‘മരിച്ചവരുടെ അസ്ഥിയില്‍ നിന്നുപോലും തുമ്പുണ്ടാക്കുന്നവരോട്, എനിക്കിപ്പോഴും ജീവനുണ്ട്!’

Jess Varkey Thuruthel

ഇത് എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശി രത്മമ്മയുടെ കഥ. ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നഴ്‌സ് അവരെ ജീവിക്കുന്ന ‘മൃതശരീര’മാക്കി മാറ്റിയ കഥ. ഒരു കുത്തിവയ്പിലൂടെ യൗവനം മുതലിന്നു വരെയുള്ള അവരുടെ ജീവിതത്തെ തീരാദുരിതത്തിലേക്കു തള്ളിവിട്ട കഥ. ആ പിഴവുകള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കൂട്ടുനിന്ന കഥ. തച്ചുതകര്‍ത്തിട്ടും തോല്‍ക്കാന്‍ മനസില്ലാത്ത രത്മമ്മയെന്ന പോരാളിയുടെ കഥ. അവരുടെ വാക്കുകളിലൂടെ ഒരു യാത്ര…

‘മരിച്ചു മണ്ണടിഞ്ഞവരുടെ അസ്ഥിയില്‍ നിന്നു പോലും തുമ്പുണ്ടാക്കുന്ന വിദഗ്ധരുള്ള നാടാണിത്. ഞാനിവിടെ ഇതാ ജീവനോടെയുണ്ട്. നേര്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 1997 ല്‍ എന്റെ രണ്ടു കൈയിലുമെടുത്ത മൂന്നു കുത്തിവയ്പ്പുകളാണ് (Medical Negligence) എന്നെ ഈ ഗതിയിലാക്കിയത്. അന്നുമുതലിന്നോളം മരിച്ചു ജീവിക്കുകയാണ് ഞാന്‍. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും ഡി എം ഒയ്ക്കുമെല്ലാം പരാതി നല്‍കി. ഒന്നു നടക്കാന്‍ പോലുമാവതില്ലാത്ത ഞാന്‍ ഓരോരോ ഓഫീസുകള്‍ കയറിയിറങ്ങി. സര്‍ക്കാര്‍ ആശുപത്രിയിലെടുത്ത കുത്തിവയ്പ്പാണ് എന്നെ ഈ വിധത്തിലാക്കിയതെന്നു പറയാന്‍ തുടങ്ങുന്നതും ഓരോരോ ഓഫീസുകളില്‍ നിന്നും എന്നെ പുഴുത്ത പട്ടിയെപ്പോലെ ആട്ടിയിറക്കുന്നു. നാട്ടുകാരുടെ സഹായവും എനിക്കു കിട്ടുന്ന ചെറിയ പെന്‍ഷനും കൊണ്ടാണ് ആഹാരം കഴിക്കുന്നത്. എന്റെ കൊച്ചുമകന്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന കാലം വരെ എനിക്കു ജീവിച്ചേ തീരൂ. ഈ ലോകത്തില്‍ അവനെ തനിച്ചാക്കി പോകാന്‍ എനിക്കാവില്ല,’ എറണാകുളം ജില്ലയിലെ നേര്യമംഗലത്ത്, 46 ഏക്കര്‍ എന്ന സ്ഥലത്ത്, കദളിക്കാട്ടില്‍ (മോളത്ത്) വീട്ടില്‍ രത്നമ്മ എന്ന 59 വയസുകാരി അവരുടെ ജീവിതം പറയുമ്പോള്‍ ആ കണ്ണുകളിലേക്കു ഞാനൊന്നു സൂക്ഷിച്ചു നോക്കി. ജീവിതത്തിലെ എല്ലാ ദുരിതങ്ങളും പെയ്തുകൊണ്ടിരിക്കുന്ന അവരുടെ കണ്ണുകളില്‍ കണ്ണുനീരായിരുന്നില്ല, മറിച്ച്, ഇനിയും പൊരുതുവാനുള്ള ആത്മധൈര്യമാണ് തെളിഞ്ഞു കണ്ടത്.

1997 ലെ ഒരു ശപിക്കപ്പെട്ട ദിവസമാണ് അവരുടെ ജീവിതത്തെയപ്പാടെ ദുരിതത്തിലാഴ്ത്തിയ ആ സംഭവമുണ്ടായത്. വീട്ടാവശ്യത്തിനു വേണ്ടി വിറകെടുക്കാന്‍ കാട്ടില്‍ പോയ അവരുടെ കാലില്‍ ഒരു വിറകു കഷണം അടിച്ചു കൊണ്ടു, മുറിവുണ്ടായിരുന്നില്ല. പക്ഷേ കാലില്‍ കനത്ത മരവിപ്പിനെത്തുടര്‍ന്നാണ് അവര്‍ നേര്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നത്. അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ദിലീപ് 5 കുത്തിവയ്പിന് എഴുതിനല്‍കി. നഴ്സ് ഷക്കീല ഷിബുവാണ് ഇന്‍ജക്ഷന്‍ എടുത്തത്. കുത്തിവയ്പ്പ് എടുക്കാനായി കയറിച്ചെന്നപ്പോള്‍ അവിടെയൊരു സ്ത്രീ ബെഡില്‍ കിടന്നു കരയുന്നതു കണ്ടിരുന്നു. ‘എന്റെ രണ്ടുകൈയും പോയേ’ എന്നു പറഞ്ഞാണ് അവര്‍ കരഞ്ഞിരുന്നത്. ഒരു അര ബ്ലൗസും ലുങ്കിയുമായിരുന്നു അവരുടെ വേഷം. ദേഹത്തൊരു തോര്‍ത്തുമുണ്ടായിരുന്നു.

ആ ബെഡിന്റെ സൈഡിലിരുന്ന സ്റ്റൂളിലിരുത്തി ഷക്കീല എനിക്കും കുത്തിവയ്പെടുത്തു. കൈയുടെ ഉരത്തിലല്ല അവര്‍ കുത്തിവച്ചത്, പകരം താഴേക്കിറങ്ങിയായിരുന്നു. രണ്ടുകൈയിലും ഓരോ കുത്തിവയ്പെടുത്ത് മൂന്നാമത്തെ കുത്തിവയ്പ് ആയപ്പോഴേക്കും എന്റെ കൈ തളര്‍ന്നുപോയി. ചെറുപ്രായമാണ്. എല്ലാം തമാശാണ്. ‘ദേ സാറേ, ഷക്കീല കുത്തിവച്ചു, എന്റെ കൈ പോയി’ എന്നു ഞാന്‍ ഉച്ചത്തില്‍ പറയുകയും ചെയ്തു. അന്ന് നഴ്‌സ് ഷക്കീലയെ ഡോക്ടര്‍ ദിലീപ് അതികഠിനമായി വഴക്കു പറഞ്ഞു.

കുത്തിവയ്പെടുത്ത അന്നുമുതല്‍ കൈയ്ക്ക് അതിശക്തമായ കട്ടുകഴപ്പ് ആരംഭിച്ചു. ദേഹമാകെ പൊള്ളിവെന്തപോലെ നീറ്റലും പുകച്ചിലും. കിടക്കാനും നില്‍ക്കാനും ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ. കൈ എവിടെയെങ്കിലും തൊടുമ്പോഴേക്കും കട്ടുകഴയ്ക്കാന്‍ തുടങ്ങും. ശാരീരിക അസ്വസ്ഥതകള്‍ കൂടുമ്പോള്‍ ആശുപത്രിയില്‍ പോകും, അവര്‍ കുറച്ചു ഗുളികകള്‍ തരും, താല്‍ക്കാലിക ആശ്വാസമാകും, ഞാന്‍ തിരിച്ചു പോരും. ക്രമേണ രണ്ടു കൈകളും മടങ്ങി കക്ഷത്തോട് ഒട്ടിച്ചേര്‍ന്ന് അനക്കാന്‍ പറ്റാതെയായി. എല്ലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. ഞരമ്പുകളെല്ലാം ചുരുങ്ങിപ്പോയി. കാറ്റുകയറാനായി കസേരയില്‍ ഇരുന്നിട്ട് കൈകള്‍ വലിച്ചു വിടുവിപ്പിക്കുമായിരുന്നു. കൈ കക്ഷത്തില്‍ നിന്നും ഒന്നു വേര്‍പെടുത്തിയെടുക്കാനായി 6 മാസക്കാലം കഠിനമായി പരിശ്രമിച്ചു. അപ്പോഴേക്കും വാക്കത്തിക്കു വെട്ടിയ പോലെ തോളും പിളര്‍ന്നു വന്നു. രണ്ടു കൈക്കും കഠിനമായ വേദനയും.

ഈ രോഗമല്ലാതെ മറ്റൊന്നും പറയാനെനിക്കില്ല. ആശുപത്രിയില്‍ ചെന്ന് ഇന്‍ജക്ഷന്‍ എന്നു പറഞ്ഞാലുടന്‍ ചത്തുകിടക്കുന്ന പട്ടിയോടുള്ള വില പോലും തരാതെ ആട്ടിയോടിക്കുന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് മൂന്നുതവണ കോതമംഗലം ആശുപത്രിയില്‍ ചെന്നു. അവിടേയും ഇതുതന്നെയായിരുന്നു അവസ്ഥ.

കുത്തിവയ്പെടുത്ത് 10-ാം വര്‍ഷം എന്റെ കൈ തളര്‍ന്നു പോയി. ഒരു മഴയത്ത് ഉച്ചത്തില്‍ നിലവിളിച്ച്, ഞാന്‍ നിലവിളിച്ചു കൊണ്ട് 90 സെന്റിലുള്ള ഒരു നേതാവ് വിജയന്റെ വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോള്‍ വിജയന്‍ പറഞ്ഞു, സംഭവം നടന്നിട്ട് ഇത്രയും വര്‍ഷമായില്ലേ, ആ പേപ്പറൊന്നും അവിടെ ഉണ്ടാവില്ലെന്ന്. അവിടെ ഉണ്ടാവില്ലെന്ന് അയാള്‍ പറഞ്ഞ പേപ്പറുകള്‍, സംഭവം നടന്നതിന്റെ 21-ാമത്തെ വര്‍ഷം നേര്യമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എടുപ്പിക്കാന്‍ എനിക്കു കഴിഞ്ഞെങ്കില്‍ അതവിടെ ഇല്ലാതെ വരുന്നതെങ്ങനെയാണ്? ആശുപത്രിയിലുണ്ടായിരുന്ന ഒരു സ്വീപ്പറാണ് ആ ബുക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എടുത്തു കൊടുത്തത്. ബുക്ക് ഇവിടെ ഉണ്ടാവില്ല എന്നുപറഞ്ഞപ്പോള്‍ ‘അതിവിടെ ഉണ്ട് സാറേ’ എന്നു പറഞ്ഞ് ആ പേജുതുറന്നു കാണിച്ച് ബുക്കുമായി അവര്‍ വന്നു.

21 വര്‍ഷമായപ്പോഴേക്കും ഞാനെല്ലാം പുറത്തു കൊണ്ടുവന്നു. 2021 സെപ്റ്റംബറില്‍ ഡി എം ഒ, യ്ക്കും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കളക്ടര്‍, ഡി എം ഒ എന്നിവര്‍ക്കെല്ലാം പരാതി അയച്ചതിനെത്തുടര്‍ന്ന്് 2021 സെപ്റ്റംബറില്‍ ഡി എം ഒ അന്വേഷിച്ചു വന്നു. നേര്യമംഗലം ആശുപത്രിയിലേക്ക് അവരെ വിളിപ്പിച്ചു. ഡി എം ഒ എനിക്കു ചായയും കടിയും വാങ്ങിത്തന്നു. എനിക്കു വേണ്ടെന്നു ഞാന്‍ പറഞ്ഞു. തുടക്കം മുതല്‍ അന്നത്തെ ദിവസം വരെയുള്ള കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിച്ചു. അവരതെല്ലാം 5 പേപ്പറിലായി എഴുതി, ആ പേപ്പര്‍ മുഴുവനും എന്നെവായിച്ചു കേള്‍പ്പിച്ചു. എല്ലാം കഴിഞ്ഞിട്ട് ഞങ്ങള്‍ എന്താ ചെയ്യേണ്ടതെന്ന് അവരെന്നോടു ചോദിച്ചു. എനിക്കും കുഞ്ഞിനും താമസിക്കണം. ആകെ കിട്ടുന്നത് 2500 രൂപയാണ്. ഈ പെന്‍ഷനും വേറൊരു 1000 രൂപയുമാണ് കിട്ടുന്നത്. അല്ലാതെ വേറൊരു വരുമാനമില്ല. കളക്ടറെ കാണുന്ന സമയം വരെ അനുവദിക്കണം, നിങ്ങളുടെ പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നു പറഞ്ഞു പോയവര്‍ക്ക് ഇതുവരെയും കളക്ടറെ കാണാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല.

ഫയല്‍ എടുത്തുകൊണ്ടുവന്ന സ്വീപ്പറെ പട്ടിമറ്റത്തേക്കു സ്ഥലം മാറ്റി. കളക്ടറെ കാണാന്‍ പോയവര്‍ പിന്നെ പറയുന്നത് തെളിവില്ലെന്നാണ്. പിന്നീട് ഞാനീ രേഖകളെല്ലാം കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ആയിരുന്ന സൈജന്റിന്റെ കൈയില്‍ ഏല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ സൈജന്റ് ഇങ്ങോട്ടു വിളിച്ചു, നിങ്ങളുടെ കാര്യം വളരെ കഷ്ടമാണെന്നു പറഞ്ഞു. ഒടുവില്‍ അവരും ഫയല്‍ മടക്കി, തെളിവില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇവിടെ നിന്നും എല്ലാ തെളിവുകളും എടുത്തുകൊണ്ടു പോയിട്ട് എറണാകുളത്തെത്തിയപ്പോള്‍ തെളിവില്ലാതെ പോയത് എങ്ങനെയാണ്?

നേര്യമംഗലത്തെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഒരു ഡോക്ടറാണ് എനിക്കെന്താണു സംഭവിച്ചതെന്ന് എന്നോടു പറഞ്ഞത്. കുത്തിവയ്പെടുത്തത് എല്ലിലും ഞരമ്പിലുമെല്ലാം കൊണ്ടിരിക്കുന്നു. ഞരമ്പ് പൊട്ടിപ്പോയാല്‍ ഇനിയൊരിക്കലും കൈ പൊങ്ങില്ലെന്നും പറഞ്ഞു. രണ്ടു കൈകളും ഈ വിധമായിട്ടും ഞാന്‍ പണിക്കു പോകുമായിരുന്നു. 2020 പകുതി കഴിയുന്നതു വരെ തൊഴിലുറപ്പിനും ഞാന്‍ പോകുമായിരുന്നു. ഈ വീട്ടിനുള്ളില്‍ അന്നുകയറി ഇരിപ്പായതാണു ഞാന്‍. 2019 സെപ്റ്റംബറില്‍ ഈ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതാണ് എന്റെ മകന്‍. ജോലിക്കു പോകുന്നതു പോലെ ഇവിടെ നിന്നും പോയി. പിന്നീട് ഇവിടേക്കു തിരിച്ചു വന്നിട്ടില്ല. ഈ വീട് ഇതുപോലെ ആണെങ്കിലും വളരെ നല്ല രീതിയില്‍ ജീവിച്ചിരുന്നതാണ് ഞങ്ങള്‍. സ്ഥലം കുറച്ചു കുറവാണെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.

ഞാനിനി ഈ ലോകത്ത് അനുഭവിക്കാന്‍ ഒന്നും ബാക്കിയില്ല. എന്റെ കൊച്ചുമകനെക്കരുതിയാവണം ഞാനിങ്ങനെ ആയുസോടെ ഇരിക്കുന്നത്. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല, രാഷ്ട്രീയക്കാരില്ല. പത്രത്തില്‍ കൊടുക്കാന്‍ പോലും തുനിഞ്ഞു. കഴിഞ്ഞില്ല. കൈ തളര്‍ന്നു കിടന്നപ്പോള്‍ പഞ്ചായത്തു മെംബര്‍ ഒരു ചാനലുകാരെ വിളിച്ചിട്ട് അവര്‍ പോലും വന്നില്ല.

എന്റെ എല്ലിന്റെ ഇടയിലേക്കെല്ലാം അരഞ്ഞാണവും ബ്രെയ്സറും പാവാടയുടെ വള്ളിയും കയറുന്നതിനാല്‍ വസ്ത്രം ധരിക്കാന്‍ പോലും എനിക്കു കഴിയില്ലായിരുന്നു. വേദന കൂടിയപ്പോള്‍ പ്രൈവറ്റ് ഹോമിയോയില്‍ പോയി. കൈയ്ക്ക് ഞരമ്പു പോലുമില്ലായിരുന്നു. ഒരു പാത്രം പോലും കഴുകാനോ പിടിക്കാനോ പറ്റാത്ത അവസ്ഥ ആയിരുന്നു. ഞരമ്പ് ഉണ്ടാകാനുള്ള മരുന്നാണ് ആദ്യം ആ ഡോക്ടര്‍ തന്നത്. തീകൊണ്ടു പൊള്ളിയാല്‍ ഏതു വിധമാണോ പുകയുന്നത്, അതുപോലെയാണ് എന്റെ കൈ പുകഞ്ഞിരുന്നത്. ഹോമിയോയില്‍ നിന്നും തന്ന ഒരു എണ്ണയുണ്ട്. ആ എണ്ണയിലാണ് ഇപ്പോഴത്തെ ജീവിതം.

2023 ഏപ്രിലില്‍, കൊച്ചുമോന്റെ സ്‌കൂള്‍ അടച്ചപ്പോള്‍ 20 ദിവസം ആശുപത്രിയില്‍ കിടന്ന് തിരുമ്മിച്ചു. റോബോട്ടിന്റെ എല്ലുപോലെയാണ് എന്റെ എല്ല് ഇരുന്നിരുന്നത്. തലയുടെ പകുതി ഭാഗം ബലൂണിന്റെ ഉള്ളുപോലെയായിരുന്നു. പൊതിയാത്തേങ്ങവലിപ്പത്തില്‍ മുഴ കക്ഷത്തിലുണ്ടായിരുന്നു. തിരുമ്മലെല്ലാം കഴിഞ്ഞു വന്നപ്പോള്‍ അതു കുറേശെ കുറഞ്ഞു. ആശുപത്രിയില്‍ 20 ദിവസവും വീട്ടില്‍ ഒരു മാസവും കിടന്നു. അപ്പോഴെല്ലാം കൊച്ചുമോനാണ് എന്നെ നോക്കിയത്. ഇനിയിതു കൂടിയാല്‍ കൈ ഒരിക്കലും പൊങ്ങില്ല എന്ന് എന്നോടു പറഞ്ഞിട്ടുണ്ട്.

മെഡിക്കലിന് കോതമംഗലത്ത് ആശുപത്രിയില്‍ ചെന്നപ്പോള്‍ ഒരു ഡോക്ടര്‍ എന്നോടു ചോദിക്കുകയാണ്, ‘നിങ്ങളുടെ കൈയില്‍ കുത്തിവയ്പ് എടുത്തു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്’ എന്ന്. ഒരു ഡോക്ടര്‍ എന്നോടു ചോദിക്കുന്ന ചോദ്യമാണ് ഇത്. ‘കുത്തിവയ്പെടുത്തെന്നും പറഞ്ഞ് ഇങ്ങോട്ടു വന്നേക്കരുത്, നിങ്ങളുടെ കൈയില്‍ ആരും കുത്തിവച്ചിട്ടില്ല’ എന്നാണ് ഒരു ഡോക്ടര്‍ എന്നോടു പറഞ്ഞത്.

ഡി എം ഒയുടെ അന്വേഷണത്തില്‍ ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. കിടക്കാന്‍ വീടും നടക്കാന്‍ വഴിയുമാണ് വേണ്ടതെന്നു ഞാനവരോടു പറഞ്ഞു. എന്തു വേണമെങ്കിലും ചെയ്യാം, കളക്ടറുമായി സംസാരിക്കട്ടെ എന്നു പറഞ്ഞു പോയതാണ്. ജാഫര്‍ മാലിക് ആയിരുന്നു അപ്പോഴത്തെ കളക്ടര്‍. പിന്നീട് കളക്ടര്‍ രേണു രാജ് ആയിരുന്നു. ‘ഇപ്പോഴെങ്ങനെയാ നിങ്ങടെ കൈ ഇങ്ങനെ ആയത്. ഇപ്പോള്‍ നിങ്ങളുടെ കൈയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ. നിങ്ങള്‍ ഈ പേനയിലൊന്നു പിടിച്ചേ. ബലം നോക്കട്ടെ. ഇപ്പോള്‍ നിങ്ങള്‍ക്കു പ്രശ്നമൊന്നുമില്ലല്ലോ’ എന്നാണ് കളക്ടര്‍ രേണു എന്നോടു പറഞ്ഞത്. അപ്പോഴും എനിക്കു തുണിയൊന്നും ശരിക്ക് ഉടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പാവടയുടെ ഇടയില്‍ കൂടി സാരി ചുറ്റിച്ചുറ്റിവച്ചാണ് കുഞ്ഞിനെയും കൊണ്ട് ഞാനവിടെ ചെന്നത്. വേറൊരു വാക്കു പോലും അവര്‍ എന്നോടു പറഞ്ഞില്ല. അതിനു ശേഷം രണ്ടാമത് ഒരിക്കല്‍ക്കൂടി ഞാനവിടെ പോയി.

രണ്ടാം തവണ കളക്ടര്‍ രേണുവിനെ കാണാന്‍ ചെന്നപ്പോള്‍ കാവല്‍ നിന്ന പോലീസുകാരന്‍ പറഞ്ഞു, ചേച്ചിയിനി ഇവിടേക്കു വരണ്ട ഡി എം ഒയെ പോയി കണ്ടോളാന്‍. അതിനു ശേഷം ഞാന്‍ പിന്നീടു ഞാനവിടേക്കു പോയിട്ടില്ല. ആ കുത്തിവയ്പെടുത്ത അന്നുമുതല്‍ ഇന്നുവരെ എനിക്ക് ആരോഗ്യമുണ്ടായിട്ടില്ല. എന്റെ ശരീരത്തിന്റെ അവസ്ഥ കാണുമ്പോള്‍ അറിയില്ലേ. അല്ലെങ്കില്‍ അവര്‍ക്കു ടെസ്റ്റു ചെയ്യുമ്പോള്‍ അറിയില്ലേ. ഞാനിവിടെ ജീവനോടെ ഇരിപ്പുണ്ടല്ലോ. ആരെങ്കിലും മരിച്ചാല്‍ പത്തും അമ്പതും വര്‍ഷം കഴിഞ്ഞും എല്ലു മാന്തിക്കൊണ്ടുപോയി നിങ്ങള്‍ ഓരോന്നു കണ്ടെത്തുമല്ലോ. ആ ഞാനിവിടെ ജീവിച്ചിരിപ്പുണ്ട്. എന്നെ ടെസ്റ്റു ചെയ്താല്‍ അറിയാലോ. പല്ല് ഇളകി ഊരിപ്പോരുകയാണ്. ഒരു പല്ലുപോലുമില്ല. എപ്പോള്‍ വേണമെങ്കിലും വീണുപോരാം. ഇളകി വീണ പല്ലുകള്‍ ഞാനിവിടെ എടുത്തു വച്ചിട്ടുണ്ട്. അവര്‍ തെളിവു ചോദിക്കുമ്പോള്‍ കാണിക്കാന്‍. ഇനി ഞാനെന്ന മനുഷ്യന് എന്താണു സംഭവിക്കാനുള്ളത്. എഴുന്നേല്‍ക്കാനോ നടക്കാനോ പണിയെടുക്കാനോ സാധിക്കില്ല,. എത്ര കഠിനമായ ജോലിയും ചെയ്തു ജീവിച്ചിരുന്ന ആളാണ് ഞാന്‍. എന്റെ 32-മത്തെ വയസില്‍ കേരളത്തിലെ ആശുപത്രി ചെയ്തു വച്ചതാണിത്. ഇന്നെനിക്ക് 59 വയസായി. അന്നുമുതല്‍ ഇന്നുവരെ ഞാനിതു തന്നെയാണ് പറയുന്നത്.

എന്റെ കണ്ണിന്റെ കാഴ്ച വരെ കുറഞ്ഞു. കണ്ണ് ഒട്ടിപ്പോയിരുന്നു. ആ രീതിയിലുള്ള ഒരു ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എനിക്ക് ഇത്തിരി ആയുസു കൂടി വേണമെന്നാണ്. എന്റെ കുഞ്ഞിനെയൊന്ന് കരകയറ്റണമല്ലോ. താമസിക്കുന്ന ഈ മാടം കൂടി ഇല്ലാതെ വന്നാല്‍ അവന്റെ ജീവിതം എന്താകും. ഒത്തിരി പിള്ളേര് തെരുവില്‍ തെണ്ടി നടക്കുന്നുണ്ട്. അതുപോലെ തെണ്ടി നടക്കാന്‍ പറ്റുമോ. അവനു വിദ്യാഭ്യാസമുണ്ടെങ്കിലല്ലേ എവിടെയെങ്കിലും ചെന്നെത്താന്‍ പറ്റൂ.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *