Jess Varkey Thuruthel & Zachariah
ഒരാളുടെ സ്വാതന്ത്ര്യത്തെയും സ്വപ്‌നങ്ങളെയും ഹനിക്കുന്ന ആധിപത്യം, അത് പുരുഷനില്‍ നിന്നോ സ്ത്രീയില്‍ നിന്നോ ആകാം, അതുണ്ടാകുന്നത് ആരില്‍ നിന്നായാലും അവര്‍ ഊട്ടിയുറപ്പിക്കുന്നത് ആണധികാരത്തെയാണ്. സ്വതന്ത്രമായി ചിന്തിക്കുന്ന ഓരോ വ്യക്തിയും തകര്‍ത്തെറിയേണ്ടതും ആ അധികാര ശ്രേണികളെത്തന്നെയാണ്. സ്ത്രീ-പുരുഷന്മാരുടെ ലെന്‍സിലൂടെയല്ല, മറിച്ച് നീതിയുടേയും സമത്വത്തിന്റെയും ലെന്‍സിലൂടെയാണ് അവളുടെ അവകാശങ്ങളെ കാണേണ്ടത്.
‘പെണ്ണ് പണിയെടുത്തു കൊണ്ടു വന്നിട്ടു വേണ്ട ഈ കുടുംബം കഴിയാന്‍’, അധ്വാനിച്ച് ആത്മാഭിമാനത്തോടെ ജീവിക്കമെന്ന് ആഗ്രഹിച്ച എല്ലാ സ്ത്രീകളുടേയും കരണക്കുറ്റിക്കടിച്ച് വീട്ടിലിരുത്തിയിരുന്നത് ഈ ഡയലോഗ് ഉപയോഗിച്ചായിരുന്നു. പണിയെടുക്കുന്നത് പെണ്ണാണെങ്കില്‍ ആ പണം മോശം എന്ന ചിന്താഗതിയാണ് ഈ പ്രസ്താവനയിലൂടെ സമൂഹ മനസിലേക്ക് അടിച്ചേല്‍പ്പിച്ചത്. അതിലൂടെ പുരുഷാധികാര സംസ്‌കാരം സ്ത്രീ മനസുകളിലേക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നു.
സ്ത്രീയെ മനുഷ്യനായിപ്പോലും പരിഗണിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്നും ഇക്കാണുന്ന നിലയിലേക്ക് അവള്‍ എത്തിയത് ഒട്ടേറെ പോരാട്ടങ്ങള്‍ക്കും മരണതുല്യമായ വേദനകള്‍ക്കും, എന്തിന് നിരവധി മരണങ്ങള്‍ക്കും, ശേഷമായിരുന്നു. പുരുഷന്റെ തണലില്ലാതെ പെണ്ണിന് ജീവിതം അസാധ്യമാണ് എന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ചിന്തകളില്‍ നിന്നും അവള്‍ ഒരുപാടു ദൂരം പിന്നിട്ടിരിക്കുന്നു. പക്ഷേ, ഈ സമൂഹത്തില്‍ അവള്‍ക്കിനിയും ഒരുപാടു പൊരുതാനുണ്ട്.
കുടുംബവും കുടുംബ കാര്യങ്ങളും മാത്രം നോക്കാനുള്ളവളാണ് സ്ത്രീ എന്ന കാഴ്ചപ്പാടില്‍ നിന്നും വ്യത്യാസമുണ്ട്. ഇന്ന് അവള്‍ കൈവരിക്കാത്ത മേഖലകളും വളരെ കുറവാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവള്‍ ഏറെ മുന്നിലെത്തി. പക്ഷേ, വ്യക്തി ജീവിതവും കുടുംബ ജീവിതവും പ്രൊഫഷണല്‍ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന ഞാണിന്മേല്‍ക്കളിയില്‍ അവള്‍ക്കു കാലിടറുന്നു. കരിയറില്‍ മുന്നേറാനുള്ള അവളുടെ ഏറ്റവും വലിയ തടസവും ഇതുതന്നെ.
