Thamasoma News Desk
അഴിമതി വിമുക്തഭാരതം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ (Indian Anti-corruption Mission-IAM) എന്ന സംഘടന കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്കു കടത്തുന്നത് ബി ജെ പിയുടെയും സംഘപരിവാറിന്റെയും അജണ്ടയോ? കേരളത്തില്‍ ബി ജെ പിയ്ക്കു വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് IAM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അഴിമതി വിരുദ്ധ സംഘടനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഏതു സംഘടനയ്‌ക്കൊപ്പവും കേരളത്തിലെ എന്നല്ല, ഇന്ത്യയൊട്ടാകെയുള്ള മുഴുവന്‍ ജനങ്ങളും അണിനിരക്കും. കാരണം, അഴിമതിയെ എതിര്‍ക്കുന്നവര്‍ തന്നെയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. അതിനാല്‍തന്നെ, ഇന്ത്യയില്‍ നിന്നും അഴിമതി പരിപൂര്‍ണ്ണമായും തുടച്ചു നീക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചാല്‍ കൂടെ നില്‍ക്കാന്‍ അനേകരുണ്ടാകും. പക്ഷേ, ഇവര്‍ ബി ജെ പിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എന്നു സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്റ്റാഫിലുള്ള അനീഷാണ് I AM ന്റെ ഡല്‍ഹി നേതൃത്വത്തിലുളളതെന്ന് സംഘടനയുടെ കേരളത്തിലെ ട്രസ്റ്റികളിലൊരാളായ അഡ്വ ഡോ രാജീവ് രാജധാനി പറയുന്നു. സംഘടനയുടെ അഡൈ്വസര്‍മാരായി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്ന വ്യക്തികളില്‍ പലരെയും അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഉപദേശകരായി സംഘടന നിയോഗിച്ചിട്ടുള്ളത്. തങ്ങള്‍ക്കെതിരെ വരുന്ന ഏതു സ്വരത്തെയും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടി, വിമര്‍ശകര്‍ക്കെതിരെ കള്ളക്കേസുകള്‍ കൊടുക്കുന്ന, വരേണ്യ ഹിന്ദുത്വ നടപ്പാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വമാണ് ഇന്ത്യയെ നയിക്കുന്നത്. ആ നേതൃത്വത്തിന്റെ ഭാഗമായ ഒരു വ്യക്തിയാണ് ദേശീയ തലത്തില്‍ IAM നെ നയിക്കുന്നതും. ആണത്തത്തിന്റെ പ്രഘോഷണം, സ്ത്രീകളെ രണ്ടാംതരം പൗരന്മാരാക്കുന്ന സമീപനം, പുരുഷന്റെ പിന്നില്‍ നില്‍ക്കേണ്ടവളാണ് സ്ത്രീ എന്ന ചിന്താഗതി, അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാതിരിക്കല്‍, രാമരാജ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ബി ജെ പി-സംഘപരിവാര്‍ അജണ്ടയാണ്. അഴിമതിക്കെതിരെ എന്ന മുദ്രാവാക്യവുമായി ഈ അജണ്ട നടപ്പാക്കാനായി ഇവര്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും വേരുറപ്പിച്ചു കഴിഞ്ഞു. അതീവ നിഗൂഢമായാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് ഇതിന്റെ പ്രധാന നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.
കൊച്ചി യൂറോ ഗള്‍ഫില്‍, ജൂണ്‍ 23 ഞായറാഴ്ച 10.30 ന് ഇവര്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍, സമയത്ത് എത്തിയവരെ വിഢികളാക്കിക്കൊണ്ട്, IAM ന്റെ നേതാക്കളെത്തിയത് മൂന്നുമണിക്കൂര്‍ വൈകിയാണ്. എന്നുമാത്രമല്ല, പങ്കെടുത്തവരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരെ ചില നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളോടൊപ്പമുണ്ടെന്ന് IAM അവകാശപ്പെടുന്നവര്‍ ഈ സംഘടനയ്‌ക്കൊപ്പം യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന അന്വേഷണം നടത്തിയത് അങ്ങനെയാണ്. ഉപദേശക സമിതിയിലെ ആദ്യ പേരുകാരന്‍ മന്ത്രി റോഷി അഗസ്റ്റിനാണ്. എന്നാല്‍, ഇടുക്കിയില്‍ വച്ച് ഒരിക്കല്‍ രാജീവ് രാജധാനി തന്നെ കാണാന്‍ വന്നിരുന്നുവെന്നും സംഘടനയെക്കുറിച്ചു തന്നോടു സംസാരിച്ചുവെന്നും അതല്ലാതെ താന്‍ ഈ സംഘടയിലോ ഉപദേശക സമിതിയിലോ അംഗമല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ തമസോമയോടു വ്യക്തമാക്കി. ഇതു തന്നെയായിരുന്നു മുന്‍ ജസ്റ്റിസ് കമാല്‍ പാഷയുടേയും മറുപടി. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള കമാല്‍ പാഷ തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു രാജീവ് രാജധാനി മീറ്റിംഗില്‍ പറഞ്ഞത്. എന്നാല്‍, ഇക്കാര്യം കമാല്‍ പാഷയും നിഷേധിച്ചു.
‘ഇന്ത്യന്‍ ആന്റി കറപ്ഷന്‍ എന്ന സംഘടന 2003 ല്‍ ഒരു കുടുംബ ട്രസ്റ്റ് ആയിട്ടാണ് രൂപീകരിക്കുന്നത്. കാലാകാലങ്ങളില്‍ കാര്യങ്ങള്‍ മനസിലാക്കി വന്നപ്പോള്‍, കൂട്ടുകുടുംമബ വ്യവസ്ഥിതിയില്‍ സംഘടനയുണ്ടാക്കിയാല്‍ അതെന്നും അവരില്‍ നിക്ഷിപ്തമായിരിക്കും എന്നു കണ്ടതു കൊണ്ട് ഒരു വക്കീല്‍ എന്ന നിലയില്‍ അതിനോടു യോജിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍, അതു പൊളിച്ചെഴുതിയാണ് 2018 ല്‍ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷനു ഞാന്‍ തുടക്കമിടുന്നത്. ഉണ്ണികൃഷ്ണന്‍ ചോലയില്‍, വിശ്വനാഥന്‍ നായര്‍ തുടങ്ങിയവരുള്‍പ്പടെ 25 പേര്‍ ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ചു. ഓരോ വ്യക്തിയും 2 ലക്ഷം രൂപ വീതമെടുത്് 50 ലക്ഷം രൂപ സമാഹരിച്ച് കൊല്ലത്ത് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് അവിടെ ഒരു ഗ്രന്ഥശാലയും മറ്റും പ്രവര്‍ത്തിച്ചു വരുന്നതാണ് ഇതിന്റെ ആസ്ഥാനം. അതിനാല്‍, 25 പേരാണ് ഇതിന്റെ സര്‍വ്വ സൈന്യാധിപന്മാരും ഭരണാധികാരികളും. ട്രസ്റ്റ് ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്തതിനു ശേഷം 28 സംസ്ഥാനങ്ങളിലും അഴിമതി മുക്തഭാരതം എന്ന ലക്ഷ്യം കണ്ടുകൊണ്ട് അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ലാഭേച്ഛയില്ലാതെ യാതൊരു വിധ റെസീപ്റ്റുകളോ പോസ്റ്ററുകളോ പണപ്പിരിവുകളോ ഇല്ലാതെ 25 പേര്‍ ചേര്‍ന്നു നടത്തുന്ന ഒരു മാതൃസംഘടനയാണ് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ നാഷണല്‍ കമ്മറ്റി. പി ആര്‍ വി നായര്‍ ചെയര്‍മാനായ ദേശീയ കമ്മറ്റിയിലും 25 പേരുണ്ട്. ഡല്‍ഹി നയിക്കുന്നത് ഹോം മിനിസ്റ്റര്‍ അമിത്ഷായുടെ സ്റ്റാഫിലുള്ള അനീഷാണ്. അത്തരത്തില്‍ ഫില്‍ട്ടര്‍ ചെയ്ത് ഓരോ സംസ്ഥാനത്തും കാര്യങ്ങള്‍ നടത്തുകയാണ്. ഏകദേശം 14 സംസ്ഥാനങ്ങളില്‍ IAM ന് അടിവേരുകളുണ്ട്. വളരെ രഹസ്യമായ പ്രവര്‍ത്തനങ്ങളാണ് ഓരോ സംസ്ഥാനങ്ങളിലും നടത്തുന്നത്. എവിടെയാണോ അഴിമതി കണ്ടെത്തുന്നത്, അക്കാര്യം തലസ്ഥാനത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ചെയ്യുന്നത്. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പര്യാപ്തരായവരാണ് ഇതിനുള്ളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. നാഷണല്‍ കമ്മറ്റി കഴിഞ്ഞാല്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 25 അംഗ കമ്മറ്റികളുണ്ട്. അതിനു തൊട്ടുതാഴെയുള്ളത് സംസ്ഥാന കമ്മറ്റിയാണ്. കേരളത്തിലെ 14 ജില്ലയിലും ജില്ലാ പ്രസിഡന്റുമാരും അഭ്യുദയകാംക്ഷികളും മറ്റു മഹത് വ്യക്തിത്വങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളും ഭരിക്കുന്നതു മുഖ്യമന്ത്രിമാരല്ല, അതിനു മുകളില്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നു തെളിയിച്ച കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ളവര്‍ ഈ സംഘടനയുടെ തലപ്പത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും ചോദ്യം ചെയ്ത കമാല്‍പാഷയും ഈ സംഘടനയിലുണ്ട്. എന്നുമാത്രമല്ല, ഞാനുമുണ്ട് നിങ്ങളുടെ കൂടെ എന്നു പ്രഖ്യാപിച്ചു കൊണ്ട് പിണറായി വിജയന്‍ പോലും ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്,’എറണാകുളത്തു നടന്ന മീറ്റിംഗില്‍ സംസാരിക്കവെ, അഡ്വ ഡോ രാജീവ് രാജധാനി പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്തായി രാജീവ് രാജധാനിയും പിന്നീട് പി ആര്‍ വി നായരും പറഞ്ഞ കാര്യങ്ങളാണ് സംശയങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നത്. ‘അച്ഛന്‍ വിളിച്ചാല്‍ എന്തോ എന്നു വിളികേള്‍ക്കുന്ന കുടുംബിനികള്‍ക്കേ ഈ പ്ലാറ്റ്ഫോമില്‍ പ്രസംഗിക്കാനും ഭാരവാഹിത്വം വഹിക്കാനും അവസരങ്ങളുള്ളു. അച്ഛന്‍ പറയുന്നത് അനുസരിക്കാന്‍ അമ്മയ്ക്കു കഴിയണം. അത്തരത്തിലുള്ള സ്ത്രീകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും ട്രാന്‍സിനും അവസരങ്ങളുള്ള ഒരു സംഘടനയാണിത്. ഒരു രാജ്യം ഭരിക്കേണ്ടത് നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയാണ്. നട്ടെല്ലുള്ളവര്‍ രാജ്യം ഭരിച്ചില്ലെങ്കില്‍ നാട്ടിലുള്ളവരെല്ലാം പ്രധാനമന്ത്രികളാകും. വീടു ഭരിക്കേണ്ടത് ഒരച്ഛനാണ്. ആദ്യം മാതൃക കാണിക്കേണ്ടത് വീട്ടില്‍ നിന്നാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അച്ചടക്കമുള്ള കുടുംബമായി വളരണം, അങ്ങനെ വളര്‍ന്നാല്‍ മക്കള്‍ നന്നാവും, മക്കള്‍ നന്നായാല്‍ നാടു നന്നാവും. നാടു നന്നായാല്‍ ഈ രാജ്യം നന്നാവുമെന്ന കാര്യത്തില്‍ സംശയമില്ല. പറഞ്ഞാല്‍ അനുസരിക്കുന്ന അച്ചടക്കമുള്ള കുടുംബ പശ്ചാത്തലമാണ് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷനില്‍ അംഗത്വമെടുക്കുന്ന ഒരു പുരുഷനും സ്ത്രീയ്ക്കും ട്രാന്‍സിനും ആവശ്യം,’ രാജീവ് രാജധാനി പറഞ്ഞു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47