മതത്തിന്റെ പേരില്‍ കുഞ്ഞുങ്ങളോടു കാണിക്കുന്ന കൊടും ക്രൂരത


Jess Varkey Thuruthel

മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം മൂലം വേദനയുടെ ലോകത്തിലേക്ക് ഒരു കുഞ്ഞു കൂടി. പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് കൈയൊടിഞ്ഞു. മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയതിനാല്‍ മാത്രമാണ് ആ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍, അത്രയും ഉയരത്തില്‍ നിന്നും വീണതിനാല്‍ ഒരുപക്ഷേ ആ കുഞ്ഞിന് ജീവന്‍ പോലും നഷ്ടമാകുമായിരുന്നു.

കുഞ്ഞുങ്ങള്‍ എപ്പോഴും ഇരകളാണ്, കണ്ണും കാതും മനസാക്ഷിയുമില്ലാത്ത മതവിശ്വാസത്തിന്റെ ഇരകള്‍. മുതിര്‍ന്നവര്‍ പറയുന്നു, അവര്‍ക്ക് നിശബ്ദം അനുസരിക്കേണ്ടി വരുന്നു. എതിര്‍ക്കാനവര്‍ക്കു കഴിയില്ല, എതിര്‍ത്തിട്ടു കാര്യവുമില്ല. മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കും. ഇത് ഒരു മതത്തില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല. എല്ലാ മതത്തിലും ഇതുതന്നെയാണ് നടക്കുന്നത്. മതവിശ്വാസത്തിന് അടിമകളാക്കപ്പെട്ടവര്‍ തങ്ങളുടെ മക്കളെ ദൈവവിശ്വാസത്തില്‍ വളര്‍ത്താന്‍ വേണ്ടി എന്തു ക്രൂരതയ്ക്കും കൂട്ടു നില്‍ക്കും. എത്ര വലിയ വേദനകളിലൂടെയും അവരെ പറഞ്ഞയക്കും. ദൈവത്തിനു വേണ്ടി സഹിക്കേണ്ടി വരുന്ന വേദന എത്ര കഠിനമാകുന്നുവോ അത്രത്തോളം തങ്ങളുടെ വിശ്വാസം അടിയുറച്ചതാണെന്ന് ഈ മൂഢമണ്ഡൂകങ്ങള്‍ വിശ്വസിക്കുന്നു.

ഇത് ഒരു മതത്തില്‍ മാത്രം സംഭവിക്കുന്നതല്ല. ബുദ്ധിയും ചിന്താശേഷിയും നഷ്ടപ്പെട്ട മുതിര്‍ന്നവര്‍ ഇത്തരം സ്വയം മുറിപ്പെടുത്തലുകളിലൂടെ തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിനെ യാതൊന്നും പറയാനാവില്ല. അത് അവരുടെ ഇഷ്ടം, അവരുടെ ശരീരം, അവരുടെ തീരുമാനം. പക്ഷേ, സ്വന്തം അന്ധവിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഇവര്‍ തകര്‍ത്തെറിയുന്നത് സ്വതന്ത്രമായി ചിന്തിക്കാനുള്ള കുട്ടികളുടെ ശേഷിയെക്കൂടിയാണ്. ദൈവം ആനന്ദിക്കുന്നത് മനുഷ്യരുടെ വേദനകളിലൂടെയാണ് എന്ന വിശ്വാസം ഇവര്‍ ഈ കുരുന്നു മനസുകളില്‍ അടിച്ചേല്‍പ്പിക്കുന്നു. കവിളില്‍ ശൂലങ്ങള്‍ തറച്ചു കയറ്റുക, ഗരുഡന്‍ തൂക്കം, ലിംഗാഗ്രം ഛേദിക്കുക, മണിക്കൂറുകളോളം മുട്ടില്‍ നില്‍ക്കുക, മുട്ടിലിഴയുക, ശയന പ്രദക്ഷിണങ്ങള്‍ നടത്തുക തുടങ്ങിയ ഒട്ടനവധി സ്വയം ശിക്ഷാ നടപടികളാണ് വിശ്വാസവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്നത്. ഇതെല്ലാം കുട്ടികളുടെ മനസിലുണ്ടാക്കുന്നത് തെറ്റായ ചിന്താഗതികളാണ്.

ശരീരം കീറിമുറിച്ചു കൊണ്ടുള്ള കൊടും ക്രൂരതകള്‍ അരങ്ങേറുമ്പോള്‍, അവ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്ത് വിവാദമാകുമ്പോള്‍ മാത്രം ബാലാവകാശ കമ്മീഷന്‍ കേസെടുക്കാറുണ്ട്. പക്ഷേ, നാളിതുവരെ, കുട്ടികളെ ഇത്തരം ക്രൂരതകളിലേക്കു തള്ളിവിടുന്ന മാതാപിതാക്കള്‍ക്കെതിരെയോ ആരാധനാലയങ്ങള്‍ക്കെതിരെയോ അതിന്റെ നടത്തിപ്പുകാര്‍ക്കെതിരെയോ ശിക്ഷാ നടപടികള്‍ യാതൊന്നും കൈക്കൊണ്ടിട്ടില്ല. ഒരു മാതാവും പിതാവും ഇതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇനിയഥവാ ശിക്ഷ വിധിച്ചാല്‍ത്തന്നെ, തങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദവുമായി വിശ്വാസികളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഈ നാടു തന്നെ ചാമ്പലാക്കും.

കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് ഈയിടെ കോടതി ഉത്തരവുണ്ടായിരുന്നു. മതത്തിന്റെ ചട്ടുകമായി ഉപയോഗിക്കരുതെന്ന വിധിയും ഇനി കോടതി തന്നെ കൈക്കൊള്ളേണ്ടിയിരിക്കുന്നു. മുതിര്‍ന്നവരുടെ വിശ്വാസത്തിനു വേണ്ടി കുട്ടികളുടെ ആഗ്രഹങ്ങളെ ബലി കഴിക്കുകയാണിവര്‍ ചെയ്യുന്നത്. ഭാവി തലമുറയെപ്പോലും മതത്തിന്റെ ചങ്ങളക്കൊളുത്തില്‍ പൂട്ടിയിടാനുള്ള തന്ത്രം. ചെറിയ കുട്ടികള്‍ മത പ്രചാരകരാകുകയും അത്രം കാഴ്ചകള്‍ വന്‍ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മതം എന്നത് കര്‍ത്തവ്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള വലിയൊരു തന്ത്രമാണ്. ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനും. എല്ലാം ദൈവം നോക്കിക്കൊള്ളുമെന്നു വിശ്വസിപ്പിച്ച് ഒന്നും ചെയ്യാതിരിക്കുക, പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുക. ഈ തന്ത്രമാണിവിടെ പയറ്റിക്കൊണ്ടിരിക്കുന്നത്. എല്ലാം അറിയുന്ന ദൈവത്തിന് ഒരു മനുഷ്യന്റെ വിശ്വാസം എത്രമാത്രമുണ്ടെന്നു മനസിലാകാന്‍ ഇങ്ങനെ ശരീരത്തിലൂടെ ശൂലം തറയ്‌ക്കേണ്ടതുണ്ടോ? കഴുമരത്തില്‍ തൂങ്ങിയാടും പോലെ തൂങ്ങേണ്ടതുണ്ടോ? പട്ടിണി കിടക്കേണ്ടതുണ്ടോ? നിലത്തുരുളേണ്ടതുണ്ടോ? എത്രവലിയ തെറ്റിദ്ധാരണയാണ് കുട്ടികളുടെ മനസിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്. ഇതിനെല്ലാം അറുതിയുണ്ടാവണം. ഈ ഭക്തി ഭ്രാന്ത് അവസാനിപ്പിച്ചേ തീരൂ.


………………………………………………………………………………………..


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………….

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *