വിപിന്‍ ജോസഫ്
ഡല്‍ഹിയില്‍ നഴ്‌സായി വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന ഒരു സ്ത്രീ റിട്ടയര്‍ ചെയ്ത ശേഷം ചെയ്ത പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. അവര്‍ക്ക് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന രണ്ടുമുറി ഫ്‌ളാറ്റ് വിറ്റു. കിട്ടിയ പണവുമായി അവര്‍ തന്റെ ശിഷ്ട ജീവിതം ചെലവഴിക്കാനായി ജന്മനാടായ കേരളത്തിലേക്കു തിരിച്ചു. അവര്‍ക്ക് ഒരേയൊരു മകന്‍. അദ്ദേഹത്തിനും ജോലി ഡല്‍ഹിയില്‍ തന്നെ. അദ്ദേഹം വിവാഹിതനാണ്, രണ്ടു മക്കളുമുണ്ട്. അമ്മ വീടു വിറ്റതോടെ മകന് വാടക വീട്ടിലേക്കു മാറേണ്ടി വന്നു.
താന്‍ സമ്പാദിച്ച വീട് മകനു വിട്ടുകൊടുക്കാനോ മകന്റെ കുടുംബത്തോടൊപ്പം ഒതുങ്ങിക്കൂടി ജീവിക്കാനോ ആ അമ്മ ആഗ്രഹിച്ചില്ല. അവന് വേണ്ടത് അവന്‍ അധ്വാനിച്ച് ഉണ്ടാക്കട്ടെ എന്നതായിരുന്നു ആ അമ്മയുടെ നിലപാട്.
ആ അമ്മയുടെ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങള്‍ സമൂഹത്തില്‍ നിന്നുമുണ്ടായി. ആ അമ്മയുടെ തലമുറയില്‍പ്പെട്ടവര്‍ സ്വന്തം മകനോട് ഒരമ്മയും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അവര്‍ സ്വാര്‍ത്ഥയാണെന്നും അഭിപ്രായപ്പെട്ടു. പക്ഷേ, മകന്റെ തലമുറയില്‍പ്പെട്ടവര്‍ അമ്മയുടെ തീരുമാനത്തെ അനുകൂലിച്ചു.
വയസാകുമ്പോള്‍ തങ്ങളെ നോക്കേണ്ടത് മക്കളുടെ കടമയാണ് എന്ന നിലയില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ പ്ലാന്‍ ആയിട്ടാണ് മക്കളെ പല മാതാപിതാക്കളും കാണുന്നത്. എന്നാല്‍ ചില മക്കളാകട്ടെ, മാതാപിതാക്കളുടെ സ്വത്തിലും സമ്പാദ്യത്തിലും കണ്ണുംനട്ടിരിക്കുന്നു. ജോലിക്കു പോകുന്ന മകള്‍ക്ക് ആഹാരം വാരിക്കൊടുക്കുന്ന ഒരു അച്ഛന്റെ ചിത്രം ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌നേഹത്തിന്റെ അത്യുദാത്ത മാതൃക എന്ന നിലയിലാണ് ആ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍, സ്വയം ആഹാരം വാരിക്കഴിക്കാന്‍ പോലും പ്രാപ്തിയില്ലാത്ത, സമയം കണ്ടെത്താത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന ത്യാഗത്തില്‍ പൊതിഞ്ഞ ആരോഗ്യകരമല്ലാത്ത ഒരു സന്ദേശം കൂടി ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്.
ഓരോ മനുഷ്യര്‍ക്കും കിട്ടിയ ജീവിതം അവരവരുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും ആഗ്രഹത്തിനുമനുസരിച്ച് ജീവിക്കാന്‍ ഓരോ മനുഷ്യര്‍ക്കും അവകാശമുണ്ട്. വരുന്ന അനേകം തലമുറകള്‍ക്കായി സമ്പാദ്യം ഉണ്ടാക്കി വച്ച് നരകിക്കുന്ന മനുഷ്യരുടെ നീണ്ട നിര തന്നെയുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്ത് ദീവാളി കുളിച്ചു നശിപ്പിക്കുന്ന മക്കളുമുണ്ട്. പക്ഷേ, സമൂഹത്തിലേക്കു സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നതായി കാണാന്‍ സാധിക്കും.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ്‌സിനിമയാണ് ‘അപ്പത്താ.’ ഉര്‍വ്വശിയാണ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. വര്‍ഷങ്ങളായി തന്നെ തിരിഞ്ഞുപോലും നോക്കാതിരുന്ന, സ്വത്തിനു വേണ്ടി തന്നെ ദ്രോഹിച്ചിരുന്ന ഏക മകന്റെ മുന്നിലേക്ക് തന്റെ വീടിന്റെയും പുരയിടത്തിന്റെയും രേഖകള്‍ ഉപേക്ഷിച്ച് ഒരു രാത്രി ഇറങ്ങിപ്പോരുകയാണ് ഉര്‍വ്വശിയുടെ കഥാപാത്രം.
താന്‍ ഇതേവരെ കണ്ടുവളര്‍ന്ന, തനിക്കു പരിചിതമായ, അല്ലെങ്കില്‍ തന്റെ മനസിലെ നന്മയ്‌ക്കോ തിന്മയ്‌ക്കോ അനുസൃതം സിനിമയും പാത്രസൃഷ്ടിയും നടത്തുന്ന പ്രിയദര്‍ശനെപ്പോലുള്ള സിനിമാക്കാരുടെ ശരിയായ വഴിയായിരിക്കാം ഉര്‍വ്വശിയിലൂടെ സമൂഹത്തിനു മുന്നില്‍ സംവിധായകന്‍ തുറന്നുവയ്ക്കുന്നത്. മാറിച്ചിന്തിക്കുന്ന പുതുതലമുറയെകാണാന്‍ അദ്ദേഹത്തിന്റെ അകക്കണ്ണിനു വേണ്ടത്ര വെളിച്ചമില്ലാത്തതുമാകാം. എന്തായാലും ഇത്തരം അനാവശ്യത്യാഗങ്ങളുടെ വാഴ്ത്തിപ്പാടലുകള്‍ അവസാനിപ്പിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.
സിനിമ ആസ്വദിക്കാനുള്ളതാണെന്നും അതിനെ ആ രീതിയില്‍ കണ്ടാല്‍പ്പോരെ എന്നുമാണ് മറുചോദ്യമെങ്കില്‍, സിനിമയോളം മനുഷ്യനെ സ്വാധീനിക്കുന്ന മറ്റൊരു മാധ്യമവുമില്ല എന്നതാണ് ഉത്തരം. സിനിമ ഇറക്കുന്നവര്‍ക്ക് ഈ സമൂഹത്തോട് ചില കടപ്പാടുകള്‍ ഉണ്ടെന്ന കാര്യം മറക്കാന്‍ പാടില്ല. അതുല്യമായ അഭിനയ സിദ്ധികൊണ്ട് തന്റെ 700-ാമത്തെ ചിത്രവും അവിസ്മരണീയമാക്കി ഉര്‍വ്വശി. അവരുടെ അഭിനയ ശേഷി തന്നെയാണ് ഈ സിനിമയുടെ ആകെക്കൂടിയുള്ള മികവും.