Written by: Jess Varkey Thuruthel
മെയ് 2023 മുതല്‍, സാലറി സ്ലിപ്പില്‍, അഡ്വാന്‍സ് എന്നു രേഖപ്പെടുത്തി ഒരു തുക നല്‍കിത്തുടങ്ങിയപ്പോള്‍, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ അറിഞ്ഞില്ല, തങ്ങള്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റ് നടത്താന്‍ പോകുന്ന വലിയ നെറികേടിന്റെ സൂചനയാണതെന്ന്! നഴ്‌സുമാരുടെ അന്തസിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായ ശമ്പള വര്‍ദ്ധനവിന്റെ ഉത്തരവ് പാസാകും വരെ അവര്‍ക്കു നല്‍കുന്ന ഇടക്കാല ആശ്വാസം തങ്ങളുടെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കുന്ന കുരുക്കായി മാറുമെന്നും അവര്‍ അറിഞ്ഞിരുന്നില്ല. മെച്ചപ്പെട്ട ജോലിയും ശമ്പളവും അവരെ തേടി വന്നപ്പോള്‍, ജോലിയില്‍ നിന്നും രാജിവച്ചപ്പോള്‍ മാത്രമാണ് തങ്ങളെ ആശുപത്രി മാനേജ്‌മെന്റ് വീഴ്ത്തിയ കുഴിയുടെ ആഴം അവര്‍ തിരിച്ചറിഞ്ഞത്!
അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും തന്റെ അരികിലേക്കു വിളിച്ച് ആശ്വസിപ്പിച്ച യേശുക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാല്‍ നയിക്കപ്പെടുന്ന പുഷ്പഗിരി മെഡിക്കല്‍ കോളേജ് നെറികേടിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നു! വേണ്ടത്ര സ്റ്റാഫിനെ നിയമിക്കാതെ, രോഗി-നഴ്‌സ് അനുപാതത്തിന്റെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി, നഴ്‌സുമാരെക്കൊണ്ടു വിടുപണി ചെയ്യിച്ച ശേഷം കൊടുത്ത കൂലി പിടിച്ചു വാങ്ങുന്നതിനെ എന്തുപേരിട്ടു വിശേഷിപ്പിക്കാനാവും?
കേരളത്തില്‍ 2011 വരെ നഴ്‌സുമാര്‍ക്കു നല്‍കിയിരുന്ന ശമ്പളം 3000 രൂപ മുതല്‍ 6000 വരെ ആയിരുന്നു. അവരോട് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നത് കടുത്ത നീതികേടുമായിരുന്നു. നഴ്‌സുമാരെയെല്ലാം ഒരുമിച്ച്, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയ്ക്കു കീഴില്‍ ഒരു സംഘടിത ശക്തിയായി ഈ കടുത്ത നീതികേടിനും അവഗണനയ്ക്കുമെതിരെ അവര്‍ പോരാടി.
തുടര്‍ന്ന്, 2017 ജൂലൈയില്‍, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും നേഴ്‌സുമാരുടെ സംഘടനകളും സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പളം ആദ്യം 12,500 രൂപയായി ഉയര്‍ത്തി, പിന്നീട് 2017 ല്‍ അത് 20,000 രൂപ എന്ന തീരുമാനം എടുത്തിരുന്നു. ആ മാസം തന്നെ വേജ് ബോര്‍ഡിന് ഈ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിനിടയില്‍, നഴ്‌സുമാര്‍ക്ക് ഇത്ര ശമ്പളം നല്‍കാനാവില്ല എന്ന പരാതിയുമായി ആശുപത്രി ഉടമകള്‍ ഹൈക്കോടതിയില്‍ കേസു നല്‍കി. അവിടെയും വിജയിച്ചതിനു ശേഷമാണ് ഇതു സംബന്ധിച്ച അന്തിമ വിഞ്ജാപനം പിണറായി വിജയന്‍ സര്‍ക്കാര്‍ ഇറക്കിയത്. പിന്നീടത് നിയമമാകുകയും ചെയ്തു. അന്നത്തെ ചര്‍ച്ചയില്‍ മറ്റൊരു കാര്യത്തിനു കൂടി തീരുമാനമെടുത്തിരുന്നു. നഴ്‌സുമാരുടെ ശമ്പളത്തില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമെന്ന്.
അതായത്, 2022 ജൂലൈയില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകേണ്ടതായിരുന്നു. ശമ്പളത്തില്‍ എത്ര വര്‍ദ്ധനവാണ് ഉണ്ടാകേണ്ടത് എന്നെല്ലാം തീരുമാനിച്ച് വിജ്ഞാപനം വരാന്‍ കാലതാമസമെടുക്കും. ആ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍, മുന്‍കാല പ്രാബല്യത്തോടെ കൂലി വര്‍ദ്ധനവ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിജ്ഞാപനം നിലവില്‍ വരാത്തതിനാല്‍, യു എന്‍ എ യും ആശുപത്രി മാനേജ്‌മെന്റും തമ്മില്‍ ഒരു കരാറില്‍ ഒപ്പിട്ടു. അതായത്, പുതുക്കിയ മിനിമം വേജസ് നിലവില്‍ വരും വരെ, ഇടക്കാല ആശ്വാസമെന്ന നിലയില്‍, നഴ്‌സുമാരുടെ എക്‌സ്പീരിയന്‍സ് അനുസരിച്ച്, ഒരു തുക നഴ്‌സുമാര്‍ക്ക് നല്‍കാം എന്നായിരുന്നു ആ കരാര്‍. ആശുപത്രി മാനേജ്‌മെന്റ് നല്‍കുന്ന തുക പുതുക്കിയ മിനിമം വേജിലും കൂടുതലാണെങ്കില്‍, അധികമുള്ള തുക തിരിച്ചു പിടിക്കാനും കുറവാണെങ്കില്‍, ബാക്കിയുള്ള തുക കൂടി നല്‍കിക്കൊള്ളാമെന്നുമായിരുന്നു ആ കരാര്‍. ഇതിന്‍പ്രകാരം, 2023 മെയ് മൂതല്‍ ഈ തുക കൂടി ആശുപത്രി അധികൃതര്‍ നഴ്‌സുമാര്‍ക്ക് നല്‍കിപ്പോന്നു. എന്നാല്‍ ഇവരുടെ അടിസ്ഥാന ശമ്പളത്തില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നുമാത്രമല്ല, ഈ അധിക തുക സാലറി സ്ലിപ്പില്‍ രേഖപ്പെടുത്തിയിരുന്നത് അഡ്വാന്‍സ് എന്ന നിലയിലും ആയിരുന്നു.
പലതവണ വായിച്ചു നോക്കിയതിനു ശേഷമാണ് സംഘടന ഭാരവാഹികള്‍ ആ കരാറില്‍ ഒപ്പിട്ടത്. എന്നിട്ടും ആശുപത്രി മാനേജ്‌മെന്റ് അവരെ ചതിച്ചു. 2015 ല്‍ പുഷ്പഗിരിയില്‍ ജോലിക്കു കയറിയവര്‍ക്ക് നല്‍കിയിരുന്ന ശമ്പളം പ്രതിമാസം 12,500 രൂപയായിരുന്നു. 2017 ല്‍ മിനിമം വേജസ് നിലവില്‍ വന്നപ്പോള്‍ ശമ്പളം 20,000 രൂപയായി ഉയര്‍ത്തിയിരുന്നു. അലവന്‍സും മറ്റുമായി കൈയില്‍ കിട്ടിയിരുന്ന തുക 28,000 രൂപയായിരുന്നു. അതിനു ശേഷം 5 വര്‍ഷം കഴിഞ്ഞിട്ടും അതേ ശമ്പളം തന്നെയാണ് നഴ്‌സുമാര്‍ക്ക് നല്‍കുന്നത്. ഓരോ വര്‍ഷവും നാനൂറു രൂപ വച്ച് കൂട്ടി നല്‍കാമെന്ന് അന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ആ തുകയും നല്‍കുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ ഈ തുക നല്‍കിക്കൊള്ളാമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. പക്ഷേ, ഇക്കാര്യം ചോദിക്കുമ്പോഴെല്ലാം നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച കാര്യങ്ങളില്‍ കേസ് നടക്കുകയാണെന്നും അതിനു ശേഷം മാത്രമേ നല്‍കാനാവൂ എന്നുമാണ് അവര്‍ പറയുന്നത്.
