Jess Varkey Thuruthel
ഒരു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘മുറിവ്’ എന്ന ആല്‍ബത്തിലെ വരികളുടെ പേരില്‍ ഗൗരി ലക്ഷ്മി (Gowry Lakshmi) അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുകയാണ്. ‘എന്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് എട്ട്, സൂചി കുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്റെ പൊക്കിള്‍ തേടി വന്നവന്റെ പ്രായം 40’ എന്ന വരികളാണ് ഏറ്റവും കൂടുതലായി വിമര്‍ശിക്കപ്പെടുന്നത്. ‘ഈ കാര്യം പറഞ്ഞാല്‍പ്പോരെ, എന്തിനീ പാട്ട്’ എന്നുള്ള വിമര്‍ശനങ്ങളുമുണ്ട്. എന്തായാലും ഗൗരി ലക്ഷ്മിയുടെ ‘മുറിവ്’ വൈറലായിക്കഴിഞ്ഞു.
നിമിഷ കവികള്‍ ധാരാളമുള്ളൊരു നാടാണിത്. മുന്‍പുമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. മാര്‍ക്കറ്റില്‍ ചെന്നാല്‍ നിരക്ഷരരായവര്‍ പോലും പാട്ടുരൂപത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്നതു കാണാനാവും. ഗദ്യം പദ്യമാക്കുമ്പോള്‍ ശ്രവണ സുഖമുണ്ടാകും. ഓര്‍ത്തിരിക്കുകയും ചെയ്യും. ഗുരുകുല വിദ്യാഭ്യാസകാലത്ത് പഠനം പോലും ഇത്തരത്തില്‍ പദ്യരൂപത്തിലായിരുന്നു. ഒരിക്കല്‍ പഠിച്ച പാട്ട് മറക്കാതെ മനസിലുണ്ടാകും. ഗദ്യരൂപത്തിലുള്ളവ പെട്ടെന്നു മറക്കുകയും ചെയ്യും.
‘ബാലശിക്ഷയ്ക്കലട്ടുന്നു, ബാലപുത്രി സരസ്വതി
അലട്ടു തീര്‍ത്തു വിട്ടേക്കൂ
വിലപിന്നെത്തരാമെടോ’
എന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വരികള്‍ ഇന്നും മായാതെ നില്‍ക്കുന്നു.
കൊച്ചുകുഞ്ഞുങ്ങള്‍ക്കു നേരെ പോലും ലൈംഗികാക്രമണങ്ങള്‍ ഏറെ നടക്കുന്നൊരു നാടാണിത്. പിറന്നു വീണ പെണ്‍കുഞ്ഞിനും മരണംകാത്തു കിടക്കുന്ന വൃദ്ധയ്ക്കും, എന്തിന് ശവത്തിനു പോലും രക്ഷില്ലാത്ത അപൂര്‍വ്വ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. രോഗാതുരരായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പീഢിപ്പിക്കപ്പെട്ട എത്രയോ സംഭവങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്! ഇതെല്ലാം സത്യം തന്നെ, എങ്കിലും ഗൗരി ലക്ഷ്മിയുടെ വരികളില്‍ ചില സംശയങ്ങളുമുണ്ട്.
സൂചി കുത്താന്‍ ഇടമില്ലാത്ത ഒരു ബസില്‍, കേവലം എട്ടു വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനു നേരെ നടന്ന ലൈംഗികാക്രമണം. അതെന്താണെന്നു പോലും തിരിച്ചറിയാനുള്ള പ്രായം ആ കുഞ്ഞിന് ആയിട്ടില്ല. പക്ഷേ, അത്രയധികം തിരക്കുള്ള ആ ബസില്‍ ആ കുഞ്ഞ് എങ്ങനെ ആ 40 വയസുകാരന്റെ അടുത്ത് എത്തിപ്പെട്ടു? ‘അന്നു ഞാനിട്ട ഡ്രസു പോലും എനിക്കോര്‍മ്മയുണ്ട്’ എന്ന് ഗൗരി ലക്ഷ്മി പറയുന്നു. ‘എനിക്ക് എന്റെ അമ്മയുടെ അടുത്തേക്കു പോകാന്‍ തോന്നി, പക്ഷേ, കഴിഞ്ഞില്ല’ എന്നും ഗൗരി ലക്ഷ്മി പറയുന്നു. തൊട്ടടുത്ത് ആരുമില്ലായിരുന്നെങ്കില്‍ ആ കുഞ്ഞ് തിരക്കില്‍പ്പെട്ട് അതിന് അപകടമുണ്ടാകും. കുഞ്ഞായതിനാല്‍, പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയുമില്ല. ഇട്ടിരുന്ന ഡ്രസ് ഏതാണെന്നു പോലും ഇപ്പോഴും ഓര്‍ക്കുന്ന ഗൗരി ലക്ഷ്മിക്ക് ഇക്കാര്യങ്ങളും ഓര്‍മ്മയുണ്ടാകാതിരിക്കില്ല.
ചെറിയ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് ഇത്തരത്തില്‍ തിരക്കു പിടിച്ച ബസില്‍ വച്ചല്ല. കാരണം അപ്പോഴവരുടെ കൂടെ മാതാവോ പിതാവോ അല്ലെങ്കില്‍ രണ്ടുപേരുമോ ഉണ്ടാകും. ഇത്രയും ചെറിയ കുഞ്ഞിനെ തനിച്ചാക്കില്ല ഒരു രക്ഷിതാവും. അപ്പോള്‍, അന്നാ ബസില്‍ എന്താണു സംഭവിച്ചത്? തിരക്കുള്ള ബസുകളില്‍ ഇത്തരത്തില്‍ നിരവധി ലൈംഗികാധിക്ഷേപങ്ങള്‍ നടക്കാറുണ്ട്. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പക്ഷേ, അത് ഇത്രയും ചെറിയ കുട്ടികളുടെ നേര്‍ക്കല്ല. കുറഞ്ഞ പക്ഷം ബസില്‍ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തിയുള്ളവരുടെ നേര്‍ക്കാണ്. തന്റെ ഹൃദയം കീറിമുറിച്ച ഈ സംഭവം അവര്‍ നല്ല തിരക്കുള്ള ബസിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണോ ചെയ്തത്?
സംഭവം എന്തുതന്നെ ആയാലും മുറിവ് എന്ന ആല്‍ബം ഗംഭീരമായിട്ടുണ്ട്. തന്റെ മനസിലുള്ള ആശയങ്ങള്‍ ഏതുരീതിയില്‍ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. ഗൗരി ലക്ഷ്മിയുടെ വഴി ഇതാണ്. അവര്‍ അതിലേ പോയി. ഇഷ്ടമായാല്‍ സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളയാം. ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ തക്കവിധം അതില്‍ യാതൊന്നുമില്ല. നല്ല രീതിയില്‍ത്തന്നെ ആ ആല്‍ബം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികാതിക്രമത്തിനെതിരെ ചെയ്‌തൊരു ആല്‍ബത്തില്‍ ലൈംഗികച്ചുവയുള്ള ചുവടുകളും ഭാവങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയത് എന്തിന് എന്നു മനസിലാകുന്നില്ല. ഒരുപക്ഷേ, ലൈംഗികതയെന്നാല്‍ ശതകോടി മൂല്യമുള്ളൊരു വസ്തുവാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം അത്. ലൈംഗികതയെക്കുറിച്ച് എന്തുപറഞ്ഞാലും ചെയ്താലും അതെല്ലാം കാട്ടുതീ പോലെയാണ് പടര്‍ന്നുപിടിക്കാനുള്ള കാരണവും ഈ സ്വീകാര്യത തന്നെ. ആ വഴി ഗൗരി ലക്ഷ്മിയും സ്വീകരിച്ചു, അത്രമാത്രം.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47