ജോലി ചെയ്തു വീട്ടിലെത്തുന്ന പുരുഷന് കഴിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും ധരിക്കാന്‍ അലക്കിയ വസ്ത്രങ്ങളുമെല്ലാം സ്ത്രീകള്‍ ഒരുക്കി വച്ചിട്ടുണ്ടാവും. പക്ഷേ, ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത് ഏറ്റവും ദുരിതപൂര്‍ണ്ണമായൊരു ജീവിത സാഹചര്യമായിരിക്കും. കഴുകാനായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങള്‍ തുണികള്‍, വൃത്തികേടായിരിക്കുന്ന വീട്, ഒഴിഞ്ഞ പാത്രങ്ങള്‍. എന്തെങ്കിലും കഴിക്കണമെങ്കില്‍ അടുക്കളയില്‍ മറ്റൊരങ്കം നടത്തിയാല്‍ മാത്രമേ സാധിക്കുകയുള്ളു. കുട്ടികളെ പഠിപ്പിക്കല്‍ മുതല്‍ എല്ലാം അവള്‍ തന്നെ ചെയ്യേണ്ടി വരുന്നു. വീട്ടിലെ ഒരാളുടെ പോലും പിന്തുണയില്ലാതെ അവളൊറ്റയ്ക്ക് അതെല്ലാം ചെയ്യേണ്ടി വരുന്നു. വീട്ടുജോലികളില്‍ പങ്കാളികളാകാന്‍ ആവശ്യപ്പെട്ടാല്‍ ജോലി രാജി വച്ചോളൂ എന്ന ഉപദേശവുമുണ്ടാവും. ഇതു തന്നെയാണ് മുന്നേറാനുള്ള വഴിയില്‍ സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളിയും.
ശാക്തീകരണത്തിലും മുന്നേറ്റത്തിലും സ്ത്രീ എത്രത്തോളം മുന്നോട്ടു പോയി എന്നത് അവലോകനം ചെയ്യാനുള്ള ദിനമാണ് വനിതാ ദിനം. ബലാത്സംഗങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, പെണ്‍മക്കള്‍ക്ക് ന്യായമായ അവകാശം കൊടുക്കാതിരിക്കുക, അവളുടെ അധ്വാനത്തിന് വില നല്‍കാതിരിക്കുക എന്നിവയെല്ലാം പുരുഷാധിപത്യത്തിന്റെ പരിഗണനയില്‍ വരും. അനുകമ്പ, സഹതാപം, സര്‍വ്വംസഹ എന്ന പട്ടം എന്നിവയെല്ലാം അവളെ കൂടുതല്‍ അടിച്ചമര്‍ത്താനായി വിനിയോഗിക്കപ്പെടുന്നു.
വിദ്യാസമ്പന്നരായ, യോഗ്യരായ പല സ്ത്രീകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ തെരഞ്ഞെടുക്കാന്‍ അനുവാദമില്ല. ചിലരെ കുടുംബ ബിസിനസില്‍ മാത്രം ഉള്‍പ്പെടുത്തും. പക്ഷേ, അവരുടെ തൊഴില്‍ പരവും വ്യക്തിപരവുമായ വളര്‍ച്ചയ്ക്കു തടയിടുകയും ചെയ്യും. അവള്‍ ദുര്‍ബലയാണ്, അവള്‍ക്കു സംരക്ഷണം വേണം എന്ന് നിരന്തരം പറയുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.
ഈ സമൂഹ്യ നിര്‍മ്മിതിയില്‍ സന്തുഷ്ടരാണോ പുരുഷന്മാര്‍? അവര്‍ക്കൊന്നു കരയാന്‍ അവകാശമില്ല, സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമില്ല. അവര്‍ എല്ലായിപ്പോഴും വിലയിരുത്തപ്പെടുന്നത് അവരുടെ പ്രൊഫഷണല്‍ ജീവിതത്തിന്റെ വിജയങ്ങളില്‍ മാത്രമാണ്. അധികാരം, സമ്പത്ത്, ശക്തി എന്നിവയുള്ളവര്‍ ആദരിക്കപ്പെടുന്നു. അല്ലാത്തവര്‍ പുറന്തള്ളപ്പെടുന്നു.
സ്ത്രീ ശാക്തീകരണം എന്നത് പുരുഷ വിദ്വേഷമല്ല. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി, സന്തോഷകരമായി ഒരു കുടുംബത്തില്‍ സമൂഹത്തില്‍ ജീവിക്കുന്നതിന്റെ മറുപേരു കൂടിയാണത്. കുടുംബം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല. ഒരു വാഹനത്തിന്റെ ടയറുകള്‍ പോലെ, എല്ലാം ഒരേപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അതു നല്ല രീതിയില്‍ മുന്നോട്ടു പോകുകയുള്ളു. അച്ഛനും അമ്മയും മക്കളുമെല്ലാം സ്വന്തം കുടുംബത്തിലെ കടമകള്‍ ഒരുമിച്ചു നിറവേറ്റി മുന്നോട്ടു പോകുമ്പോള്‍ മാത്രമേ സന്തോഷകരമായ ഒരു ജീവിതം സാധ്യമാകുകയുള്ളു. അതിനാല്‍, സ്ത്രീ ശാക്തീകരണമെന്നാല്‍, സന്തോഷകരമായ, സമാധാനപരമായ ജീവിത രീതി കൂടിയാണ്. അതിനാവശ്യം ആധിപത്യത്തിന്റെ തകര്‍ച്ചയാണ്, ആധിപത്യം സ്ഥാപിക്കുന്നത് ആരാണ് എന്നത് വിഷയമേയല്ല.
…………………………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47