ഇടക്കാല ആശ്വാസമായി ഒരു വര്‍ഷം വരെ ജോലി ചെയ്തവര്‍ക്ക് 1000 രൂപയും രണ്ടുവര്‍ഷം വരെ ജോലി ചെയ്തവര്‍ക്ക് 2,500 രൂപയും അഞ്ചുവര്‍ഷം ജോലിചെയ്തവര്‍ക്ക് 3,500 രൂപയും ആറുവര്‍ഷത്തില്‍ താഴെ ജോലി ചെയ്തവര്‍ക്ക് 4,000 വും എട്ടുവര്‍ഷം വരെയുള്ളവര്‍ക്ക് 6,750 രൂപയുമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് അവകാശപ്പെട്ട ശമ്പളമെന്ന നിലയില്‍ നഴ്‌സുമാര്‍ കൈപ്പറ്റിയിരുന്ന ഈ തുക, ആശുപത്രി അധികൃതര്‍ തിരിച്ചു പിടിക്കാന്‍ തുടങ്ങിയപ്പോഴാണ് തങ്ങള്‍ ചെന്നുപെട്ട യഥാര്‍ത്ഥ ചതിയുടെ ആഴം ഇവര്‍ തിരിച്ചറിഞ്ഞത്. കേരളത്തിനകത്തും പുറത്തുമായി മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ശമ്പളവും ലഭിച്ചപ്പോള്‍, പുഷ്പഗിരിയില്‍ നിന്നും രാജി വച്ചു. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനും മറ്റുമായി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍, മെയ് മാസം മുതല്‍ നഴ്‌സുമാര്‍ കൈപ്പറ്റിയ ഈ തുക തിരിച്ചു പിടിച്ചതിനു ശേഷം മാത്രമാണ് അധികൃതര്‍ ഇവരെ രാജിവച്ചു പോകാന്‍ അനുവദിച്ചുള്ളു. പല ആവശ്യങ്ങള്‍ക്കും ആശുപത്രിയില്‍ നിന്നും കടമായി പണം വാങ്ങിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, നാലായിരവും ആറായിരവും ഇടക്കാല ആശ്വാസമായി വാങ്ങിയിരുന്നവരോട് കുടിശികയായി 40,000 വും 50,000 വും ഉണ്ടെന്നും അതു തിരികെ നല്‍കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളുവെന്നും അറിയിച്ചപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് നഴ്‌സുമാര്‍ക്ക് മനസിലായത്. ഈ തുക തിരിച്ചു നല്‍കാനുള്ള സാമ്പത്തികമില്ലാത്തവരുടെ ഗ്രാറ്റുവിറ്റിയില്‍ നിന്നും ഈ തുക ആശുപത്രി മാനേജ്‌മെന്റ് ഈടാക്കാനും തുടങ്ങി!
ഇടക്കാല ആശ്വാസമെന്ന നിലയില്‍ എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം മുന്‍കൂര്‍ ശമ്പളം വാങ്ങി എന്ന് സാലറി സ്ലിപ്പില്‍ രേഖപ്പെടുത്തുക മാത്രമല്ല, രാജി വച്ചു പോകുന്നവരില്‍ നിന്നും ആ തുക തിരിച്ചുപിടിക്കുകയും ചെയ്യുന്നു! ഇക്കാലഘട്ടത്തില്‍ ആരും രാജിവച്ചില്ലായിരുന്നുവെങ്കില്‍, ജോലി ചെയ്ത സ്ഥാപനത്തിന് വന്‍ തുക കടക്കാരായി മാറുമായിരുന്നു ഈ പാവപ്പെട്ട നഴ്‌സുമാര്‍!! അതായത്, ആശുപത്രിയില്‍ അതികഠിനമായ ജോലി ചെയ്തു കൊടുക്കുകയും വേണം, ശമ്പളമെന്ന പേരില്‍ തന്ന തുക ജോലിയില്‍ നിന്നും പിരിയാന്‍ നേരം തിരിച്ചു കൊടുക്കുകയും വേണം! ഷൈലോക്കുമാര്‍ പോലും ചെയ്യില്ലാത്ത തരം കാടത്തം. അതും ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ആശുപത്രിയില്‍ നിന്നും!!
ഒരു വര്‍ഷം വരെ ജോലി ചെയ്തവര്‍ക്ക് 1000 രൂപ നല്‍കണമെന്ന കരാറും പാലിക്കപ്പെട്ടില്ല. ഇതിനെതിരെ യു എന്‍ എ പ്രതിനിധികള്‍ ലേബര്‍ ഓഫീസില്‍ പരാതിപ്പെട്ടു. പരിശോധനയ്ക്കായി എത്താമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഇതുവരെയും ആരുമെത്തിയില്ല. ഇക്കാര്യങ്ങള്‍ പലതവണ പുഷ്പഗിരി മാനേജ്‌മെന്റിനെ അറിയിച്ചിട്ടും അവര്‍ അതിന് പുല്ലുവില പോലും നാളിതുവരെ കൊടുത്തിട്ടില്ല. അച്ചന്മാരാണ് ഈ സ്ഥാപനം നടത്തുന്നത്. ഇപ്പോഴത്തെ സി ഇ ഒ മാറി അടുത്ത ഭരണ സമിതി നിലവില്‍ വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 2 ന് പുതിയ സി ഇ ഒ എത്തുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. പയ്യമ്പിള്ളി അച്ചനാണ് പുതിയ ചുമതല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, ഇടക്കാലആശ്വാസം അനുവദിച്ച ചര്‍ച്ചയില്‍ പയ്യമ്പിള്ളി അച്ചന്‍ പങ്കെടുത്തിരുന്നു. ആ വ്യക്തി തന്നെ പുഷ്പഗിരിയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ നഴ്‌സുമാരുടെ പരാതിക്ക് പരിഹാരമുണ്ടാകുമോ? ചര്‍ച്ചയില്‍ തീരുമാനമായ പല കാര്യങ്ങളും നടപ്പാക്കാന്‍ ഈ അച്ചനും സാധിച്ചിട്ടില്ല. ട്രെയിനിംഗ് കാലയളവ് ഒരു വര്‍ഷമെന്നത് ആറുമാസമായി കുറയ്ക്കാമെന്ന് സമ്മതിച്ചിരുന്നു. അതും പാലിക്കപ്പെട്ടില്ല. തന്ന ശമ്പളം തിരികെ പിടിക്കുന്ന നീതികേടിനു മുന്നില്‍ ഇത് തീരെ നിസ്സാരം.
ഇടക്കാല ആശ്വാസമായി തുക നല്‍കാമെന്ന് കരാര്‍ ഒപ്പിട്ട ശേഷമാണ് പല ആനുകൂല്യങ്ങളും നഴ്‌സുമാര്‍ക്ക് കിട്ടിത്തുടങ്ങിയത്. പക്ഷേ, ഇടക്കാല ആശ്വാസമായി തന്ന തുക, ആശുപത്രിയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍, ജീവനെടുക്കാന്‍ തക്ക ശേഷിയുള്ള മരണക്കുരുക്കായി മാറുന്നതാണ് ഇവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ഡ്യൂട്ടി സമയത്തിനു ശേഷവും വിശ്രമമില്ലാതെ പണിചെയ്ത് കുടുംബം ഒരുവിധം തള്ളിക്കൊണ്ടുപോകുമ്പോള്‍ ആശ്വാസമായി കിട്ടിയ തുക കൂടി തിരിച്ചുപിടിക്കുക എന്നത് എത്ര ക്രൂരമാണ്! തന്ന അഡ്വാന്‍സ് തിരിച്ചു പിടിക്കുക മാത്രമല്ലേ തങ്ങള്‍ ചെയ്യുന്നുള്ളു എന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാട്!! എത്ര സമര്‍ത്ഥമായിട്ടാണ് ഈ ആശുപത്രി നഴ്‌സുമാരെ പറ്റിച്ചത്!
