Jess Varkey Thuruthel & Zachariah
മൃദു ഹിന്ദുത്വത്തില്‍ നിന്നും തീവ്രഹിന്ദുത്വത്തിലേക്ക്, അഥവാ മനസുറപ്പിച്ച് 16-ാം നൂറ്റാണ്ടിലേക്കു യാത്ര തിരിച്ചിരിക്കുകയാണ് ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. കേരള രാഷ്ട്രീയത്തിലെ നെടുംതൂണുകളായ രണ്ടു പേരായിരുന്നു കെ കരുണാകരനും ആന്റണിയും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നിട്ടു വലിയ കാര്യമില്ലെന്നു മനസിലാക്കിയ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് ആദ്യം ബി ജെ പിയിലേക്കു ചാടിയത്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും അനില്‍ ആന്റണി മത്സരിക്കുന്നു.
സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനും വേണ്ടി ആരുടെയും കാലുപിടിക്കാന്‍ തയ്യാറുള്ള ഇത്തരം നേതാക്കള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാഴ്മരങ്ങളാണ്. പാഴ്മരങ്ങളെന്നു പോലും ഇവരെ വിശേഷിപ്പിക്കാന്‍ കഴിയില്ല, കാരണം അവയ്ക്കു പോലും എന്തെങ്കിലും പ്രയോജനങ്ങളുണ്ടാവും. പക്ഷേ, ഈ രാഷ്ട്രീയക്കാര്‍ ജനജീവിതം ദു:സ്സഹമാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
വര്‍ഗ്ഗീയതയല്ലാതെ നേതാക്കള്‍ക്കാര്‍ക്കും ഒന്നും പറയാനില്ല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കും പോലും! എന്നിട്ട്? എന്തിനാണ് വിശ്വാസം? എന്തിനാണ് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നത്? ദാരിദ്ര്യത്തില്‍ നിന്നും രോഗത്തില്‍ നിന്നും കഷ്ടതകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നുമെല്ലാമുള്ള മുക്തിക്കായിട്ടാണ് ഓരോ മനുഷ്യരും പ്രാര്‍ത്ഥിക്കുന്നത്. ജനങ്ങളുടെ ജീവനും സമ്പത്തും സംരക്ഷിച്ച്, എല്ലാവര്‍ക്കും ക്ഷേമവും നീതിയും നിയമവും ഉറപ്പു വരുത്തുക എന്നതാണ് ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യം. അപ്പോള്‍, ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്നതാണോ ഭരണാധികാരികളും നേതാക്കളും ചെയ്യേണ്ടത്? എല്ലാവര്‍ക്കും നീതി നടപ്പാക്കണം, അതു നടപ്പാക്കേണ്ടത് ദൈവമല്ല, മറിച്ച് അതിനായി ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് ചെയ്യേണ്ടത്.
ജനങ്ങള്‍ക്കു നീതി ഉറപ്പാക്കാന്‍ കഴിവില്ലാത്ത ഭരണാധികാരികള്‍ക്കും അധികാരി വര്‍ഗ്ഗത്തിനും ഒന്നേ പറയാനുള്ളു, എല്ലാം ദൈവം നോക്കിക്കൊള്ളുമെന്ന്. ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭരണത്തിലേറുന്നവരുടെ ലക്ഷ്യം ഒന്നേയുള്ളു, ഇവിടെ അടിമകളായ മനുഷ്യരെ സൃഷ്ടിക്കുക എന്നത്. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ജാതീയത ഇവിടെ വീണ്ടും തഴച്ചു വളരണം. അതിനു വേണ്ടത് ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും തകര്‍ച്ചയാണ്.
