ജെസ് വര്‍ക്കി തുരുത്തേല്‍
ക്രിസ്തുവിന്റെ മണവാട്ടിമാരായി (nuns) തിരുവസ്ത്രമണിഞ്ഞവര്‍ ഇവ്വിധം കള്ളം പറയുമോ? ദൈവത്തിന്റെ പ്രതിപുരുഷന്മാരായ മെത്രാന്മാരും പുരോഹിതരും കലാപത്തിനും സര്‍വ്വനാശത്തിനും തിരികൊളുത്തുമോ? ഇല്ല എന്നാണ് നിങ്ങളിനിയും ഉറച്ചു വിശ്വസിക്കുന്നതെങ്കില്‍, പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇവര്‍ നടത്തിയ ഗൂഡാലോചന എന്താണെന്നു നിങ്ങളറിയണം. ഒരു സമുദായത്തെ ഒന്നടങ്കം ചുട്ടെരിക്കാനായി ഇവര്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ വെടിക്കെട്ടിനു തിരികൊളുത്തിയിരുന്നു. ആ കൊടും തീയില്‍ സര്‍വ്വം വെന്തെരിയുമെന്നു മനസിലാക്കിയ നിമിഷം മഹല്‍ കമ്മറ്റി ഒരു പ്രസ്താവന നടത്തി. ‘ആ കുട്ടികള്‍ക്കു തെറ്റുപറ്റിപ്പോയി’ എന്ന്! ആ പ്രസ്താവനയില്‍ സര്‍വ്വസംഹാരിയായി വന്ന ആ കൊടുംതീ കെട്ടടങ്ങി. എന്നാല്‍, കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ത്തെറിയാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ അത്ര പെട്ടെന്ന് അടങ്ങുന്നതെങ്ങനെ? തങ്ങള്‍ കൊളുത്തിയ തീ അത്രവേഗം കെട്ടുപോകുവാന്‍ അവര്‍ അനുവദിക്കുന്നതെങ്ങനെ?? അങ്ങനെ അവര്‍ ആ കൊടുംതീ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൊളുത്തി! എവിടെയാണിനി തീ കൊളുത്തേണ്ടതെന്നവര്‍ അവസരം കാത്തിരിക്കുകയായിരുന്നു. ആ സൂക്ഷ്മ വീക്ഷണത്തിനിടയിലാണ് അവരാ കാഴ്ച കണ്ടത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ആ പെണ്‍കുട്ടികള്‍ സെന്റ് ജോസഫില്‍ പഠിക്കുകയാണ്. ദിവസം 5 നേരം നിസ്‌കരിക്കുന്നതു ശീലമാക്കിയ രണ്ടുപേര്‍. ആ പ്രാര്‍ത്ഥനകള്‍ക്ക് അവരുടെ സഹപാഠികള്‍ തുണ നിന്നു. അങ്ങനെ, ഉച്ചഭക്ഷണ സമയത്ത് പ്രാര്‍ത്ഥിക്കാനായി ആ പെണ്‍കുട്ടികള്‍ക്കു ചുറ്റും അവര്‍ മനുഷ്യമതില്‍ തീര്‍ത്തു. കൂട്ടുകാരുടെ ആ സംരക്ഷണത്തില്‍, സമാധാനത്തോടെ ആ കുട്ടികള്‍ രണ്ടുപേരും ക്ലാസ് മുറിയില്‍ ഉച്ചസമയത്തെ വിശ്രമവേളയില്‍ മൂന്നേമൂന്നു മിനിറ്റു നേരം നമസ്‌കരിച്ചു പോന്നു. മൂവാറ്റുപുഴയില്‍ കൊളുത്തിയ വര്‍ഗ്ഗീയ വിഷം കെട്ടടങ്ങിയതില്‍ നിരാശ പൂണ്ട സമാധാനത്തിന്റെ അപ്പസ്തോലന്മാര്‍ അടുത്ത കൊടുംതീ കൊളുത്തേണ്ടത് എവിടെയെന്നു തിരക്കി പരക്കം പാഞ്ഞുനടക്കുകയായിരുന്നു. അതിനിടയിലാണ് കന്യാസ്ത്രീകള്‍ ഈ കാഴ്ച കണ്ടത്. ഒന്നര വര്‍ഷമായി യാതൊരു പ്രശ്നവുമില്ലാതെ, ആരെയും ശല്യപ്പെടുത്താതെ, ആര്‍ക്കും ഉപദ്രവമുണ്ടാക്കാതെ നടത്തിയ ആ പ്രാര്‍ത്ഥനയുടെ പേരിലവര്‍ ഒരു സമുദായത്തെ മുഴുവന്‍ കുരിശിലേറ്റി. ജനമനസുകളിലേക്ക് പകയുടേയും വിദ്വേഷത്തിന്റെയും വിഷവിത്തുകള്‍ വലിച്ചെറിഞ്ഞു. വമ്പന്‍ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടി.
ഈ വിഷയം സമുദായമാകമാനം ഏറ്റെടുക്കുമെന്നും അവര്‍ വര്‍ഗ്ഗീയമായി പ്രതികരിക്കുമെന്നും അവര്‍ കണക്കു കൂട്ടി. എന്നാല്‍, നിര്‍മ്മല കോളജില്‍ സംഭവിച്ചപ്പോള്‍ ഒരു പ്രസ്താവനയെങ്കിലും നടത്താന്‍ മഹല്ല് കമ്മറ്റി മുന്നോട്ടു വന്നു. എന്നാലിവിടെ ആരും അതിനോടു പ്രതികരിച്ചില്ല, സമുദായ നേതാക്കളോ മഹല്ല് കമ്മറ്റിയോ സമസ്തയോ ആരും പ്രതികരിച്ചില്ല. സ്‌കൂളില്‍ നമസ്‌കരിച്ച പെണ്‍കുട്ടിയുടെ വാപ്പ പറഞ്ഞു, ‘ഇത് എന്റെ മകളും സ്‌കൂളും തമ്മിലുള്ള വിഷയം. ഇതില്‍ മറ്റാരും ഇടപെടേണ്ട. ഈ പ്രശ്‌നം ഞാന്‍ തനിയെ പരിഹരിച്ചുകൊള്ളാം…’
കോതമംഗലം രൂപതയിലെ സഹമെത്രാന്മാര്‍, കന്യാസ്ത്രീകള്‍, കാസയിലെ തീവ്രവാദികള്‍, കത്തോലിക്ക കോണ്‍ഗ്രസിലെ മുന്തിയവര്‍ എല്ലാവരും കാടും പടലുമിളക്കി വന്നു. അവര്‍ അനങ്ങിയില്ല. കള്ളങ്ങളോടു പ്രതികരിച്ചില്ല.
ക്രിസ്തുവിന്റെ മണവാട്ടിമാരെന്ന് അവകാശപ്പെടുന്ന കന്യാസ്ത്രീകളോടും കര്‍ത്താവിന്റെ പ്രതിപുരുഷന്മാരോടുമൊരു വാക്ക്. ഇവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ നിങ്ങളില്‍ ചിലര്‍ നടത്തുന്ന കള്ളത്തരങ്ങളും അപവാദങ്ങളും നിങ്ങളെത്തന്നെ തിരിഞ്ഞു കൊത്തും. കരിഞ്ചന്തക്കാരെയും കള്ളക്കച്ചവടക്കാരെയും യേശുക്രിസ്തു ചാട്ടയെടുത്ത് അടിച്ചോടിച്ചു എന്ന് നിങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍, ആ ചാട്ടവാറടി ഇനി ഏല്‍ക്കുന്നത് നിങ്ങള്‍ക്കായിരിക്കും, അതില്‍ തര്‍ക്കമില്ല. സമാധാനമായി ജീവിക്കുന്ന മനുഷ്യരുടെ മനസിലേക്ക് വെറുപ്പിന്റെ വിഷം കുത്തിവച്ചതില്‍ മനസാക്ഷിയുടെ കോടതിയില്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ്തി വര്‍ഗ്ഗീസും കന്യാസ്ത്രീകളായ മറ്റ് അധ്യാപകരും കോതമംഗലം രൂപതയിലെ കൊടികെട്ടിയവരും കണക്കു പറയേണ്ടി വരും.
‘എന്റെ കുട്ടി ഈ സ്‌കൂളില്‍ ഉച്ചയ്ക്ക് വിശ്രമസമയത്ത് നമസ്‌കരിക്കുന്നതു തെറ്റാണെങ്കില്‍, അവളെ ഞങ്ങളുടെ പള്ളിയിലും പോകാന്‍ അനുവദിക്കില്ലെങ്കില്‍ അവളിനി സ്‌കൂള്‍ സമയത്ത് നിസ്‌കരിക്കില്ല’ എന്ന് ആ പിതാവ് ഉറപ്പു കൊടുത്തത് പ്രിന്‍സിപ്പാള്‍ ദീപ്തി വര്‍ഗ്ഗീസും കന്യാസ്ത്രീകളായ മറ്റ് അധ്യാപകരും കോതമംഗലം രൂപതയിലെ സഹമെത്രാന്മാരും കാസയുടേയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും പ്രതിനിധികളുമുള്‍പ്പടെയുള്ളവര്‍ക്കാണ്. ആ പ്രസ്താവന നടത്തി പ്രിന്‍സിപ്പാളിന്റെ മുറിവിട്ടു പുറത്തിറങ്ങിയ നിമിഷം മുതല്‍ ഈ വിഷജീവികളെല്ലാം ചേര്‍ന്ന് കേരളത്തെ ചോരക്കളമാക്കാനുള്ള പദ്ധതിക്കു രൂപം നല്‍കുകയായിരുന്നു. എല്ലാറ്റിനും സാക്ഷി ദൈവമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഈ മഹാപരാധത്തിനു ശിക്ഷ കിട്ടാതെ പോകില്ല.
ക്ലാസ് മുറിയില്‍ നിസ്‌കരിച്ച ആ മുസ്ലീം കുട്ടികള്‍ ആരെന്നോ അവര്‍ക്കൊപ്പം നിന്ന ക്രിസ്ത്യന്‍ കുട്ടികള്‍ ആരെന്നോ അവരുടെ മാതാപിതാക്കള്‍ ആരെന്നോ തമസോമ വെളിപ്പെടുത്തുന്നില്ല. ഈ സമൂഹത്തിലെ വര്‍ഗ്ഗീയതയുടെ കണ്ണുകളില്‍ നിന്നും ഞങ്ങളവരെ മറച്ചു പിടിക്കുന്നു. പക്ഷേ, അവര്‍ക്കു പറയാനുള്ളത് ഞങ്ങള്‍ക്കിവിടെ പറഞ്ഞേ തീരൂ. ഈ കുട്ടികളുടെ മനസിലേക്കു പോലും കൊടിയ വിഷം കുത്തിവയ്ക്കുന്ന കോതമംഗലം രൂപതയിലെ ചില കൊടികെട്ടിയവരെ നിങ്ങളറിയണം. അവരും അറിയപ്പെടുന്നത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അപ്പസ്തോലന്മാര്‍ എന്നാണ്. ഇതോ ക്രിസ്തു പഠിപ്പിച്ച മാനവ സ്നേഹം?
ഇത്, ആ മുസ്ലീം പെണ്‍കുട്ടിയുടെ ഉപ്പയുടേയും ഉമ്മയുടേയും വാക്കുകള്‍. ഏകദേശം ഒരു മണിക്കൂറോളം അവര്‍ തമസോമയുടെ പ്രതിനിധി ജെസ് വര്‍ക്കിയുമായി സംസാരിച്ചു. ആ സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപമാണിത്. മനസുള്ളവര്‍ക്കു വായിക്കാം, അല്ലാത്തവര്‍ക്ക് ക്രിസ്തുമതത്തിലെ വര്‍ഗ്ഗീയവാദികളുടെ വഴിയേ പോകാം.
