Jess Varkey Thuruthel
നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ള ആറുപേര്‍ പീഡിപ്പിച്ചത് ഒരു തവണയല്ല, മറിച്ച് മൂന്നു തവണയായിരുന്നുവെന്ന് നേര്യമംഗലം സ്വദേശിയായ യുവതി. ആദ്യം പ്രൊഡ്യൂസര്‍ എ കെ സുനില്‍ ആണ് പീഡിപ്പിച്ചത്. ദുബായിലെ ഹോട്ടല്‍ ഫ്‌ളോറ ക്രീക്കില്‍ വച്ചായിരുന്നു അത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയായിരുന്നു പീഡനം. അവിടെ നിന്നും രക്ഷപ്പെട്ടു പോന്ന യുവതിയെ പിന്നീട് ഇവരുടെ തന്നെ ഫ്‌ളാറ്റില്‍ ബന്ധനസ്ഥയാക്കി നിവിന്‍ പോളി ഉള്‍പ്പടെയുള്ളവര്‍ പീഡിപ്പിക്കുകയായിരുന്നു എന്നു യുവതി പറയുന്നു.
‘ഞാന്‍ മാധ്യമങ്ങളോടെല്ലാം പറഞ്ഞിട്ടുള്ളത് ഒരുതവണ മൂന്നുനാലു ദിവസം പൂട്ടിയിട്ടു പീഡിപ്പിച്ചു എന്നാണ്. പക്ഷേ, നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ കൂടി പറയുകയാണ്. എന്നെ രണ്ടു തവണ ആയിട്ടാണ് പൂട്ടിയിട്ടു പീഡിപ്പിച്ചത്. ആദ്യതവണ 2023 നവംബര്‍ 2 മുതല്‍ 6 വരെയായിരുന്നു. എന്നെ അവര്‍ അതിക്രൂരമായി ഉപയോഗിക്കുകയായിരുന്നു. അതിനു ശേഷം എനിക്ക് ശ്വാസസംബന്ധമായ രോഗമുണ്ടായി. അതിന്റെ ചികിത്സയ്ക്കായി ഞാന്‍ നാട്ടില്‍ വന്നു. എന്നെയവര്‍ പോകാന്‍ അനുവദിച്ചു. പക്ഷേ, തിരിച്ചു ചെല്ലണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തിരിച്ചു ചെന്നില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു. അതിനാല്‍ ഞാന്‍ ഭര്‍ത്താവില്‍ നിന്നുപോലും ഇക്കാര്യങ്ങള്‍ മറച്ചു വച്ചു. എനിക്കു ഭയമായിരുന്നു. പിന്നീട് തിരിച്ചു ദുബായിലെത്തിയ എന്നെ അവര്‍ പൂട്ടിയിട്ടത് 2023 ഡിസംബര്‍ 6 മുതല്‍ 16 വരെയുള്ള കാലയളവിലാണ്. ഇക്കാര്യങ്ങളൊന്നും ഞാന്‍ മറ്റ് മാധ്യമങ്ങളോടു പറഞ്ഞിട്ടില്ല. പക്ഷേ എന്റെ പരാതിയില്‍ ഇതെല്ലാമുണ്ട്. ഈ സമയത്ത് നിവിന്‍ പോളിയും മറ്റ് 5 പേരും ദുബായില്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കട്ടെ,’ യുവതി പറയുന്നു.
ഒരു തവണ കെണിയില്‍ പെടുത്തി മയക്കുമരുന്നും നല്‍കി അതിക്രൂരമായി പീഡിപ്പിച്ചു, പിന്നീട് നാട്ടിലെത്തി. കുറെ ദിവസം ചികിത്സയും നടത്തി. പിന്നെ ആ കെണിയിലേക്ക് വീണ്ടും ചാടിക്കൊടുത്തത് എന്തിനെന്ന ചോദ്യത്തിന് പരാതിക്കാരിയോ ഭര്‍ത്താവോ മറുപടി നല്‍കാന്‍ തയ്യാറായില്ല. അതു തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞുകൊള്ളാം എന്നായിരുന്നു മറുപടി.
തന്റെ ഫോണ്‍ പിടിച്ചെടുത്തു, തെളിവുകളെല്ലാം ആ ഫോണിലായിരുന്നു എന്ന് യുവതി പറയുന്നു. അതു സമ്മതിക്കാം. പക്ഷേ, നാട്ടിലെത്തിയിട്ടും എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല? തന്നെ ഭാര്യ യാതൊന്നും അറിയിച്ചില്ല എന്ന് യുവതിയുടെ ഭര്‍ത്താവും പറയുന്നു. സ്ത്രീ പീഡനങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ശിക്ഷകളുള്ള നാടാണ് ദുബായ്. എന്നിട്ടും അവര്‍ അവിടെയും പരാതി നല്‍കിയില്ല. നാട്ടിലുള്ള തന്റെ ഭര്‍ത്താവിനെയും മകനെയും നിരീക്ഷിക്കാന്‍ ക്യാമറ വച്ച, വൈ ഫൈ ഹാക്ക് ചെയ്ത, മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത ക്രിമിനല്‍ സംഘമാണിവരെന്ന് യുവതിയുടെ ഭര്‍ത്താവു പറയുന്നു. അങ്ങനെയുള്ള സംഘത്തിനു മുന്നിലേക്ക് സ്വയം ഇരയായി വീണ്ടും ചെന്നു ചാടിയത് എന്തിന് എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും മറുപടിയില്ല.
യുവതി പറയുന്നതനുസരിച്ച്, 2023 നവംബറിനു മുന്‍പാണ് യുവതിയെ പ്രൊഡ്യൂസര്‍ സുനില്‍ പീഡിപ്പിക്കുന്നത്. ഇയാള്‍ ഒരു ക്രിമിനല്‍ സംഘത്തിന്റെ നേതാവാണെന്നു യുവതി പറയുന്നു. യുവതിയെ പീഡിപ്പിച്ച ശേഷം സുനില്‍ നാട്ടിലേക്കു വന്നുവെന്ന് യുവതി പറയുന്നുണ്ട്. തന്നെ ചതിച്ച ശ്രേയ ഉള്‍പ്പടെയുള്ളവര്‍ ദുബായില്‍ ഉള്ളപ്പോള്‍ ആ നാട്ടില്‍ തന്നെ യുവതി വീണ്ടും തുടര്‍ന്നതെന്തിന്? രണ്ടാംതവണ പൂട്ടിയിട്ടു പീഡിപ്പിച്ചതിനു ശേഷം ഇവര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയതാണ്. 35 വയസ് പ്രായമുള്ള, ഒരു കുഞ്ഞിന്റെ അമ്മയായ ഒരു സ്ത്രീ എന്തിനാണ് ആ കെണിയിലേക്കു വീണ്ടും ചാടിക്കൊടുത്തത്?
പീഡിപ്പിക്കപ്പെട്ടു എന്നതിന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കില്ല. പക്ഷേ സാഹചര്യ തെളിവുകളും കേസിലേക്കു നയിക്കുന്ന അനുമാനങ്ങളും പറയാന്‍ സാധിക്കും. ഈ തെളിവിനായി ഇവര്‍ പറയുന്നത് തങ്ങളുടെ ഫോണും വൈഫൈയും ഹാക്കു ചെയ്തു എന്നാണ്. തങ്ങളുടെ റൂമില്‍ ക്യാമറ വച്ചു എന്നുമിവര്‍ പറയുന്നുണ്ട്. ഈ ക്യാമറ എന്തുകൊണ്ട് പോലീസില്‍ ഏല്‍പ്പിച്ചില്ല എന്ന ചോദ്യത്തിന് തങ്ങള്‍ ക്യാമറ കണ്ടില്ലെന്നും ദുബായിലിരുന്ന് അവരാണ് ക്യാമറ ഓപ്പറേറ്റ് ചെയ്തത് എന്നുമായിരുന്നു മറുപടി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വെളിപ്പെടുത്തലുകളുടെ പെരുമഴയാണ്. രഞ്ജിത്തും മുകേഷും സിദ്ധിക്കുമുള്‍പ്പടെ നിരവധി പേര്‍ക്കെതിരെ കേസുണ്ട്. പക്ഷേ പലതും ആരോപണങ്ങള്‍ മാത്രമാകുമ്പോള്‍ വിശ്വാസ്യത നഷ്ടപ്പെടുന്നത് ആ റിപ്പോര്‍ട്ടിനാണ്. നീതി കിട്ടാതെ പോകുന്നത് യഥാര്‍ത്ഥ ഇരകള്‍ക്കാണ്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975