Jess Varkey Thuruthel
2002ലെ ഗുജറാത്ത് കലാപകാലത്ത്, മുസ്ലീങ്ങള്‍ക്കെതിരെ നടന്ന വംശീയ വെറിയുടെ ആ ഇരുണ്ട കാലത്ത്, 21 വയസുകാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അതിനു ശേഷം കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ, അവരുടെ മൂന്നുവയസുള്ള കുട്ടി ഉള്‍പ്പടെ കുടുംബത്തിലെ ഏഴുപേരെ ആ കാപാലികര്‍ കൊന്നുതള്ളി.
തങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകള്‍ നടപ്പാക്കിയ കാപാലികര്‍ ശിക്ഷിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി ബില്‍ക്കിസ് ബാനു നിലകൊണ്ടു. സി ബിഐ അന്വേഷിച്ച ഈ കേസില്‍, 2008 ല്‍ കുറ്റവാളികളായ 11 പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017ല്‍ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, 2022 ഓഗസ്റ്റ് 15 ന് ഗുജറാത്ത് സര്‍ക്കാര്‍ കേസിലെ 11 കുറ്റവാളികളെയും വെറുതെ വിടുകയായിരുന്നു. പ്രതികളെ രക്ഷിച്ചെടുക്കാന്‍ വേണ്ടി ഇല്ലാത്ത അധികാരമുപയോഗിക്കുകയായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ എന്നത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ബലാത്സംഗത്തിന് ഇരയാകുന്ന ഓരോ പെണ്‍കുട്ടിക്കും പിന്തുടരാവുന്ന മാതൃകയാണ് ബില്‍ക്കിസ് ബാനു. ഇരയുടെ പേടിയും മാനക്കേടും സമൂഹത്തിന്റെ നോട്ടവും ഭയന്ന് മുഖം മറച്ച് വീട്ടകങ്ങളില്‍ അഭയം തേടുകയും ചെയ്യുമ്പോള്‍ ഒരു സ്ത്രീയിവിടെ ഇന്ത്യയിലെ പ്രധാനമന്ത്രി കൂടി ഉള്‍പ്പെട്ട കേസില്‍ നിവര്‍ന്നു നിന്നു പോരാടുന്നു!
മാനഭയം, ജീവഭയം, കോടതി മുറികളിലെ തൊലിയുരിക്കല്‍ ഇതെല്ലാം ഉയര്‍ത്തിക്കാട്ടി ഓരോ ബലാത്സംഗികള്‍ക്കും മാപ്പുകൊടുക്കുന്ന ഇരകളും അവരുടെ കുടുംബങ്ങളും നെഞ്ചിലേറ്റേണ്ട പേരാണ് ബില്‍ക്കിസ് ബാനുവിന്റെത്. പ്രതികളുടെ ഭീഷണികള്‍ക്കോ അവരുടെ ഉന്നത ബന്ധത്തിനോ സ്വാധീനത്തിനോ പണം കൊണ്ടു നിശബ്ദയാക്കാനുള്ള ശ്രമങ്ങള്‍ക്കോ വശംവദയാകാതെ, പൊരുതി നിന്ന കരുത്തയായ സ്ത്രീ. മുഖം മറച്ചു കൊണ്ടല്ല അവര്‍ ഇക്കാലമത്രയും പൊരുതിയത്. തന്റെ മുഖം പൊതുജനമധ്യത്തില്‍ തുറന്നു കാട്ടി, തലകുനിക്കേണ്ടത് താനല്ല, മറിച്ച് പ്രതികളാണ് എന്ന കൃത്യമായ സന്ദേശം നല്‍കി അവര്‍ ഇക്കാലമത്രയും പോരാടുകയായിരുന്നു.
കേരളത്തില്‍, കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ, എന്തിന്, കത്തിക്കരിഞ്ഞ മൃതശരീരം പോലും പീഡനത്തിന് ഇരയായിട്ടുണ്ട്. പോക്‌സോ നിയമം ശക്തമായതോടെ, 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മേലുള്ള അതിക്രമങ്ങളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. എന്നിരുന്നാലും പ്രതികളുടെ ഭീഷണികള്‍ക്കും പണം നല്‍കിയുള്ള സ്വാധീനങ്ങള്‍ക്കും പല ഇരകളും അവരുടെ കുടുംബങ്ങളും കീഴടങ്ങുന്നുമുണ്ട്. പൊരുതാന്‍ തീരുമാനിച്ചവരാകട്ടെ, മുഖം മറച്ചുവച്ചും കരഞ്ഞു നിലവിളിച്ചും പ്രശ്‌നങ്ങളോടു പ്രതികരിക്കുന്നു. എതിര്‍പ്പുകളും ഭീഷണികളും എത്രമാത്രം ശക്തമാണെങ്കിലും ബില്‍ക്കിസ് ബാനുവിനെപ്പോലെ തലഉയര്‍ത്തിപ്പിടിച്ചു പോരാടാന്‍ പറ്റണം ഓരോ ഇരകള്‍ക്കും. അതിലൂടെ മാത്രമേ ബലാത്സംഗികളെ നിലയ്ക്കു നിര്‍ത്താന്‍ സാധിക്കുകയുള്ളു.
എല്ലാ ബലാത്സംഗക്കേസുകളിലും ഇതു സാധ്യമായിക്കൊള്ളണമെന്നില്ല. പൊരുതാന്‍ ജീവിച്ചിരുന്നേ മതിയാകൂ. ജീവനു തന്നെ ഭീഷണി ആയാല്‍ മറഞ്ഞിരുന്നും പൊരുതിയേ തീരൂ. പക്ഷേ, ബലാത്സംഗിക്കു മുന്നില്‍ കീഴടങ്ങരുതെന്നു മാത്രം. കാരണം, തോറ്റുപിന്മാറുന്ന ഓരോ പെണ്ണും ബലാത്സംഗത്തിനും ബലാത്സംഗിക്കും വളമാവുകയാണ്. അതനുവദിച്ചു കൂടാ.
…………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :