Jess Varkey Thuruthel
1980 കളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്കു കടന്നുവന്ന മമ്മൂട്ടി എല്‍ എല്‍ ബി പാസായ ശേഷം രണ്ടു വര്‍ഷക്കാലത്തോളം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കിയിരുന്നു എന്നാണ് നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മഹാനടനായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അദ്ദേഹം പക്ഷേ, ഒരു അഭിഭാഷകന്‍ തന്നെ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ സാമ്പത്തികമായി വിജയം കണ്ടിരിക്കാം. ആ സിനിമ ഇഷ്ടപ്പെട്ടവരും നിരവധിയായിരിക്കാം. പക്ഷേ, അതേസമയം, മമ്മൂട്ടി എന്ന നടനെയും അദ്ദേഹത്തിന്റെ അഭിഭാഷകവൃത്തിയെയും സര്‍വ്വോപരി സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലും മമ്മൂട്ടിയെ കാണാനാവില്ല എന്നത് ഈ സിനിമ വ്യക്തമാക്കുന്നു.
തൃക്കരിപ്പൂരിലെ ഒരു വ്യവസായിയുടെ കൊലപാതകവും അതിനു കാരണക്കാരായ ക്രിമിനലുകളെ പിടികൂടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പ്രവാസിയുടെ പണം തട്ടിയെടുത്ത ശേഷം വിദേശത്ത് ബിസിനസ് നടത്തുക എന്നതായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം.
പക്ഷേ, തന്നെ ആരെങ്കിലും കൊന്ന് ഈ പണവും പണ്ടങ്ങളും തട്ടിയെടുക്കണമെന്നും തന്റെ മകളെ അതിക്രൂരമായി ബലാത്സംഗം ചെയ്യണമെന്നും മകനെയും ഭാര്യയെയും ആക്രമിക്കണമെന്നും ഈ വ്യവസായിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. അല്ലായിരുന്നുവെങ്കില്‍, ഈ വ്യവസായി എന്തിനാണ് സ്വന്തം ബെഡ്റൂമില്‍ ഉള്‍പ്പടെ വീട്ടിനകത്ത് ക്യാമറ വച്ചത്? തന്റെ വീട്ടിനകത്തെ കാര്യങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ട് ഇയാള്‍ എന്താണ് നേടിയത്? പണവും സ്വര്‍ണ്ണവുമടങ്ങിയ സ്യൂട്ട്കേസ് വ്യവസായി തുറക്കുന്നതും പരിശോധന നടക്കുന്നതും അയാളുടെ ബെഡ്റൂമില്‍ വച്ചാണ്. കേടായ സിസിടിവി നന്നാക്കായി എത്തിയ പ്രതികളുടെ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ പണമടങ്ങിയ ഈ സ്യൂട്ട്ക്കേസ് കാണുകയും പ്രതികളെ ഇക്കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. ഇവര്‍ എല്ലാം ചേര്‍ന്ന് ആ പണം തട്ടിയെടുക്കാന്‍ പ്ലാന്‍ ചെയ്യുന്നു. എയര്‍പോര്‍ട്ടില്‍ പോകുന്നതിനായി ഡ്രൈവറെ കാത്തിരിക്കുന്ന വ്യവസായിയെ തേടിയെത്തിയത് കൊലയാളികളാണ്.
വീട് കൊള്ള ചെയ്യാനെത്തിയവര്‍ക്ക് സ്യൂട്ട്ക്കേസില്‍ ഉണ്ടായിരുന്ന പണത്തിന്റെ ചെറിയൊരു അളവു മാത്രമേ കണ്ടെത്താന്‍ സാധിച്ചുള്ളു. ബാക്കി പണം കിട്ടുന്നതിനായി നടത്തിയ ശ്രമത്തിനിടയില്‍ വ്യവസായിയെ കൊല്ലുന്നു, അദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്യുന്നു, കിട്ടിയ പണവുമായി പ്രതികള്‍ ഉത്തരേന്ത്യയിലേക്കു കടക്കുന്നു. ഈ ക്രിമിനലുകളെ പിടികൂടാന്‍ നടത്തുന്ന ശ്രമങ്ങളും അവര്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ വിവരിക്കുന്നത്.
സംഭവമെല്ലാം കൊള്ളാം, പക്ഷേ, സ്വന്തം ബുദ്ധി വല്ലയിടത്തും പണയം വച്ചിട്ടാണോ മമ്മൂട്ടി ഈയിടെയായി ചിത്രങ്ങളില്‍ അഭിനയിക്കുന്നത്? കഥകള്‍ വായിച്ചു കേട്ട് ബോധ്യപ്പെട്ടതിനു ശേഷം സിനിമകള്‍ തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയെന്തേ ഈ മഹാ അബദ്ധം കാണാതെ പോയി? വ്യവസായി എന്തിനാണ് അയാളുടെ ബെഡ്റൂമില്‍ ക്യാമറ വയ്ക്കുന്നത്? മനുഷ്യരാരെങ്കിലും ചെയ്യുന്ന പണിയാണോ അത്? അതോ തന്റെ കിടപ്പറയിലെ കാര്യങ്ങളെല്ലാം നാട്ടാരും കൂടി കണ്ടോട്ടെ എന്ന് വ്യവസായി തീരുമാനിച്ചിരുന്നോ?
കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തുക്കളായ ഡോ റോണി ഡേവിഡ് രാജിനും മുഹമ്മദ് ഷാഫിക്കും സിനിമയുടെ സംവിധായകനും റോണിയുടെ സഹോദരനുമായ റോബി വര്‍ഗ്ഗീസ് രാജിനും ബുദ്ധിയില്ലെന്നു കരുതാം. പക്ഷേ, മമ്മൂട്ടിക്ക് ഇത് എന്തിന്റെ കേടായിരുന്നു? പഠിച്ചത് എല്‍ എല്‍ ബി തന്നെയല്ലേ? വക്കീലായിരുന്നില്ലേ? പ്രാക്ടീസ് ചെയ്തിരുന്നില്ലേ? എന്നിട്ടും എന്തേ ഈ വിഢിത്തം കാണാന്‍ പറ്റാതെ പോയി?
റോഷാക്ക് എന്ന സിനിമയില്‍ ഇത്തരത്തില്‍ അബദ്ധങ്ങള്‍ ഒരുപാടു കണ്ടതാണ്. പാരാനോര്‍മ്മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍, സൈക്കോളജിക്കല്‍ റിവഞ്ച് ത്രില്ലര്‍ തുടങ്ങിയ വിശേഷണങ്ങളാണ് ഈ സിനിമയ്ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്വത്തും തട്ടിയെടുത്ത്, ഭാര്യയെയും കൊന്ന് നാട്ടിലേക്കു പോന്ന് മരിച്ചു പോയ ആസിഫ് അലിയുടെ കഥാപാത്രം പ്രേതമായി വന്ന് മമ്മൂട്ടിയുടെ ലൂക്ക് ആന്റണിയെ ഇടയ്ക്കിടയ്ക്ക് പഞ്ഞിക്കിടുന്നു. ചത്തുപോയവനോട് പ്രതികാരം ചെയ്യാനിറങ്ങിപ്പുറപ്പെടുന്ന ലൂക്ക് ആന്റണി. പ്രേതത്തിന്റെ ഭാര്യ ലൂക്ക് ആന്റണിയെയും തഴഞ്ഞ് മൂന്നാമതൊരുത്തന്റെ കൂടെ പോയി, അമ്മയാകട്ടെ, പോലീസുകാരനെ വിഷം കൊടുത്തു കൊന്ന് പോലീസ് പിടിയിലുമായി, അതോടെ പ്രേതത്തിന്റെ കാറ്റുപോയി, പ്രശ്നങ്ങളും തീര്‍ന്നു. അതിബുദ്ധിപൂര്‍വ്വം തയ്യാറാക്കിയ സിനിമയാണത്രെ ഇത്! ഹാവൂ, ഗംഭീരം
കാസര്‍ഗോള്‍ഡ് എന്ന സിനിമയില്‍ ക്ലൈമാക്സില്‍ കാണുന്നത് വിഢിത്തങ്ങളുടെ ഘോഷയാത്രയാണ്. ഭക്ഷണം പാകം ചെയ്യുന്നതിനായി ഉണങ്ങിയ വിറകുമായി സണ്ണി വെയ്നിന്റെ കഥാപാത്രം പോകുന്നത് തകര്‍ത്തു പെയ്യുന്ന മഴയിലാണ്. ടിവിയിലെ വാര്‍ത്ത കണ്ടു കിളിപോയി ചെയ്തുപോയതാണ് എന്ന നീതീകരണവുമായി നേരിടാന്‍ ഫാന്‍സുകാര്‍ നിരന്നു നില്‍പ്പുണ്ട് എന്നറിയാം. എന്നാലും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
പണി തീരാത്ത വീട്ടില്‍, ഇരിക്കാന്‍ ഒരു മരക്കഷണം പോലുമില്ലാത്ത വീട്ടില്‍, കിടക്കാനായി വാഴയില മാത്രമേയുള്ളു എന്നു പറയുന്ന വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ ഒരു പാത്രം പോലുമില്ല. ചിക്കനുള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങിയതായി കാണിക്കുന്നില്ല. എവിടെ നിന്നു വന്നു ഇവയെല്ലാം? പ്രേക്ഷകരെ കാണിക്കാതെ വാങ്ങി എന്നുതന്നെ വയ്ക്കുക. അവയെന്താ തീയില്‍ ചുട്ടെടുക്കുമോ? ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പോലുമൊരു പാത്രമവിടെ ഇല്ല എന്ന കാര്യം മറന്നു പോകരുത്. വിനായകന്റെ കഥാപാത്രം കൊന്നുതള്ളിയ ആസിഫ് അലിയുടേയും സണ്ണി വെയ്നിന്റെയും കഥാപാത്രങ്ങള്‍ വീണ്ടുമുയര്‍ത്തെഴുന്നേറ്റു വരുന്ന അതിമനോഹരമായ കാഴ്ചകളും കാണാനാവും.
സിനിമയില്‍ ലോജിക് തിരയരുതെന്നും അത് ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്നും പറയുന്നവരുണ്ട്. അവനവന്റെ ബുദ്ധിക്കു നിരക്കാത്ത യാതൊന്നിനോടും യോജിക്കേണ്ട ആവശ്യം ഒരു പ്രേക്ഷകനുമില്ല. സിനിമയില്‍ അഭിനേതാവിനു പണം കിട്ടും. പക്ഷേ ഈ വിഢിത്തങ്ങള്‍ കാണുന്ന പ്രേക്ഷകനു നഷ്ടപ്പെടുന്നതു പണം മാത്രമല്ല, വിലപ്പെട്ട സമയം കൂടിയാണ്. അതിനാല്‍, സംവിധായകരോ നിര്‍മ്മാതാക്കളോ തിരക്കഥാ കൃത്തുക്കളോ എന്തെങ്കിലും വിവരക്കേട് എഴുതിപ്പിടിപ്പിച്ചാല്‍ അത് തെറ്റല്ലേ എന്നു ചോദിക്കാനുള്ള ധൈര്യമെങ്കിലും അഭിനേതാക്കള്‍ കാണിക്കണം. തിരക്കഥ പൂര്‍ണ്ണമായും വായിച്ചു കേട്ട് ബോധ്യപ്പെട്ടിട്ടാണ് ഓരോ സിനിമയും ചെയ്യുന്നതെന്ന് മമ്മൂട്ടി പറയാറുണ്ട്. അതു വെറും തള്ളുമാത്രമായിരിക്കാം. അല്ലെങ്കില്‍ ഈ വിഢിത്തത്തെ തിരുത്താനെങ്കിലും ഇവര്‍ ശ്രമിക്കുമല്ലോ.
#KannurSquad #Mammootty #Roshak #SunnyWaye #AsifAli #Kasargold #MalayalamCinema
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47