………….
ഒരു ക്രിസ്ത്യന്‍ ദേവാലയത്തില്‍ പുരോഹിതര്‍ക്കുള്ള സ്ഥാനം എന്താണോ അതേ സ്ഥാനം സ്വന്തം പള്ളിയിലും അലങ്കരിക്കുന്ന ഒരു മനുഷ്യന്‍. ശാന്തവും ദൃഢവുമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി.
ഒരാളുടെ സംസാരം കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു സന്തോഷമുണ്ടാകുന്നുവെങ്കില്‍ അതിനെക്കാള്‍ വലിയൊരു പ്രാര്‍ത്ഥനയില്ലെന്നാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്. ഞാനെന്റെ മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മനുഷ്യനാണ്.
ഓഗസ്റ്റ് 8-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എനിക്ക് സ്‌കൂളില്‍ നിന്നും ഒരു ഫോണ്‍ വന്നു. ‘നിങ്ങള്‍ സ്ഥലത്തുണ്ടോ, സ്‌കൂള്‍ വരെ വരണ’മെന്നു പറഞ്ഞു. എന്റെ കുഞ്ഞ് അവിടെ പഠിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ചിന്തയാണ് മനസില്‍ ആദ്യമുണ്ടായത്. ഞാനൊന്നു ഭയന്നു പോയി. എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍, ‘അതു ഫോണില്‍ക്കൂടി പറയാന്‍ പറ്റില്ല നേരിട്ടു വരണ’മെന്നു പറഞ്ഞു. എനിക്കപ്പോള്‍ ആശ്വാസമായി. മകള്‍ക്ക് അപകടമൊന്നുമില്ല എന്നെനിക്കു ബോധ്യമായി. ഉടന്‍തന്നെ ഞാന്‍ സ്‌കൂളില്‍ ചെന്നു. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ദീപ്തിയുണ്ടായിരുന്നു അവിടെ. എന്തു ചെയ്യുന്നു എന്ന് എന്നോടു ചോദിച്ചു, കൃഷിയാണെന്നു ഞാന്‍ ഉത്തരം പറഞ്ഞു. എന്തു കൃഷിയാണെന്നു ചോദിച്ചു. ആദ്യം റബ്ബറായിരുന്നു, ഇപ്പോള്‍ ന്യൂജന്‍ പഴങ്ങളായ റംബൂട്ടാന്‍ ഉള്‍പ്പടെയുള്ളവ കൃഷി ചെയ്യുന്നുണ്ടെന്നു പറഞ്ഞു.
പിന്നീടവര്‍ എന്നോടു പറഞ്ഞു, ‘നിങ്ങളുടെ മകള്‍ ഇവിടെ നമസ്‌കരിക്കുന്നുണ്ട്. അതിവിടെ പറ്റില്ല.’ ഞാന്‍ പറഞ്ഞു, ‘ഇന്നോ ഇന്നലെയോ അല്ല, കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ മകള്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നുണ്ട്. ക്ലാസ് റൂമില്‍ ആര്‍ക്കും ശല്യമില്ലാതെ ഉച്ച നേരത്ത് ഒരു മൂന്നുമിനിറ്റ് നേരം അവള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതു മാഡം കണ്ടില്ലെന്നു വിചാരിച്ച് ഒരു വിഷയമാക്കാതെ അങ്ങു വിട്ടാല്‍പ്പോരെ’ എന്നു ഞാനവരോടു ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു അതു പറ്റില്ലെന്ന്.
കഴിഞ്ഞ ഒന്നര വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ പറ്റില്ലെന്നു പറയുന്നത്. ഏതു മതക്കാര്‍ പ്രാര്‍ത്ഥിച്ചാലും അതു നല്ലതായിട്ടേ എനിക്കു തോന്നാറുള്ളു. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നത് ഞാനെപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനി ആയാലും പ്രാര്‍ത്ഥനയല്ലേ. അതു തടയുന്നതെന്തിന്? അതുകൊണ്ട് അതു നിറുത്താന്‍ പറയാതെ കുട്ടി അതു തുടര്‍ന്നോട്ടെ എന്നു തീരുമാനിച്ചാല്‍പ്പോരെ? ഞാനവരോടു ചോദിച്ചു.
‘തൊട്ടടുത്ത് പള്ളിയുണ്ടല്ലോ അവിടെപ്പോയി പ്രാര്‍ത്ഥിച്ചാല്‍ എന്താ കുഴപ്പം’ എന്നവര്‍ കാര്‍ക്കശ്യത്തോടെ ചോദിച്ചു. റോഡു മുറിച്ചു കടന്ന് പോയി വേണം അവിടേക്കെത്താന്‍. തിരക്കുള്ള റോഡാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ മകളുടെ സുരക്ഷയെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. അപ്പോള്‍ അവര്‍ പറഞ്ഞു, ‘അതൊന്നും പറ്റില്ല, മകള്‍ അവിടെപ്പോയി നിസ്‌കരിക്കട്ടെ.’
ഞങ്ങളുടെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കു നിസ്‌കരിക്കാനുള്ള സൗകര്യങ്ങളില്ല. സ്ത്രീകള്‍ പള്ളിയില്‍ പോയി നിസ്‌കരിക്കണമെന്ന് ഞങ്ങളുടെ മതം പറയുന്നുമില്ല. പോകുന്നവര്‍ക്കു പോകാം, വേണ്ടെങ്കില്‍ പോകണ്ട. അവര്‍ക്ക് എവിടെയാണോ നിസ്‌കരിക്കാന്‍ താല്‍പര്യം അവിടെ നിസ്‌കരിച്ചാല്‍ മതി. ദിവസം അഞ്ചു നേരം നിസ്‌കരിക്കണം. മക്കയിലും മദീനയിലുമെല്ലാം എല്ലാ സ്ത്രീകളും പുരുഷന്മാരും നിസ്‌കരിക്കും. ഞങ്ങളുടെ കേന്ദ്ര ബിന്ദു അതാണ്. എന്നാല്‍ എല്ലാ സ്ത്രീകളും അവിടെപ്പോയി നിസ്‌കരിച്ചുകൊള്ളണമെന്നു നിയമവുമില്ല. വീട്ടിലോ പള്ളിയിലോ എവിടെ വേണമെന്ന് അവര്‍ക്കു തീരുമാനിക്കാം. അതിനി നടുറോഡിലായാലും മതി. നിസ്‌കാര പായ വൃത്തിയുള്ളതാവണം എന്നു മാത്രം.
വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്‌കൂളില്‍ നിസ്‌കരിക്കാന്‍ സമയം അനുവദിക്കുന്നുണ്ട്. ബാക്കി ദിവസങ്ങളില്‍ മകള്‍ പള്ളിയില്‍ പോയി നിസ്‌കരിച്ചോട്ടെ എന്നു ഞാന്‍ പറഞ്ഞു. ‘അതിന് ഒരു അപേക്ഷ എഴുതി തരണ’മെന്നു സിസ്റ്റര്‍ പറഞ്ഞു. മകളും എന്റെ ഒപ്പം സിസ്റ്റര്‍ ദീപ്തിയുടെ ഓഫീസിലുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പെട്ടെന്നു കേട്ടപ്പോള്‍ അവള്‍ക്കും എനിക്കും മാനസികമായി വല്ലാത്തൊരു പ്രയാസം തോന്നി. ഇത്രയും കാലം ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ചെയ്യരുത് എന്നു പറയുമ്പോള്‍ ആര്‍ക്കായാലും മാനസിക പ്രയാസം ഉണ്ടാകും. എന്റെ കൈയൊക്കെ വിറയ്ക്കുന്നതു പോലെ തോന്നി. മോളോടു ഞാന്‍ ചോദിച്ചു ഒരു എഴുത്ത് എഴുതാമോ എന്ന്. അതു പിന്നെ എഴുതിയാല്‍ മതി വാപ്പച്ചീ എന്നവള്‍ എന്നോടു പറഞ്ഞു. അപേക്ഷ നാളെ എഴുതിക്കൊണ്ടു വരാമെന്ന് പ്രിന്‍സിപ്പാളിനോടു ഞാന്‍ പറഞ്ഞു ഞാനിറങ്ങി.
പിറ്റേദിവസം വെള്ളിയാഴ്ച അവര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ക്ക് അപേക്ഷയുമായി ഞാന്‍ സ്‌കൂളിലെത്തി. എന്നാല്‍ ഞാന്‍ തയ്യാറാക്കിയ അപേക്ഷയില്‍ ‘താങ്കള്‍ ആവശ്യപ്പെട്ട പ്രകാരം’ എന്ന് എഴുതിയിരുന്നില്ല. അവര്‍ ആവശ്യപ്പെട്ടിട്ടാണ് ഇത്തരത്തില്‍ ഒരു അപേക്ഷ എഴുതിയത്. അതുകൊണ്ട് ആ വാക്ക് പ്രത്യേകം ചേര്‍ക്കേണ്ടെന്നാണ് ഞാന്‍ കരുതിയത്. ഇങ്ങനെ എഴുതിക്കൊടുത്താല്‍ എന്റെ മകളെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാമെന്നു പറയുമ്പോള്‍ എന്തിനാണ് അത് പ്രത്യേകം എഴുതുന്നതെന്നു ഞാന്‍ കരുതി. പക്ഷേ, ഈ അപേക്ഷ ഞങ്ങളുടെ സമുദായത്തിനു മുഴുവന്‍ പ്രഹരമേല്‍പ്പിക്കുന്ന ഒരു ആയുധമാക്കി അവര്‍ മാറ്റുമെന്നു ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ല. ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍, അതും തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രീ ഒരു വാക്കു പറഞ്ഞിട്ട് അതു മാറ്റിപ്പറയുമെന്നും ഞാന്‍ കരുതിയില്ല. പൂര്‍ണ്ണമായും മതവേഷം ധരിച്ച ഒരു സ്ത്രീ പറയുന്ന വാക്കിനു വിലയുണ്ടാകുമെന്നു ഞാന്‍ കരുതി.
കന്യാസ്ത്രീകളോട് എനിക്കെന്നും ബഹുമാനമാണ്. ഞങ്ങളുടെ മതം പറയുന്ന രീതിയിലാണ് അവര്‍ വേഷം ധരിക്കുന്നത്. ഞങ്ങളുടെ മതാചാരപ്രകാരം വെള്ളയോ കറുപ്പോ മഞ്ഞയോ ചുവപ്പോ ഏതു കളറിലുള്ള വേഷവും ധരിക്കാം. പക്ഷേ മുഖവും മുന്‍കൈയും മാത്രമേ പുറത്തു കാണാവൂ. അതു തന്നെയാണ് അവരും ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ഏകദേശം 11.30 തോടെ ഞാന്‍ സ്‌കൂളിലെത്തി. ദീപ്തി മാഡം അവിടെ ഉണ്ടായിരുന്നില്ല. അവര്‍ തൊടുപുഴയില്‍ പോയിരിക്കുകയാണെന്നും ഒരു മണിക്കൂറിനകം മടങ്ങി വരുമെന്നും പറഞ്ഞു. വെള്ളിയാഴ്ചയാണ്, പള്ളിയില്‍ പോകണം. അപേക്ഷയും കൊടുത്ത് 12.45 ഓടു കൂടി എനിക്കു പ്രാര്‍ത്ഥനയ്ക്ക് പോകാമല്ലോ എന്നു ഞാന്‍ കണക്കു കൂട്ടി. എന്റെയീ മതവേഷം കണ്ട് അവിടെ ആര്‍ക്കും ഒരു അലോസരവും തോന്നേണ്ട എന്നു കരുതി സ്‌കൂള്‍ കോമ്പൗണ്ടിനു വെളിയില്‍ അരകിലോമീറ്റര്‍ മാറി വണ്ടി പാര്‍ക്കു ചെയ്തു ഞാന്‍ കാത്തിരുന്നു. 12.25 ആയപ്പോള്‍ ഞാന്‍ വീണ്ടും സ്‌കൂളിലെത്തി. അപ്പോള്‍ സ്‌കൂളില്‍ പ്രാര്‍ത്ഥന നടക്കുകയാണ്.
