നേര്: സമാനതകളില്ലാത്ത പെണ്‍കരുത്ത്


Jess Varkey Thuruthel

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന മലയാള ചലച്ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സമീപ കാലത്ത് തിയേറ്ററിലെത്തിയ പല വിജയ ചിത്രങ്ങളെയും നേര് പിന്നിലാക്കിക്കഴിഞ്ഞു. 2013 ല്‍ ജിത്തു ജോസഫ് പുറത്തിറക്കിയ ദൃശ്യം എന്ന സിനിമ പോലെ പ്രേക്ഷകരെ ഉദ്യോഗഭരിതരാക്കിയില്ലെങ്കിലും വളരെ മികച്ച അഭിപ്രായം തന്നെയാണ് ഈ ചിത്രത്തിനും.

ഈ രണ്ടു സിനിമകളിലും എടുത്തുപറയേണ്ടത് ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളെയാണ്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അഞ്ജു (അന്‍സിബ)യും നേരില്‍ ജഗദീഷിന്റെ മകളായി അഭിനയിച്ച സാറ (അനശ്വര രാജന്‍)നും. പഠനക്യാമ്പിനു പോയപ്പോള്‍, അവര്‍ ഉപയോഗിച്ച ബാത്ത്‌റൂമില്‍ ഒളിക്യാമറ വച്ച് കുളിസീന്‍ പകര്‍ത്തി, പിന്നീട് ആ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി അഞ്ജുവിനെയും അമ്മ റാണി (മീന)യെയും ലൈംഗികമായി ഉപയോഗിക്കാന്‍ വരുണ്‍ പ്രഭാകര്‍ (റോഷന്‍ ബഷീര്‍) നടത്തുന്ന ശ്രമങ്ങളെ ചെറുക്കുന്നതിനിടയില്‍ വരുണ്‍ കൊല്ലപ്പെടുന്നു. കൊല്ലണമെന്ന ഉദ്യേശത്തോടെ നടത്തിയ ഒരു കൊലപാതകമല്ല അത്. വരുണ്‍ നടത്തിയ ഭീഷണിക്കു മുന്നില്‍ കെഞ്ചിക്കേഴുന്ന അമ്മയെയും മകളെയുമാണ് ദൃശ്യത്തില്‍ കാണാനാകുന്നത്. നട്ടെല്ലുയര്‍ത്തി, ‘എന്നാല്‍ നീയതു പ്രദര്‍ശിപ്പിക്കെടാ’ എന്നു പറഞ്ഞിരുന്നെങ്കില്‍ നേരിടാന്‍ കഴിയുമായിരുന്ന ഒരു പ്രശ്‌നമാണത്. പെണ്ണിന്റെ അറിവോ സമ്മതമോ ഇല്ലാതെ അവളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുന്നവനു മുന്നിലും കരഞ്ഞു കാലുപിടിക്കുന്ന സ്ത്രീകളെയാണ് ദൃശ്യത്തില്‍ കാണാനാവുക.

എന്നാല്‍, നേരിലേക്കെത്തുമ്പോള്‍, അസാമാന്യ ധൈര്യത്തിന്റെ ഉടമയായ ഒരു പെണ്ണിനെയാണ് ജിത്തു ജോസഫ് വരച്ചു കാണിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ ഓരോ പെണ്ണും ഏതു തരത്തില്‍ പെരുമാറണമെന്ന്, ഈ സമൂഹത്തെ എങ്ങനെ നേരിടണമെന്ന് സാറ എന്ന കഥാപാത്രത്തിലൂടെ ജിത്തു ജോസഫ് പറഞ്ഞു വയ്ക്കുന്നു. ദൃശ്യം പുറത്തിറങ്ങിയ നാള്‍മുതല്‍, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ അത്തരത്തില്‍ ആത്മാഭിമാനമില്ലാത്ത രീതിയില്‍ പാത്രീകരിച്ചതില്‍ അതിയായ പ്രതിഷേധമുണ്ട്. വരുണ്‍ പ്രഭാകറിന്റെ കൊലപാതകത്തിനു ശേഷം ജോര്‍ജ്ജുകുട്ടി എന്ന മോഹന്‍ലാല്‍ കഥാപാത്രം പുറത്തെടുക്കുന്നത് കൊടും കൊലപാതകിയുടെ ചെയ്തികളാണ്. മൃതദേഹം ഒളിപ്പിക്കുന്നതു മുതല്‍ പിടിക്കപ്പെടാതിരിക്കാന്‍ തെളിവുകള്‍ സൃഷ്ടിക്കുന്നതുള്‍പ്പടെ. ആ സിനിമ പുറത്തിറങ്ങിയ ശേഷം നിരവധി കൊലപാതകികള്‍ ദൃശ്യം മോഡല്‍ കൊലയും തെളിവു സൃഷ്ടിക്കലുമെല്ലാം നടത്തി. പക്ഷേ, കേരളപ്പോലീസിന്റെ അന്വേഷണ പാടവത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു സാധിച്ചില്ല.

കാഴ്ച ശക്തിയില്ലാത്ത സാറയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത പ്രതിയുടെ രൂപം അകക്കണ്ണിന്റെ വെളിച്ചത്തില്‍ സൃഷ്ടിക്കുകയാണ് ഒരു ശില്‍പികൂടിയായ ആ പെണ്‍കുട്ടി. ബലാത്സംഗക്കേസുകളില്‍ കോടതി മുറികളില്‍ സംഭവിക്കുന്ന എല്ലാം ഈ കേസിലും നടക്കുന്നുണ്ട്. അവളെയും അവളുടെ അമ്മയെയും വേശ്യയാക്കാനുള്ള ശ്രമങ്ങളും വളര്‍ത്തച്ഛനായ ജഗദീഷാണ് മകളെ ബലാത്സംഗം ചെയ്തത് എന്നു വരുത്തിത്തീര്‍ക്കാനുമെല്ലാം പ്രതിഭാഗം വക്കീല്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതൊരു ബലാത്സംഗമല്ല, മറിച്ച്, സാറയുടെ സമ്മതത്തോടു കൂടി നടത്തിയ ലൈംഗിക വേഴ്ചയായിരുന്നു എന്നും കോടതിയില്‍ പ്രതിഭാഗം വക്കീലായ സിദ്ധിക്കിന്റെ കഥാപാത്രം പറഞ്ഞുവയ്ക്കുന്നു. ഇരയുടെയും കുടുംബത്തിന്റെയും സ്വഭാവഹത്യ നടത്തി തന്റെ കക്ഷികളെ ഏതു വിധത്തിലും രക്ഷിച്ചെടുക്കുക എന്ന മനസാക്ഷിയില്ലാത്ത കുതന്ത്രത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കുന്നത സാറാ എന്ന പെണ്‍കുട്ടിയുടെ മനസിന്റെ കരുത്തും മോഹന്‍ലാല്‍ കഥാപാത്രമായ അഡ്വ വിജയമോഹന്റെ ബുദ്ധിയുമാണ്.

കേസ് വിജയിച്ച ശേഷം, അവള്‍ ഈ സമൂഹത്തെ നേരിടുന്നത് ശിരോകവചം നീക്കം ചെയ്തു കൊണ്ടാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന നിമിഷം മുതല്‍ അവള്‍ക്കു പേരില്ല, മുഖവും. വെറും ഇര എന്നു മാത്രം വിളിക്കപ്പെടുവാന്‍ അവകാശമുള്ള ഈ സമൂഹത്തെ നോക്കി അവള്‍ പറയുന്നു, എനിക്കൊരു മുഖമുണ്ട്, പേരുണ്ട്, എനിക്കൊരു വ്യക്തിത്വവുമുണ്ട്. എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ശരീരം കീഴ്‌പ്പെടുത്തിയവനാണ് ഈ സമൂഹത്തില്‍ തല കുനിച്ചു നില്‍ക്കേണ്ടത് എന്ന് അവള്‍ പറഞ്ഞുവയ്ക്കുന്നു.

ബലാത്സംഗം ചെയ്യപ്പെട്ട ഓരോ പെണ്ണിന്റെയും മുന്നില്‍ അനശ്വര രാജന്‍ അവതരിപ്പിച്ച സാറയെ കൊണ്ടു നിറുത്തണം. തന്നോടു ക്രൂരമായി പെരുമാറിയവനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അവള്‍ കാണിച്ചു തരും. ആരെങ്കിലും രണ്ടുവാക്കു പറയുമ്പോഴേക്കും തല കുമ്പിട്ടു പിടിച്ച് ഇരുട്ടറയില്‍ അഭയം തേടേണ്ടവളല്ല അവള്‍. പ്രതി ശിക്ഷിക്കപ്പെടും വരെ മുന്‍ നിരയില്‍ നിന്നും പോരാടേണ്ടവളാണ്. ദൃശ്യത്തില്‍ ജിത്തു ജോസഫ് ജനിപ്പിച്ചെടുത്ത അഞ്ജു, റാണി എന്നീ സ്ത്രീ കഥാപാത്രങ്ങളോടുള്ള ദേഷ്യവും വിയോജിപ്പും മാറിക്കിട്ടിയത് സാറയെ കണ്ടപ്പോഴാണ്. ഇവളാണ് പെണ്ണ്, കരുത്തയായ തളരാത്ത പെണ്ണ്.

ഇരയെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ധത്തിലാക്കുകയും ചെയ്ത പ്രതിഭാഗം വക്കീല്‍ അഡ്വ രാജശേഖരനെയും പെണ്‍കുട്ടിയെയും ഒരു അടച്ചിട്ട മുറിയില്‍ അഞ്ചുമിനിറ്റ് ആണെങ്കില്‍പ്പോലും അനുവദിച്ച ജഡ്ജിയുടെ അനൗചിത്യത്തെ വിമര്‍ശിക്കാതെ തരമില്ല. എങ്കിലും, ഏതു മാനസികാവസ്ഥയിലും ആരുടെയെല്ലാം ഭീഷണികളോ സമ്മര്‍ദ്ധമോ ആക്രമണമോ ഉണ്ടായാല്‍പ്പോലും പ്രതിക്കെതിരെ മനോധൈര്യത്തോടെ ഇര പൊരുതണമെന്നു കാണിച്ചു തരാനുള്ള സംവിധായകന്റെ ഉദ്യേശ ശുദ്ധിയെ മാനിച്ചു കൊണ്ട് ആ തെറ്റ് പൊറുക്കാവുന്നതേയുള്ളു.


FEEDBACK: editor@thamasoma.com

PH: 8921990170


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

hts://whatsapp.com/channel/tp0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *