ജെയിംസിന്റെ ‘വൃഷ്ണക്കഥ’ പച്ചക്കള്ളമോ?

Jess Varkey Thuruthel

പോലീസുകാര്‍ സ്‌പെഷ്യലൈസ് ചെയ്ത വൃഷ്ണം ഞെരിച്ചുടയ്ക്കല്‍ എന്ന മര്‍ദ്ധന മുറ, രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സ്ത്രീ ചെയ്തു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവര്‍ക്കും വിശ്വസിപ്പിച്ചവര്‍ക്കും വേണ്ടി. തമസോമയുടെ ഈ കണ്ടെത്തലുകളോട് വൃഷ്ണങ്ങള്‍ ഉള്ളവര്‍ക്കും അവയെക്കുറിച്ച് അറിയുന്നവര്‍ക്കും പ്രതികരിക്കാവുന്നതാണ്.

കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍, ജലനിധി അവലോകനയോഗത്തിലാണ് വിവാദ സംഭവമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്‌സി മാണി, ഫിലോമിന ജോണി എന്നിവര്‍ തന്നെ ആക്രമിച്ചുവെന്നും ഇവരില്‍ സിന്ധു ടോമി തന്റെ വൃഷ്ണം ഞെരിച്ചുടച്ചു എന്നുമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ പോലീസില്‍ പരാതിപ്പെട്ടത്. ഈ വാര്‍ത്തയാണ് കാട്ടുതീ പോലെ കേരളത്തിലെങ്ങും പ്രചരിച്ചത്.

മനുഷ്യന്റെ ശരീരത്തില്‍ അത്യധികം സുരക്ഷിതത്വത്തോടെ സംരക്ഷിക്കപ്പെടുന്ന ഒരു അവയവമാണ് വൃഷ്ണങ്ങള്‍. അബദ്ധവശാല്‍പ്പോലും ആ അവയവത്തിന് തട്ടലുകളോ മുട്ടലുകളോ ഏല്‍ക്കരുതെന്ന കൃത്യമായ ലക്ഷ്യത്തോടെ നിലകൊള്ളുന്ന അവയവമാണത്. അവയ്ക്ക് തുടയിടുക്കിന്റെയും ലിംഗത്തിന്റെയും സംരക്ഷണമുണ്ട്. വസ്ത്രം ധരിച്ചു നില്‍ക്കുന്ന ഒരു പുരുഷന്റെ ലിംഗത്തില്‍ പിടിക്കാന്‍ സാധിച്ചാലും വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ സാധിച്ചെന്നു വരില്ല. മുന്നില്‍ നിന്നും കൈ നീട്ടിയാല്‍ പിടി കിട്ടുന്നത് ലിംഗത്തിലാണ്. താഴെ നിന്നും മുകളിലേക്കു കൈകള്‍ കൊണ്ടുപോയാല്‍ മാത്രമേ ലിംഗത്തെയും മറികടന്നു വൃഷ്ണങ്ങളെ ഞെരിക്കാന്‍ സാധിക്കുകയുള്ളു. പക്ഷേ, ഇങ്ങനെ ചെയ്യണമെങ്കില്‍ ആ പുരുഷന്‍ അരയ്ക്കു താഴേക്ക് നഗ്നനായിരിക്കണം. അല്ലെങ്കില്‍, അടിവസ്ത്രം ധരിച്ചിട്ടില്ലായിരിക്കണം. അല്ലെങ്കില്‍, പുരുഷന്‍ ബോധമറ്റു കിടക്കുകയോ ചലനമില്ലാതിരിക്കുകയോ വേണം. കൈയിലും കാലിലുമെല്ലാം ബലമായി പിടിച്ച് അനങ്ങാന്‍ വയ്യാത്ത വിധത്തിലാക്കിയാലും ഈ ഞെരിച്ചുടയ്ക്കല്‍ സാധ്യമാണ്. അല്ലാത്ത പക്ഷം ഒരു പുരുഷന്റെ അനുമതിയോടു കൂടി മാത്രമേ വൃഷ്ണങ്ങളില്‍ പിടിച്ചു ഞെരിക്കാന്‍ സാധിക്കുകയുള്ളു.


ജെട്ടിപ്പുറത്തു നിറുത്തിയോ നഗ്നനാക്കിയോ ബലപ്രയോഗത്തിലൂടെയോ ആണ് പോലീസുകാര്‍ പ്രതികളായി പിടികൂടുന്നവരുടെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കുന്നത്. കേസില്‍ പെട്ടവര്‍ക്ക് തിരിച്ചു പ്രതികരിക്കാന്‍ പോലും സാധിക്കില്ല. പ്രാണന്‍ പോകുന്ന വേദനയിലും ചിലപ്പോഴൊന്നു കരയാന്‍ പോലും അവരെ അതിന് അനുവദിക്കുകയുമില്ല. കരഞ്ഞാല്‍ അതിനെക്കാള്‍ ക്രൂരമായ പീഡനങ്ങള്‍ അവര്‍ക്ക് ഏല്‍ക്കേണ്ടി വരും എന്നതു തന്നെ കാരണം.

ജലനിധി യോഗത്തിനെത്തിയ പന്തമാക്കലിന്റെ വേഷം മുണ്ടും ഷര്‍ട്ടുമായിരുന്നു. താന്‍ അടിവസ്ത്രം (ജെട്ടി) ധരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ആ യോഗത്തില്‍ അദ്ദേഹം മുണ്ട് മടക്കിക്കുത്തിയല്ല പങ്കെടുത്തത്, മറിച്ച് അഴിച്ചിട്ടിരിക്കുകയായിരുന്നു. മടക്കിക്കുത്തിയിരുന്നുവെങ്കില്‍ അതിനിടയിലൂടെ കൈയിട്ടു എന്നെങ്കിലും പറയാമായിരുന്നു. യോഗത്തിന്റെ വീഡിയോയില്‍ പന്തമാക്കലിന്റെ വസ്ത്രങ്ങളും അവയുടെ സ്ഥാനവും വ്യക്തമാണ്. എന്നുമാത്രമല്ല, പന്തമാക്കലിനെ അനങ്ങാന്‍ വയ്യാത്ത വിധത്തില്‍ വട്ടം പിടിച്ചതായി ആ വീഡിയോയില്‍ ഇല്ല. സംഭവത്തില്‍ ദൃക്‌സാക്ഷികളായവരും അതു പറയുന്നില്ല.

സംഭവം നടക്കുമ്പോള്‍ പന്തമാക്കലിനൊപ്പം ഉണ്ടായിരുന്നത് രണ്ടു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അതായത് ആറുപേര്‍. സിന്ധു ടോമിക്ക് ഒപ്പമാകട്ടെ, മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണെന്നും അദ്ദേഹം പറയുന്നു. പ്രസിഡന്റ് ജോസഫ് മുത്തോലിക്കെതിരെ പ്രതിഷേധവുമായി പന്തമാക്കല്‍ ആഞ്ഞടുത്തപ്പോള്‍, അദ്ദേഹത്തിനു ചുറ്റും കവചം തീര്‍ത്ത് സംരക്ഷിച്ചു നിറുത്തി എന്ന് സിന്ധു ടോമി പറയുന്നുണ്ട്. എന്നാല്‍, നാലു സ്ത്രീകള്‍ ചേര്‍ന്ന് തന്നെ കടന്നു പിടിക്കുകയും തന്റെ വൃഷ്ണം ഞെരിച്ചുടയ്ക്കുകയും ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ സ്ത്രീകള്‍ രണ്ടുപേരും ഈ ബഹളങ്ങളിലൊന്നും പങ്കെടുക്കാതെ മാറി നിന്നുവെന്നും പുരുഷന്മാര്‍ അവരോട് എതിര്‍ത്തു സംസാരിക്കുകയുമായിരുന്നുവെന്നും പന്തമാക്കല്‍ പറയുന്നു. തങ്ങളുടെ കൂട്ടത്തിലൊരുവനെ വളഞ്ഞിട്ടാക്രമിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്യുമ്പോള്‍, കൂടെയുള്ളവരുടെ പ്രതികരണം ഇങ്ങനെയാണെങ്കില്‍, അതിനര്‍ത്ഥം തനിക്കു മര്‍ദ്ദനമേറ്റു എന്നു പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ്. അല്ലെങ്കില്‍, ഇയാള്‍ക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന് കൂട്ടത്തിലുള്ളവരും കരുതിയിട്ടുണ്ടാവണം. സ്വന്തം തടി സംരക്ഷിച്ച സ്വാര്‍ത്ഥമതികളുമാവാം.

സ്ത്രീകളാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് പന്തമാക്കല്‍ പറയുന്നത്. ആരോഗ്യമുണ്ടായിട്ടും എതിര്‍ത്തു നില്‍ക്കാത്തത് എന്ത് എന്ന ചോദ്യത്തിന് സ്ത്രീകളെ തിരിച്ചാക്രമിച്ചാല്‍ വകുപ്പു മാറും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ ഒരു കൈയുടെ കുഴ ഊരിപ്പോകുമെന്നും മറുകൈ പാര്‍ട്ടിപ്രവര്‍ത്തകര്‍ തല്ലി ഒടിച്ചതിനെത്തുടര്‍ന്ന് സ്റ്റീല്‍ ഇട്ടിരിക്കുന്നതിനാല്‍ ബലമില്ലെന്നുമായിരുന്നു മറ്റൊരു മറുപടി.

ഇന്നിപ്പോള്‍, സ്മാര്‍ട്ട് ഫോണ്‍ കൈയിലില്ലാത്ത ആരും തന്നെയില്ല. രാഷ്ട്രീയപ്രവര്‍ത്തകരുടെ കൈയിലുമുണ്ട് ഫോണുകള്‍. എന്നാല്‍, കാഴ്ചകാണാനായി മാറി നിന്ന പന്തമാക്കലിന്റെ കൂട്ടത്തിലുള്ള ആരും അദ്ദേഹം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല. സമാധാനപരമായി തങ്ങള്‍ സംസാരിക്കുന്നതിന്റെ വീഡിയോ കൈവശമുണ്ടെന്നും തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നുമാണ് പന്തമാക്കല്‍ പറയുന്നത്. അതേസമയം സിന്ധു ടോമിയുടെ ഭാഗത്തുണ്ടായിരുന്നവര്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പന്തമാക്കല്‍ പറയുന്ന രീതിയില്‍ അദ്ദേഹം ആക്രമിക്കപ്പെട്ടുവെങ്കില്‍, അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ അദ്ദേഹത്തെ രക്ഷിക്കാനോ എതിരാളികളെ നേരിടാനോ ശ്രമിച്ചില്ലെന്നു മാത്രമല്ല, ആ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ മെനക്കെട്ടില്ല എന്നു വേണം കരുതാന്‍.

ജലനിധി അവലോകന യോഗം അലങ്കോലമായി. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. പിടിവലിയും നടന്നു. ജെയിംസ് പന്തമാക്കല്‍ തന്റെ തോളില്‍ കിടന്ന ബാഗ് വലിച്ചെറിഞ്ഞുവെന്നും കൈ പിടിച്ചു തിരിച്ചുവെന്നും സിന്ധു ടോമി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ചെറുപുഴ ലീഡര്‍ സ്മാരക ആശുപത്രിയില്‍ ചികിത്സ തേടുകയും ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതറിഞ്ഞ ജെയിംസ്, വൃഷ്ണത്തിനു വേദനയുണ്ടെന്ന വാദവുമായി ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ സിന്ധുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ സ്‌കാനിംഗിന് എഴുതി നല്‍കിയെന്നും അതിന്റെ റിപ്പോര്‍ട്ട് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ജെയിംസ് പറയുന്നുണ്ട്. ജെയിംസിന്റെ വൃഷണത്തിനു പരിക്കുണ്ടോ എന്നതു സംബന്ധിച്ച് ഡോക്ടര്‍മാരുമായി ഇതുവരെയും സംസാരിച്ചിട്ടില്ല എന്ന നിലപാടാണ് പോലീസിന്.