ഇക്കാലമത്രയും അവിടെ പഠിച്ചിട്ടും ആ സ്‌കൂളില്‍ ക്രിസ്തീയ മതാചാരപ്രകാരമുള്ള പ്രാര്‍ത്ഥന നടക്കുന്നതായോ തങ്ങളെല്ലാവരും അതില്‍ പങ്കെടുക്കുന്നതായോ എന്റെ മകള്‍ ഇന്നേവരെ ഞങ്ങളോടു പറഞ്ഞിട്ടില്ല. ജാതി മത ഭേതമന്യേ എല്ലാ കുട്ടികളും ഇതില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അവള്‍ എന്നോടു പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് ഞാനിതെല്ലാം നേരിട്ടു കാണുന്നത്. എനിക്കതിലൊന്നും വിരോധവുമില്ല.
ഭക്ഷണം മുന്നിലെത്തുമ്പോള്‍ ദൈവത്തോടു ഞങ്ങള്‍ സ്തുതി പറയും. കാരണം ഒരുമണിച്ചോറ് നമുക്കു മുന്നിലെത്തുമ്പോള്‍ അതിനു പിന്നില്‍ ഒട്ടനവധിപേരുടെ അധ്വാനമുണ്ട്. ആ അധ്വാനത്തെയാണ് പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ആദരിക്കുന്നത്. അതു വിളയിച്ചെടുത്ത കര്‍ഷകനു നഷ്ടമായിരിക്കാം. അവരുടെ കണ്ണീരു കൂടി അതിനൊപ്പമുണ്ടാകാം. അതിനെയെല്ലാം ആദരിച്ചേ തീരൂ. അതുപോലുള്ള ഒരു പ്രാര്‍ത്ഥനയാണല്ലോ ഇതും എന്നേ ഞാന്‍ കരുതുന്നുള്ളു.
പ്രാര്‍ത്ഥന കഴിഞ്ഞു, എനിക്ക് എന്റെ മോളെയും കൂട്ടി അഞ്ചു മിനിറ്റ് പുറത്തു പോകണമെന്നു ഞാന്‍ പറഞ്ഞു. അതു ക്ലാസ് ടീച്ചറോടു ചോദിക്കണമെന്ന് പറഞ്ഞു, അങ്ങനെ ക്ലാസില്‍പ്പോയി. അവര്‍ പോയ്‌ക്കൊള്ളാനോ വേണ്ടെന്നോ പറഞ്ഞില്ല. ഞാനൊരു രക്ഷിതാവാണ്, ഉച്ചയൂണിന്റെ സമയത്ത് എന്റെ മോളെ ഒരഞ്ചു മിനിറ്റ് വെളിയില്‍ കൊണ്ടുപോകാന്‍ അനുവാദം ചോദിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഒരു മൗനസമ്മതം തന്ന് മോളെ വിട്ടു, ഞാന്‍ അവളെയും കൂട്ടി പള്ളിയില്‍ പോയി, പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. എട്ടു മിനിറ്റിനുള്ളില്‍ മോളെ ഞാന്‍ സ്‌കൂളില്‍ തിരിച്ചെത്തിച്ചു.
അപ്പോഴേക്കും ദീപ്തി മാഡം വന്നു. ഇതാ മാഡം പറഞ്ഞ അപേക്ഷ എന്നു പറഞ്ഞ് ഞാന്‍ ഈ പേപ്പര്‍ കൊടുത്തു. അപ്പോള്‍ അവര്‍ എന്നോടു പറഞ്ഞു, ഇത് ഇവിടെ പറ്റില്ല എന്ന്. ഞാന്‍ അവിശ്വസനീയതയോടെ അവരുടെ മുഖത്തേക്കു നോക്കി. അവര്‍ പറഞ്ഞ പ്രകാരമാണ് ഈ അപേക്ഷ ഞാന്‍ തയ്യാറാക്കിയത്. സ്‌കൂളില്‍ പ്രാര്‍ത്ഥിക്കാനല്ല, പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനാണ് സമയം ചോദിക്കുന്നത്. അതു മാനേജ്‌മെന്റ് സമ്മതിക്കില്ല എന്നവര്‍ എന്നോടു പറഞ്ഞു. ‘ഒന്നര വര്‍ഷമായി ക്ലാസ് മുറിയില്‍ നടത്തുന്ന പ്രാര്‍ത്ഥന ഇനി പറ്റില്ലെന്നു മാഡം പറഞ്ഞു. ശരി, ഞാന്‍ സമ്മതിച്ചു. അപേക്ഷ തന്നാല്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ അനുമതി തരാമെന്നല്ലേ മാഡം പറഞ്ഞത്? ഇന്നലെ തന്നെ എഴുതിത്തരാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുതിക്കൊണ്ടുവന്നപ്പോള്‍ എന്താ ഇങ്ങനെ പറയുന്നത്?’ ഞാന്‍ ചോദിച്ചു. ‘അതു പറ്റില്ല’ അവര്‍ കാര്‍ക്കശ്യത്തോടെ പറഞ്ഞു.
‘നിങ്ങള്‍ മാനേജ്‌മെന്റിനെ വിളിക്കൂ. ഞാന്‍ സംസാരിക്കാം അവരോട്. ഇന്ന് വെള്ളിയാഴ്ച ഇത്രയും സമയമായി എനിക്കു പ്രാര്‍ത്ഥനയ്ക്കു സമയമായി. ശനിയും ഞായറും സ്‌കൂള്‍ അവധി. തിങ്കളാഴ്ച ഞാന്‍ വരാം. മാനേജ്‌മെന്റുമായി സംസാരിക്കാം’ ഞാനവരോടു പറഞ്ഞു. നാനൂറിലേറെ മുസ്ലീം കുട്ടികള്‍ ആ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. പൊതുകാര്യങ്ങളില്‍ ഇടപെടുന്നതു കൊണ്ട് പൈങ്ങോട്ടൂരും പരിസരങ്ങളിലും പഞ്ചായത്തിലുമെല്ലാം ഇക്കാര്യങ്ങള്‍ വളരെ വേഗം ചെന്നെത്തി. ‘തനിയെ പോകണ്ട ഞങ്ങളും വരാം. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല’ എന്നെല്ലാം എന്നെ അറിയുന്നവര്‍ എന്നോടു പറഞ്ഞു. എന്റെ മോളുടെ കാര്യം പറയാനാണ് ഞാന്‍ പോകുന്നത്. അതിനു ഞാന്‍ തനിച്ചു മതി എന്നു ഞാന്‍ അവരോടു പറഞ്ഞു. ഒരു സ്ഥാപനം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാനുള്ള പ്രയാസങ്ങള്‍ എനിക്കറിയാം. അതിനാല്‍ ആ സ്ഥാപനത്തിലേക്ക് പക്വതയോ പാകതയോ ഇല്ലാതെ സംസാരിക്കുന്ന ആളുകളെയും വിളിച്ചുകൊണ്ടു പോകാന്‍ ഞാന്‍ തയ്യാറല്ലെന്നു പറഞ്ഞു. നിങ്ങളുടെ കുട്ടികളുടെ കാര്യം നിങ്ങള്‍ പോയി പറഞ്ഞോ. എന്റെ കുട്ടിയുടെ കാര്യം പറയാന്‍ ഞാന്‍ ഒറ്റയ്ക്കു പോയ്‌ക്കൊള്ളാം എന്നും ഞാനവരോടു പറഞ്ഞു.
വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയും. അങ്ങനെ ചെയ്താല്‍ പിന്നെ പിടിച്ചാല്‍ കിട്ടാതെ വരും. എനിക്കതറിയാം. തിങ്കളാഴ്ച എന്റെ ഭാര്യയെയും കൂട്ടി ഒരു 11 മണി ആയപ്പോഴേക്കും ഞാന്‍ സ്‌കൂളിലേക്കു പോയി. സ്ത്രീകളോടു സംസാരിക്കുമ്പോള്‍ ഒരു സ്ത്രീ എന്റെ കൂടെയുണ്ടാകണമെന്നു ഞാന്‍ കരുതി. എനിക്കെന്തെങ്കിലും തെറ്റുപറ്റിയാല്‍ എന്നെ തടയാന്‍ എന്റെ ഭാര്യയ്ക്ക് ആകുമല്ലോ. മാത്രവുമല്ല കുഞ്ഞിന്റെ ഉമ്മ കൂടി കൂടെ വേണമെന്നു ഞാന്‍ കരുതി. ഒരു പതിനൊന്നരയോടെ ഞങ്ങളവിടെ ചെല്ലുമ്പോള്‍ അതിരൂപതയുടെ സഹമെത്രാന്മാരായ ഒരഞ്ചുപത്തു പേര്‍, കോതമംഗലം രൂപതയുടെ കീഴിലുള്ള നിരവധി കന്യാസ്ത്രീകള്‍, തീവ്ര ചിന്താഗതിയുള്ള നാല്‍പതോളം പേര്‍, ഇവരെല്ലാം എന്നെ കാണാന്‍ അവിടെ നില്‍ക്കുന്നു. മറുഭാഗത്ത് ഞാനും എന്റെ ഭാര്യയും മാത്രം.
ഞങ്ങളവിടെ ചെന്നു, ഓഫീസില്‍ കയറി. ആദ്യം എല്ലാവരേയും പരിചയപ്പെടാമെന്നു ഞാന്‍ പറഞ്ഞു. ചിലര്‍ പേരു പറഞ്ഞു, ചിലര്‍ പറഞ്ഞില്ല. ചിലര്‍ വെറുപ്പോടു കൂടി എന്നെ നോക്കി. ഞാന്‍ എന്നെയും പരിചയപ്പെടുത്തി. ഞാനെഴുതിയ അപേക്ഷ പോക്കറ്റിലുണ്ട്. ഞാനതവര്‍ക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു, നിങ്ങളെടുക്കുന്ന ഈ തീരൂമാനത്തില്‍ ഇവിടെയുള്ള 90 ശതമാനം അമുസ്ലീം കുട്ടികള്‍ക്കും മാനസികമായി താല്‍പര്യമില്ല. ‘അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല’ എന്നവര്‍ പറഞ്ഞു. കുട്ടികളുടെ മനസറിഞ്ഞിട്ട് അവര്‍ക്കു വിദ്യ പകര്‍ന്നു കൊടുക്കുന്നതാണ് ഒരു അധ്യാപകന്റെ കഴിവ്. അവരുടെ മനസറിയാതെ കമിഴ്ത്തിവച്ച കുടത്തിലേക്കു വെള്ളമൊഴിച്ചിട്ട് ഒരു കാര്യവുമില്ല എന്നു ഞാനും പറഞ്ഞു. ‘അതിന് ഞങ്ങളിവിടെ സെന്‍സസെടുക്കാനൊന്നും വന്നതല്ല’ എന്നായി അവര്‍.