പുഷ്പഗിരിയില്‍ ആവശ്യത്തിന് നഴ്‌സുമാരെ മാനേജ്‌മെന്റ് നിയമിച്ചിട്ടില്ല. ഉള്ള നഴ്‌സുമാരെ വച്ച് കൂടുതല്‍ പണി ചെയ്യിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, അനുവദിക്കപ്പെട്ട കാഷ്വല്‍ ലീവ് പോലും എടുക്കാന്‍ സാധിക്കുന്നില്ല. ആറു ലീവ് വരെ ഉള്ള സമയത്ത്, അത്യാവശ്യത്തിന് ലീവ് എടുക്കുന്ന നഴ്‌സിനെപ്പോലും ചിലപ്പോള്‍ ഇവര്‍ തിരിച്ചുവിളിച്ച് ജോലി ചെയ്യിക്കും. ഇതിനൊന്നും പൈസ തരികയുമില്ല. വാര്‍ഡ് അടിസ്ഥാനത്തില്‍ 6:1 എന്ന കണക്കിലാണ് സ്റ്റാഫിനെ നിയമിക്കേണ്ടത്. അത് റൂം ആണെങ്കില്‍, 4:1 എന്നതാണ് അംഗീകരിക്കപ്പെട്ട രോഗി-സ്റ്റാഫ് അനുപാതം. ഐസിയുവിലും രോഗി വെന്റിലേറ്ററിലാണെങ്കിലും 1:1 എന്നതാണ് അനുപാതം. എമര്‍ജന്‍സിയില്‍, വളരെ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി വന്നാല്‍, വെന്റിലേറ്റര്‍ ആവശ്യമായി വരും. നോര്‍മ്മല്‍ ആണെങ്കില്‍ അനുപാതം 2:1 ആണ്. പക്ഷേ, ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. അതിനാല്‍തന്നെ, നഴ്‌സുമാര്‍ക്ക് ഓഫ് പോലും കിട്ടാറില്ല. ഏതെങ്കിലുമൊരു വ്യക്തിക്ക് അസുഖം വന്നാല്‍, ഓഫ് എടുത്ത സ്റ്റാഫിനെ തിരിച്ചുവിളിക്കുകയാണ് പതിവ്. നേരായ വിധത്തില്‍ അവധി പോലുമില്ലാതെ ആശുപത്രിയിക്ക് വേണ്ടി പണിയെടുത്ത ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളവുമില്ല, കിട്ടിയ ശമ്പളമാകട്ടെ, ജോലി നിറുത്തി പോകുമ്പോള്‍ തിരിച്ചു പിടിക്കുകയും ചെയ്യുന്നു.
ആശുപത്രി അധികൃതര്‍ പറയുന്നതുപോലെ, കൊടുത്തത് സാലറി അഡ്വാന്‍സ് ആണെങ്കില്‍, അത് എല്ലാ സ്റ്റാഫിനും കൊടുക്കേണ്ട കാര്യമില്ല. അഡ്വാന്‍സ് ആവശ്യമുള്ളവര്‍ മാനേജ്‌മെന്റിനോട് ഇക്കാര്യം ആവശ്യപ്പെടും. അപ്പോള്‍ മാത്രമേ ആ തുക നല്‍കേണ്ടതുള്ളു. ഈ തുക പിരിഞ്ഞുപോരാന്‍ നേരം തിരിച്ചു പിടിക്കുമെന്ന് സ്റ്റാഫിനെ അറിയിക്കുകയും വേണം. അല്ലാതെ, ആശുപത്രിയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അഡ്വാന്‍സ് നല്‍കി, അതു തിരിച്ചു പിടിക്കുമെന്ന് യാതൊരു തരത്തിലും അവരെ അറിയിക്കാതെ, പിരിഞ്ഞു പോരുമ്പോള്‍ അവരുടെ ശമ്പളത്തില്‍ നിന്നും ആനുകൂല്യത്തില്‍ നിന്നും ഈ തുക ഈടാക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തന്നെയാണ് നഴ്‌സുമാരുടെ തീരുമാനം.
…………………………………………………………………………………………….
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
…………………………………………………..
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :