നീലരാത്രി : നിശബ്ദതയിലെ നിഗൂഢത

Neelaratri : Mystery in Silence

നീലരാത്രി (Neelarathri) എന്ന സിനിമ കണ്ടു. മലയാള സിനിമ ഇതുവരേയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താതെ പോയ ഭഗത് മാനുവൽ എന്ന നടന്റെ ഉള്ളിലെ അഭിനയ പ്രതിഭ, അതി മനോഹരമായി EXPLORE ചെയ്യപ്പെട്ടത് കണ്ട് ചില അഭിപ്രായങ്ങൾ എഴുതാതെ വയ്യ.

ആശയ വിനിമയത്തിന് ആണ് ഭാഷ എന്ന് വിശ്വസിക്കുന്നവരാണ് എനിക്കറിയാവുന്ന ഭൂരിപക്ഷം ആളുകളും. എന്നാൽ സിനിമയുടെ കാര്യത്തിൽ, എനിക്ക് വേറിട്ട ഒരു തോന്നൽ ഉണ്ട്. സിനിമയുടെ സൃഷ്ടാവ്, പ്രേക്ഷകനിലേക്ക് സംവേദനം ചെയ്യപ്പെടുവാൻ വേണ്ടി ഉപയോഗിക്കുന്ന ഭാഷ, ചില സമയങ്ങളിൽ എങ്കിലും, ആ സിനിമക്ക് ഒരു അധിക ബാധ്യതയായി മാറുന്നത് നിസ്സഹായനായി കണ്ടിരിക്കേണ്ടി വന്നിട്ടുണ്ട്. ഇത് വെറുതേ, ആലങ്കാരികമായി പറഞ്ഞതല്ല. അതിന് എനിക്ക് ഒരു കാരണവും തോന്നിയിട്ടുണ്ട്. അതായത്, ഒരു സിനിമയുടെ ഭാഷ എന്നത്, തീർത്തും വ്യത്യസ്ഥമായ, അതിലേറെ ചലനാത്മകമായ ഒരു സ്വതന്ത്ര ഭാഷയാണ്. അതൊരിക്കലും ക്യാമറയുടെ പിന്നിൽ ഇരുന്ന്, ശ്വാസം പോലും വിടാനാകാതെ, കഷ്ടപ്പെട്ട് സിനിമയൊരുക്കിയ അവൻ്റെയോ അവളുടെയോ മാത്രം ഭാഷയല്ല, മറിച്ച് ആ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ കൂടി ഭാഷയാണ്. അത് കൊണ്ട് തന്നെ, ഒരു സിനിമ കാണുവാൻ വരുന്നയാളുകൾ, ആ സിനിമയെ ഇങ്ങനെ കാണണമെന്ന് കൽപിച്ച്, പത്ത് കൽപ്പനകൾ പുറപ്പെട്ടുവിക്കുന്ന ആധുനിക പ്രവാചകൻ, കല എന്ന മതത്തിൽ കാണുന്നില്ല. ഇല്ലാത്ത ഒന്നിലെ അവരോധിക്കുന്നത് ഒരിക്കലും കലാപരമായ, സത്യ സന്ധതയല്ല.

എന്താണോ ഒരു സിനിമയ്ക്ക് പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുവാനുള്ളത് , അത് അങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത് വരേ, ആ സിനിമയുടെ സ്വത്വം, ഗതി കിട്ടാത്ത ആത്മാവ് പോലെ അലയേണ്ടി വരും. അർഹത ഏറെ ഉണ്ടായിട്ടും, വേണ്ട വിധത്തിൽ വിലയിരുത്തപ്പെടാതെ പോകുന്ന സിനിമകളുടെ സ്വത്വങ്ങൾ, പ്രത്യേകിച്ചും.

