Jess Varkey Thuruthel
‘ ലോകം കീഴടക്കിയ മഹത് വ്യക്തികള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചിരുന്നത് ഒരേയൊരു കാര്യമാണ്. ലക്ഷ്യത്തിലെത്താനുള്ള കൃത്യമായ പ്ലാനിംഗും പദ്ധതിയുമാണത് (World Champion). വളര്‍ന്നുവരുന്ന ഓരോ കുട്ടിക്കും മുന്നില്‍ ഈ ലോകത്തിലെ തിന്മകള്‍ നിരവധി വഴികള്‍ തുറന്നിട്ടിരിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ആഭാസങ്ങളുടെയും മോശപ്പെട്ട കൂട്ടുകെട്ടുകളുടെയും നിരവധിയായ വഴികള്‍. കുടുംബ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും കുട്ടികളെ അത്തരം ലോകത്തേക്ക് അതിവേഗം വലിച്ചടുപ്പിച്ചേക്കാം. നൈമിഷിക സുഖങ്ങളുടെ മായിക വലയത്തിലേക്ക് ചെന്നെത്തുവാന്‍ മനസ് കൊതിച്ചേക്കാം. അത്തരം സുഖങ്ങള്‍ തേടിപ്പോയവരെല്ലാം വീണുപോയ ചെളിക്കുഴിയുടെ ആഴം ചിന്തിക്കാനാകുന്നതിലും അപ്പുറമാണ്. അത്തരം ജീവിതങ്ങളെ നിരന്തരം കാണുന്ന ഒരു പോലീസ് ഓഫീസറാണു ഞാന്‍.
അതിനാല്‍, കുട്ടികളെ, ഒരേയൊരു കാര്യം മാത്രമേ എനിക്കു നിങ്ങളോടു പറയാനുള്ളു. ലോകം മുഴുവനുമറിയപ്പെടുന്ന മഹത് വ്യക്തികളും ചാമ്പന്മാരുമായിട്ടുള്ളവര്‍ അമാനുഷിക ശക്തിയുള്ളവരല്ല, മറിച്ച് നിങ്ങളെപ്പോലെയുള്ള കഴിവുകളുള്ള സാധാരണ മനുഷ്യരാണ്. അവര്‍ ലോകം കീഴടക്കാന്‍ കാരണം കൃത്യമായ പ്ലാനിംഗും പദ്ധതിയും ആ പദ്ധതിയില്‍ അടിയുറച്ചു നില്‍ക്കുവാനുള്ള മനസുമാണ്. നിങ്ങള്‍ക്കും നാളെ ലോകമറിയുന്ന ചാമ്പ്യന്മാരാകാം. ഇപ്പോഴേ തന്നെ നിങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യുക, അതിനായി പദ്ധതികള്‍ തയ്യാറാക്കുക. ജീവിക്കാന്‍ കുറുക്കുവഴികളൊന്നുമില്ലെന്നും നിങ്ങള്‍ മനസിലാക്കിയേ തീരൂ,’ കോതമംഗലം എസ്.എച്ച്.ഒ. ബിജോയ് പി ടി പറഞ്ഞു.
കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിന്റെയും, ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കായിക പരിശീലനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലിക്കുന്ന കായിക താരങ്ങളുടെ കളര്‍ ബെല്‍റ്റ് ഗ്രേഡിങ്ങിനും സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുമായി നടത്തപ്പെട്ട ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന കളര്‍ ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റ് പാസ്സായ കുട്ടികളുടെ ബെല്‍റ്റ് അവാര്‍ഡ് ദാനം ജപ്പാന്‍ കരാട്ടെ സെന്ററിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ജോയി പോള്‍ നിര്‍വഹിച്ചു. പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.സി.ആനി ജോസ് അധ്യക്ഷത വഹിച്ചു.
കുറ്റവാളികള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ട് കാലം കുറെയായി. സൈബര്‍ ക്രൈം ഉള്‍പ്പടെ നിരവധിയായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ പ്രായം തന്നെയാണ് അതിന് ഉദാഹരണം. വളരുന്ന പ്രായത്തില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങിത്തിരിച്ച് ജീവിതം തകര്‍ത്തെറിയുകയാണ് വിദ്യാര്‍ത്ഥികള്‍. പലരെയും ചതിയില്‍പ്പെടുത്തി കൊണ്ടുപോകുന്നു. എന്നാല്‍ പ്രലോഭനത്തില്‍ പെട്ട് ചതിക്കുഴിയില്‍ സ്വയം വീഴുന്നവരുമുണ്ട്. ഇത്തരം പ്രലോഭനങ്ങളെ അതിജീവിക്കാനും മനസിനെ ഏകാഗ്രമാക്കി ലക്ഷ്യത്തിലേക്കു കുതിക്കാനും കരാട്ടെ പോലുള്ള ആയോധന കലകള്‍ വളരെയേറെ പ്രയോജനം ചെയ്യുമെന്നും എസ്.എച്ച്.ഒ ബിജോയ് പറഞ്ഞു.
മനസിനെയും ശരീരത്തെയും നിയന്ത്രിക്കാനും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും പോകാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കാനും കരാട്ടെ പോലുള്ള പരിശീലന പദ്ധതികള്‍ കുട്ടികളെ സഹായിക്കുമെന്ന് മാതാപിതാക്കള്‍ക്കളുടെ പ്രതിനിധിയായി പങ്കെടുത്ത ഡോ. സജീഷ് മേനോന്‍ പറഞ്ഞു. ‘കുട്ടികള്‍ വഴിതെറ്റിപ്പോകാതിരിക്കുക എന്നത് ഏതൊരു മാതാവിന്റെയും പിതാവിന്റെയും ജീവിതാഭിലാഷമാണ്. ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണ് ഇന്ന് ഓരോ കുടുംബങ്ങളിലുമുള്ളത്. എത്ര കുട്ടികള്‍ ഉണ്ടെങ്കിലും തെറ്റായ പാതയിലൂടെ മക്കള്‍ പോയാല്‍, മാതാപിതാക്കളുടെ നെഞ്ചിലെരിയുന്നത് തീയായിരിക്കും. മരണം വരെ ആ ദു:ഖം അവരെ പിന്തുടരുകയും ചെയ്യും. അതിനാല്‍ പ്രലോഭനങ്ങളെയും ചതിക്കുഴികളെയും തെറ്റായ കൂട്ടുകെട്ടുകളും ഉപേക്ഷിക്കാനും അതിജീവിക്കാനും മക്കളെ പ്രാപ്തരാക്കുക എന്നതാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. കരാട്ടെ പഠനം അതിനുള്ള മികച്ച വേദിയാണ്,’ സജീഷ് മേനോന്‍ പറഞ്ഞു.
ചടങ്ങില്‍ ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിജി അഗസ്റ്റിന്‍, പരിശീലകരായ ജയ സതീഷ്, റോസ് മരിയ ബിജു, സാറ സാദിഖ്, കാര്‍ത്തിക ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ദേവന അജീഷ് സ്വാഗതവും ഗൗതം ശ്രീകുമാര്‍ കൃതജ്ഞതയും പറഞ്ഞു.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975