ ഫാമിലി തൃശൂരിന്റെ ബാനറില്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാടകമാണ് ”മുംബൈയിലെ ഒരു ഉഷ്ണ രാത്രിയില്‍”.


സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നവരെങ്ങനെയാണ് സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്..? അതിനാല്‍ത്തന്നെ, ഈ പ്രമേയം കേരളത്തില്‍ അധികമാരും കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ, ഏറ്റവുമധികമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണിത്. പ്രശസ്ത ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മഹേഷ് ദത്താനിയുടെ On a Muggy night in Mumbai എന്ന നാടകത്തിന്റെ പരിഭാഷയാണ് ഈ കലാസൃഷ്ടി. പല യൂണിവേഴ്‌സിറ്റികളുടെയും പാഠ്യപദ്ധതിയില്‍ ഈ നാടകം ഇടംപിടിച്ചിട്ടുണ്ട്.

എന്താണ് സ്വവര്‍ഗ്ഗാനുരാഗമെന്ന് ഏതെങ്കിലുമൊരു മലയാളി വ്യക്തമായി മനസിലാക്കിയിട്ടുണ്ടോ..?? ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികതയെന്നാല്‍ സ്ത്രീ ശരീരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ബലപ്രയോഗത്തിലൂടെയോ കള്ളത്തരത്തിലൂടെയോ സന്നിവേശം സാധിക്കുന്നവരെ കേമന്മാരെന്നു വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തില്‍ ബലാത്സംഗങ്ങള്‍ തുടര്‍ക്കഥകളാകുന്നു. ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ വച്ചു പുലര്‍ത്തി ഈ യാഥാസ്ഥിതിക സമൂഹം സൃഷ്ടിച്ചെടുക്കന്ന പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. സ്വന്തം ലൈംഗികതയെക്കുറിച്ചൊന്നു പറയാന്‍ പോലും കഴിയാതെ, കളിയാക്കലുകളും ഒറ്റപ്പെടുത്തലും മൂലം ആത്മഹത്യയില്‍ അഭയം തേടിയ എത്രയോ കൗമാരക്കാര്‍….! സമൂഹത്തെ പേടിച്ച് ‘നാട്ടുനടപ്പ്’ വിവാഹം കഴിച്ച് ദാമ്പത്യം ദുരന്തമാക്കിയവര്‍…!! വേട്ടയാടലുകള്‍ മൂലം മാനസിക വ്യഥയുടെ കുത്തൊഴുക്കില്‍ വീണു പോയ പ്രതിഭകള്‍…!


സ്‌നേഹത്തില്‍ അധിഷ്ഠിതമായ ലൈംഗിക ബന്ധങ്ങള്‍ക്കു മാത്രമേ നല്ല വ്യക്തിബന്ധങ്ങളും രൂപപ്പെടുത്താന്‍ കഴിയുകയുള്ളു. കാമത്തില്‍ അധിഷ്ഠിതമായവ കൈയ്യേറ്റങ്ങള്‍ മാത്രമാണ്. ഈ നാടകത്തിന്റെ വിഷയം സ്വവര്‍ഗ്ഗ പ്രണയമാണെങ്കിലും ഇതു വിരല്‍ ചൂണ്ടുന്നത് നല്ല വ്യക്തി ബന്ധങ്ങളുടേയും സാമൂഹിക ഐക്യത്തിന്റേയും ആവശ്യകതയിലേക്കാണ്. ഓരോ മനുഷ്യനും വ്യക്തമായം കൃത്യമായുമുള്ള നിലപാടുകള്‍ ഉണ്ടായിരിക്കുകയും വേണം.

ആണും പെണ്ണും എന്ന പരമ്പരാഗത ചിന്താഗതിക്കപ്പുറം മനുഷ്യരില്‍ 58-ല്‍ പരം ലൈംഗികസ്വത്വം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇതു മനസ്സിലാക്കി പരസ്പരം ബഹുമാനിച്ചു ജീവിക്കുന്നതിലൂടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

അവനവന്റെ ലൈംഗികതയെയും സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ദാഹത്തെയും വേണ്ട രീതിയില്‍ തൃപ്തിപ്പെടുത്തിയെങ്കില്‍ മാത്രമേ സന്തോഷകരമായൊരു ജീവിതം സാധ്യമാകുകയുള്ളു. സ്വന്തം ലൈംഗികതയെ തിരിച്ചറിയാതെ, അവരവര്‍ക്കു വേണ്ടതെന്തെന്ന് പുറത്തു പറയാന്‍ പോലും കഴിയാതെ, തങ്ങള്‍ക്ക് മാനസികമായി ഒട്ടും യോജിക്കാന്‍ കഴിയാത്ത പങ്കാളിയുമായി ശിഷ്ട ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനെക്കാള്‍ വലിയൊരു ശിക്ഷയുണ്ടോ ഈ ഭൂമിയില്‍…??


മനുഷ്യന്റെ ചിന്തകളിലും ലൈംഗികതയോടുള്ള സമീപനത്തിലും മനുഷ്യനെ നിര്‍വ്വചിച്ചിരിക്കുന്ന രീതിയില്‍പ്പോലും മാറ്റങ്ങളുണ്ടായേ തീരൂ. വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ കാലത്ത് ഈ നാടകം നല്കുന്ന സന്ദേശം ഏറെ പ്രസക്തമാണ്.

പരമാവധി ക്യാമ്പസുകളിലും പൊതു വേദികളിലും ഈ നാടകം കളിക്കാന്‍ ഫയര്‍ തിയ്യേറ്റര്‍ ഫാമിലി ലക്ഷ്യമിടുന്നുണ്ട്.

ഈ വരുന്ന ഏപ്രില്‍ 24 ന് 6.30 ന് കേരള സംഗീത നാടക അക്കാദമി തിയേറ്ററില്‍ രണ്ടു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ നാടകത്തിന്റെ ആദ്യാവതരണം നടക്കുകയാണ്.

…………………………………………………………………………
ജെസ് വര്‍ക്കി തുരുത്തേല്‍

Leave a Reply

Your email address will not be published. Required fields are marked *