നമ്മൾ അന്വേഷിക്കുന്ന നായകനും വില്ലനും യഥാർത്ഥത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളിലെന്ന പോലെ ഒരൊറ്റയാളിൻ്റെ മനസ്സിൻ്റെ രണ്ട് ഭാവങ്ങളാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാൽ, അന്ന് അവസാനിപ്പിക്കണം, പുറത്ത് നിന്ന് ഒരു പ്രതി നായകനെ തിരയുന്ന ഏർപ്പാട്. ലോകേഷ് കനക രാജിന്റെ LCU-വിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ബ്രഹ്മാണ്ഡ ചിത്രം, LEO കണ്ടിറങ്ങിയ ബഹുഭൂരിപക്ഷം പേർക്കും, ഉണ്ടാകാനാകാതെ പോയ ഒരു തിരിച്ചറിവ് ആണത്. ആ തിരിച്ചറിവ് പ്രേക്ഷകന് പകർന്ന് നൽകാൻ, ഭഗത് മാനുവൽ എന്ന നടനെ കൊണ്ട്, ഒരക്ഷരം പോലും സംസാരിപ്പിക്കാതെ, ആ കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങളെ ക്യാമറ എന്ന തന്റെ ചലച്ചിത്ര – തൂലിക ഉപയോഗിച്ച് തിരശ്ശീലയിലേക്ക് എത്തിച്ച നീലരാത്രിയുടെ സംവിധായകൻ, അശോക് നായർക്ക് കഴിഞ്ഞു എന്ന് പറയാം.

ഇന്ന് മധ്യവയസ്കർക്കിടയിലെ ദാമ്പത്യ ബന്ധത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഉലച്ചിലിന് പ്രധാന കാരണമെന്ന് പറയവുന്ന മിഡ് ലൈഫ് ക്രൈസിസ് എന്ന വ്യാധി, സ്ത്രീ-പുരുഷ വ്യക്തിത്തങ്ങളിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന, തുല്യവും എന്നാൽ വളരെ വ്യത്യസ്ഥവുമായ [Equal, but separate ] മാനസികാവസ്ഥയെ, വാക്കുകളോ വാചകങ്ങളോ ഇല്ലാത്ത സിനിമയുടെ ഭാഷയിൽ തീർത്തും ഹ്രസ്വമായി, എന്നാൽ അതി തീവ്രമായി, പറയാനായി എന്നതാണ് നീലരാത്രിയുടെ എടുത്തു പറയാവുന്ന സവിശേഷത.

ഹിമയും, പാജിയും, പിന്നെ ബേബി വേദിക എന്ന ആ കുട്ടിയും മൂന്നല്ല, ഒന്നാണ്. കുടുംബം എന്ന ഒരു രാജ്യം. ആഗോളവത്കരണം എന്ന ഉത്തരാധുനികതയും, ദിനവും തിരക്കേറിയ നാഗരികതയും, അതിന്റെയെല്ലാം കളിയരങ്ങാകുന്ന അണു കുടുംബം എന്ന ഒറ്റപ്പെടലിന്റെ നിസ്സഹായതയും ചേർന്ന് ആണിനും പെണ്ണിനും സമ്മാനിച്ച ഒരു രോഗകാരിയായ virus ആണ് മധ്യ ജീവിതത്തിലെ പ്രതിസന്ധി. ആണിനെയും പെണ്ണിനേയും അത് ഒരേപോലെ ആക്രമിക്കുമെങ്കിലും ഇരുവരിലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പക്ഷേ വ്യത്യസ്തമാണ്. Equal but Separate. ഇതിൽ പുരുഷന്റെ മധ്യ ജീവിത പ്രതിസന്ധി-യെ അതി ജീവിക്കാനായി പുരുഷൻ കണ്ടെത്തുന്ന ഒരു നാട്ട് മരുന്നാണ് വൈഗയുടെ ആ കഥാപാത്രം. വൈഗ ആ വേഷം നന്നായി Perform ചെയ്തിട്ടുണ്ട്. മധ്യവയസ്കനായ ഒരു പുരുഷന്റെ ജീവിതത്തിൽ ആ മരുന്ന് ഉണ്ടാക്കുന്ന അമൂർത്തമായ side-effect, ഭഗത് മാനുവൽ Bhagath Manuel എന്ന നടൻ, മനോഹരമായി പ്രേക്ഷകരിലേക്ക് നിശബ്ദതയുടെ ഭാഷയിൽ അനുഭവിപ്പിച്ച് തരുന്നു. ഇത് സത്യത്തിൽ താൻ തന്നെയല്ലേ എന്ന തോന്നൽ പ്രേക്ഷകനിൽ ഉണ്ടാക്കുന്ന സമയം ഞാനാദ്യം പറഞ്ഞ വെളിപാട്, communicated ആകുന്നു. ഈ ഘട്ടത്തിൽ നമ്മൾ അന്വേഷിക്കുന്ന നായകനും വില്ലനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ പ്രേക്ഷകൻ, പുറത്തു നിന്നുള്ള പ്രതിനായകനെ തിരയൽ അവസാനിപ്പിക്കുന്നു.

അതി മനോഹരവും ഒപ്പം കാലിക പ്രസക്തവുമായ ഈ ആശയം കമ്യൂണിക്കേറ്റ് ചെയ്യാൻ അതി മനോഹരമായ ഒരു ഭാഷ, സിനിമയ്ക്ക് തന്നെ സ്വന്തമായി ഉള്ളപ്പോൾ, മറ്റൊരു ഭാഷ ആവശ്യമില്ലെന്ന തീരുമാനമെടുക്കാൻ സംവിധായകൻ നടത്തിയ തെരഞ്ഞെടുപ്പ് ഇതിൽ ഏറ്റവും പ്രധാനമാണ്. ഭഗത് മാനുവൽ എന്ന നടനിലൂടെ ഇരുമുഖ സ്വഭാവമുള്ള ഈ കഥാപാത്രം ജീവിക്കുമെന്നും, ഒരു നോട്ടപ്പിശകിൽ കഥാപാത്രങ്ങൾ ഓവർ ആക്ടിങ്ങിലേക്ക് കടക്കാൻ സാധ്യതയുള്ള ഇങ്ങനെ ഒരു Platform-ൽ അതിന് ഒരു സാധ്യതയും നൽകാതെ, നടനിൽ നിന്നും തൻറെ കഥാപാത്രത്തിന് ആവശ്യമായത് മാത്രം ഊറ്റിയെടുത്ത സംവിധായകൻ അശോക് നായർ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

തീർത്തും വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രത്തിന് വേണ്ടി പണം മുടക്കുവാൻ തയ്യാറായ ജോബി മാത്യുവിനും, ലീനു ഭഗത്തിനും അഭിനന്ദനങ്ങൾ. ഭഗത് മാനുവലിനും, വൈഗയ്ക്കും, ഹിമ ശങ്കരിക്കും, പുറമേ, മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളെ നന്നാക്കി. എസ്.ബി പ്രജിത്തിന്റെ ക്യാമറയും സണ്ണി ജേക്കബിന്റെ എഡിറ്റിങ്ങും പിന്നെ അരുൺ രാജിന്റെ സംഗീതവും ചിത്രത്തെ രൂപപ്പെടുത്തുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചു. ഹിമയുടെ മേക്കപ്പ് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.

ഏതൊരു പുരുഷനെയും സംബന്ധിച്ച് അയാളുടെ ജീവിതത്തിലെ നായകൻ അയാൾ തന്നെയായിരിക്കും. എന്നാൽ അയാളുടെ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യം, ചില നേരങ്ങളിൽ അയാളെ യുദ്ധത്തിനും സമാധാനത്തിനും നടുവിൽ ഒരു ഇടുങ്ങിയ ഇടത്തിൽ കൊണ്ട് ചെന്ന് നിർത്തുന്നു. ഈ പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി ഉരിത്തിരിയുന്ന പ്രതി-നായകത്വം എന്ന നാട്ട് മരുന്ന്, ഇരു ഭാവങ്ങൾക്കുമിടയിലെ ഇടുങ്ങിയ ഇടത്തിൽ തങ്ങി നിൽക്കുന്ന ശൂന്യത, അവിടെ സൃഷ്ടിക്കുന്ന അതിർ വരമ്പ്, യുദ്ധത്തിനും സമാധാനത്തിനും നടുവിലുള്ള ഒരു NO MAN’S LAND ആയി മാറുന്നതും അവിടെ വച്ച്‌ എടുക്കപ്പെടുന്ന തീർപ്പുകൾ അയാളെ, ഒന്നുകിൽ സമാധാനത്തിലേക്കോ, അല്ലെങ്കിൽ കുറ്റവും ശിക്ഷയും അടങ്ങുന്ന അനിവാര്യ യുദ്ധത്തിലേക്കോ കൂട്ടിക്കൊണ്ടു പോകുന്നു. കുടുംബ ബന്ധങ്ങളിൽ സർവ്വ സാധാരണമായി മാറി കഴിഞ്ഞ ഈ മധ്യ വയസ്സിന്റെ പ്രതിസന്ധിയുടെ സ്ത്രീപക്ഷ വീക്ഷണത്തെ പറ്റി പറയാതെ പറഞ്ഞു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

പക്ഷേ അത്,
മറ്റൊരു കഥയോ,
മറ്റൊരു സിനിമയോ ആണ്.

………………………………………………………………………………

#നീലരാത്രി
#Neelarathri

#Manuvilsan

#bhagathManuel

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *