Jess Varkey Thuruthel
നേര്യമംഗലത്തിനടുത്ത് കാഞ്ഞിരവേലിയില്‍ കൊമ്പനാനയെ മരിച്ച (Elephant death) നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഒളിവില്‍പ്പോയ മാടകയില്‍ ഷാജനും ഭാര്യയും നിയമത്തിനു മുന്നില്‍ കീഴടങ്ങണമെന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍. ‘ആനയുടേത് ഒരു അപകടമരണമല്ല. കാരണം ആന അപകടത്തില്‍ മരിച്ചു എന്നതിന്റെ യാതൊരു തെളിവുകളും സംഭവ സ്ഥലത്തു നിന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു കാരണമായ എല്ലാ തെളിവുകളും ഇവിടെ നിന്നും നീക്കം ചെയ്യപ്പെട്ടു. ആന ചെരിഞ്ഞത് 28-ാം തീയതി ഞായറാഴ്ച രാത്രിയാണ്. പിറ്റേന്നു തന്നെ വനംവകുപ്പിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഞാനുള്‍പ്പടെയുള്ള ടീമാണ് അവിടെ ചെന്നത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമസ്ഥനായ മാടകയില്‍ ഷാജനും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ല. അവര്‍ ആ ദിവസം തന്നെ അവിടെ നിന്നും മാറിക്കളഞ്ഞു. അതൊരു അപകടമായിരുന്നുവെങ്കില്‍ തെളിവുകളൊന്നും അവിടെ നിന്നും ആരും മാറ്റില്ലായിരുന്നു. ആനയ്ക്കു വൈദ്യുതാഘാതമേറ്റത് എങ്ങനെയെന്ന് വിശദീകരിക്കേണ്ടത് അവരാണ്. എന്തിനാണവര്‍ ഞങ്ങളെത്തും മുമ്പേ അവിടെ നിന്നും മുങ്ങിയത്? അവര്‍ മൂലമല്ല ആന ചെരിഞ്ഞതെങ്കില്‍ അവരതു ചെയ്യില്ലായിരുന്നു. ആന മരിക്കാനിടയായ കാരണങ്ങളും അതുപോലെ സംഭവ സ്ഥലത്തു കാണുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം അവര്‍ വ്യക്തമായി പറഞ്ഞേ തീരൂ. ഇനിയുമവര്‍ നിയമത്തിനു മുന്നില്‍ ഹാജരായില്ല എങ്കില്‍ മറ്റു നിയമ നടപടികളിലേക്കു ഞങ്ങള്‍ക്കു കടക്കേണ്ടതായി വരും,’ റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞത് മാടായി ഷാജന്റെ പുഴയിറമ്പിനോടു ചേര്‍ന്നാണ്. ഈ ഭാഗം പുറമ്പോക്കാണെന്നും അതു പട്ടയഭൂമിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ഷാജന്റെ വീടിന്റെ മുന്നിലൂടെയാണ് കാഞ്ഞിരവേലി റോഡ്. വീട്ടില്‍ നിന്നും ഏകദേശം 75 മീറ്റര്‍ മാറിയാണ് കോഴി ഫാം സ്ഥിതി ചെയ്യുന്നത്. കോഴിക്ക് വെളിച്ചം ആവശ്യമുള്ളതിനാല്‍ രാത്രി കാലങ്ങളില്‍ ഇവിടെ സദാ വെളിച്ചമുണ്ടായിരിക്കുമെന്നും ഇതിനായി സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെന്നും ഷാജന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. ഈ കോഴി ഫാമും കഴിഞ്ഞ് ഏതാനും മീറ്റര്‍ മാറിയാണ് ആന മരിച്ചു കിടന്നത്. ഇവിടെ ഏതെങ്കിലും തരത്തില്‍ വൈദ്യുതി ബള്‍ബ് തെളിയിച്ചിരുന്നു എന്നതിന്റെ യാതൊരു ലക്ഷണവുമില്ല. അവിടേക്ക് വയര്‍ വലിച്ച് കറണ്ട് എടുത്തു എന്നതിനും തെളിവില്ല. പിന്നെ എങ്ങനെയാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത് എന്ന് വ്യക്തമാക്കേണ്ടത് ഷാജനാണ്. അത് അദ്ദേഹം പറഞ്ഞേ തീരൂ. ഇനി തിങ്കളാഴ്ചയാണ് കോടതിയുള്ളത്. അന്ന് കോടതി നല്‍കുന്ന നിര്‍ദ്ദേശം എന്തായിരിക്കുമോ അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും. അറസ്റ്റു ചെയ്യാനാണ് നിര്‍ദ്ദേശമെങ്കില്‍ ആ ഉത്തരവ് നടപ്പാക്കുക തന്നെ ചെയ്യും. അതിനു മുമ്പേ കീഴടങ്ങണമെന്ന് ഷാജനെ അറിയിക്കാന്‍ ബന്ധുക്കളെ ഏര്‍പ്പാടാക്കി. പക്ഷേ ഷാജന്‍ ശ്രമിക്കുന്നത് മുന്‍കൂര്‍ ജാമ്യത്തിനാണെന്നു തോന്നുന്നു. ആന മരിച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം പ്രയാസമാണ്. ഇനി ലഭിച്ചാല്‍ത്തന്നെ ഏറെ പണച്ചിലവുള്ള കാര്യവുമാണ്. അതിനെക്കാള്‍ എളുപ്പമാണ് സംഭവിച്ചത് എന്താണ് എന്നു തുറന്നു പറഞ്ഞ് നിയമത്തിനു കീഴടങ്ങുന്നത്, റേഞ്ച് ഓഫീസര്‍ പറഞ്ഞു.
‘അന്ന് അവിടെ അന്വേഷണത്തിനു ചെന്ന ആദ്യദിവസം തന്നെ ബന്ധുക്കളോടു ഞാന്‍ പറഞ്ഞതാണ് മാറിനില്‍ക്കുന്നവരോടു തിരിച്ചു വരാന്‍ പറയാനും മാറ്റിയ സാധനങ്ങള്‍ എവിടെയാണെന്നു വച്ചാല്‍ എടുത്തു തരാനും. പക്ഷേ, ഇതുവരെയും അവര്‍ തിരിച്ചെത്തിയിട്ടില്ല. ആനകളെ കറണ്ടടിപ്പിച്ചു തുരത്തുന്ന ഒരു പ്രവണത പരക്കെ കാണുന്നുണ്ട്. ഇത് ഇവിടെ മാത്രം സംഭവിക്കുന്നതല്ല. കാഞ്ഞിരവേലിയില്‍ ആനയെ കൊലപ്പെടുത്തിയതാണ് എന്ന് ഞങ്ങള്‍ക്ക് വ്യക്തമായിട്ടറിയാം. പക്ഷേ എങ്ങനെയാണ് ആനയെ കൊലപ്പെടുത്തിയതെന്ന് അവര്‍ തന്നെയാണ് പറയേണ്ടത്,’ റേഞ്ച് ഓഫീസര്‍ പറഞ്ഞു.
കാഞ്ഞിരവേലിയില്‍ പലപ്പോഴും വൈദ്യുതി മുടങ്ങാറുണ്ടെന്നും ഞായറാഴ്ചയും അതുതന്നെ സംഭവിച്ചുവെന്നും കോഴി ഫാമിലേക്ക് ധാരാളം വെള്ളം ആവശ്യമുള്ളതിനാല്‍ രാത്രിയില്‍ മോട്ടോറടിച്ചപ്പോള്‍ സംഭവിച്ചതാകാം എന്നുമാണ് ഷാജന്റെ ബന്ധുക്കളുടെ വാദം. ആദ്യം മോട്ടോര്‍ സ്ഥാപിച്ചിരുന്നത് പുഴയിലായിരുന്നു. മഴക്കാലത്ത് പുഴയില്‍ വെള്ളം പൊങ്ങിയതോടെ മോട്ടോര്‍ അവിടെ നിന്നുമെടുത്ത് വീടിനു സമീപമുള്ള കിണറ്റിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ആന മരിച്ചു കിടന്നത് പുഴയോടു ചേര്‍ന്നാണ്. അതിനാല്‍ ഇവര്‍ പറയുന്ന വാദം നിലനില്‍ക്കില്ലെന്ന് റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
ആനയെ തുരത്താന്‍ കമ്പിവേലിയിലേക്ക് കറണ്ട് നല്‍കുകയായിരുന്നുവെന്നും അങ്ങനെയാണ് ആന മരിച്ചതെന്നുമാണ് കെ എസ് ഇ ബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആനയെ ആ പറമ്പില്‍ത്തന്നെയാണ് മറവു ചെയ്തിരിക്കുന്നത്. കാഞ്ഞിരവേലിയില്‍ ഒറ്റയ്ക്കും കൂട്ടമായും നിരവധി കാട്ടാനകള്‍ ദിവസേനയെന്നോണം എത്താറുണ്ട്. ഇവ വന്‍കൃഷിനാശമാണ് വരുത്തുന്നത്. ആനശല്യം മൂലം പലരും ഈ പ്രദേശം വിട്ടുപോയിക്കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ആനയുടെ ആക്രമണത്തില്‍ ഇന്ദിര രാമകൃഷ്ണനെന്ന സ്ത്രീ കൊല്ലപ്പെട്ടത്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47