മൂന്നു തെരഞ്ഞെടുപ്പുകളില്‍ അടുപ്പിച്ചു ജയിച്ച്, 15 വര്‍ഷക്കാലം ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭരണസമിതിയില്‍ പ്രസിഡന്റായും മറ്റും ഉണ്ടായിരുന്ന വ്യക്തിയാണ് ജെയിംസ് പന്തമാക്കല്‍. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തിയെന്നും അതിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നും പന്തമാക്കല്‍ പറയുന്നു. അപ്പോഴൊന്നും അതൊരു വാര്‍ത്ത ആയില്ല. അതേസമയം തന്റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടച്ചു എന്ന വാര്‍ത്ത നാടുമുഴുവന്‍ പരന്നു. 2005 മുതല്‍ സ്വതന്ത്രനായി മത്സരിക്കുന്ന ആളാണ് ഇദ്ദേഹം. ‘2010 മുതല്‍ ഈ പഞ്ചായത്തിന്റെ പ്രസിഡന്റ് ഞാനാണ്. ഭരണസംവിധാനവും ഞങ്ങളുടെ കൈകളിലായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭരണം 18 വര്‍ഷം എന്റെ കൈയിലായിരുന്നു. ഇനി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു തുണ്ടു ഭൂമി പോലും പഞ്ചായത്തിന്റെ കൈവശം ഇല്ലെന്നു മനസിലായപ്പോഴാണ് പഞ്ചായത്തിനു വേണ്ടി 50 ഏക്കര്‍ പുറമ്പോക്കു ഭൂമി കണ്ടെത്തി റവന്യു ഭൂമിയാക്കി മാറ്റി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഫണ്ടും കണ്ടെത്തിയിരുന്നു. അതിനിടയില്‍ കോണ്‍ഗ്രസും സി പി എമ്മുമായി കൈകോര്‍ത്തു. എനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ നിരവധി വന്നു. ഇതോടെ ഞാന്‍ രാജി വച്ചു. എന്നാല്‍ ഈ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടുമെന്നും ഈ പ്രോജക്ടുകളെ പിന്തുണയ്ക്കുന്ന ഒരാള്‍ വരുമെന്നും കണക്കുകൂട്ടി. പക്ഷേ അങ്ങനെയൊന്നുമുണ്ടായില്ല.’

‘മലയോരമേഖലയില്‍ ഒരു ജനറല്‍ ഹോസ്പിറ്റലിനായുള്ള പ്രവര്‍ത്തനങ്ങളുമായും മുന്നോട്ടു പോകുകയായിരുന്നു ഞങ്ങള്‍. എന്നാല്‍, ഞങ്ങള്‍ കൊണ്ടുവന്ന പ്രോജക്ടുകള്‍ പുതിയ ഭരണ സമിതി വേണ്ടെന്നു വച്ചു. മൂന്നാമത്തേതായിരുന്നു ജലനിധി പ്രോജക്ട്. അതിലാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. 2015 ലാണ് ജലനിധി പ്രോജക്ട് വരുന്നത്. ഈ പദ്ധതിക്ക് അനുവദിച്ചത് 13 കോടി രൂപയാണ്. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് എട്ടേമുക്കാല്‍ക്കോടി രൂപ മാത്രമാണ് ചെലവാക്കാന്‍ കഴിഞ്ഞത്. അതിനുമുന്‍പ് 2013 ലെ കുടിവെള്ള പദ്ധതിക്കായി ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പ് ഹൗസും മെയിന്‍ പമ്പിംഗ് ലൈനും വേണ്ടിയിരുന്നു. ഈ രണ്ടു പദ്ധതികളും ഒരുമിച്ചു ചേര്‍ത്തു കൊണ്ടാണ് ജലനിധി നടപ്പാക്കാന്‍ തീരുമാനിച്ചത്. 2015 മുതല്‍ പഞ്ചായത്തിനകത്ത് റോഡുകളുടെ പണികള്‍ നിരന്തരം നടക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അവ നടക്കുന്നുണ്ട്. 2022 ആയപ്പോഴേക്കും 55 കിലോമീറ്റര്‍ പി ഡബ്‌ളിയുഡി റോഡ് വന്നു. ഈ റോഡിലുണ്ടായിരുന്ന പ്രധാനപ്പെട്ട പൈപ്പുകള്‍ കൂടി തകര്‍ത്തു കൊണ്ടാണ് റോഡ് വന്നത്. അതോടെ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 2300 പേര്‍ക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍, 400 കണക്ഷന്‍ മാത്രമാണ് നല്‍കാനായത്. ഇനി പൈപ്പിടാന്‍ പൈസ ഇല്ലാതിരിക്കുമ്പോഴാണ് പഞ്ചായത്തിന് ജലജീവന്‍ പദ്ധതി അനുവദിച്ചു കിട്ടിയത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി, പുതിയൊരു രണ്ടായിരം കണക്ഷന്‍ കൂടി ഉള്‍പ്പെടുത്തി ആകെ 4000 കണക്ഷനും മെയിന്റനന്‍സിനും വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് 24 കോടി രൂപ അനുവദിച്ചു. പൊട്ടിപ്പോയ പൈപ്പുകള്‍ നന്നാക്കാനായി വാട്ടര്‍ അതോറിറ്റി വേറൊരു 6 കോടി രൂപ കൂടി നല്‍കി. അങ്ങനെ പഞ്ചായത്തിന് ആകെ ലഭിച്ചത് 30 കോടി രൂപയാണ്. ഈ വര്‍ക്കു നടക്കുമ്പോള്‍ പുതിയ ഭരണ സമിതി അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല. പകരം ഞങ്ങളെ അവഹേളിക്കാന്‍ അവര്‍ മീറ്റിംഗ് നടത്തി.’

‘ജലനിധി പദ്ധതി കോര്‍ഡിനേറ്റ് ചെയ്യുന്നത് സ്‌കീം ലെവല്‍ കമ്മറ്റിയാണ് (എസ് എല്‍ ഡി സി). ഇവരുടെ പേരിലാണ് ടാങ്കുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ഹൈക്കോടതിയില്‍ രണ്ടുമൂന്നു കേസുകളുമുണ്ട്, ഇവ നടത്തുന്നതും ഇവര്‍ തന്നെയാണ്. സ്‌കീം ലെവര്‍ കമ്മറ്റിയെക്കൂടി മീറ്റിംഗിനു വിളിക്കണമെന്ന് ജലനിധി പ്രതിനിധികള്‍ പഞ്ചായത്തു പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പക്ഷേ, വിളിച്ചില്ല. പ്രസിഡന്റും ഭാരവാഹികളുമാണ് മീറ്റിംഗിനെത്തിയത്. അവരവിടെ ബഹളമുണ്ടാക്കുമ്പോഴാണ് പഴയ പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയില്‍ ഞാനും എന്നോടൊപ്പമുള്ള അംഗങ്ങളും അവിടെക്കെത്തിയത്. എന്റെ കൂടെ ആറുപേരാണ് ഉണ്ടായിരുന്നത്. അവരുടെ കൂടെ 8 പേരുണ്ടായിരുന്നു. അവരില്‍ അഞ്ചു പേര്‍ വനിതാ മെംബര്‍മാര്‍ ആയിരുന്നു. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് എന്റെ കൂടെ ഉണ്ടായിരുന്നത്. എസ് എല്‍ ടി സി അംഗങ്ങളെ വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം നടക്കുമ്പോഴാണ് ഞാനും എന്റെ കൂടെയുള്ള അംഗങ്ങളും അവിടേക്കു കയറിച്ചെന്നത്.’

‘ഞങ്ങള്‍ ടേബിളില്‍ ഇരിക്കുകയായിരുന്നു. അവര്‍ ഒച്ചവച്ചപ്പോള്‍ സ്‌കീം ലെവല്‍ കമ്മറ്റിയെ വിളിക്കാതെ മീറ്റിംഗ് നടത്തിയത് ശരിയായില്ല എന്നു ഞാന്‍ പറഞ്ഞു. ജലനിധിയുടെ കണ്ണൂരുള്ള ഓഫീസറോടു ഞാന്‍ ചോദിച്ചു, എസ് എല്‍ ഡി സി ക്കാരെ വിളിച്ചിരുന്നോ എന്ന്. വിളിച്ചിരുന്നു എന്നു പറഞ്ഞ് ഒരു നോട്ടീസ് തന്നു. പഞ്ചായത്ത് അംഗങ്ങള്‍ സ്‌കീം ലെവല്‍ കമ്മറ്റിയുടെ ഭാരവാഹികള്‍, കെ ആര്‍ ഡബ്ലിയു എസ് (കേരള റൂറല്‍ വാട്ടര്‍ സ്‌കീം-ജലനിധി) കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ഈ പദ്ധതി ഭാവിയില്‍ നടത്തേണ്ടത് ഇവരാണെന്നും ഇവരുടെ കീഴില്‍ പത്തോളം തൊഴിലാളികള്‍ ഉണ്ടാവുമെന്നും നാലായിരത്തോളം കണക്ഷന്‍ നടത്തണമെങ്കില്‍ എസ് എല്‍ ഡി സി വേണമെന്നും ഞാന്‍ പറഞ്ഞു. ‘നിങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കുറെ ആയല്ലോ. ഇതുവരെ ആയിട്ടും വെള്ളം കൊടുക്കാന്‍ പറ്റിയോ’ എന്നാണ് പ്രസിഡന്റ് എന്നോടു ചോദിച്ചത്. കൂടാതെ എന്റെ അപ്പനു വിളിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം വീഡിയോ അവര്‍ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വീഡിയോ എടുത്തില്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. കൂടുതല്‍ ക്ഷോഭം ഉണ്ടാക്കുന്ന രീതിയില്‍ വര്‍ത്തമാനം പറഞ്ഞ് ആങ്ങോട്ടുമിങ്ങോട്ടും വാക്കു തര്‍ക്കമായി എന്ന കാര്യം ശരിയാണ്. എന്റെ കൈയില്‍ നിന്നും നാലു ലക്ഷത്തോളം രൂപ എടുത്തു സ്ഥലം വാങ്ങിയാണ് ഈ പദ്ധതിയുടെ പണി തുടങ്ങിയത്. റോഡു പണി വന്നതിനാല്‍ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.’

‘ഇപ്പോള്‍ അനുവദിച്ച 31 കോടിയും പഴയത് ഏകദേശം 12 ഉം പിന്നെയൊരു എട്ടു കോടിയും ഉള്‍പ്പടെ 50 കോടിയുടെ പദ്ധതിയാണ് ഇവിടെയുള്ള ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി പഞ്ചായത്തിലേക്ക് എത്തിയത്. അതു പൂര്‍ത്തീകരിക്കാന്‍ വേണ്ടി രാഷ്ട്രീയത്തിന് അധീതമായി എല്ലാവരും ഒരുമിച്ചു നില്‍ക്കണം. അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കുകയായിരുന്നു ഈ ഭരണസമിതി ചെയ്യേണ്ടിയിരുന്നത്. എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോയിരുന്നെങ്കില്‍ വരുന്ന മാര്‍ച്ച് ആകുമ്പോഴേക്കും ഈ 4000 വാട്ടര്‍ കണക്ഷന്‍ കൊടുക്കാന്‍ കഴിയുമായിരുന്നു. 80 തൊഴിലാളികളുമായി പണിയും കാത്ത് കരാറുകാരന്‍ ഇവിടെ കിടക്കുകയാണ്. അപ്പോഴാണ് ഞങ്ങളെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്. എഴുന്നേറ്റു നിന്ന് ചീത്ത വിളിക്കുകയും കൂടുതല്‍ ശക്തിയില്‍ പറയുകയും ചെയ്യുമ്പോള്‍, രണ്ടുമൂന്നു സ്ത്രീകള്‍ ഞങ്ങളുടെ നേരെ പാഞ്ഞടുക്കുകയും ഉന്തും പിടിയുമാകുകയും ചെയ്തു. ഈ ഒച്ചപ്പാടിനിടയില്‍ ഒരാള്‍ എന്റെ മര്‍മ്മസ്ഥാനത്തു പിടിച്ചു. പിടിച്ചതില്‍ എനിക്കു കുഴപ്പമില്ല. എന്റെ വൃഷ്ണത്തില്‍ പിടിച്ചു ഞെരടി എന്നാണ് ഞാന്‍ പരാതി പറഞ്ഞിരിക്കുന്നത്. എന്റെ ഇടതു കൈ കമ്മ്യൂണിസ്റ്റുകാര്‍ ഇളക്കിപ്പറിച്ചതാണ്, വലതുകൈ ആകട്ടെ കോണ്‍ഗ്രസുകാര്‍ തല്ലിയൊടിക്കുകയും ചെയ്തു. ഇതിനോടകം 250 ലേറെ പ്രാവശ്യം എന്റെ കൈ കുഴയില്‍ നിന്നും ഊരിപ്പോന്നിട്ടുണ്ട്. ഇവരെ ആഞ്ഞൊന്നു തള്ളിയാല്‍പ്പോലും എന്റെ കൈ കുഴ തെറ്റും. ഒരു വികലാംഗനെന്നു വേണമെങ്കില്‍ പറയാം. എന്റെ ഈ പ്രശ്‌നം അവര്‍ക്കറിയാം. സ്ത്രീകളെ പിടിച്ചാല്‍ കേസ് വേറെ വരും അതിനാല്‍ എന്റെ കൂടെ നിന്ന നാലു പുരുഷന്മാര്‍ക്കും ഒന്നും ചെയ്യാനായില്ല.’

‘ഞാന്‍ ഉപദ്രവിച്ചു എന്നു പരാതി പറഞ്ഞ്, സിന്ധു ടോമി ആശുപത്രിയില്‍ പോയി കൈയില്‍ ബാന്‍ഡേജും ചുറ്റി പത്രത്തില്‍ വാര്‍ത്തയും പോലീസില്‍ പരാതിയും നല്‍കി. തൊട്ടു പിന്നാലെ ഞാനും ആശുപത്രിയില്‍ പോയി, അഡ്മിറ്റായി, ഇസിജി എടുത്തു സ്‌കാനിംഗും ചെയ്തു. അതില്‍ പരിക്കൊന്നുമില്ല, പിറ്റേന്നാണ് ഞാന്‍ പോലീസിനെ വിളിച്ചത്, അപ്പോള്‍ അവര്‍ ആശുപത്രിയിലേക്കു വന്നില്ല. സ്റ്റേഷനിലേക്കു വരാന്‍ പറഞ്ഞു, അങ്ങനെ സ്റ്റേഷനില്‍ പോയി. രണ്ടു സ്ത്രീകള്‍ തടഞ്ഞു നിറുത്തി, സിന്ധു ടോമി വൃഷ്ണത്തില്‍ പിടിച്ചു ഞരടി എന്നാണ് കേസ്. സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്കു വൃഷ്ണത്തില്‍ വേദന പോലെ തോന്നി, അങ്ങനെയാണ് ആശുപത്രിയില്‍ പോയത്. മുകളിലായി ഒരു മുഴ കൂടി ഉണ്ടായിരുന്നു, അങ്ങനെ രണ്ടിനും കൂടിയാണ് സ്‌കാനിംഗിന് എഴുതിയത്. സമാധാനപരമായി മീറ്റിംഗ് നടക്കുന്ന വീഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ആക്രമിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടവരില്‍ ഒരാളാണ് വീഡിയോ എടുക്കുന്നത്. എന്റെ കൂടെയുണ്ടായിരുന്ന രണ്ടുസ്ത്രീകളും വളരെ മാന്യമായി അവിടെ മാറിനിന്നു. ഒരാള്‍ ബഹളത്തിനിടയില്‍ നിന്നും മാറി ഇരുന്നു, മറ്റേയാള്‍ വാതില്‍ക്കല്‍ നിന്നു.’

‘എന്റെ അനുവാദമില്ലാതെ എന്റെ വൃഷ്ണത്തില്‍ പിടിക്കാന്‍ പാടില്ല. ഞാനും തിരിച്ചു പിടിക്കുമെന്നും അങ്ങനെ കേസ് മാറ്റാമെന്നും അവര്‍ കരുതിക്കാണും. കേസാവണമെങ്കില്‍ ഭാഷ മാറ്റി പറയണം. അവര്‍ കേസു കൊടുത്തപ്പോള്‍ സി ഐ പറഞ്ഞിരുന്നു, കേസ് ഒത്തു തീര്‍പ്പാക്കാന്‍. അങ്ങോട്ടുമിങ്ങോട്ടും വാക്കുതര്‍ക്കവും ഒച്ചപ്പാടുമുണ്ടായി. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്നും സി ഐ പറഞ്ഞു. ഇതു നാറ്റക്കേസ് ആകുമെന്നും സി ഐ അവരോടു പറഞ്ഞിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ഞാന്‍ പരാതിയില്‍ എഴുതിയിരിക്കുന്നത് എന്താണെന്ന് അറിഞ്ഞപ്പോഴെങ്കിലും ഈ കേസ് അവര്‍ക്ക് ഒഴിവാക്കാമായിരുന്നു, പക്ഷേ, അവരതു ചെയ്തില്ല. പുരുഷന്റെ ഒരു അവയവത്തില്‍ അനുമതിയില്ലാതെ പിടിച്ചാല്‍ കേസുണ്ടോ ഇല്ലയോ എന്നറിയണം, അതേ ഞാന്‍ ചെയ്തിട്ടുള്ളു. മൂന്നു പ്രധാനപ്പെട്ട വികസന പദ്ധതികള്‍ ഭരണത്തില്‍ യാതൊരു പരിചയവുമില്ലാത്തവര്‍ തകര്‍ത്തു കളയുമ്പോള്‍ ഞങ്ങള്‍ക്കതു സഹിക്കാനാവില്ല. അത് അനുവദിക്കുകയുമില്ല. തോറ്റു പിന്‍മാറുകയുമില്ല. കോണ്‍ഗ്രസിന്റെയോ കമ്മ്യൂണിസ്റ്റിന്റെയോ പിന്തുണയില്ലാതെ 13 കൊല്ലമായി ഇവിടെ ഭരിക്കുന്നവരാണ് ഞങ്ങള്‍. അതിനാല്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും,’ ജെയിംസ് പന്തമാക്കല്‍ പറഞ്ഞു.

എന്തായാലും, 2013 മുതല്‍, കാസര്‍ഗോഡ് ഈസ്റ്റ് എളേരിയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി കാത്തിരിക്കുന്നു. ഇതിനായി കോടികളുടെ ഫണ്ടും ലഭിച്ചിരുന്നു. പക്ഷേ, വെള്ളം മാത്രം കിട്ടിയില്ല. ഇനിയുമുണ്ട് കൈയില്‍ കോടികള്‍. പക്ഷേ, വെള്ളമെത്തുമോ എന്ന കാര്യം സംശയം. എന്തായാലും വൃഷ്ണകഥ നൂറു ശതമാനവും കള്ളമാണ് എന്ന് ജെയിംസ് പന്തമാക്കലിന്റെ സംസാരത്തില്‍ നിന്നു തന്നെ വ്യക്തമാണ്. ഈ കഥകള്‍ എന്തിനാണ് പ്രചരിപ്പിച്ചത് എന്നും വ്യക്തമാണ്. ഇത്തരത്തില്‍ ഒരു സ്ത്രീയെ നാണം കെടുത്തി, താന്‍ പറയുന്നവരെ ഈ പണിയുടെ കരാര്‍ ഏല്‍പ്പിക്കുക എന്നതായിരുന്നിന്നിരിക്കണം പന്തമാക്കലിന്റെ ലക്ഷ്യം.

ഈ കേസ് പോലീസ് അന്വേഷിക്കണം. ജെയിംസ് പന്തമാക്കലിന്റെ വൃഷ്ണം സിന്ധു ടോമി ഞെരിച്ചോ ഇല്ലയോ എന്നു കണ്ടെത്താനല്ല, മറിച്ച്, തുടയിടുക്കില്‍ സുരക്ഷിതമായിരിക്കുന്ന സ്വന്തം വൃഷ്ണം പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്ത ഒരുവന്റെ കൈയില്‍ ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഏല്‍പ്പിച്ച കോടികളുടെ ഫണ്ട് എവിടേക്കു പോയി എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക തന്നെ വേണം. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് അധികാര വികേന്ദ്രീകരണവും പഞ്ചായത്തീ രാജ് ഭരണ സംവിധാനവും നിലവില്‍ വന്നത്. എന്നാല്‍, പഞ്ചായത്തിലുള്ള, ജനങ്ങളെ ഏറ്റവും അടുത്തറിയുന്നവര്‍ തന്നെ ജനങ്ങള്‍ക്കു പാരയാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനൊരറുതിയുണ്ടാവണം. ലഭിച്ച കോടികള്‍ ജനങ്ങളിലേക്കെത്താതെ എവിടേക്കു പോയി ആരു കൊണ്ടുപോയി എന്നറിയണം. അതിനുള്ള അന്വേഷണമാണ് നടക്കേണ്ടത്. ഇച്ഛാശക്തിയുള്ള ഭരണസംവിധാനമാണ് ഇപ്പോഴുള്ളതെങ്കില്‍, അവര്‍ ശ്രമിക്കേണ്ടതും ജനങ്ങളുടെ അവകാശങ്ങള്‍ ആരു തട്ടിയെടുത്തു എന്നു കണ്ടെത്താനാണ്.



Tags: #JamesPanthamakkal, #Testicleofmansmashedbywoman #EastEleryPanchayath #Jalanidhi, #SindhuTomy

Leave a Reply

Your email address will not be published. Required fields are marked *