ആരാന്റെ വേദന വിറ്റുകാശാക്കുന്നവര്‍….!



Donations should be given directly to the Patients


‘വേദനിക്കുന്നമ്മേ…….’ ഈ കരച്ചില്‍കേട്ട് ഉള്ളുലയാത്ത മലയാളികളില്ല.
കണ്ണൂര്‍ സ്വദേശിനി ആര്യ എന്ന പെണ്‍കുട്ടിയുടെ ഈ കരച്ചിലില്‍
ഒഴുകിയെത്തിയത് ഒരുകോടിക്കുമേല്‍ രൂപയാണ്. കട്ടിലില്‍ ഇരുന്നുകൊണ്ട്
വേദനിക്കുന്നമ്മേ…. എന്നു വിതുമ്പിക്കരഞ്ഞ അവള്‍ കരളുരുക്കുന്ന ഒരു
കാഴ്ചയായിരുന്നു. മലയാളികള്‍ ഉള്ള നാട്ടില്‍ നിന്നെല്ലാം ആര്യയുടെ കണ്ണീര്‍
തുടയ്ക്കാന്‍ സഹായമെത്തി, പണമായും സാന്ത്വനമായും സഹായമായും
പ്രാര്‍ത്ഥനകളായും. 





കളിച്ചു നടക്കേണ്ട പ്രായത്തില്‍ വേദന കടിച്ചമര്‍ത്തി അപൂര്‍വ്വ രോഗത്തോടു
മല്ലടിക്കുന്ന ആര്യ. അവളെപ്പോലെ, രോഗത്താല്‍ കഷ്ടപ്പെടുന്ന എത്രയോ
കുട്ടികള്‍. ചികിത്സിക്കാന്‍ പണമില്ലാത്തവര്‍. രോഗം മൂലം
കടക്കെണിയിലായവര്‍, ജീവിതം വഴിമുട്ടിയവര്‍….. അങ്ങനെയങ്ങനെ എത്രയോ
ജീവിതങ്ങള്‍ നമുക്കു ചുറ്റും….. 

അധ്വാനിച്ചുണ്ടാക്കുന്ന പണത്തില്‍ നിന്നും ചെറിയൊരു ശതമാനമെങ്കിലും
വേദനിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കുന്ന എത്രയോ മനുഷ്യരാണു നമുക്കു
ചുറ്റുമുള്ളത്…. ഈ സൈബര്‍യുഗത്തില്‍, ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന
മലയാളികള്‍ ഇത്തരത്തില്‍ എത്രയോ പേരുടെ കണ്ണീരാണ് ഒപ്പുന്നത്…?
വേദനകൊണ്ട് ആര്യ നിലവിളിച്ചപ്പോള്‍, ഒഴുകിയെത്തിയത് ലക്ഷങ്ങളല്ല, മറിച്ച്
കോടികളാണ്. 
കാരുണ്യത്തിന്റെ അലകടലായി മാറുന്ന കുറെയേറെ മനുഷ്യര്‍. പക്ഷേ, ആ മനസുകളെയും
കൊള്ളയടിക്കുന്ന, മനസാക്ഷി മരവിച്ച കുറെ ആര്‍ത്തിജന്മങ്ങള്‍…
ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണമെന്നും സഹായിക്കണമെന്നും
ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെക്കൂടി പിന്തിരിപ്പിക്കുന്നവര്‍
ഇത്തരക്കാരാണ്. വേദനിക്കുന്നവരുടെ കണ്ണീര്‍ കണ്ട് ഓടിയെത്തുന്നവരില്‍ രണ്ടു
വിഭാഗക്കാരുണ്ട്. ഒന്ന് അവരെ സഹായിക്കണമെന്ന് ആത്മാര്‍ത്ഥമായി
ആഗ്രഹിക്കുന്നവര്‍. രണ്ടാമത്തേത് ആ കണ്ണീര്‍ വിറ്റു കാശാക്കുന്നവരാണ്. 

ചാരിറ്റി സംഗീത പരിപാടിയിലെ നന്മയും തിന്മയും

തിരക്കേറിയ നിരത്തുകളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ച് പണപ്പിരിവു
നടത്തി ആ തുക നിര്‍ദ്ധന രോഗികള്‍ക്കു നല്‍കുന്ന ഒരു രീതി ഇപ്പോള്‍ എവിടേയും
കാണാം. അവര്‍ ചെയ്യുന്നത് വളരെയേറെ നന്മയുള്ള ഒരു കാര്യമാണ്. പക്ഷേ, ഈ
സംഗീത പരിപാടികള്‍ നടത്തുന്നവര്‍ക്കിടയിലും ധാരാളം കള്ള നാണയങ്ങള്‍ ഉണ്ട്
എന്നതാണ് യാഥാര്‍ത്ഥ്യം. രോഗികളുടെ ദൈന്യതയില്‍ മനംനൊന്ത് കൈയിലുള്ള പണം
നല്‍കുന്നവരെ വെറും വിഡ്ഡികളാക്കി, രോഗികള്‍ക്ക് ചെറിയൊരു തുക മാത്രം
നല്‍കി, ബാക്കി പോക്കറ്റിലാക്കുന്ന വന്‍ സംഘങ്ങള്‍ രംഗത്തുണ്ട്. കൊച്ചി
സിറ്റിയുടെ പലഭാഗങ്ങളില്‍ തെരുവില്‍ സംഗീത പരിപാടികള്‍
അവതരിപ്പിക്കുന്നവര്‍ തമ്മിലുണ്ടായ അടിപിടിയും പോലീസ് കേസും ഈ
കള്ളത്തരത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. പണത്തിന്റെ മേഖലകളിലെല്ലാം
കള്ളത്തരങ്ങളുമുണ്ട്. മരണത്തോടു മല്ലടിച്ച്, ജീവിതം തന്നെ കൊടും നിരാശയിലായ
ഇത്തരം രോഗികളില്‍ നിന്നുപോലും പിടിച്ചുപറിക്കുന്ന മനസാക്ഷിയില്ലാത്തവരാണ്
സഹായ വാഗ്ദാനവുമായി മുന്നിട്ടിറങ്ങുന്നതെന്ന കാര്യം ആരെയും ഞെട്ടിക്കും. 


കാരുണ്യം നല്ലൊരു വില്‍പ്പന ചരക്കാണെന്നും കണ്ണീരിന്
ഇന്നും വലിയ വിലയാണെന്നും ഇത്തരക്കാര്‍ മനസിലാക്കിക്കഴിഞ്ഞു.
ആരാധനാലയങ്ങള്‍ക്കു മുന്നിലും തിരക്കേറിയ തെരുവോരങ്ങളിലും
നാണയത്തുട്ടുകള്‍ക്കായി കൈ നീട്ടുന്ന ഭിക്ഷക്കാരില്‍ പലരും അതിസമ്പന്നരായ
ധനാഡ്യരാണ്. ഇത്തരം കള്ളനാണയങ്ങള്‍ക്കിടയില്‍ സത്യങ്ങള്‍
ചവിട്ടിയരയ്ക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളുടെ കരുണയും
സ്‌നേഹവും മനസലിവും തന്നെയാണ് ഇവരുടെ വില്‍പ്പന ചരക്ക്. ഇത്തരം സംഗീത
പരിപാടികളിലൂടെ ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്. ഒരു മാസം കൊണ്ട് ഏറ്റവും
കുറഞ്ഞത് പത്തുലക്ഷം രൂപ വരെ സ്വരൂപിക്കുന്ന സംഗീത പരിപാടികളുമുണ്ട്.
പക്ഷേ, ഈ പണത്തില്‍ എത്ര തുകയാണ് രോഗികള്‍ക്കായി ഇവര്‍ നല്‍കുന്നത്…?
കിട്ടിയ പണത്തിനോ കൊടുത്ത പണത്തിനോ കൃത്യമായ കണക്കുകളില്ല എന്നതു
കൊണ്ടുതന്നെ, പിരിഞ്ഞുകിട്ടിയതില്‍ നല്ലൊരു ശതമാനം തുക സംഗീത പരിപാടികള്‍
നടത്തുന്നവര്‍ പോക്കറ്റിലാക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചെറിയ
തുകകള്‍ മാത്രം നല്‍കുന്നു. പക്ഷേ, ആത്മാര്‍ത്ഥമായി പരിപാടി
അവതരിപ്പിക്കുന്നവരും രോഗികള്‍ക്ക് സഹായമെത്തിക്കുന്നവരും ധാരാളമുണ്ട്.
കാരുണ്യത്തിന്റെ പേരില്‍
പണപ്പിരിവു നടത്തുന്നവര്‍ പോലീസിനു പുതിയ തലവേദനകള്‍ സൃഷ്ടിക്കുകയാണ്
പലപ്പോഴും ചെയ്യുന്നത്. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായി, ഇത്തരം സംഗീത
പരിപാടികള്‍ നടത്തുന്നവര്‍ക്കിടയില്‍ അടിപിടിയും വഴക്കും കൊലവിളി വരെയും
നടത്താറുണ്ട്. ഇതു സംബന്ധിച്ച നിരവധി പരാതികള്‍ പോലീസിനു
ലഭിക്കുന്നുമുണ്ട്. 
മലയാളികള്‍ കരുണവറ്റിയവരല്ല…..
കരുണവറ്റിയ മലയാളികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍
നിറയുമ്പോള്‍ വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മലയാളികള്‍ നല്‍കുന്ന
നാണയങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നു. ഈ
തെരുവുഗായകര്‍ ഈ പിരിവു തുകയില്‍ നിന്നും നല്ലൊരു ശതമാനം പണം കീശയിലാക്കി
ചെറിയൊരു തുക മാത്രമാണ് നല്‍കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇത്തരം ഗായക
സംഘങ്ങള്‍ക്ക് ഈ പണപ്പിരിവ് ഒരു തൊഴില്‍ മാത്രം. ഇവര്‍ നീട്ടുന്ന
ബക്കറ്റില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നിയേക്കാം, നിങ്ങള്‍
വലിയൊരു നന്മയാണു ചെയ്തതെന്ന്. പക്ഷേ, നിങ്ങള്‍ തീറ്റിപ്പോറ്റുന്നത്
ഇതിനിടയിലെ കള്ളനാണയങ്ങളെക്കൂടിയാണ്. 
കരയുന്നവരെ ആശ്വസിപ്പിക്കാനും അവരുടെ കണ്ണീരൊപ്പാനും നിങ്ങള്‍
ആഗ്രഹിക്കുന്നുണ്ടെങ്കില്‍, എന്തിനാണ് ഇടയിലൊരു മധ്യസ്ഥന്‍…? ഒന്നുകില്‍
അവര്‍ക്കു നേരിട്ടു പണം നല്‍കാം, അല്ലെങ്കില്‍ ആവശ്യക്കാരുടെ ബാങ്ക്
അക്കൗണ്ടില്‍ നിക്ഷേപിക്കാം. പക്ഷേ, ആര്യയുടെ പേരില്‍ നിരവധി കള്ള
അക്കൗണ്ടുകള്‍ ഉണ്ടാക്കി എന്നത് പരമമായ സത്യമാണ്. ആര്യയുടെ കരച്ചില്‍
നിങ്ങളുടെ ഉള്ളുലച്ചപ്പോള്‍ മറ്റുചിലര്‍ ആ കരച്ചില്‍ കാശാക്കി മാറ്റി എന്നു
സാരം. ചെറിയ തുക നല്‍കുന്നവര്‍ക്കും ബാങ്കില്‍ നിക്ഷേപിക്കുക എന്നത്
പ്രായോഗികമായ കാര്യമല്ല. 
സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്ന വലിയൊരു വിഭാഗത്തിനും സ്വന്തം കീശയില്‍
നിന്നും ഒരു രൂപ പോലും ചെലവാകുന്നില്ല എന്നതാണു യാഥ്യാര്‍ത്ഥ്യം.
ഇത്തരക്കാരുടെ ചെലവും സാമ്പത്തികാവശ്യങ്ങളും യാത്രകളും മറ്റെല്ലാ
ആവശ്യങ്ങളും ഈ പിരിച്ചു കിട്ടുന്ന പണത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്.
എന്നിട്ടും അവര്‍ അറിയപ്പെടുന്നത് കാരുണ്യത്തിന്റെ നിറകുടങ്ങളായി. സത്യം
മനസിലാക്കാത്തവര്‍ ഇത്തരക്കാരുടെ സഹനത്തെയും കാരുണ്യത്തെയും പുകഴ്ത്തുന്നു.
പക്ഷേ, നിസ്സഹായരുടെ കണ്ണുനീരില്‍ കെട്ടിപ്പൊക്കിയതാണ് ഇവരുടെ
ജീവിതമെന്നത് എത്രപേര്‍ക്കറിയാം…??? 
ചാരിറ്റി സംഗീത പരിപാടികള്‍ നടത്തി വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന
ധാരാളം പേരുണ്ട്. ആത്മാര്‍ത്ഥമായി ഇത്തരം പരിപാടികള്‍ നടത്തുന്നവര്‍ക്കു
കൂടി പേരുദോഷം ഉണ്ടാക്കുകയാണ് ഈ കള്ളനാണയങ്ങള്‍. പിരിച്ചു കിട്ടുന്നതില്‍
നിന്നും വെറും അമ്പതിനായിരം രൂപ മാത്രമാണ് ചാരിറ്റിയിലെ ഈ പുഴുക്കുത്തുകള്‍
രോഗികള്‍ക്കു നല്‍കുന്നത്. ബാക്കി തുകയത്രയും ഇവര്‍ പോക്കറ്റിലാക്കുന്നു.
ആത്മാര്‍ത്ഥമായി ചാരിറ്റി നടത്തന്നവരെ ഇത്തരക്കാര്‍ ഭീഷണിപ്പെടുത്തുന്നു.
മനസില്‍ നന്മയുള്ളവര്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ എക്കാലത്തും
വാഴ്ത്തപ്പെടേണ്ടതു തന്നെയാണ്. പക്ഷേ, എല്ലായിടത്തും തട്ടിപ്പുകള്‍
ഉള്ളതിനാല്‍, നീട്ടിയ ബക്കറ്റിലേക്കും കാശിടാന്‍ മടിക്കുന്നവരും ഏറെയുണ്ട്.
ഉള്ളറിഞ്ഞു സഹായിക്കാന്‍ മനസുള്ളവര്‍ ഒരിക്കലും ചതിക്കപ്പെടരുത്.
അതിനാല്‍, സത്യസന്ധരായി, ആത്മാര്‍ത്ഥമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍
ചെയ്യുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനം കുറെക്കൂടി സുതാര്യമാക്കുകയാണു
വേണ്ടത്. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പോലീസ് സംവിധാനത്തെയും ജില്ലാ
ഭരണകൂടത്തെയും ഉള്‍പ്പെടുത്തിയാല്‍ ഇത്തരം ചാരിറ്റി സംഗീത പരിപാടികള്‍ക്ക്
വിശ്വാസ്യത കൈവരും. തങ്ങള്‍ കൊടുക്കുന്ന പണം ആവശ്യക്കാരില്‍
എത്തിച്ചേരുമെന്ന ഒരു വിശ്വാസം പണം കൊടുക്കുന്നവര്‍ക്കും ഉണ്ടാകും.
അതിനാല്‍, ചാരിറ്റിയെ ഗൗരവമായി കാണുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
സുതാര്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

Leave a Reply

Your email address will not be published. Required fields are marked *