‘ഉച്ചയ്ക്ക് എന്റെ മകള്‍…’ ഞാന്‍ പറയാന്‍ തുടങ്ങി.
‘ഉച്ചയ്ക്ക് നിങ്ങളുടെ മകള്‍ ഇവിടേയും നിസ്‌കരിക്കണ്ട, ഒരിടത്തും നിസ്‌കരിക്കണ്ട.’
ഓരോ മതങ്ങളും പരസ്പരം ആദരിക്കുകയും പ്രാര്‍ത്ഥനകളെ ബഹുമാനിക്കുകയും ആ നിലയ്ക്കു മുന്നോട്ടു പോകുകയും വേണമെന്ന് ഞാനവരോടു പറഞ്ഞു. ഒരാള്‍ക്കും വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്. ദിവസത്തിലെ 24 മണിക്കൂര്‍ എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച് എന്റെ മതത്തില്‍ വ്യക്തമായ നിയമമുണ്ട്. ഇത്തരം നിഷ്ഠകളില്ലാത്ത മതങ്ങള്‍ കുറവുള്ളതാണെന്നോ മോശമാണെന്നോ എനിക്കഭിപ്രായമില്ല. ദിവസം 5 നേരം സമയബന്ധിതമായി പ്രാര്‍ത്ഥന നടത്തണം എന്നും നിയമമുണ്ട്. ക്ലാസ് കഴിഞ്ഞ് എന്റെ മകള്‍ തിരിച്ചെത്തുമ്പോള്‍ വൈകിട്ട് നാലര മണിയാകും. അപ്പോള്‍ ആ പ്രാര്‍ത്ഥന മുടങ്ങും. ഞാനവരെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിച്ചു.
എന്തു ഞാന്‍ പറഞ്ഞാലും ‘ഇവിടെ പറ്റില്ല’ എന്നാണ് മറുപടി. എന്റെ അവകാശങ്ങളെക്കുറിച്ചോ മകളുടെ അവകാശങ്ങളെക്കുറിച്ചോ പറഞ്ഞാലും ‘ഇവിടെ പറ്റില്ല’ എന്ന മറുപടി തന്നെ.
ഒടുവില്‍ ഞാന്‍ മകളെ വിളിച്ചു, അവളോടു പറഞ്ഞു. മോളെ നീ ഉച്ച പ്രാര്‍ത്ഥന നടത്തണ്ട. അപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് അവള്‍ കരഞ്ഞു. പിന്നെ ഞാന്‍ ഉച്ചയ്ക്ക് എന്തു ചെയ്യും വാപ്പച്ചീ എന്നവള്‍ എന്നോടു ചോദിച്ചു. ‘മോളൊരു കാര്യം ചെയ്യണം, ഉച്ചയ്ക്ക് പ്രാര്‍ത്ഥനയുടെ സമയമാകുമ്പോള്‍ കണ്ണുകളടച്ച് മനസില്‍ പറയണം, ഞാനീ പ്രാര്‍ത്ഥന വൈകിട്ടുള്ള പ്രാര്‍ത്ഥനയുടെ കൂടെ ചൊല്ലിക്കൊള്ളാമെന്ന്. ഈ ഇരിക്കുന്ന അധ്യാപകരൊക്കെ നിന്റെ മാതാവിനും പിതാവിനും തുല്യരാണ്. മാതാപിതാ ഗുരു ദൈവം എന്നാണ്. ഇവര്‍ നിന്നോടു ചെയ്തതൊന്നും ഒരു വിരോധമായി നീ കൊണ്ടു നടക്കരുത്. നിന്റെ വാപ്പച്ചിയായ എനിക്ക് ഒരു തെറ്റുപറ്റിയാല്‍ നീ ക്ഷമിക്കില്ലേ. അതുപോലെ കരുതിയാല്‍ മതി’ ഞാനവളോടു പറഞ്ഞു. ‘ശരി വാപ്പച്ചി’ എന്നവള്‍ പറഞ്ഞു.
ഇത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോള്‍ അവിടെ വന്നവരോട് ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞു. നിങ്ങള്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ഇതുകേട്ടിട്ട് താങ്ങാനാകാതെ ഏതെങ്കിലുമൊരു കുട്ടി എന്തെങ്കിലും അബദ്ധം കാണിച്ചാല്‍ അന്നു പ്രതികരിക്കുന്ന ശൈലി ഇതാവില്ല. ഇത്രയും പറഞ്ഞ് ഞാനവിടെ നിന്നുമിറങ്ങി. ഞാന്‍ പുറത്തിറങ്ങിയതോടെ അവര്‍ ഓഫീസിന്റെ വാതിലടച്ചു. ഞാനെഴുതിയ അപേക്ഷ എന്റെ പോക്കറ്റില്‍ ഇട്ട കാര്യം ഞാന്‍ മറന്നു പോയി. അതു മേശപ്പുറത്താണെന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ അതു തിരികെ വാങ്ങാനായി ആ ജനലില്‍ ഞാന്‍ മുട്ടി. വാതിലിലായിരുന്നു മുട്ടേണ്ടിയിരുന്നത്. അപ്പോള്‍ ഞാനിങ്ങനെയാണ് ചെയ്തത്. എന്റെയാ പേപ്പര്‍ അവിടെയുണ്ട്. അതൊന്നു തന്നേക്കാവോ എന്നു ചോദിച്ചു. അവര്‍ അവിടെയെല്ലാം നോക്കി എന്നിട്ട് ‘ഇവിടെ ഇല്ലല്ലോ’ എന്നു പറഞ്ഞു. ഉടനെ ആ സിസ്റ്റര്‍ വന്നിട്ടു പറയുകയാണ് ‘ഒളിഞ്ഞു നോക്കണ്ട ഒളിഞ്ഞുനോക്കണ്ട’ എന്ന്. ഞാനവിടെ നിന്നും ഇറങ്ങിയ ശേഷം അവര്‍ നടത്തിയ മീറ്റിംഗിലാണ് സ്‌കൂളില്‍ പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മുറി വേണമെന്ന് ഞാന് ആവശ്യപ്പെട്ടു എന്ന കള്ളങ്ങള്‍ അവര്‍ പറഞ്ഞു പരത്തിയത്. സ്‌കൂളിലോ പള്ളിയിലോ പ്രാര്‍ത്ഥിക്കാന്‍ അധികൃതര്‍ സമ്മതിക്കില്ല, അതിനാല്‍ എവിടേയും പ്രാര്‍ത്ഥിക്കേണ്ട എന്നു മകളോട് എല്ലാവരും കേള്‍ക്കെ പറഞ്ഞതിനു ശേഷമാണ് ഈ പച്ചക്കള്ളങ്ങള്‍ അവര്‍ പ്രചരിപ്പിച്ചത്.
ഇതിനെക്കാള്‍ എനിക്കു വിഷമമുണ്ടാക്കിയ മറ്റൊരു കാര്യമുണ്ട്. എന്റെയും എന്റെ മകളുടെയും മനസിനെ കീറിമുറിച്ച സംഭവം. അതിപ്പോള്‍ ഇവിടെ പറയുന്നില്ല. പറഞ്ഞാല്‍, ഈ വിവരം ഞങ്ങളോടു പറഞ്ഞ കുട്ടികള്‍ക്ക് പിന്നീട് എന്തു സംഭവിക്കുമെന്ന് വ്യക്തമായി ഞങ്ങള്‍ക്കറിയാം. അവരുടെ ജീവിതം കൂടുതല്‍ നരകമായിത്തീരും. അതിനാല്‍ ഇപ്പോള്‍ അതു വെളിപ്പെടുത്തുന്നില്ല.
പോയി വരാനുള്ള സൗകര്യം നോക്കി മാത്രമാണ് മകളെ സെന്റ് ജോസഫിലേക്ക് പഠിക്കാനായി പറഞ്ഞയച്ചത്. ബസ് സൗകര്യം കുറവായതിനാല്‍ വാരപ്പെട്ടി എന്‍ എസ് എസ് സ്‌കൂളില്‍ അപേക്ഷ പോലും നല്‍കിയില്ല. ജാതി മതഭേദമന്യേ എല്ലാ കുട്ടികളേയും ഒരുപോലെ കാണുന്നൊരു സ്‌കൂളാണത്. മാതാപിതാക്കളെപ്പോലെ തന്നെ ഓരോ കുട്ടികളെയും അവര്‍ സ്നേഹിക്കുന്നു, പരിഗണിക്കുന്നു. മകന്‍ പഠിച്ച സ്‌കൂളാണത്. ആ സ്‌കൂള്‍ ഒഴിവാക്കിയാണ് ഈ സ്‌കൂളില്‍ അവളെ ചേര്‍ത്തത്. അതവള്‍ക്ക് തീരാ വേദനയായിരിക്കുന്നു. സ്‌കൂള്‍ കോളേജ് പഠനകാലം ഏറ്റവും മനോഹരമായ കാലഘട്ടമാണ്. പക്ഷേ അവള്‍ക്കത് അങ്ങനെയല്ല. അതു നശിപ്പിക്കപ്പെട്ടു. സംരക്ഷിക്കേണ്ടവര്‍ തന്നെ അതു തച്ചുടച്ചു.
വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍, ജാതിയേതെന്നോ മതമേതെന്നോ അറിയാത്ത നിരവധി മൃതദേഹങ്ങള്‍ അടക്കം ചെയ്തത് ഓരേയിടത്താണ്. എല്ലാവരും അവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിച്ചു, ആരാധന നടത്തി. ആരുടേതെന്നറിയാത്ത മൃതദേഹങ്ങള്‍. മനുഷ്യന് എപ്പോള്‍ ആരാണ് ഉപകാരപ്പെടുക എന്നറിയില്ല. അപകട സമയത്ത് ആരും ആരുടേയും ജാതിയും മതവും നോക്കാറുമില്ല. ഇക്കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ സിസ്റ്റര്‍ ലൂസി പറയുന്നു, അവര്‍ക്കിതൊന്നും അറിയേണ്ടെന്ന്.
ഇത് സെന്റ് ജോസഫ് സ്‌കൂളും അവിടുത്തെ രണ്ടു കുട്ടികളും തമ്മിലുള്ള പ്രശ്നമായിരുന്നു. ഇതിനെ ഇതിനെ രണ്ടു മതങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റിയത് കത്തോലിക്ക സഭയിലെ തീവ്രവാദികളാണ്. വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന ഒരു പ്രശ്നം അവര്‍ ഇത്തരത്തിലാക്കി. കുട്ടികളുടെ മനസിലേക്കു പോലും ഇവര്‍ വിഷം കുത്തിവയ്ക്കുകയാണ്. അവര്‍ക്കിപ്പോള്‍ പരസ്പരം സംസാരിക്കാന്‍ തന്നെ പേടിയാണ്. ഇങ്ങനെ ആകരുത് ഒരു കലാലയവും. ഇതല്ല കലാലയങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതും. എല്ലാ മതവിഭാഗങ്ങളെയും ചേര്‍ത്തു പിടിക്കുന്ന പരസ്പരം ആദരിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന പാഠശാലകള്‍ കലാപഭൂമികളാക്കി മാറ്റുകയാണിവര്‍. കാലം ഇത്തരക്കാര്‍ക്കു മാപ്പു കൊടുക്കുന്നതെങ്ങനെ.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975