Thamasoma News Desk
യൂ ട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിനെ (Chekuthan Aju Alex) വെളുപ്പിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോള്‍ ചെകുത്താന്റെ കിങ്കരന്മാര്‍. A.M.M.A ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ പലരും ലൈംഗിക ആരോപണ പരാതിയുമായി മുന്നോട്ടു വന്നതോടെയാണ് ചെകുത്താനെ വെളുപ്പിക്കാനുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇത് ചെകുത്താന്റെ പ്രതികാരമാണെന്ന രീതിയിലാണ് പോസ്റ്റുകള്‍ മിക്കതും.
തിരുവല്ല മഞ്ഞാടി സ്വദേശിയായ അജു അലക്‌സാണ് ചെകുത്താന്‍ എന്ന യൂ ട്യൂബ് ചാനലിന്റെ ഉടമ. ചാനല്‍ ആരംഭിച്ച കാലം മുതലിന്നോളം തന്റെ ചാനലിലൂടെ ഇയാള്‍ നടത്തിയത് മ്ലേച്ഛമായ വ്യക്തിഹത്യകളായിരുന്നു. ലഹരി ഉപയോഗിച്ചാലെന്ന വിധമുള്ള സംസാര രീതിയും വിമര്‍ശനങ്ങളുമായിരുന്നു ചെകുത്താന്റേത്. വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തിയതിനെയും ഇയാള്‍ അധിക്ഷേപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ A.M.M.A ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ധിഖ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ചെകുത്താനെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ കംപ്യൂട്ടറുകളും മറ്റും പോലീസ് പിടിച്ചെടുത്തിരുന്നു.
ചെകുത്താന്റെ നിരന്തരമായ അധിക്ഷേപത്തില്‍ പൊറുതിമുട്ടിയ നടന്‍ ബാല ഇയാളുടെ ഫ്‌ളാറ്റിലെത്തി പ്രതിഷേധിച്ചിരുന്നു. തോക്കെടുത്തു വെടിവയ്ക്കാന്‍ ശ്രമിച്ചു എന്ന രീതിയിലും വാര്‍ത്ത വന്നിരുന്നു. കൊടിയ വിഷമായ, സമൂഹത്തെ മലീമസമാക്കുന്ന ചെകുത്താനുവേണ്ടി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ് ഇയാളുടെ ആരാധകര്‍. ഏതു ചെകുത്താനും ആരാധകരുണ്ട് ഇവിടെ എന്നതാണ് ഏറ്റവും ദയനീയം.
ലൈംഗിക അതിക്രമം ഉള്‍പ്പടെ നിരവധി കുറ്റങ്ങളില്‍ ആരോപണ വിധേയനായനാണ് സിദ്ധിഖ്. ചെകുത്താന്റെ ശാപമാണെന്ന മട്ടിലാണ് ഇപ്പോഴുള്ള പ്രചാരണങ്ങള്‍. സമൂഹത്തിന്റെ ശാപമായി, ആരെയും അധിക്ഷേപിച്ചു സംസാരിക്കുന്ന, അതി മ്ലേച്ഛഭാഷയില്‍ വിമര്‍ശിക്കുന്ന ചെകുത്താന്‍ സമൂഹത്തിലെ പുഴുക്കുത്താണ്. ഇവരെപ്പോലുള്ളവര്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. ഒരു സമൂഹം നിലനില്‍ക്കുന്നത് നന്മയുടെ പേരിലാണ്. അല്ലാതെ വിമര്‍ശനമെന്ന പേരില്‍ എന്തു നെറികേടും വിളിച്ചു പറയുക എന്നതല്ല. ആര്‍ക്കും ആരെയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, അപ്പോഴും വ്യക്തിഹത്യ നടത്താന്‍ ആ്ര്‍ക്കും അനുവാദമില്ല. മ്ലേച്ഛഭാഷയില്‍ അധിക്ഷേപിക്കുന്നതിനെ വിമര്‍ശനമെന്നു വിളിക്കാനുമാകില്ല.
ചെകുത്താനെതിരെയുള്ള നിയമ നടപടി ശരിയാണ്. മോഹന്‍ലാല്‍ എന്ന നടനെ മാത്രമല്ല ഇയാള്‍ അധിക്ഷേപിച്ചിട്ടുള്ളത്. എങ്കിലും ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് മോഹന്‍ലാലിനെതിരെയാണ്. കൂടുതല്‍ പോപ്പുലറായവര്‍ക്കെതിരെ മോശം പറഞ്ഞ് പരദൂഷണക്കാരെ തൃപ്തിപ്പെടുത്തി ചാനലിനു കാഴ്ചക്കാരെക്കൂട്ടുകയാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. അടുത്ത വീട്ടിലേക്ക് ഒളിഞ്ഞുനോക്കി വേണ്ടതും വേണ്ടാത്തതും പറഞ്ഞു നടക്കുന്ന നാട്ടിന്‍പുറത്തെ പരദൂഷണക്കാരെക്കാള്‍ മോശപ്പെട്ട ഒരു ചെകുത്താന്‍ മാത്രമാണ് അജു അലക്‌സ്. അയാള്‍ക്കിപ്പോള്‍ മാന്യതയുടെ മുഖം നല്‍കാനുള്ള മനപ്പൂര്‍വ്വമായ ശ്രമമാണ് നടന്നു വരുന്നത്.
ചെകുത്താന്‍ തന്നെ പണം മുടക്കി നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമമാകും ഇപ്പോള്‍ നടക്കുന്നത്. നാലു ഫാന്‍സ് കൂടെയുണ്ടെങ്കില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന ധിക്കാരത്തിന് നിയമ നടപടിയിലൂടെ മറുപടി പറഞ്ഞേ തീരൂ. ഇത്തരക്കാരെ വെളുപ്പിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം അനിവാര്യമാണ്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975