വിദേശപഠനം: ഏജന്റുമാര്‍ വില്‍ക്കുന്നത് വ്യാജ സ്വപ്‌നങ്ങള്‍!

Thamasoma News Desk

ഈയടുത്ത കാലത്തായി വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും യു എസ്, യു കെ, കാനഡ, ജര്‍മ്മനി, ഓസ്‌ട്രേലിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വന്‍ ഒഴുക്കാണ്. മെച്ചപ്പെട്ട ജീവിതവും സുഖസൗകര്യങ്ങളും മികച്ച പഠനാനുഭവങ്ങളും സ്വപ്‌നം കണ്ട് ഈ രാജ്യങ്ങളിലേക്ക് എത്തിപ്പെടാന്‍ കാത്തു നില്‍ക്കുന്നവരും അനവധിയാണ്. ഭീമമായ തുക കടമെടുത്തും വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുകയാണ് വിദ്യാര്‍ത്ഥികള്‍. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നും മികച്ച ശമ്പളവും ഒപ്പം പഠനവുമെന്ന മോഹന വാഗ്ദാനത്തില്‍പ്പെട്ട് വിദേശരാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ജീവിതത്തിന്റെ ഏറ്റവും കൈപ്പേറിയ മുഖമാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലായിരുന്നപ്പോള്‍ വളരെ ഉത്സാഹത്തിമിര്‍പ്പോടെ ജീവിതവും പഠനകാലയളവും ആസ്വദിച്ചിരുന്നവര്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ എത്തിയ ശേഷം കചടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയും ഉത്കണ്ഠ, ആത്മഹത്യ ചിന്തകള്‍ എന്നിവയിലൂടെയെല്ലാമാണ് കടന്നു പോകുന്നത്. വിദേശ രാജ്യങ്ങള്‍ ഓരോ വ്യക്തിയുടേയും പറുദീസയാണെന്നു പറഞ്ഞു പ്രലോഭിപ്പിക്കുന്ന ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അവരെ ധരിപ്പിക്കാറില്ല.

സുഹൃത്തുക്കളില്ലാതെ, ഒത്തു ചേരലുകളില്ലാതെ, ജീവിതത്തിന്റെ നിറങ്ങളെല്ലാം നഷ്ടപ്പെട്ട് പഠന കാലയളവ് പൂര്‍ത്തിയാക്കാനുള്ള പെടാപ്പാടിലാണ് പല വിദ്യാര്‍ത്ഥികളും. കൊറോണയ്ക്കു ശേഷം വിദേശ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയിലുള്ള സാമൂഹിക സമ്പര്‍ക്കങ്ങളില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. അത് ഈ രാജ്യങ്ങളിലെ ജീവിത നിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അനിശ്ചിതത്വത്തോടുള്ള അസഹിഷ്ണുതയാണ് ജനങ്ങളില്‍ ഇന്നു കാണുന്നത്. 2020 ല്‍ എം എസ് സി പഠനത്തിനായി യു കെയിലേക്കു പോയ ഒരു വിദ്യാര്‍ത്ഥി പറയുന്നു, ‘വളരെ കഠിനമായ ജീവിതത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഒരു പെട്ടിക്കുള്ളില്‍ ജീവിക്കുന്നതു പോലെയാണ് എനിക്കു തോന്നുന്നത്. രാവിലെ ഉണരുന്നു, യൂണിവേഴ്‌സിറ്റിയില്‍ പോകുന്നു, ഒരു പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു, പിന്നെ ചെറിയ മുറിയിലേക്കു മടങ്ങുന്നു. എല്ലാ ദിവസവം ഇതു തന്നെ ആവര്‍ത്തിക്കപ്പെടുന്നു. ഞങ്ങളിവിടെ അനുഭവിക്കുന്നത് അതിഭീകരമായ ഏകാന്തതയാണ്.’

വ്യാജ പ്രചാരണങ്ങള്‍

കാപ്പിക്കപ്പുകള്‍, ക്ലബ് ജീവിതം, യൂണിവേഴ്‌സിറ്റി ലെക്ച്ചറുകള്‍, വലിയ ലൈബ്രറികള്‍, സുഹൃത്ത് ഗ്രൂപ്പുകള്‍, പാര്‍ട്ടികള്‍, ലോകമെമ്പാടുമുള്ള യാത്രകള്‍ തുടങ്ങിയവയാണ് ഏജന്‍സികള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വയ്ക്കുന്ന മോഹന വാഗ്ദാനങ്ങള്‍. ഇവയില്‍ വീണുപോകുന്ന വിദ്യാര്‍ത്ഥികളാണ് വിദേശപഠനത്തിനായി തിരക്കു കൂട്ടുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജീവിതം അതീവ ദുഷ്‌കരമാണ്. ജീവിതച്ചിലവുകള്‍ വളരെയധികമാണ് ഇവിടെ. പ്രത്യേകിച്ചും കോവിഡിനു ശേഷം വീട്ടു വാടക വളരെയേറെ കൂടി. ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ പഠനത്തോടൊപ്പം പണി ചെയ്‌തേ തീരൂ. കൊറോണയ്ക്കു ശേഷം നിരവധി വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്കു പോയതിനാലും പല കമ്പനികള്‍ക്കും താഴു വീണതിനാലും ഒരു ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല.

മനോഹരമായൊരു സിനിമ പോലെ ഹൃദ്യമായ ഒരു ജീവിതമാണ് ഏജന്‍സികള്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ തുറന്നു വയ്ക്കുന്നത്. എന്നാല്‍, ഇത് സത്യത്തില്‍ നിന്നും ഏറെ അകലെയാണ്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഇത്തരം അസത്യങ്ങളെ തകര്‍ക്കാനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നു.

‘ഞാന്‍ വളരെ മികച്ച ജീവിതമാണ് ഇവിടെ നയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, ഞാനിവിടെ പാത്രങ്ങള്‍ കഴുകിയോ വെയര്‍ഹൗസുകളില്‍ ജോലി ചെയ്‌തോ ആണ് ജീവിക്കുന്നത്. പകല്‍ സമയങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കാനും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാനും ഞാന്‍ പാടുപെടുന്നു. എനിക്ക് നല്ല ഗ്രേഡ് ലഭിക്കാന്‍ അതികഠിനമായി പ്രയത്‌നിച്ചേ തീരുകയുള്ളു,’ കാനഡയില്‍ പഠിക്കുന്ന കൃതി എന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു.

എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോലും ഇന്ത്യയിലേക്കു പോകാന്‍ എനിക്കു സാധിച്ചില്ല, പോളണ്ടില്‍ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ജോര്‍ജ്ജ് കുരുവിള പറഞ്ഞു. വിദേശ ജീവിതത്തിന്റെ യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ ഏജന്റുമാര്‍ ഒരിക്കലും വിദ്യാര്‍ത്ഥികളോടു പറയില്ല. ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും പഠനത്തിനായി ഇവിടേക്കു വരില്ലായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇവിടെ നേരിടുന്ന വെല്ലുവിളികള്‍ വളരെ കഠിനമാണ്. പഠനം, കോഴ്‌സ് വര്‍ക്ക്, പാര്‍ട്ട് ടൈം ജോലി, വ്യക്തിപരവും പഠനപരവുമായ പ്രതിബന്ധങ്ങള്‍, സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയവയെല്ലാം വെല്ലുവിളികള്‍ തന്നെ.

വിദേശ രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് ജീവിത ചിലവുകളും പഠനച്ചിലവുകളും കണ്ടെത്താമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. ഇങ്ങനെ പഠിച്ചു കൊണ്ടു ജോലി ചെയ്ത് വിദേശ പഠനത്തിനായി എടുത്ത കടം വീട്ടാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. പക്ഷേ, കൈയിലുള്ളതും പണി ചെയ്യുന്നതും എല്ലാം ചെലവഴിച്ചിട്ടും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോവിഡിനു ശേഷം പഠനവും ഓണ്‍ലൈന്‍ അധിഷ്ഠിതമായി. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ജീവിതാനുഭവങ്ങളും നേടുക എന്നതും പ്രയാസമായി. വ്യക്തി ജീവിതം സങ്കല്‍പ്പിക്കാവുന്നതിലുമധികം മോശമാകുന്നു. പുതിയ സംസ്‌കാരവും പുതിയ രാജ്യവുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകളും ഏറെയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള മത്സരശേഷി, അപരിചിതത്വം, വിദ്യാഭ്യാസ സമ്പ്രദായം, കോഴ്‌സ് വര്‍ക്കിന്റെ സങ്കീര്‍ണ്ണത തുടങ്ങിയവയെല്ലാം അവര്‍ക്കു മുന്നില്‍ കീറാമുട്ടികളാകുന്നു.

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം കുറയുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരെ സഹായിക്കാനായി ചില സര്‍വ്വകലാശാലകള്‍ സയന്‍സ് ഓഫ് വെല്‍ബീയിംഗ് തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്.


#ForeignEducation #StudyAbroad #Indianstudents #Parttimejobs #workwhilestudying

Leave a Reply

Your email address will not be published. Required fields are marked *