Jess Varkey Thuruthel
പൈങ്ങോട്ടൂരിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂളിലേക്കു (St Joseph Higher Secondary School, Paingottoor) കയറിച്ചെല്ലുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. ഉച്ച ഭക്ഷണം കഴിക്കാനായി കുട്ടികളെ പുറത്തു വിടുന്നതിനു മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന.
‘ദൈവവചനം മനുഷ്യരൂപം പൂണ്ടു ഭൂമിയില്‍ നമ്മളോടൊത്തു വാണു…
നന്മ നിറഞ്ഞ മറിയമേ സ്വസ്തി നിന് ചിന്മയന് നിന്നോടു കൂടെ വാണൂ…
…
യേശുവിന് വാഗ്ദാനം ഞങ്ങള്‍ക്കു കൈവരാന്‍ നീ തുണച്ചീടേണം ദൈവതായേ
സര്‍വ്വേശാ കര്‍ത്താവേ നിന്‍സുതനായീശോ ഭൂവില്‍ മനുഷ്യനായ് നീ ജനിച്ചു
താതനും പുത്രനും പാവനാത്മാവിനും സ്തോത്രമുണ്ടാകട്ടെ എന്നും മാതേ…’
ആ പ്രാര്‍ത്ഥനാഗാനത്തിലെ ഏതാനും ചില വരികളാണിത്. യു പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്റി എന്നിങ്ങനെ മൂന്നു വിഭാഗമാണ് ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗത്തിനും ഈ പ്രാര്‍ത്ഥന പ്രത്യേകമായി ചൊല്ലുന്നുണ്ട്. മതേതര ഇന്ത്യയില്‍, മതേതര വിദ്യാഭ്യാസ അന്തരീക്ഷം പുലരേണ്ട കലാലയങ്ങളില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന മതാധിഷ്ഠിത പ്രാര്‍ത്ഥനകള്‍.
‘കുട്ടികള്‍ക്കു തെറ്റുപറ്റി’ എന്ന മഹല്ലു കമ്മറ്റിയുടെ അതിശക്തമായ നിലപാടില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ കെട്ടടങ്ങിയ കൊടുംതീ എങ്ങനെയാണ് പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കു പടര്‍ന്നത്? ഇവിടെ തങ്ങള്‍ മാത്രം പ്രാര്‍ത്ഥിച്ചാല്‍ മതി മറ്റാരും പ്രാര്‍ത്ഥിക്കേണ്ട എന്ന് എന്തിനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് വാശി പിടിക്കുന്നത്? ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ അത്ര വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന കേരളത്തില്‍ ഈ വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നതാര്? അതില്‍ കാസയ്ക്കും കാത്തോലിക് കോണ്‍ഗ്രസിനുമുള്ള പങ്കെന്ത്? മഹല്ലുകമ്മറ്റിയുടെ വാക്കിനെപ്പോലും മുഖവിലയ്‌ക്കെടുക്കാതെ ആ സമുദായത്തില്‍ നിന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ ആര്?
ഹയര്‍ സെക്കന്ററി വിഭാഗം പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ദീപ്തി വര്‍ഗ്ഗീസിന്റെ ഓഫീസിനു തൊട്ടടുത്തുള്ളത് ഒരു പ്രാര്‍ത്ഥനാ ഹാളാണ്. ക്രിസ്ത്യാനികള്‍ക്കു മാത്രം പ്രാര്‍ത്ഥിക്കാനുള്ളതാണ് അതെന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെയടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞ് എല്ലാവരെയും തന്റെ അരികിലേക്കു ക്ഷണിച്ച ജീസസ് ക്രൈസ്റ്റിന്റെ അനുയായികളുടെ സ്ഥാപനം. ആരാണ് എന്റെ അയല്‍ക്കാരന്‍ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറഞ്ഞ യേശുക്രിസ്തു. ദൈവം സ്‌നേഹമാകുന്നു എന്നു പഠിപ്പിച്ച തത്വജ്ഞാനി. അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ ഉച്ചയ്ക്ക് ഒഴിവുസമയത്ത് ക്ലാസിലിരുന്നു പ്രാര്‍ത്ഥിച്ച രണ്ടുകുട്ടികളെ വിലക്കിയത് പ്രിന്‍സിപ്പാള്‍ തന്നെ! സ്‌കൂള്‍ വരാന്തയില്‍ വച്ചാണ് പ്രിന്‍സിപ്പാള്‍ തമസോമയോടു സംസാരിച്ചത്. ആ സംഭാഷണം ഇങ്ങനെയായിരുന്നു.
‘ഉച്ച സമയത്ത് രണ്ടു മുസ്ലീം കുട്ടികള്‍ ക്ലാസിലിരുന്നു പ്രാര്‍ത്ഥിക്കുന്നതു ഞാന്‍ കണ്ടു. ഞങ്ങളുടെ ഈ സ്ഥാപനം ന്യൂനപക്ഷ അവകാശങ്ങളുള്ള സ്ഥാപനമാണ്. ഇങ്ങനെയൊരു സംഭവം കണ്ടപ്പോള്‍ ആ മക്കളോടാണ് ഞാന്‍ ആദ്യം കാര്യം പറഞ്ഞത്. പിന്നീട് അവരുടെ മാതാപിതാക്കളെയും വിളിച്ചു കാര്യം പറഞ്ഞു. തൊട്ടടുത്ത് മുസ്ലീം പള്ളിയുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ കൂടുതല്‍ സമയം സര്‍ക്കാന്‍ അവര്‍ക്കു നല്‍കിയിട്ടുണ്ട്. ഞാനതു നല്‍കുന്നുമുണ്ട്. എന്നാല്‍ എല്ലാ ദിവസവും സമയം നല്‍കുക എന്നത് ശരിയല്ലല്ലോ. ഇവിടെ ഇത്രയും കുട്ടികള്‍ പഠിക്കുമ്പോള്‍ ഒരു വിഭാഗത്തിനു മാത്രം പ്രാര്‍ത്ഥിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുക എന്നതു ശരിയല്ലല്ലോ.’
തമസോമ: ഇത്രയും കാലങ്ങള്‍ക്കിടയില്‍ അവര്‍ ആദ്യമായിട്ടാണോ ക്ലാസിലിരുന്നു പ്രാര്‍ത്ഥിക്കുന്നത്?
പ്രിന്‍സിപ്പാള്‍: ‘അവര്‍ പ്രാര്‍ത്ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ഇപ്പോഴാണ്. കാണുമ്പോഴാണല്ലോ അതിനെക്കുറിച്ചു പ്രതികരിക്കുന്നത്.’
തമസോമ: ഈ പ്രെയര്‍ഹാള്‍ എന്തിനു വേണ്ടിയുള്ളതാണ്?
പ്രിന്‍സിപ്പാള്‍: ‘അത് ഞങ്ങളുടെ കുട്ടികള്‍ക്കു പ്രാര്‍ത്ഥിക്കാന്‍’
തമസോമ: അങ്ങനെയെങ്കില്‍ ആ മുസ്ലീം കുട്ടികള്‍ക്കും ഈ പ്രെയര്ഹാളില് ഇടം കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേയുള്ളു ഇത്?
പ്രിന്‍സിപ്പാള്‍: ‘തൊട്ടടുത്തു മുസ്ലീം മോസ്‌ക് ഉണ്ടല്ലോ’
തമസോമ: എല്ലാവരെയും ചേര്‍ത്തുപിടിച്ചിട്ടുള്ള, ദൈവം സ്നേഹമാണെന്നു പഠിപ്പിച്ച യേശുക്രിസ്തുവിന്റെ അനുയായികള്‍ക്ക് എന്തിനീ വേര്‍തിരിവ്?
പ്രിന്‍സിപ്പാള്‍: ‘മുസ്ലീം മോസ്‌ക് തൊട്ടടുത്തുണ്ടല്ലോ. അവര്‍ക്ക് അവിടെ പോകാം.’
തമസോമ: വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരുകൂട്ടര്‍ക്കു മാത്രമായി എന്തിനാണ് പ്രാര്‍ത്ഥന? വിലക്കുകയാണെങ്കില്‍ എല്ലാ വിഭാഗത്തിന്റെയും പ്രാര്‍ത്ഥനകളും വിലക്കേണ്ടതല്ലേ?
പ്രിന്‍സിപ്പാള്‍: ‘ന്യൂനപക്ഷ അവകാശമുള്ള സ്ഥാനപമാണിത്. മൈനോരിറ്റി റൈറ്റ്‌സിന്റെ നിയമാവലികള്‍ പാലിച്ചു പ്രവര്‍ത്തിക്കാമെന്ന് നമ്മുടെ ഭരണഘടനപോലും അംഗീകരിക്കുന്ന കാര്യമാണ്.’
തമസോമ: മുസ്ലീങ്ങളും ന്യൂനപക്ഷം തന്നെയാണല്ലോ.
പ്രിന്‍സിപ്പാള്‍: ‘നമ്മുടെ സ്ഥാപനത്തില്‍ നമ്മുടെ റൂള്‍സ് ആന്റ് റെഗുലേഷന്‍സ് ആണ് പാലിക്കപ്പെടുന്നത്.’
തമസോമ: ഞാനൊരു ക്രിസ്ത്യന്‍ ആണ്. 12-ാം ക്ലാസുവരെ വേദപാഠം പഠിച്ചിട്ടുള്ളതുമാണ്. എല്ലാവരെയും…
പ്രിന്‍സിപ്പാള്‍: ‘ഞാനതിലൊന്നും പറയുന്നില്ല…’
തമസോമ: ശരി, എനിക്കാ കുട്ടികളോടൊന്നു സംസാരിക്കാന്‍ പറ്റുമോ?
പ്രിന്‍സിപ്പാള്‍: അതിന്റെ ആവശ്യമെന്ത്…? അങ്ങനെയൊരു ആവശ്യം ഞാന്‍ ചെയ്തു തരേണ്ടതുണ്ടോ? ഞാനതു ചെയ്തുതരുമെന്നു കരുതുന്നുണ്ടോ?
തമസോമ: ദിവസവും മൂന്നു നേരവും നിസ്കരിക്കുക എന്നത് മുസ്ലീമിനു നിര്‍ബന്ധമല്ലേ?
പ്രിന്‍സിപ്പാള്‍: പഠിക്കുന്ന കുട്ടികള്‍ പഠന സമയത്ത് നിസ്‌കരിക്കേണ്ട കാര്യങ്ങള്‍ രാത്രി ഉറങ്ങുന്നതിനു മുന്‍പ് തീര്‍ത്താല്‍ മതിയെന്ന് അവര്‍ തന്നെ പറയുന്നുണ്ട്.’
തമസോമ: മുസ്ലീമിലെ ഒരു വിഭാഗത്തിനു മാത്രമല്ലേ ഇത്തരത്തില്‍ ഇളവുള്ളത്? മതേതരമാകേണ്ടതല്ലേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍? ഒരു കൂട്ടര്‍ക്കു പ്രാര്‍ത്ഥിക്കാം, ഒരു കൂട്ടര്‍ക്കു പാടില്ല എന്നത് എങ്ങനെ ശരിയാകും? വിലക്കിയാല്‍ എല്ലാവരെയും വിലക്കേണ്ടതല്ലേ?
പ്രിന്‍സിപ്പാള്‍: എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. ഈ വിഷയത്തില്‍ എനിക്ക് ഒറ്റ ഉത്തരമേയുള്ളു. ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉള്ള സ്‌കൂളാണ്. സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിക്കേണ്ട സ്ഥാപനമാണ്. ഈ കുട്ടികളെ വെള്ളിയാഴ്ചകളില്‍ മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളു. അതു ചെയ്യുന്നുണ്ട്. നമ്മുടെ സ്ഥാപനത്തില്‍ മറ്റു മതസ്ഥര്‍ക്കു പ്രാര്‍ത്ഥിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കില്ല എന്നത് സ്‌കൂള്‍ നിയമാവലിയിലുമുള്ളതാണ്.
തമസോമ: അങ്ങനെയെങ്കില്‍ ക്രിസ്ത്യന്‍ കുട്ടികളോടും സ്കൂളിനു വെളിയില്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ പറയാത്തതെന്താ?
പ്രിന്‍സിപ്പാള്‍: ‘ഞാന്‍ പറഞ്ഞല്ലോ ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശമുള്ള സ്ഥാപനമാണിത്.’
തമസോമ: അങ്ങനെയെങ്കില്‍ ഈ സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ മാത്രം പഠിച്ചാല്‍ മതിയെന്ന് എന്തുകൊണ്ടു തീരുമാനിക്കുന്നില്ല? എന്തിന് ഇതരമതത്തിലുള്ള കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കുന്നു? മറ്റുമതക്കാരായ കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നു വച്ചാല്‍പ്പോരെ?
പ്രിന്‍സിപ്പാള്‍: ‘അത് അവര്‍ക്ക് അര്‍ഹതയുള്ള സ്ഥാപനത്തില്‍ പഠിക്കാന്‍ അനുവാദം നല്‍കുന്നു’
തമസോമ: അപ്പോള്‍ അവരിവിടെ പഠിക്കണം, അതിലൂടെ സ്കൂളിനു നിലനില്‍പ്പും വേണം, പക്ഷേ, പ്രാര്‍ത്ഥിക്കാന്‍ പാടില്ല, അല്ലേ?
പ്രിന്‍സിപ്പാള്‍: എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. വരുന്ന എല്ലാവര്‍ക്കും എന്നോടു ചോദ്യം ചോദിച്ചേ അടങ്ങു എന്നത് ശരിയായ കാര്യമല്ല.
തമസോമ: മതേതരത്വമെന്നത് പാഠപുസ്തകത്തില്‍ എഴുതിവയ്ക്കാനുള്ളതാണോ?
പ്രിന്‍സിപ്പാള്‍: ആവശ്യത്തിനു കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി എന്നോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കരുത്…
തമസോമ: ഇവിടെ ക്രിസ്ത്യന്‍ കുട്ടികള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മുറി കൊടുക്കുന്നുണ്ടെങ്കില്‍ ആ മുറി തന്നെ മുസ്ലീം കുട്ടികള്‍ക്കും അനുവദിച്ചാല്‍ എന്താണ് പ്രശ്നം?
പ്രിന്‍സിപ്പാള്‍: ‘ഞാന്‍ പല തവണ പറഞ്ഞല്ലോ ഇതു ന്യൂനപക്ഷ അവകാശമുള്ള സ്ഥാപനമാണ്.’
തമസോമ: ഈ അവകാശങ്ങള്‍ ഒരു വിഭാഗം ന്യൂനപക്ഷത്തിനു മാത്രമുള്ളതാണോ?
പ്രിന്‍സിപ്പാള്‍: ‘എനിക്കു കൂടുതലൊന്നും സംസാരിക്കാനില്ല.’
വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും മതത്തിന് അധീതമായിരിക്കണം. അവ മതപ്രചാരണത്തിനുള്ള വേദികളാകാന്‍ പാടില്ല. മതസ്ഥാപനങ്ങള്‍ കൈവശം വച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ കീഴിലേക്കു മാറ്റുകയാണ് വേണ്ടത്. ഇന്ത്യ മതേതരമാണെന്ന് ഭരണഘടനയില്‍ എഴുതിവച്ചാല്‍ മാത്രം പോരാ. അതു നടപ്പാക്കാനും സാധിക്കണം. ഭരണഘടനാ തത്വങ്ങള്‍ മുഴങ്ങിക്കേള്‍ക്കേണ്ട ക്ലാസ്മുറികളില്‍ ഉയരേണ്ടത് മതദൈവങ്ങളോടുള്ള പ്രാര്‍ത്ഥനകളല്ല. കുട്ടികളുടെ മനസില്‍ പോലും ഇത്തരം വേര്‍തിരിവുകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇവിടെ തകര്‍ന്നടിയുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. മതതീവ്രവാദികളുടെ ലക്ഷ്യവും അതുതന്നെ. എല്ലാ മതങ്ങളെയും വിശ്വാസികളെയും ചേര്‍ത്തു പിടിക്കാനും ഒത്തൊരുമിച്ചു മുന്നോട്ടു നയിക്കാനും കഴിയാത്ത സ്ഥാപനങ്ങള്‍ കുട്ടികളെ പഠിപ്പിക്കാതിരിക്കുകയാവും നല്ലത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെയും പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലേയും മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുവാന്‍ യോഗ്യരല്ല എന്നര്‍ത്ഥം.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975