Jess Varkey Thuruthel
വേഷം ഗാന്ധിജിയുടേതാണ്, പക്ഷേ, പ്രവൃത്തി അത്ര വെടിപ്പല്ല. ഇയാളുടെ പേര് വിനോദ് കുമാര്‍, പക്ഷേ, ഇയാള്‍ സ്വയം വിളിക്കുന്നത് കുചേലന്‍ വിനോദ് ഗാന്ധിജി (Vinod Kuchelan Gandhiji) എന്നാണ്. ആറന്മുള നാരങ്ങാനം സ്വദേശിയായ ഇയാളുടെ ദുഷ്പ്രവൃത്തികള്‍ കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നത് അമ്മയും സഹോദരിയും ബന്ധുക്കളും മാത്രമല്ല, ഒരു നാടു തന്നെയാണ്. വീടിന്റെ ഉമ്മറത്ത് സ്വന്തം വളര്‍ത്തുനായയെ കെട്ടിത്തൂക്കി കൊന്നു! എന്നിട്ട് ആ മൃതശരീരത്തില്‍ ഒരു കുറിപ്പും വച്ചു!! ‘ഞാന്‍ കുട്ടന്‍, ആറന്മുള നാരങ്ങാനം തൈപ്പറമ്പില്‍ നാലാം വാര്‍ഡ് സ്വദേശിയായ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. കുചേലന്‍ വിനോദിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത്,’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
2024 ഏപ്രില്‍ ഒമ്പതിനാണ് ഇയാള്‍ നായയെ കെട്ടിത്തൂക്കി കൊന്നത്. കസവുമുണ്ടിന്റെ കരയുള്ള ഭാഗം ചീന്തിയെടുത്ത് വീടിന്റെ മുന്‍വശത്തായി നായയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. തന്നെ ദ്രോഹിച്ചതില്‍ മനംനൊന്ത് തന്റെ ബന്ധുവായ കുട്ടന്‍ എന്നു വിളിക്കുന്ന അജി ഇതുപോലെ ആത്മഹത്യ ചെയ്യും എന്നാണ് ഇയാള്‍ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇനി തനിക്കു മുന്നില്‍ ആത്മഹത്യയേ മാര്‍ഗ്ഗമുള്ളുവെന്ന് ഇയാള്‍ പറയുന്നു. ഇയാള്‍ സ്വയം മരിച്ചാലും പൊറുതിമുട്ടി ആരെങ്കിലും ഇയാളെ തല്ലിക്കൊന്നാലും ആ കുറ്റം അജിയുടെ തലയില്‍ വരും. കാരണം, പറ്റാവുന്ന ഇടങ്ങളിലും പോലീസിലുമെല്ലാം ഇയാള്‍ അജിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട ലോട്ടറി ഓഫീസിലെ അതിക്രമം
ലോട്ടറിക്കച്ചവടക്കാരനായ തന്റെ ടിക്കറ്റിന് ലോട്ടറിയൊന്നും അടിക്കുന്നില്ല എന്നും ലോട്ടറി വകുപ്പ് ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും ആരോപിച്ച് വിനോദ് പത്തനംതിട്ട ലോട്ടറി ഓഫീസിലെത്തി കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ ആറുമാസം പൂജപ്പുര ജയിലിലായിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ പിന്നീട് തിരിഞ്ഞത് അമ്മയ്ക്കും സഹോദരിക്കും നേരെയാണ്.
കുടുംബമായി ഹൈദരാബാദില്‍ താമസിക്കുന്ന സഹോദരി, കേരളത്തിലെത്തിയത് ചികിത്സയ്ക്കു വേണ്ടിയാണ്. ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിനായി സഹോദരി വീട്ടിലെത്തിയ അന്നു തന്നെ ഇയാള്‍ നാരങ്ങാനത്തേക്കുള്ള വൈദ്യുതി ബന്ധം പാടെ വിച്ഛേദിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞ് അനങ്ങാനാവാതെ കിടക്കുന്ന സഹോദരിക്ക് സമാധാനമായൊന്നു വിശ്രമിക്കാന്‍ പോലും ഇയാള്‍ അനുവദിച്ചതുമില്ല. എല്ലാദിവസവും രാത്രി മുഴുവന്‍ സഹോദരിയുടെ വീടിന്റെ ഉമ്മറത്തിരുന്ന് അസഭ്യം പറയുകയും നിരന്തരം വാതിലില്‍ മുട്ടി ശല്യപ്പെടുത്തുകയും ചെയ്തപ്പോള്‍ ചോദിക്കാനെത്തിയതായിരുന്നു അജി. അതോടെ അജിക്കു നേരെയായി വിനോദിന്റെ പരാക്രമങ്ങള്‍. വിലക്കൂടിയ രണ്ടു ലാപ്‌ടോപ്പുകളും ഓലക്കുടയും അജി നശിപ്പിച്ചു എന്നാണ് വിനോദ് പറയുന്നത്. ഇതിനെതിരായി ആറന്മുള പോലീസില്‍ അജിക്കെതിരെ വിനോദ് കേസ് നല്‍കിയിട്ടുണ്ട്.
ബഹറിനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിനോദ്, കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്. അമ്മ, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പം ഇദ്ദേഹം താമസിച്ചിരുന്നത് തറവാട്ടു വീട്ടിലാണ്. നിരന്തരം വഴക്കുണ്ടാക്കി അമ്മയെ വീട്ടില്‍ നിന്നും ഇദ്ദേഹം ഇറക്കി വിടുകയായിരുന്നുവെന്ന് സഹോദരി പറയുന്നു. ഇതേത്തുടര്‍ന്ന്, സമീപത്തായി, തനിക്കു കിട്ടിയ വിഹിതത്തില്‍, അമ്മയ്‌ക്കൊരു വീടു വച്ചു നല്‍കി സഹോദരി. ചികിത്സയ്ക്കും ഓപ്പറേഷനും വേണ്ടി കഴിഞ്ഞ മാസമാണ് സഹോദരി നാട്ടിലെത്തിയത്. അന്നുമുതല്‍ ഇന്നോളം സമാധാനമായി ഒരു നേരം പോലും ആ വീട്ടില്‍ താമസിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല.
കാണുന്നിടത്തു വച്ച് അടിക്കുമെന്ന് നാട്ടുകാര്‍, ശല്യമെന്ന് പോലീസ്
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഇദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നത് അമ്മയും സഹോദരിയുമായിരുന്നുവെന്ന് നാരങ്ങാനം പഞ്ചായത്ത് മെബര്‍ പറയുന്നു. എന്നാല്‍ എത്ര പണം കൊടുത്താലും അതെല്ലാം മദ്യപിച്ചു നശിപ്പിച്ച ശേഷം വീണ്ടും വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം വഴക്കുണ്ടാക്കും. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യമിദ്ദേഹം ആവശ്യപ്പെടത് ഒരു ഹോട്ടല്‍ തുടങ്ങാനുളള സഹായമായിരുന്നു. അതിനുള്ള പണവും മറ്റു സഹായങ്ങളും സഹോദരി ചെയ്തു കൊടുത്തു, എന്നാല്‍ അതു വിജയിച്ചില്ല. അതോടെ ലോട്ടറി കച്ചവടത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കി. പക്ഷേ, അതിനിടയിലാണ് ലോട്ടറി ഓഫീസില്‍ കയറി അതിക്രമങ്ങള്‍ കാണിക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തത്.
പൈസ ചോദിച്ച് നിരന്തരം സഹോദരിയുടെ വീട്ടിലെത്തുന്ന വിനോദ്, പണം നല്‍കാത്തപ്പോഴെല്ലാം അസഭ്യവര്‍ഷം നടത്തുകയാണെന്ന് സഹോദരി പറയുന്നു. ചികിത്സയ്ക്കു ശേഷം താന്‍ മടങ്ങിപ്പോയാല്‍ അമ്മയുടെ കാര്യത്തില്‍ തനിക്കു പേടിയുണ്ടെന്നും 72 വയസുകാരിയായ അമ്മയെ കൊല്ലാന്‍ പോലും സഹോദരന്‍ മടികാണിക്കില്ലെന്നും സഹോദരി പറഞ്ഞു. ഒട്ടൊന്നു നടക്കാറായപ്പോള്‍, സഹോദരനെതിരെ പരാതിയുമായി ഇവര്‍ ആറന്മുള പോലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു ജോലികളുടെ തിരക്കില്‍ ആയതിനാലാവാം, പോലീസിനും ഈ കാര്യത്തില്‍ വേണ്ടത്ര അന്വേഷണം നടത്താന്‍ സാധിച്ചിട്ടില്ല.
ഹൈദരാബാദില്‍ നിന്നും ഒരു സര്‍ജ്ജറിയുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയതായിരുന്നു സഹോദരി. ഒന്നു വിശ്രമിക്കാന്‍ പോലുമനുവദിക്കാതെ അമ്മയോടും സഹോദരിയോടും ബഹളമുണ്ടാക്കിയപ്പോള്‍ ചോദിക്കാന്‍ ചെന്നതായിരുന്നു അപ്പച്ചിയുടെ മകനായ അജി. എന്നാല്‍, അജി തന്നെ ഉപദ്രവിച്ചുവെന്നും കംപ്യൂട്ടറുകളും ഓലക്കുടയും തകര്‍ത്തുവെന്നും വിനോദ് പറയുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് അജിക്കെതിരെ വിനോദ് പോലീസിസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
നായയെ കൊന്നു കെട്ടിത്തൂക്കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് താന്‍ കിണറ്റില്‍ വീണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം ഫയര്‍ ഫോഴ്‌സിനു ഫോണ്‍ ചെയ്തത്. രാത്രി ഏകദേശം 12 മണി ആയിക്കാണും അപ്പോള്‍. ഒരു വാഹനത്തിനു മാത്രം പോകാവുന്ന ആ ഇടുങ്ങിയ വഴിയിലൂടെ, പോലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും പാഞ്ഞെത്തി രക്ഷപ്പെടുത്തിയതായി പോലീസ് പറയുന്നു.
പഴയതെങ്കിലും മനോഹരമായൊരു വീടായിരുന്നു വിനോദിന്റെ തറവാട് വീടെന്ന് പഞ്ചായത്തു മെംമ്പര്‍ സുനിത പറയുന്നു. ബഹറിനില്‍ ജോലിയുണ്ടായിരുന്ന സമയത്താണ് ആ വീടു പൊളിച്ചു നീക്കി മറ്റൊരു വീടു പണിതത്. ബാങ്കില്‍ നിന്നും ലോണെടുത്താണ് വീടു പണി പൂര്‍ത്തിയാക്കിയത്. പക്ഷേ, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവു മുടങ്ങി. ബാങ്കില്‍ അടയ്ക്കാന്‍ പണമില്ലാതായി. പല അടവുകള്‍ മുടങ്ങിയതോടെ പണം തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കും മുന്നോട്ടു പോയി. ഏതു നിമിഷവും വീട് ജപ്തിയാകും എന്ന അവസ്ഥയിലാണ്.
പുതുതായി പണിത ആ വീടിന്റെ മുന്‍വാതിലും ടൈലും കബോര്‍ഡുമെല്ലാം വെട്ടിപ്പൊളിച്ചു നാശമാക്കിയിരിക്കുകയാണ്. ആ വീട്ടില്‍ തന്നെയാണ് വിനോദ് താമസിക്കുന്നതും. രണ്ടു വര്‍ഷം മുമ്പാണ് രണ്ടു കുട്ടികളെയും കൂട്ടി ഭാര്യ ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയത്. സഹായിച്ചവരെയും സഹായിക്കുന്നവരെയുമെല്ലാം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിനാല്‍ വിനോദ് എന്ന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കള്‍. കൂടെ നില്‍ക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആശുപത്രിയിലാക്കാന്‍ സഹായിക്കാമെന്നു പോലീസ് പറയുന്നുണ്ട്. ഏതു നിമിഷവും തങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായേക്കാമെന്ന പേടിയിലാണ് തങ്ങളെന്ന് അമ്മയും സഹോദരിയും ബന്ധക്കളും പറയുന്നു. മിണ്ടാപ്രാണിയായ ഒരു നായയോട് ഈ ക്രൂരത ചെയ്തയാള്‍ തങ്ങളോട് എന്തുചെയ്യാനും മടിക്കില്ലെന്നും അവര്‍ ഭയപ്പെടുന്നു.
അതു ചെയ്തതു ഞാന്‍ തന്നെ, വിനോദ്; ക്ഷമിക്കാനാവില്ല ഈ ക്രൂരത, മൃഗസ്‌നേഹികള്‍
വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47