മതനിരപേക്ഷതയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള നമ്മുടെ രാജ്യത്തെ ഹിന്ദുത്വയുടെ തൂണില്‍ ബന്ധിക്കണം. ഇവിടെ നിന്നും പിഴുതെറിഞ്ഞ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇവിടെ വീണ്ടും തിരികെ കൊണ്ടുവരണം. ഭരിക്കാനും ഭരിക്കപ്പെടാനും മനുഷ്യരുണ്ടാവണം. ജനങ്ങള്‍ക്ക് അവകാശപ്പെട്ട നീതിയും നിയമവും നടപ്പാക്കിക്കിട്ടാന്‍ അധികാരി വര്‍ഗ്ഗത്തിനു മുന്നില്‍ തൊഴുകൈയോടെ നില്‍ക്കാന്‍ ആളുണ്ടാവണം.
മതത്തിന്റെയും ദൈവത്തിന്റെയും ശാപങ്ങളുടെയും അനുഗ്രഹങ്ങളുടേയും പേരില്‍ ഭയപ്പെടുത്തിയാണ് മനുഷ്യരെ മനുഷ്യര്‍ അടിമകളാക്കി വച്ചിരുന്നത്. അതേ തന്ത്രം തന്നെ ഈ 21 -ാം നൂറ്റാണ്ടിലും ഇവര്‍ പയറ്റുന്നു, അതും അത്യാധുനിക ടെക്‌നോളജികള്‍ ഉപയോഗിച്ചു കൊണ്ട്.
അര്‍ഹിച്ച സ്ഥാനം ലഭിക്കാതെ വന്നപ്പോള്‍, കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങി പുതിയ പാര്‍ട്ടി രൂപീകരിച്ചയാളാണ് ലീഡര്‍ കെ കരുണാകരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലല്ലാതെ തനിക്ക് വേറൊരു പാര്‍ട്ടിയിലും നിലനില്‍പ്പില്ല എന്ന തിരിച്ചറിവു കൊണ്ടു മാത്രം മറുകണ്ടം ചാടാത്ത ആളാണ് എ കെ ആന്റണി. ഇവരുടെ മക്കളായ അനില്‍ ആന്റണിയും പത്മജ വേണുഗോപാലും മാത്രമല്ല, പണവും അധികാരവും വാരിപ്പിടിക്കാന്‍ മറുകണ്ടം ചാടിയ നേതാക്കള്‍ അനവധിയാണ്.
അധികാരത്തിനും പണത്തിനും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പോകുന്നവര്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങളെയാണ് തകര്‍ത്തെറിയുന്നത്. സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ മൂല്യങ്ങളെ വലിച്ചെറിഞ്ഞ് ഏത് വര്‍ഗ്ഗീയതയ്ക്കുമൊപ്പം പോകാന്‍ മടിയില്ലാത്ത ഇവരെപ്പോലുള്ള നേതാക്കളും ഭരണാധികാരികളുമാണ് ഈ നാടിന് ആപത്ത്. ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ഇന്ത്യയുടെ നട്ടെല്ല് ഇവിടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗത്തിലാണെന്നു വിശ്വസിക്കുന്ന, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, ഒന്നിനു വേണ്ടിയും ഈ രാജ്യത്തെ ഒറ്റുകൊടുക്കാത്ത നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം. അല്ലാതെ, ഇത്തരം പാഴുകളെക്കൊണ്ട് ഈ നാടിന് യാതൊരു ഗുണവുമില്ല, ദോഷങ്ങള്‍ മാത്രമേയുള്ളു.
കരുത്തും ആത്മാര്‍ത്ഥതയും ഈ രാജ്യത്തോടുള്ള അര്‍പ്പണബോധവും മതേതര മൂല്യങ്ങളുമുള്ളവരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍…!
……………………………………………………………………………….
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്. ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170 Name of the account holder : Jessy T. V Bank: The Federal Bank Branch: Oonnukal A/C NO: 10 290 100 32 5963 IFSC code: FDRL0001772 ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല. --തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--
................................................................................................ തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ : https://whatsapp.com/channel/0029Va8AepO0bIduqnOKHH47