മരിച്ച സംഗീത് സ്ത്രീകളോടൊപ്പം കറങ്ങി നടക്കുന്നുവെന്ന് ജ്യോതിഷി, ഇവരെ സൂക്ഷിക്കുക!


Jess Varkey Thuruthel

പത്തനംതിട്ടയിലെ വടശേരിക്കരയില്‍, റോഡില്‍ നിന്നും തോട്ടിലേക്കു വീണ സംഗീത് (24) എന്ന ചെറുപ്പക്കാരന്‍ സ്ത്രീകളോടൊപ്പം കറങ്ങിനടക്കുന്നുവെന്ന് ജ്യോതിഷി എന്നവകാശപ്പെടുന്ന സ്ത്രീ. തിരുവനന്തപുരം നെടുമങ്ങാടു സ്വദേശി രമണി എന്നു പരിചയപ്പെടുത്തിയ ഈ സ്ത്രീ പറയുന്നു, വിശ്വാസമുണ്ടെങ്കില്‍ സംഗീതിനെ കണ്ടെത്തിക്കൊടുക്കാമെന്ന്. കാണാതായി 16 ദിവസങ്ങള്‍ക്കു ശേഷമാണ് സംഗീതിന്റെ മൃതദേഹം കണ്ടെടുത്തത്. സംഗീതിന്റെ കൂട്ടുകാരന്‍ പ്രദീപ് സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍, അവര്‍ വന്ന ഓട്ടോയില്‍ നിന്നും സംഗീതിനെ കാണാതാവുകയായിരുന്നു. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംഗീത് മരിച്ചിട്ടില്ലെന്നും വിശ്വാസത്തോടെ ആവശ്യപ്പെട്ടാല്‍ കണ്ടെത്തിക്കൊടുക്കാമെന്നുമായിരുന്നു ഈ സ്ത്രീയുടെ വാഗ്ദാനം. കടയുടെ ഉടമയായ എബ്രാഹാം മാത്യുവിനോടാണ് ഈ സ്ത്രീ ഇക്കാര്യങ്ങള്‍ സംസാരിക്കുന്നത്.

ഈ സ്ത്രീയെയും ഇവരെപ്പോലുള്ളവരെയും സൂക്ഷിക്കുക. മനുഷ്യന്റെ കണ്ണുനീരിനെയും വിശ്വാസത്തെയും വിറ്റു കാശാക്കാന്‍ നടക്കുന്നവരാണിവര്‍. ആരെങ്കിലും കാണാതായി എന്ന വാര്‍ത്ത വരുമ്പോഴെല്ലാം ഫോണിലേക്കു വിളിച്ച്, കണ്ടെത്തിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയും അവരില്‍ നിന്നും പണം വാങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

എബ്രാഹം മാത്യുവുമായി രമണി എന്ന സ്ത്രീ നടത്തിയ സംഭാഷണം. (ഓഡിയോ ആയും കേള്‍ക്കാം).


രമണി: നെടുമങ്ങാടു നിന്നാണ്. ഇതാരുടെ വീടാണ്? ഒരു പയ്യന്റെ കാര്യം പറഞ്ഞിരുന്നില്ലേ. സംഗീതിന്റെ? അവനെ കിട്ടിയോ?

എബ്രാഹം മാത്യു: ഇല്ല, അതു മിസ്സിംഗ് ആണല്ലോ. അതിനെക്കുറിച്ച് അറിയില്ല. ഇതുവരെ കിട്ടിയില്ല.

രമണി: നിങ്ങള്‍ ആ പയ്യന്റെ ആരാണ് ?

എബ്രാഹം മാത്യു: ഞാന്‍ നാട്ടുകാരനാണ്.

രമണി: ഞാന്‍ ചോദിച്ചത് എന്തരിനെന്നറിയാമോ. തെറ്റിദ്ധരിക്കരുത്. പറയാന്‍ ഒരു മടിയായിരുന്നു. ചന്തനപ്പള്ളിയില്‍ നിന്നും ഒരാളെന്നെ വിളിച്ചിട്ടുണ്ട്. രാവിലെ നാലുമണിക്ക് അവിടെ വരുന്നുണ്ട്. അപ്പോള്‍, അത്രേം വിഷമങ്ങള്‍ ഉള്ള വ്യക്തികള്‍ കഷ്ടപ്പെടരുതെന്നു വിചാരിച്ചിട്ട്…

എബ്രാഹം മാത്യു: അല്ല, മാഡത്തിന് എന്റെ നമ്പര്‍ എവിടുന്നു കിട്ടി?

രമണി: ഞാന്‍ നിങ്ങളുടെ ബോര്‍ഡില്‍ നിന്നും എടുത്തതാണ്. സ്‌റ്റോറിന്റെ ബോര്‍ഡ് ന്യൂസില്‍ കണ്ടു, അതില്‍ നിന്നും എടുത്തതാണ്. നമ്മുടെ അടുത്തു വന്നാല്‍, നമ്മള്‍ റൂട്ട് കണ്ടു പിടിച്ചു തരാം. അമ്പലവുമായി വിശ്വാസമുണ്ടെങ്കില്‍…

എബ്രാഹം മാത്യു: മാഡത്തിന്റെ പേര് എന്താണ്?

രമണി: എന്റെ പേര് രമണീന്നാണ്

എബ്രാഹം മാത്യു: എനിക്ക് ഇങ്ങനെയുള്ള കാര്യത്തിലൊന്നും വിശ്വാസമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്, പക്ഷേ….

രമണി: അല്ല, അത് വിശ്വാസമുണ്ടെങ്കില്‍ മാത്രമേ നമ്മള്‍ അതു ചെയ്തിട്ടു കാര്യമുള്ളു. എങ്കിലേ ഫലം കിട്ടു.

എബ്രാഹം മാത്യു: എനിക്കു ചെയ്യേണ്ട ആവശ്യമില്ലല്ലോ. എനിക്ക് ജ്യോതിഷത്തിലോ ഒന്നും വിശ്വാസമില്ല. സുനാമി വരുന്നതിനു മുന്‍പ് ഒന്നര ലക്ഷം പേരുടെ ബയോഡാറ്റ (ജന്മകുണ്ഡലി എന്നു പറയും), അതെഴുതി. ജീവചരിത്രമെല്ലാമെഴുതി. പക്ഷേ, സുനാമിയില്‍ ഒന്നര രക്ഷം പേര്‍ മരിച്ചു. നൂറുവയസുള്ളവനും ഒരുവയസുള്ളവനും പോയി. പോയില്യോ?

രമണി: അങ്ങനെയൊന്നും പറഞ്ഞിട്ടു കാര്യമില്ല… പാതിദൈവം പാതി മനുഷ്യന്‍ എന്നല്ലേ?

എബ്രാഹം മാത്യു: അങ്ങനെയല്ല, മരണം മുമ്പില്‍, മനുഷ്യന്‍ ഇടയില്‍, ദൈവം പിന്നിലാണ്. ദൈവമാണ് മുന്നിലെങ്കില്‍ ഒരിക്കലും ഒരപകടം പറ്റില്ല.

രമണി: കോഴിക്കോടു നിന്നും ഒരു കുഞ്ഞിനെ കാണാതെ പോയി. ഇതുപോലെ ഞങ്ങള്‍ ന്യൂസ് കണ്ടുകണ്ട്, വര്‍ഷങ്ങളോളം കാണുന്നു.

എബ്രാഹം മാത്യു: മാഡം, ഞാനൊരു കാര്യം പറയട്ടെ. എന്നാല്‍പ്പിന്നെ മലയാലപ്പുഴ സര്‍ക്കിളിനോടു വിളിച്ചു പറ, എനിക്കിങ്ങനെ അറിയാം, ചെയ്യാം എന്ന്. അങ്ങനെയങ്ങു പറഞ്ഞു കൂടെ?

രമണി: അങ്ങനെയൊന്നും പറഞ്ഞുകൂടാ… പാവപ്പെട്ടവര്‍ ഇതില്‍ കുടുങ്ങാതെ…

എബ്രാഹം മാത്യു: പോലീസുകാരാ പാവം പിടിച്ചവര്‍. നിങ്ങള്‍ക്കു കണ്ടുപിടിക്കാനുള്ള കഴിവുണ്ടെങ്കില്‍… എന്നാല്‍ ഇപ്പോള്‍ പറയാമോ എവിടെയുണ്ടെന്നു പറയാമോ?

രമണി: അങ്ങനെയെങ്കില്‍ അവര്‍ പോലീസായിട്ടു കാര്യമില്ലല്ലോ. ജ്യോതിഷം വച്ചു കണ്ടുപിടിക്കാനാണെങ്കില്‍ അവര്‍ ആ ഡ്യൂട്ടിക്കു പോകണ്ടല്ലോ.

എബ്രാഹം മാത്യു: ആള്‍ എവിടെയുണ്ടെന്നു പറയാന്‍ പറ്റുമോ. മരിച്ചിട്ടുണ്ടോ?

രമണി: പുള്ളി ജീവിച്ചിരിപ്പുണ്ട്. നിങ്ങള്‍ ഇനി അന്വേഷിക്കേണ്ട. ഏതെങ്കിലും പെണ്‍കുട്ടികളെ കാണാന്‍ പോയിട്ടുണ്ടോ എന്നന്വേഷിക്കുക. ആ പരിസരത്തെവിടെയെങ്കിലും.

എബ്രാഹം മാത്യു: അതെന്തിനാ ഞാന്‍ അന്വേഷിക്കുന്നത്? ജ്യോതിഷം അറിയാവുന്ന നിങ്ങള്‍ക്കു പറഞ്ഞുകൂടെ.

രമണി: വിശ്വാസം ഇല്ലാത്തവരോടു പറയില്ല. അതിന്റെ അച്ഛനോ അമ്മയോ പറഞ്ഞാല്‍, മൂന്നാഴ്ചകൊണ്ട് ഒരാള്‍ എന്നെ വിളിക്കുന്നു.

എബ്രാഹം മാത്യു: ആരു വിളിക്കുന്നു? ആ നമ്പര്‍ ഏത്? ആ വിളിക്കുന്ന ആളുടെ നമ്പര്‍ എന്റെയീ വാട്‌സാപ്പ് നമ്പറിലേക്കൊന്ന് ഇട്ടു തരാമോ?

രമണി: പുള്ളിയെ ഞാന്‍ അറിയിച്ചിട്ടുണ്ട്. വയസായ ഒരച്ചനാണ്. വടശ്ശേരിക്കര, കടിമീന്‍ ചിറ, പത്തനംതിട്ട കോഴഞ്ചേരി, റാന്നി എന്നീസ്ഥലങ്ങളിലൊക്കെ വന്ന് ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്.

എബ്രാഹം മാത്യു: എനിക്കിതില്‍ വിശ്വാസമില്ല. ഇതാണ് അന്ധവിശ്വാസം എന്നു പറയുന്നത്. നിങ്ങളൊരു കാര്യം ചെയ്യൂ. കേരളപ്പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്.

രമണി: അന്വേഷിച്ചു കിട്ടട്ടെ. നിങ്ങളെപ്പോലുള്ളവരെ ചോദ്യം ചെയ്തു കഷ്ടപ്പെടുത്താതിരിക്കട്ടെ.

എബ്രാഹം മാത്യു: എനിക്കെന്തു കഷ്ടപ്പാട്? അവര്‍ ചോദ്യം ചെയ്യട്ടെ. അവര്‍ മാന്യമായിട്ടാണ് പെരുമാറുന്നത്. അത് അവരുടെ ഡ്യൂട്ടിയാണ്. മാഡത്തിനിപ്പോള്‍ എത്ര വയസുണ്ട്?

രമണി: എനിക്കിപ്പോള്‍ 50-54 വയസുണ്ട്.

എബ്രാഹം മാത്യു: അമ്പതോ അമ്പത്തിനാലോ? അതുപോലും നിശ്ചയമില്ലാത്ത നിങ്ങളാണോ കാണാതായ ആളെ കണ്ടെത്തുന്നത്?

രമണി: എന്നെ ചോദ്യം ചെയ്യണ്ട. ഇതെനിക്കു ദൈവീകമാണ്. സംഗീതിന്റെ വിഷയത്തില്‍ പയ്യന്‍ എവിടെയോ ഉണ്ട്. മരിച്ചിട്ടില്ല. അവനോടൊപ്പം ഏതെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടോ എന്നന്വേഷിക്കുക. പാവങ്ങളെയിട്ടു കുടഞ്ഞ് നാനാവിധങ്ങളൊത്തിരി ചെയ്ത്….


(മുഴുവന്‍ എഴുതിയിട്ടില്ല. ഓഡിയോയില്‍ ഉണ്ട്.)

Leave a Reply

Your email address will not be published. Required fields are marked *