ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ
ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം താങ്ങാനാവാതെയാണ് നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു തൂങ്ങിമരിച്ചതെന്ന് വാര്‍ത്തകളില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ട്രാന്‍സ് വുമണായി മാറാനുള്ള ഓപ്പറേഷന്‍ അവര്‍ നടത്തിയത്. പക്ഷേ, അതിന്റെ ആരോഗ്യപ്രശ്നങ്ങളല്ല, മറിച്ച് മാനസിക സംഘര്‍ഷങ്ങളായിരുന്നു ഷെറിനെ മരണത്തിലേക്കു നയിച്ചതെന്നാണ് അവരുമായി അടുപ്പമുള്ളവരും പറയുന്നത്.
വളരെ ധീരമായി ജീവിതത്തെ നേരിട്ടിരുന്ന ഷെറിന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. ജീവന്റെ ഭാഗമായ സ്നേഹബന്ധം മുറിഞ്ഞതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മരിക്കുന്ന അഞ്ചാമത്തെ ട്രാന്‍സ് ജെന്ററാണ് ഷെറിന്‍.
പാതിവഴിയില്‍ ജീവിതമവസാനിപ്പിച്ച് മരണത്തിലേക്കു നടന്നു നീങ്ങുന്നവരുടെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ തെളിയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവയാണ്….
മനുഷ്യനിലെ പേടിയും കുറ്റബോധവും…..
ലൈംഗിക ന്യൂനപക്ഷങ്ങള്‍ പേടിച്ചു ജീവിക്കേണ്ടവരല്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്. ആദ്യമായി ട്രാന്‍സ് ജെന്റര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്ന് നാം അഹങ്കരിക്കുകയും ചെയ്യുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പ് എടുത്തു കളയുന്നതിനെതിരെ ഇന്ത്യയിലെ മതങ്ങളെല്ലാം ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഭയന്നു ജീവിക്കേണ്ടവരല്ല ലൈംഗിക ന്യൂനപക്ഷങ്ങളെന്നായിരുന്നു ആ നിരീക്ഷണം. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ (എല്‍ജിബിടി) എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് ലൈംഗിക ന്യൂനപക്ഷമായി കണക്കാക്കുന്നത്. എല്‍ജിബിടി വിഭാഗങ്ങളില്‍ ഇന്ന് പൊതുസമൂഹത്തില്‍ ഏറ്റവുമധികം ഐഡന്റിറ്റി വ്യക്തമാക്കി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സംബന്ധിച്ച് ഈ നിരീക്ഷണം വളരെ പ്രാധാന്യമേറിയതുമാണ്.
1862-ല്‍ ഇന്ത്യ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായിരിക്കുമ്പോഴാണ് ഐപിസി സെക്ഷന്‍ 377 പ്രാബല്യത്തില്‍ വന്നത്. സ്ത്രീയുമായോ പുരുഷനുമായോ മൃഗങ്ങളുമായോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. 2009ല്‍ ഈ വകുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയാണ് ആദ്യമായി ഈ വകുപ്പിനെതിരെ ഒരു വിധി പ്രഖ്യാപിച്ചത്. പൗരന്റെ മൗലിക അവകാശത്തെയും സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണ് ഈ വകുപ്പെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഈ വിധി മരവിപ്പിച്ചു. പിന്നീടാണ് എല്‍ ജി ബി ടി സമൂഹത്തിന് ആശ്വാസകരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
അടക്കിവയ്ക്കപ്പെട്ട ലൈംഗികത: സകല പ്രശ്‌നങ്ങളുടെയും മൂലകാരണം
മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരിലെ അടക്കിവയ്ക്കപ്പെട്ട ലൈംഗികതയാണ്. ഈ ഭൂമിയിലെ മനുഷ്യനൊഴിച്ചുള്ള മറ്റൊരു ജീവജാലവും അവരുടെ ലൈംഗിക തൃഷ്ണയ്ക്കു സദാചാരത്തിന്റെ മേലങ്കി ചാര്‍ത്തി മ്ലേച്ഛമാക്കുന്നില്ല. പക്ഷേ, ലൈംഗികത വൃത്തികെട്ടതാണെന്നും അതേക്കുറിച്ചു സംസാരിക്കുന്നതുപോലും മോശപ്പെട്ട സ്വഭാവമുള്ളവരാണെന്നുമുള്ള ചിന്താഗതി മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ചത് ഇവിടെയുള്ള മതങ്ങളാണ്. ലൈംഗികതയെന്നാല്‍ വിലക്കപ്പെട്ട കനിയെന്നു മതഗ്രന്ഥങ്ങള്‍ പറഞ്ഞുവയ്ക്കുന്നു. സ്വാഭാവികമായൊരു ശിശുജനനം എളുപ്പത്തില്‍ സാധ്യമാകുന്ന രീതികളൊന്നും മതവിശ്വാസികള്‍ക്കു സ്വീകാര്യവുമല്ല. മണ്ണുകുഴച്ചെടുത്തും ശാരീരിക ബന്ധമില്ലാതെ വായുവിലൂടെ പറന്നു വന്ന് ഗര്‍ഭപാത്രത്തില്‍ പ്രവേശിച്ച വിശുദ്ധ ശുക്ലത്തോടും പ്രതിപത്തിയുള്ള കപട സമൂഹത്തിന് എന്തു ലൈംഗികത?? എന്തു പരസ്പര ബഹുമാനം??
ഇണയെയും അവരുടെ ശരീരപ്രകൃതിയെയും മാനിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത മനുഷ്യരിവിടെ സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ക്കുകയാണ്. പക്ഷേ, അവര്‍ക്കും വേണം സ്വന്തം വികാരമിറക്കിവയ്ക്കാനൊരു ശരീരം. സ്ത്രീകളെ തങ്ങളുടെ കാല്‍ക്കീഴിലിട്ട് ചവിട്ടിത്തേച്ച് അവരുടെ അവകാശങ്ങളെയും സന്തോഷങ്ങളെയും ഹനിച്ച് അവരെ വീട്ടിനുള്ളില്‍ അടക്കിയിരുത്തുന്നവരില്‍ ഏറിയ പങ്കും മതവിശ്വാസികളാണ്. ആ മതവിശ്വാസവും സാമൂഹിക ചുറ്റുപാടും ജീവിവര്‍ഗ്ഗം ഇവിടെ എങ്ങനെ രൂപപ്പെട്ടു എന്ന കാര്യത്തില്‍ ഒരറിവുമില്ലാത്ത കുറെ മതമനുഷ്യരാണിവിടെ ജീവിതം ദുസ്സഹമാക്കുന്നത്.
ആത്മാഭിമാനത്തോടെ, തല ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാനുള്ള അനുവാദം സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തിട്ടും ട്രാന്‍സ് സമൂഹമിന്നും അതിക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളനുഭവിക്കുകയാണ്.
പരസ്പരം സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, വിലമതിക്കുന്ന ഒരു സമൂഹം ഓരോ വ്യക്തിയുടെയും മുന്നോട്ടുള്ള ജീവിതത്തിന് അത്യാവശ്യമാണ്. എന്നാല്‍, ലിംഗവും ധരിച്ചിരിക്കുന്ന വസ്ത്രവും നോക്കി ആണിനെയും പെണ്ണിനേയും നിര്‍ണ്ണയിക്കുന്ന ഈ സമൂഹവും മതങ്ങളും എല്‍ ജി ബി ടി യോടു പെരുമാറുന്നത് അതിക്രൂരമായിട്ടാണ്. ലിംഗം നോക്കിയല്ല ആണോ പെണ്ണോ എന്നു നിര്‍ണ്ണയിക്കേണ്ടത്. മറിച്ച് അവരവരുടെ ലൈംഗിക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാവണം അത്. ആണെന്നോ പെണ്ണെന്നോ രണ്ടു വിഭാഗങ്ങള്‍ മാത്രമല്ല ഇവിടെയുള്ളതെന്ന സത്യം അപ്പോഴും മനുഷ്യന്‍ തിരിച്ചറിഞ്ഞേ തീരൂ. നിര്‍വ്വചിക്കാന്‍ ഇനിയും സാധ്യമല്ലാത്ത വിവിധങ്ങളായ ലിംഗവ്യത്യാസങ്ങളുള്ള മനുഷ്യരുണ്ട്. അവരെയെല്ലാം കല്ലെറിഞ്ഞു കൊല്ലാനും പരിഹസിച്ച് ആര്‍പ്പു വിളിക്കാനും ഇവിടെ ഈ മനുഷ്യപ്പിശാചുക്കള്‍ക്ക് മൗനാനുവാദം നല്‍കുന്നതിവിടെയുള്ള മതങ്ങളും നിയമങ്ങളും സര്‍ക്കാരുകളും തന്നെ.
വെറിപിടിച്ച മനുഷ്യരുടെ ക്രൂരതകളില്‍ ചിലത്
മലപ്പുറത്ത് കോട്ടയ്ക്കലില്‍ ഭക്ഷണം കഴിക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്രമിക്കപ്പെട്ടത് രാത്രി എട്ടരയോടെയായിരുന്നു. കോട്ടയ്ക്കല്‍ സ്വദേശിയായ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ നാട്ടുകാരായ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനൊപ്പം ലിംഗ പരിശോധന നടത്താനായി വസ്ത്രം വലിച്ചുകീറുകയും ചെയ്തു…. ആണായി ജീവിക്കാമെങ്കില്‍ ഇവിടെ ജീവിച്ചാല്‍ മതിയെന്നാണ് കോട്ടയ്ക്കലില്‍ ലയ നേരിടുന്ന ഭീഷണി…! പ്രകൃതി ലയയ്ക്ക് അനുവദിച്ച ജീവിതമല്ല ഇവിടെയുള്ള കുറെ സദാചാര കാമവെറിയന്മാര്‍ ലയയ്ക്കു വിധിച്ചത്.
കോട്ടയ്ക്കലില്‍ നാട്ടുകാരായിരുന്നെങ്കില്‍ കൊച്ചിയിലും കോഴിക്കോട്ടെ മിഠായി തെരുവിലും പോലീസിനായിരുന്നു ഇവരെ കണ്ടപ്പോള്‍ ഹാലിളകിയത്. ലോഡ്ജില്‍ നിന്നും നാല് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 16 പേരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക തൊഴില്‍ ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതില്‍ സുപ്രീം കോടതി പോലും എടുത്തുകളഞ്ഞ 377-ാം വകുപ്പും ഉള്‍പ്പെടുന്നു. വാടകയ്ക്ക് താമസിക്കാന്‍ ഒരു വീട് പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഇവര്‍ ലോഡ്ജുകളില്‍ അഭയം തേടുന്നതെന്ന് പോലും മനസിലാക്കാന്‍ നമ്മുടെ പോലീസിന് സാധിച്ചില്ല. മാധ്യമങ്ങളാകട്ടെ, ഓണ്‍ലൈനിലൂടെ സെക്‌സ് റാക്കറ്റ് നടത്തുന്ന വന്‍ സംഘത്തെ പിടികൂടിയ പോലീസിന്റെ വീരഗാഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ജനങ്ങളിലെത്തിക്കുകയും ചെയ്തു. ‘എന്റെ തൊപ്പി തെറിച്ചാലും വേണ്ടില്ല. ഈ നഗരത്തിലെ വൃത്തികേട് ഞാന്‍ അവസാനിപ്പിക്കും’ എന്നാണ് ഉത്തരവാദിത്വപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡര്‍മാരോട് പറഞ്ഞത്. 2017 കഴിഞ്ഞ ജൂലായില്‍ മോഷണശ്രമം തടയാന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറുകളെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതും ഇതേ കൊച്ചി പോലീസാണ്.
സമാനമായ അനുഭവം കോഴിക്കോട് മിഠായി തെരുവിലുമുണ്ടായി. സാക്ഷരതാ മിഷന്റെ കലോത്സവത്തോടനുബന്ധിച്ചുള്ള ഡാന്‍സ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സുസ്മി, ജസ്മി എന്നിവര്‍ പോലീസിന്റെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഇവരുടെ എല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. നീയൊന്നും ഇവിടെ ജീവിക്കരുത്, അതിന് അനുവദിക്കില്ലെന്നായിരുന്നു പോലീസ് ഇവരോടും പറഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡറാണെന്ന ധാരണയില്‍ ആക്ടിവിസ്റ്റ് ദിയ സന തിരുവനന്തപുരത്ത് വച്ച് ആക്രമിക്കപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ നാവികസേനയില്‍ നിന്നും പുറത്താക്കാന്‍ നടന്ന ശ്രമങ്ങളും എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവവും മുതല്‍ കേരളത്തില്‍ ഗൗരിയെന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ടതു വരെയുള്ള സംഭവങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്.
2015ല്‍ കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയതിന് മുമ്പ് തന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും പൊതുവെ അംഗീകാരം നല്‍കിയ പ്രദേശമാണ് കോഴിക്കോട് നഗരവും മിഠായിത്തെരുവും. എന്നാല്‍ മുഖംമിനുക്കിയ മിഠായി തെരുവിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇപ്പോള്‍ മാലിന്യങ്ങളാണെന്ന ചിന്തയാണ് പോലീസിന്റെ ഈ നടപടിയില്‍ പ്രതിഫലിച്ചത്. കേരളത്തിലെ ഏതു വലിയ സിറ്റി ആയാലും, അതു കൊച്ചിയോ കോഴിക്കോടോ തിരുവനന്തപുരമോ എതുമാകട്ടെ, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് താമസിക്കാന്‍ പൊതുവെ ലോഡ്ജുകള്‍ തന്നെയാണ് ആശ്രയം. ഈ ലോഡ്ജുകളാകട്ടെ ഇവരില്‍ നിന്നും വാടകയായി ഈടാക്കുന്നത് പലപ്പോഴും ഇരട്ടിയും ഇരട്ടിയിലേറെയും ആയിരിക്കും. എന്നിരുന്നാലും നഗരപ്രദേശങ്ങളില്‍ പൊതുസമൂഹത്തിനിടയില്‍ ഇവര്‍ കുറേച്ചെങ്കിലും അംഗീകരിക്കപ്പെടുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലെ അവസ്ഥ അതല്ല. നഗരങ്ങളില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെയും ആക്ടിവിസ്റ്റുകളിലൂടെയും പുറത്തുവരുന്നെങ്കിലുമുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അപമാനവും ഭയവും മൂലം മൂടിവയ്ക്കപ്പെടുകയാണ് പതിവ്.
വീട്ടുകാരുടെയും നാട്ടുകാരുടെയും അവഹേളനവും ആക്രമണങ്ങളും നേരിട്ടാണ് ഇവര്‍ ജീവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ തന്നെ ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സ്വന്തം വീടുകള്‍ വിട്ട് മറ്റെങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലാണ് ഇവര്‍.
സ്‌ത്രൈണ സ്വഭാവമുള്ള പുരുഷന്മരെയോ പുരുഷ സ്വഭാവമുള്ള സ്ത്രീകളെയോ അധിക്ഷേപിക്കുകയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവാണ്. ഇവരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയാണെന്ന മനോഭാവമാണ് സമൂഹത്തിന്. വെറിപിടിച്ച പുരുഷലൈംഗികതയ്ക്കു വേണ്ടിയുള്ള അക്രമങ്ങളാണ് അവര്‍ പ്രധാനമായും നേരിടുന്നത്. രാത്രിയില്‍ ലൈംഗിക ആവശ്യത്തിനായി സമീപിക്കുകയും പകല്‍ തങ്ങളെ കാണുമ്പോള്‍ കാര്‍ക്കിച്ച് തുപ്പുകയും ചെയ്യുന്നവരാണ് നാട്ടിന്‍പുറങ്ങളിലുള്ളതെന്ന് ലയ പറയുന്നു.
മനുഷ്യനെ തകര്‍ക്കുന്ന മതചിന്ത
ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ആര്‍ക്കെന്നു തീരുമാനിക്കുന്നത് ഇവിടെയുള്ള സദാചാരവാദികളും മതനേതാക്കളും രാഷ്ട്രീയക്കാരുമല്ല, മറിച്ച് അവരവര്‍ തന്നെയാണ്. കാരണമേതുമില്ലാതെ ഒരു പുല്‍ക്കൊടിത്തുമ്പു പോലും ഈ ഭൂമിയില്‍ മുളയ്ക്കുന്നില്ലെന്ന സത്യം ഓരോ മനുഷ്യരും മനസിലാക്കണം. മനുഷ്യനൊഴിച്ച് ഭൂമിയിലുള്ള മറ്റു സകല ജീവജാലങ്ങള്‍ക്കും ലൈംഗികതയെന്നാല്‍ സ്വാഭാവികമായൊരു ശാരീരിക പ്രതിഭാസം മാത്രമാണ്. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജീവിക്കു ജന്മം നല്‍കുക എന്നതാണ് ഈ പ്രപഞ്ചത്തിന്റെ നിയമം. കണ്ണിന്‍ മുന്നില്‍ വ്യക്തമായി കാണുന്ന ഈ പ്രപഞ്ച നിയമത്തെ പാടെ തള്ളിക്കളഞ്ഞ്, ലൈംഗികതയെ മ്ലേച്ഛമായി കണ്ട് ജീവിതം തന്നെ വ്യര്‍ത്ഥമാക്കുന്ന സദാചാര വാദികളും മതവിശ്വാസികളുമാണിവിടെ മണ്ണടിഞ്ഞു പോകേണ്ടത്. അല്ലാതെ ലൈംഗികതയെ അതിന്റെതായ ബഹുമാനത്തോടെയും ആദരവോടെയും സമീപിക്കുന്നവരല്ല.
പരസ്പരം ഇണചേരാതെ, വിശുദ്ധ ശുക്ലത്തിലൂടെ ജനിച്ച ദൈവങ്ങളാണ് സര്‍വ്വശക്തരെന്നു വിശ്വസിക്കുന്നവരിവിടെ തമസ്‌കരിക്കുന്നത് പ്രപഞ്ച സത്യങ്ങളെയാണ്. മതവിശ്വാസികള്‍ രണ്ടു വിഭാഗങ്ങളാണുള്ളത്. ഒന്ന് മതത്തെയും മതദൈവങ്ങളെയും അന്ധമായി വിശ്വസിക്കുന്ന പമ്പര വിഢികള്‍. രണ്ടാമത്തേത്, ഈ വിഢികളെ പറ്റിച്ചു ജീവിക്കുന്ന നല്ലൊന്നാന്തരം കൗശലക്കാര്‍. മനുഷ്യനൊഴിച്ച് ഈ പ്രപഞ്ചത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും സ്വന്തമായി ഇണയെ കണ്ടെത്താനും ലൈംഗികതയില്‍ ഏര്‍പ്പെടാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ മഹാപണ്ഡിതരായ, കൂര്‍മ്മബുദ്ധിക്കാരായ, സകലരെയും അടക്കി അടക്കിഭരിക്കുന്ന മനുഷ്യരാകട്ടെ അന്യന്റെ കിടപ്പറയിലേക്കു സദാ കണ്ണുംനട്ട് സ്ഖലന സായൂജ്യമടയുന്നു. ഈ ചെറ്റത്തരത്തിന് വെറിപിടിച്ച മനുഷ്യര്‍ കൊടുക്കുന്ന പേരാണ് സദാചാരമെന്നും ദൈവികതയെന്നും.
ശാരീരിക ബന്ധത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ കഴിയാതെ വരുന്നതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിയാന്‍ പോലുമുള്ള ബുദ്ധിയില്ലാത്ത മതവിശ്വാസികളിവിടെ തിട്ടൂരമിറക്കുകയാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ പുഴുത്തു ചാവേണ്ടവരാണത്രെ…! ശരീരം വിറ്റു ജീവിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണമത്രെ…! എന്നിട്ടോ…?? രാത്രിയുടെ മറവില്‍, തലയില്‍ തുണിയിട്ട് പാത്തും പതുങ്ങിയും അവരുടെ ശരീരം തേടി ചെല്ലുന്നതും ഈ സദാചാരവാദികളും മതവിശ്വാസികളും തന്നെ.
ഒഴിഞ്ഞുമാറുകയല്ല, നേരിടണം സധൈര്യം
ലൈംഗികതയെന്നാല്‍ പുറത്തു മിണ്ടാന്‍ പോലും പാടില്ലാത്ത വൃത്തികെട്ട ഒന്നായി കരുതുന്ന മതവെറിയന്മാരുടെ മുന്നിലേക്ക് സ്വന്തം ലൈംഗികതസത്യം വെളിപ്പെടുത്തി ജീവിക്കാന്‍ തീരുമാനിക്കുന്ന ഓരോ മനുഷ്യജീവനും ആക്രമിക്കപ്പെടുകയാണിവിടെ. തന്റെ ലൈംഗികത ഏതെന്നു വെളിപ്പെടുത്തുന്ന നിമിഷം മുതല്‍ ആ വ്യക്തിയെ സ്വന്തം കുടുംബക്കാര്‍ വെറുത്തു തുടങ്ങുന്നു.
സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അധിക്ഷേപങ്ങളും അവഗണനകളും മാത്രമേറ്റുവാങ്ങുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് അതിതീവ്രമായ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ്. വിദ്യാഭ്യാസം ഇവര്‍ക്കു നിഷേധിക്കപ്പെടുന്നു. ഇവരുടെ ലൈംഗികത മറച്ചു വച്ചു നടത്തുന്ന വിവാഹങ്ങള്‍ ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നു. ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇവര്‍ ഇരയാകുന്നു. ഇവരെ എന്തു ചെയ്താലും ആരും ചോദിക്കാന്‍ വരില്ലെന്നൊരു ചിന്ത സമൂഹത്തിനു മാത്രമല്ല, ഇവിടെയുള്ള നിയമസംവിധാനങ്ങള്‍ക്കുമുണ്ട്. ദൈവം ശപിച്ചു വിട്ട ഇവരെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ചിന്താഗതിയുള്ള ഭ്രാന്തു പിടിച്ച മനുഷ്യര്‍ ഈ ജീവിതങ്ങളെ കൂടുതല്‍ ദുരിതപൂര്‍ണ്ണാമാക്കുന്നു.
ജീവിക്കാനുള്ള ഒരു ജോലി പോലും ഇവര്‍ക്ക് അന്യമാണ്. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്ററുകള്‍ക്ക് ജോലി നല്‍കി വിപ്ലവ മുന്നേറ്റം നടത്തിയ കേരള സര്‍ക്കാരാകട്ടെ, പിന്നീട് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തെന്ന് ഒന്നു തിരിഞ്ഞു നോക്കുന്നുപോലുമില്ല. തങ്ങള്‍ എല്ലാം കൊണ്ടും തികഞ്ഞവരാണെന്നു കരുതുന്ന മനുഷ്യരുടെ പരിഹാസങ്ങളും അവഗണനകളും കളിയാക്കലുകളും സഹിക്കാന്‍ വയ്യാതെ ജോലി ഉപേക്ഷിച്ചു പോയവരാണവര്‍. ലൈംഗിക ന്യൂനപക്ഷമാണെന്ന ഒറ്റക്കാരണത്താല്‍ വാടകയ്ക്ക് ഒരു വീടു പോലും ഇവര്‍ക്കു കിട്ടില്ല. ലോഡ്ജില്‍ ഇരട്ടിയിലേറെ വാടക നല്‍കി താമസിക്കുന്ന ഇവരെ വ്യഭിചാരത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തു രസിക്കുന്ന പോലീസാണ് നമുക്കുള്ളത്.
കേരളത്തിലെ ഏകദേശം 62% ട്രാന്‍സ് ജെന്ററുകളും പ്രശ്‌നങ്ങളെത്തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നവരാണ്. കുടുംബാംഗങ്ങളുമായി പിന്നീടൊരു ബന്ധം പോലുമില്ലാത്തവര്‍. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ 56% മാണ്. വിദ്യാഭ്യാസമില്ലാതെ, ജോലിയില്ലാതെ, ജീവിക്കാനൊരു മാര്‍ഗ്ഗമില്ലാതെ, അന്തിയുറങ്ങാനൊരു കൂര പോലുമില്ലാതെ, എന്തിന് സമാധാനമായി മലമൂത്ര വിസര്‍ജ്ജനം ചെയ്യാനൊരു ഇടം പോലുമില്ലാതെ നരകിച്ചു ജീവിക്കുന്ന ഇവരെ മരണത്തിലേക്കു തള്ളിവിടുകയാണിവിടെയുള്ള സര്‍ക്കാരും ഭരണാധികാരികളും നിയമപാലകരും സമൂഹവും.
ചത്ത പോലെ കിടക്കുന്ന കേരള സര്‍ക്കാര്‍
തുല്യ നീതി, വ്യക്തി സ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസ്സങ്ങളില്ലാത്ത വിദ്യാഭ്യാസം തുടങ്ങി ട്രാന്‍സുകളുടെ ജീവിത നിലവാരമുയര്‍ത്തുന്ന അനേകം കാര്യങ്ങളുമായി കേരളം ട്രാന്‍സ് ജെന്റര്‍ പോളിസി കൊണ്ടുവന്നിരുന്നു. പക്ഷേ, ഏതെങ്കിലുമൊരു പോളിസി കൊണ്ടുവരിക എന്നതല്ല, അതു ഫലപ്രദമായി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്നു തോന്നും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍. സമൂഹത്തിന്റെ മനസില്‍ നിന്നും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഗണനയും വെറുപ്പും അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. അതിനു ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. പക്ഷേ, നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെയാണ് നിയമങ്ങള്‍ ലംഘിക്കുന്നതും ഇവരെ കഠിനമായ ദേഹോപദ്രവമേല്‍പ്പിക്കുന്നതും.
ട്രാന്‍സ് ജെന്ററുകളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനു വേണ്ടി, അവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ലില്ലി തോമസ് എന്ന സാമൂഹ്യപ്രവര്‍ത്തകയ്ക്കും നേരിടേണ്ടി വന്നത് സര്‍ക്കാരില്‍ നിന്നുള്ള നിരുത്തരവാദപരമായ സമീപനമാണ്. ഓരോ ജില്ലകള്‍ തോറും സഞ്ചരിച്ച്, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ട്രാന്‍സ് ജെന്ററുകളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍, അതിന്റെ തുടര്‍ച്ചയായി നടത്തേണ്ടുന്ന നിരവധി കാര്യങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല പിന്നീട്.
വാര്‍ത്തകളില്‍ ഇടം കിട്ടാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണിവിടെ നടക്കുന്നത്. അതിനപ്പുറത്തേക്ക് കാര്യക്ഷമമായ ഒരിടപെടലും നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ട്രാന്‍സ് ജെന്ററുകളുടെ മരണങ്ങള്‍. ഒന്നോ രണ്ടോ മരണങ്ങള്‍ ക്ഷമിക്കപ്പെടാവുന്നതേയുള്ളു. നയങ്ങള്‍ ജനങ്ങളിലേക്കെത്താനുള്ള സമയത്തിന്റെ പേരില്‍ ആ മരണങ്ങളെ അവഗണിക്കാം. പക്ഷേ പിന്നീടുള്ള ഒരു മരണത്തിനും സര്‍ക്കാരിനു മാപ്പു നല്‍കാന്‍ സാധിക്കില്ല. രണ്ടു വര്‍ഷത്തിനിടയില്‍ 5 മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല, മറുപടി പറഞ്ഞേ തീരൂ.
(കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തമസോമ നടത്തുന്ന അന്വേഷണപരമ്പരയുടെ ഒന്നാം ഭാഗം)
……………………………………………………………………………….
Tags: Transgender policy in Kerala, Transgender friendly state, suicide of transgenders, depression in LGBT, life of LGBT