മൈത്രേയനുമായുള്ള അഭിമുഖം ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ തീരുമാനിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തോടു ചോദിക്കേണ്ട ഒരു ചോദ്യം പോലും തയ്യാറാക്കാന്‍ എനിക്കു സാധിച്ചിരുന്നില്ല. മനസ് ശൂന്യമായിരുന്നു. അദ്ദേഹം ഇടപെട്ടിട്ടുളള നൂറുനൂറായിരം സാമൂഹിക വിഷയങ്ങളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എന്നെന്നും അനുകൂലിച്ചിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം എന്തു ചോദ്യമാണ് അദ്ദേഹത്തോടു ചോദിക്കുക എന്നതായിരുന്നു ഈ ദിവസങ്ങളിലെല്ലാം എന്റെ മനസിനെ അലട്ടിയിരുന്നത്. ചോദ്യങ്ങളൊന്നും രൂപപ്പെടാതെ ശൂന്യമായ മനസുമായി, ഒടുവില്‍, തണുത്തൊരു പ്രഭാതത്തില്‍, കൊച്ചിയിലേക്കു യാത്രയായി. യാത്രയിലുടനീളം മനസിലൂടെ കടന്നു പോയത് അദ്ദേഹത്തോടു ചോദിക്കാന്‍ എന്റെ മനസില്‍ ഒരു ചോദ്യം പോലും രൂപപ്പെട്ടിട്ടില്ലല്ലോ എന്ന ചിന്ത മാത്രമായിരുന്നു……
പുരുഷനിര്‍മ്മിതമായ, പുരുഷനാല്‍ നയിക്കപ്പെടുന്ന ഈ ലോകത്ത്, മറ്റു പുരുഷന്മാരെപ്പോലെ സ്ത്രീകളുടെ ഉടമസ്ഥനായി, സര്‍വ്വപ്രതാപങ്ങളോടും കൂടി വാഴാമെന്നിരിക്കെ, സ്ത്രീകളെ ശക്തിപ്പെടുത്താനും അവര്‍ക്ക് അവരുടേതായ ഒരിടമുണ്ടാക്കിക്കൊടുക്കാനും സ്ത്രീകളെക്കാള്‍ കാര്യക്ഷമമായി, തീവ്രമായി, ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന നിരവധി പുരുഷന്മാരുണ്ട്. ഒരുപക്ഷേ, സ്ത്രീ ആഗ്രഹിക്കുന്നതിനെക്കാള്‍ അധികമായി, സ്ത്രീയുടെ നിലവാരവും പ്രവര്‍ത്തന മേഖലയും ചിന്തകളും ഉയരണമെന്നാഗ്രഹിക്കുന്ന നിരവധി പുരുഷന്മാര്‍. ഒഴുക്കിനൊത്തു സഞ്ചരിക്കുവാന്‍ അവര്‍ക്കും സാധ്യമായിരുന്നു. മതങ്ങളും സമൂഹവും ഈ ലോകം തന്നെയും അവരുടെയാ ആഗ്രഹത്തിനു ചുക്കാന്‍ പിടിച്ചു മുന്നില്‍ നില്‍ക്കുമ്പോള്‍, വെറുതെയൊന്ന് ഒഴുകുകയേ വേണ്ടൂ. എന്നിട്ടും, എന്തിനു വേണ്ടിയായിരിക്കണം മൈത്രേയനെപ്പോലുള്ള ചില പുരുഷന്മാര്‍ സ്ത്രീകള്‍ക്കു വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്നതും അതിന്റെ പേരില്‍ കല്ലേറുകളും കുരിശുമരണങ്ങളും സഹിക്കുന്നതും…..??
ജീവിതത്തില്‍ പുരുഷനു വേണ്ടതൊരു അടിമയെയാണോ…?? അതോ ആത്മാഭിമാനവും അന്തസും ചിന്താശേഷിയുമുള്ള, സൗഹൃദവും പ്രണയവും സ്‌നേഹവും ചാലിച്ചെടുത്ത സ്ത്രീകളെയോ…???
ആദ്യചോദ്യം നാവില്‍ നിന്നുമുതിര്‍ന്ന മാത്രയില്‍ത്തന്നെ ഞാന്‍ മനസിലാക്കി, ചോദ്യങ്ങളൊന്നും രൂപപ്പെടാതിരുന്ന എന്റെ മനസു തന്നെയായിരുന്നു ശരിയെന്ന്. കാരണം, മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളൊന്നും മൈത്രേയനുമായി സംസാരിക്കാന്‍ ആവശ്യമില്ല. ജീവിതം അതിന്റെ സ്വാഭാവികതയില്‍ ആസ്വദിച്ചു ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്ലാന്‍ ചെയ്തു ജീവിക്കുക എന്നതും പ്ലാന്‍ ചെയ്ത ചോദ്യങ്ങള്‍ക്കു മറുപടി പറയുക എന്നതും പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ടു തന്നെ, അദ്ദേഹവുമായി നടത്തിയ ആ അഭിമുഖവും അത്യന്തം സന്തോഷകരമായിരുന്നു. മൂല്യവത്തായ കുറച്ചു നിമിഷങ്ങള്‍ തന്നെയായിരുന്നു അവ.
മൈത്രേയനുമായി തമസോമ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ.
ഈ പ്രപഞ്ചത്തെത്തന്നെ നിയന്ത്രിച്ചിരുന്ന സ്ത്രീശക്തി എങ്ങനെ പുരുഷനു പിന്നില്‍ പതുങ്ങിക്കൂടി….??
കാലങ്ങള്‍, കാതങ്ങള്‍ പിന്നോട്ടു പോയാല്‍, അവിടെ, ഈ പ്രപഞ്ചത്തെയപ്പാടെ നിയന്ത്രിച്ചിരുന്നത് സ്ത്രീകളായിരുന്നു എന്നുകാണാം. മനുഷ്യന്‍ കൃഷി ചെയ്തു ജീവിക്കാനാരംഭിച്ച കാലം വരെ നേതൃസ്ഥാനത്തു നിന്നിരുന്നത് സ്ത്രീകളായിരുന്നു. ഈ ആധുനിക യുഗത്തിലും മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ ഇപ്പോഴും ജീവിക്കുന്നതും അങ്ങനെ തന്നെ. വിത്തിനു വേണ്ടിയുള്ളൊരു ഉപകരണം മാത്രമാണ് ജീവലോകത്തിന് ഇന്നും ആണ്‍വര്‍ഗ്ഗം. ഭൂമിയില്‍ പിറവിയെടുക്കുന്ന ജീവന്‍ അതിന്റെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രകൃതിയില്‍ നിന്നും ശേഖരിച്ച് പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ പെറ്റുപെരുകി വിവിധങ്ങളായ ജീവജാലങ്ങള്‍ പിറവിയെടുക്കുന്നു. പിന്നീട് അവ ഈ ലോകം വിട്ടു മറഞ്ഞുപോകുന്നു. ഈ പ്രക്രിയയാണ് ഭൂമിയില്‍ ജീവനുണ്ടായ കാലം മുതല്‍ നിലനിന്നുവരുന്നത്. ഓരോ ശിശുജനനകാലഘട്ടത്തിലും നിരവധി കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാന്‍ സസ്യ-ജന്തു ജീവജാലങ്ങള്‍ക്കു കഴിയും.
എന്നാല്‍ മനുഷ്യരുടേയും ചുരുക്കം ചില ജന്തുവര്‍ഗ്ഗങ്ങളുടെയും അവസ്ഥ അതല്ല. കോടിക്കണക്കിനു ബീജമാണ് ഓരോ ദിവസവും പുരുഷ ശരീരത്തില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ, അവയ്ക്ക് യാതൊരു വിലയുമില്ല. അതേസമയം സ്ത്രീയുടെ അണ്ഡം അമൂല്യമാണു താനും. മാസത്തില്‍ ഒരേയൊരു അണ്ഡം മാത്രമാണ് സ്ത്രീകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു മാസം പുരുഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീജങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. അവയെല്ലാം സ്ത്രീ ഉത്പ്പാദിപ്പിക്കുന്ന ആ ഒരു അണ്ഡവുമായി സംയോജിക്കാന്‍ മത്സരിക്കുന്നവയും. അണ്ഡവുമായി സംയോജിക്കുന്ന ബീജമൊഴിച്ച് ബാക്കിയെല്ലാം പാഴ്ബീജങ്ങളാണ്. യാതൊരു പ്രയോജനവുമില്ലാത്തവ. അതിനാല്‍ത്തന്നെ, തന്നോടൊപ്പം ശയിക്കേണ്ടവര്‍ ആരെന്നു തീരുമാനിച്ചിരുന്നത് സ്ത്രീയായിരുന്നു. പെണ്ണിന്റെ മുന്നില്‍ വീരപരിവേഷം കിട്ടാന്‍, അവളുമായി ഏതുവിധേനയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നേടിയെടുക്കാനായി തമ്മില്‍ത്തല്ലുന്നു. ജയിച്ചവന് ഇണചേരാം. അല്ലാത്തവന്‍ ചത്തുവീഴുകയോ തോറ്റോടുകയോ ചെയ്യുന്നു. പൊരുതി ജയിച്ചു വരുന്നവരില്‍ ആരുടെ ബീജത്തില്‍ നിന്നും കുഞ്ഞിനെ ജനിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയ്ക്കായിരുന്നു.
പ്രകൃതിയില്‍ മറ്റു ജീവജാലങ്ങള്‍ ഇപ്പോഴും അനുവര്‍ത്തിച്ചു പോരുന്ന രീതി ഇതുതന്നെയാണ്. അതുമനസിലാക്കാന്‍ നാം വളര്‍ത്തുന്ന മൃഗങ്ങളിലേക്കൊന്നു കണ്ണോടിച്ചാല്‍ മതിയാകും. പെണ്‍നായക്കു ചുറ്റും മണത്തു നടക്കുന്ന ആണ്‍നായ്ക്കൂട്ടത്തെയൊന്നു ശ്രദ്ധിക്കൂ. ഇണ ചേരാനുള്ള അവകാശം നേടിയെടുക്കുന്നത് കടിപിടികൂടിയാണ്. ശക്തി കൂടിയവന്‍ ശക്തി കുറഞ്ഞവനെ കടിച്ചു തോല്‍പ്പിക്കുന്നു. കൂട്ടത്തിലുള്ള മറ്റ് ആണ്‍ ജീവികളെ തല്ലിത്തോല്‍പ്പിച്ചാല്‍ മാത്രമേ ഇണ ചേരല്‍ സാധ്യമാകുകയുള്ളു. അതിന് കരുത്ത് ആവശ്യമാണ്. ഇണ ചേരുന്നതിനു വേണ്ടി സ്ത്രീയ്ക്ക് ആരെയും കായികമായി തോല്‍പ്പിക്കേണ്ടതില്ല. നൂറുകണക്കിന് അവസരങ്ങള്‍ അവള്‍ക്കു മുന്നിലുള്ളപ്പോള്‍ ഏറ്റവും മെച്ചപ്പെട്ടതിനെ തെരഞ്ഞെടുക്കുക എന്ന ഉത്തരവാദിത്തം മാത്രമേ അവള്‍ സ്വീകരിക്കേണ്ടതുള്ളു. പ്രകൃതിയിലെ സ്ത്രീ വര്‍ഗ്ഗങ്ങളില്‍ ഈ നിയമം അങ്ങനെ തന്നെയാണ് പാലിക്കപ്പെടുന്നത്. ആരുടെ കുഞ്ഞിനെ പ്രസവിക്കണമെന്നും അവളാണ് തീരുമാനിച്ചിരുന്നത്. ജനിച്ച കുഞ്ഞുങ്ങളെല്ലാം ഒരു പുരുഷന്റെതു തന്നെ ആയിരിക്കണമെന്നും അവള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നില്ല. തമ്മില്‍ത്തല്ലി, ശക്തി തെളിയിച്ചു നേടിയെടുക്കേണ്ടതില്ലാത്തതിനാല്‍ത്തന്നെ സ്ത്രീകള്‍ക്ക് ശക്തി വേണ്ടിയിരുന്നുമില്ല. പക്ഷേ, ഇപ്പോഴത്തെ സ്ത്രീ സമൂഹം സ്വയം കരുതുകയാണ്, തങ്ങള്‍ അബലകളാണെന്നും ചപലകളാണെന്നും.
സര്‍ക്കസില്‍ പുരുഷനെക്കാള്‍ മെയ് വഴക്കമുള്ളത് സ്ത്രീകള്‍ക്കാണ്. മരംകയറാനും മതില്‍ കയറാനുമെല്ലാം പുരുഷന്മാരെക്കാള്‍ നന്നായി സ്ത്രീകള്‍ക്കു കഴിയുകയും ചെയ്യും. പക്ഷേ, സ്വയം പിന്നോട്ടു പോയ ഒരവസ്ഥയില്‍ നിന്നും അവള്‍ തിരിച്ചെത്തണമെങ്കില്‍ അവള്‍ തന്നെ സ്വയം തീരുമാനിക്കണം. കാരണം, സ്വയം ഇണയെ തെരഞ്ഞെടുക്കാന്‍ പോലും സാധ്യമല്ലാത്തത്ര മോശപ്പെട്ട അവസ്ഥയിലാണ് പെണ്‍വര്‍ഗ്ഗം ഇപ്പോള്‍ നില്‍ക്കുന്നത്.
ലൈംഗികതയിലും ജീവിതത്തിലും അത്രയേറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഒരവസ്ഥയില്‍ നിന്നും ഇന്നിപ്പോള്‍ അവള്‍ എത്തിനില്‍ക്കുന്നത് എവിടെയാണെന്നു നോക്കുക..! എപ്പോള്‍ ഗര്‍ഭം ധരിക്കണമെന്നോ എത്ര കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നോ പോലും തീരുമാനിക്കാന്‍ അവകാശമില്ലാത്ത ഒരു അവസ്ഥയിലേക്കു സ്ത്രീ അധ:പതിച്ചിരിക്കുകയാണിപ്പോള്‍. ലൈംഗികത പോലും മാറ്റിവയ്ക്കാന്‍ അനുവാദമില്ലാത്ത ജീവിതമായി സ്ത്രീ ജന്മം നരകതുല്യമായിത്തീര്‍ന്നു.
സ്ത്രീ ജീവിതത്തിനു പിഴവു സംഭവിച്ചത് എങ്ങനെ..??
മനുഷ്യന്‍ കൃഷി ചെയ്യാനുറച്ച് ഒരിടത്തു താമസിക്കാന്‍ ആരംഭിച്ച നാള്‍ മുതലാണ് തമ്മില്‍ത്തല്ലി നശിച്ചുകൊണ്ടിരുന്ന പുരുഷന്റെ ഊര്‍ജ്ജത്തെ പണി ചെയ്യുവാന്‍ വേണ്ടി ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഓരോരോ ഗോത്രങ്ങളായി മനുഷ്യന്‍ ജീവിച്ചിരുന്ന അക്കാലങ്ങളില്‍ മറ്റുഗോത്രങ്ങളിലെ മനുഷ്യരെ അടിമകളായി പിടിച്ചു കൊണ്ടുവരികയും അടിമപ്പണി ചെയ്യിക്കുകയും ചെയ്തിരുന്നു. തട്ടുതട്ടായിട്ടായിരുന്നു അന്നത്തെ സമൂഹത്തിന്റെ ഘടന. അതിനാല്‍ത്തന്നെ, മേല്‍ത്തട്ടിലുള്ള മനുഷ്യരും കീഴ്ത്തട്ടിലുള്ള മനുഷ്യരുമുണ്ടായിരുന്നു. അടിമ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ അടിമകളായിത്തന്നെയാണ് വളര്‍ന്നിരുന്നത്. എന്നാല്‍, ഉയര്‍ന്ന തട്ടിലുള്ള സ്ത്രീകള്‍ക്ക് അടിമ പുരുഷന്മാരില്‍ നിന്നും കുഞ്ഞു ജനിച്ചാലും ആ കുഞ്ഞുങ്ങള്‍ ഉയര്‍ന്ന തട്ടില്‍ പിറന്നവരായിത്തന്നെ അറിയപ്പെട്ടു. തല്ലിത്തോല്‍പ്പിച്ചു നേടിയെടുക്കേണ്ടതായതിനാല്‍ ശക്തികുറഞ്ഞവര്‍ക്ക് ഒരു കാലത്തും സ്ത്രീകളെ കിട്ടാത്ത അവസ്ഥയുമുണ്ടായിരുന്നു.
ആണ്‍വര്‍ഗ്ഗം തമ്മിലടിച്ചു ചാവുകയും കൊല്ലുകയും ചെയ്തിരുന്ന ആ കാലഘട്ടത്തില്‍, കായിക ശേഷി ഇത്തരത്തില്‍ പാഴായി പോകുന്നതു കണ്ട രാജാക്കന്മാരാണ് പുരുഷന്റെ കായികശക്തി പണിയെടുക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. അതിനവര്‍ക്കു ലഭിച്ചിരുന്ന പ്രതിഫലമായിരുന്നു സ്ത്രീകളുമായി ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള അവസരം. അക്കാലം വരെ, തമ്മിലടിച്ചു വിജയിക്കുന്നവനു മാത്രം ലഭിച്ചിരുന്ന ലൈംഗിക സുഖം അങ്ങനെ ദുര്‍ബലര്‍ക്കും വന്നു ചേര്‍ന്നു. പുരുഷന്‍ കായികമായി അധ്വാനിക്കാന്‍ തുടങ്ങിയതോടെ, അവന്റെ അധ്വാനത്തിന്റെ ഫലം അനുഭവിക്കേണ്ടത് അവനു ജനിക്കുന്ന കുട്ടികളായിരിക്കണമെന്ന നില വന്നു. സ്ത്രീകളെ സ്വതന്ത്രരായി വിട്ടാല്‍, അവള്‍ക്കു ജനിച്ച കുഞ്ഞ് തന്റെതാണെന്ന് ഉറപ്പിക്കാന്‍ പുരുഷനു കഴിയാതിരുന്നതിനാല്‍, അവളുടെ ചാരിത്ര്യശുദ്ധി വലിയ സംഭവമാക്കി മാറ്റുകയായിരുന്നു പുരുഷന്‍. ബീജം ആരുടേതാണെന്ന സംശയം പുരുഷനു മാത്രമുള്ളതാണ്. പ്രസവിക്കുന്നവള്‍ സ്ത്രീ ആയതിനാല്‍, അവള്‍ ജനിപ്പിക്കുന്ന കുട്ടികളെല്ലാം അവള്‍ക്കു സ്വന്തമായിരുന്നു. അതിനാല്‍, അവള്‍ക്ക് കുട്ടികളെക്കുറിച്ചോര്‍ത്ത് വേവലാതികളേ ഉണ്ടായിരുന്നില്ല.
ഈ അവസ്ഥയ്ക്കു തടയിടാന്‍, ബീജം അവന്റെതു തന്നെയെന്നുറപ്പിക്കാന്‍ അവനവളെ തടവിലിട്ടു, മറ്റു പുരുഷന്മാരുമായി കാണാന്‍ പോലുമുള്ള അവസരമില്ലാത്ത രീതിയില്‍ അവളുടെ ജീവിതം തടവറയ്ക്കുള്ളിലായി. മാതൃത്വം വിശുദ്ധീകരിക്കപ്പെട്ടു. അവളെ കൂച്ചുവിലങ്ങിട്ടു നിറുത്താന്‍ പുരുഷന്റെ നിയമങ്ങള്‍ മാത്രം മതിയാകില്ലെന്നു കണ്ടതോടെ മതങ്ങളും മതദൈവങ്ങളും ജനിച്ചു. മതത്തിനും മതദൈവങ്ങള്‍ക്കും പുരുഷനും കീഴ്‌പ്പെട്ടു ജീവിക്കുന്നതാണ് ഉത്തമ സ്ത്രീലക്ഷണമെന്ന വിശ്വാസം സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. അതിലൂടെ, അവള്‍ക്കു ജനിക്കുന്ന മക്കള്‍ അവന്റെതു മാത്രമാണെന്ന് ഉറപ്പിക്കാന്‍ അവനു കഴിഞ്ഞു. മാത്രവുമല്ല, പെണ്ണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അവസരത്തിനായി തമ്മില്‍ത്തല്ലി ചാവേണ്ടതില്ലാത്ത ഒരവസ്ഥയിലേക്കും പുരുഷനെത്തിപ്പെട്ടു. സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ കൊതിപൂണ്ടു കാത്തുനിന്ന അവസ്ഥയില്‍ നിന്നും അവളെ സ്വന്തമാക്കി അനുഭവിക്കാനുള്ള വഴികള്‍ അവന്‍ തേടികണ്ടെത്തി.
പ്രകൃതിയില്‍ ഇപ്പോഴും പ്രഥമസ്ഥാനത്തുള്ള, അണ്ഡത്തിനു സര്‍വ്വ പ്രാധാന്യമുള്ള സ്ത്രീ അങ്ങനെ കൂച്ചുവിലങ്ങിനാല്‍ ബന്ധിക്കപ്പെട്ടു. തന്റെയും താന്‍ പ്രസവിക്കുന്ന കുട്ടികളുടെയും ഭക്ഷണത്തിനു വേണ്ടി സ്വയം അധ്വാനിക്കാതിരിക്കാന്‍ അവളുടെ ജീവിതം തന്നെ ബലിദാനമായി നല്‍കുകയായിരുന്നു. താന്‍ പെറ്റുകൂട്ടുന്ന കുട്ടികള്‍ക്ക് കഴിക്കാനുള്ള ആഹാരം കിട്ടുക എന്നത് അവളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. അതിനാല്‍, അവളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആ അടിമത്തം അവള്‍ സ്വീകരിച്ചു. പുരുഷന്റെ അധീശത്വം ഊട്ടിയുറപ്പിക്കാന്‍ മതങ്ങളിവിടെ പിറന്നുവീണു. വിഢിത്തങ്ങള്‍ മാത്രം നിറഞ്ഞ മതങ്ങളും മതനിയമങ്ങളും ദൈവങ്ങളും അങ്ങനെ ചോദ്യങ്ങളേതുമില്ലാതെ അംഗീകരിക്കപ്പെട്ടു.
മനുഷ്യനിപ്പോള്‍ ജീവിക്കുന്നത് പ്രകൃതിയുടെ നീതിയനുസരിച്ചല്ല, മറിച്ച് അവന്‍ തന്നെ നിര്‍മ്മിച്ച യുക്തിക്കുള്ളിലാണ്. അവിടെ, സ്ത്രീകളുടെ ലൈംഗികത മാത്രമല്ല, ഇണയെ തെരഞ്ഞെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. തനിക്കും താന്‍ പ്രസവിക്കുന്ന മക്കള്‍ക്കും ആഹാരം കിട്ടുമെന്ന ഒരേയൊരു കാരണത്താല്‍ അവന്റെ കാല്‍ച്ചുവട്ടിലേക്ക് സ്വയമൊതുങ്ങുകയാണ് സ്ത്രീകള്‍ ചെയ്തത്. അങ്ങനെ, ലോകത്തിലേക്കും വച്ചേറ്റവും അമൂല്യമായ മുട്ടയുടെ ഉടമകളായ സ്ത്രീ, ചവറുപോലെ ബീജമുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന, യാതൊരു വിലയുമില്ലാത്ത പുരുഷന്റെ ചവിട്ടടിയില്‍ സ്വയം ഞെരിഞ്ഞമര്‍ന്നു. ബലഹീനരെന്നും പുരുഷനെ നേരിടാനുള്ള കരുത്തില്ലാത്തവരാണ് തങ്ങളെന്നും അവള്‍ സ്വയം വിശ്വസിച്ച് അടിമയെക്കാള്‍ നരകതുല്യമായ ജീവിതാവസ്ഥ സ്വയം സ്വീകരിച്ചു.
ഓരോ പെണ്‍കുഞ്ഞും ഭൂമിയില്‍ പിറന്നു വീഴുമ്പോള്‍ അവരുടെ ശരീരത്തില്‍ ഏകദേശം 20,000 അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. ജീവിതത്തിലെ വളര്‍ച്ചാഘട്ടത്തില്‍ അവയുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരും. ഒടുവില്‍, ബീജങ്ങളെ വഹിക്കാനുള്ള ശേഷിയെത്തുന്ന സമയത്ത് മാസത്തില്‍ ഒരു അണ്ഡം മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ശരീരമായി അവളുടെ ശരീരം മാറും. ആ മാസം ബീജം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍ത്തവ രക്തത്തിലൂടെ ആ അണ്ഡം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്കൊഴുകി നശിച്ചു പോകും. പിന്നീട് പുതുതായി ജനിച്ച മറ്റൊരു അണ്ഡവുമായി ബീജത്തെയും കാത്തിരിക്കും. സ്ത്രീശരീരത്തില്‍ നടക്കുന്ന ഈ പ്രക്രിയ വളരെയേറെ സങ്കീര്‍ണ്ണമാണ്. അണ്ഡങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ത്തന്നെ അവ അമൂല്യവുമാണ്.
സ്ത്രീയുടെ മൂല്യമെന്തെന്ന് പ്രകൃതിയില്‍ നിന്നറിയുക
പെറ്റുപെരുകിയും മരിച്ചു വീണും കൊന്നും തിന്നും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടും നിര്‍മ്മിക്കപ്പെട്ട ലോകമാണിത്. അവിടെ ബീജത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത് ഏറ്റവും മികച്ചതിനെയാണ്. കോടിക്കണക്കായ ബീജങ്ങളെയെല്ലാം തോല്‍പ്പിച്ച് അണ്ഡവുമായി ആദ്യം സംയോജിക്കുന്നത് ഏതുബീജമാണോ ആ ബീജമാണ് കുഞ്ഞിന്റെ പിറവിക്ക് ആധാരം. ഒരെണ്ണം മാത്രം സ്വീകരിക്കപ്പെടുമ്പോള്‍ പാഴായിപ്പോകുന്നത് കോടിക്കണക്കായ ബീജങ്ങളാണ്. മികവു പുലര്‍ത്താന്‍ ശേഷിയില്ലാത്തവ നശിച്ചുപോയേ തീരൂ എന്നതാണ് പ്രകൃതി നിയമം. പൂക്കളില്‍ പരാഗണം നടന്നെങ്കില്‍ മാത്രമേ അവ കായായി മാറുകയുള്ളു. ചെടികള്‍ക്കും മരങ്ങള്‍ക്കും സ്വയമെഴുന്നേറ്റുപോയി പരാഗണം നടത്താന്‍ സാധ്യമല്ല. അങ്ങനെയാണവ മറ്റു ജീവജാലങ്ങളിലേക്കു കണ്ണോടിച്ചത്. മറ്റു പ്രാണികളെ ആകര്‍ഷിക്കുവാനായി പൂക്കള്‍ക്കു നിറവും മണവുമുണ്ടായി. അങ്ങനെ ആകര്‍ഷണീയതയുണ്ടായാല്‍ മാത്രം പോരാ, പൂക്കള്‍ക്കകത്തുള്ള പൂമ്പൊടി മറ്റു പൂവുകളില്‍ എത്തിച്ചേരണം. അതിനു പൂക്കള്‍ക്കുള്ളിലേക്കിറങ്ങുന്ന കുഴലുകള്‍ വേണം. പൂവിനുള്ളില്‍ തേനുണ്ടെങ്കില്‍ അതു കുടിക്കുവാനായി വണ്ടുള്‍പ്പടെയുള്ള ജീവികളെത്തുമെന്നു പ്രകൃതി കണ്ടെത്തി. അങ്ങനെ, ഒരു പൂവില്‍ നിന്നും മറ്റൊന്നിലേക്ക് തേന്‍ നുകര്‍ന്നുകൊണ്ട് വണ്ടുകള്‍ അവര്‍ക്കു വേണ്ടത് നേടിയെടുത്തു. സസ്യങ്ങളാകട്ടെ തങ്ങള്‍ക്കു വേണ്ടതും.
പ്രകൃതിയില്‍ പെണ്ണിനെ കാല്‍ക്കീഴിലാക്കുന്ന അവളുടെ ജീവിതം ചവിട്ടിമെതിക്കുന്ന ഏതെങ്കിലുമൊരു ജീവി വര്‍ഗ്ഗമുണ്ടെങ്കില്‍ അതു മനുഷ്യന്‍ മാത്രമാണ്. അതിനു കാരണം, മനുഷ്യന്‍ ജീവിക്കുന്നത് പ്രകൃതിയുടെ യുക്തിക്കനുസരിച്ചല്ല, മറിച്ച് അവന്‍ സ്വയം നിര്‍മ്മിച്ച യുക്തിക്കനുസരിച്ചു മാത്രമാണ് എന്നതാണ്.
കുടുംബങ്ങളില്‍ ഭാര്യമാരുടെ അവസ്ഥ ലൈംഗിക തൊഴിലാളികളെക്കാള്‍ താഴെ
ഏതുഭാര്യയ്ക്കാണ് ഭര്‍ത്താക്കന്മാരുമായി എല്ലാ ദിവസവും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യം? സ്ത്രീകള്‍ ഇഷ്ടത്തോടെയും പൂര്‍ണ്ണ സമ്മതത്തോടെയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത് അണ്ഡോല്‍പ്പാദനം അടുത്തുവരുന്ന സമയങ്ങളിലാണ്. മാസത്തില്‍ കൂടിപ്പോയാല്‍ ഒരാഴ്ചയുണ്ടാകും ഈ കാലയളവ്. ബാക്കി ഒരു സമയത്തും ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ അവളുടെ ശരീരവും മനസും ഒരുക്കമല്ല. പക്ഷേ, പുരുഷ ശരീരമാകട്ടെ, ഏതു സമയവും ലൈംഗികതയ്ക്കു സന്നദ്ധമാണു താനും.
എന്നാല്‍, കേരളത്തിലെ ഭാര്യമാരുടെ കാര്യമൊന്ന് ആലോചിച്ചു നോക്കൂ. അവളുടെ ഇഷ്ടപ്രകാരം ഒരു ഇണയെ തെരഞ്ഞെടുക്കാന്‍ പോലും അവള്‍ക്ക് അവസരമില്ല. മാതാപിതാക്കളും ബന്ധുക്കളും മതവും പുരോഹിതരും പിന്നെ നാട്ടുകാരും പറയും ആരെ വിവാഹം കഴിക്കണമെന്ന്. ഇനി അങ്ങനെ തലയില്‍ കെട്ടിവച്ച ഒരുവനുമായി ലൈംഗികത വേണ്ടെന്നു വയ്ക്കാനും അവള്‍ക്കു കഴിയില്ല. രോഗമുള്ള അവസ്ഥയില്‍പ്പോലും ഭര്‍ത്താക്കന്മാരുടെ ഇഷ്ടത്തിന് കിടന്നു കൊടുക്കുകയല്ലാതെ അവള്‍ക്കു മുന്നില്‍ വേറെ വഴികളുമില്ല. കുഞ്ഞുങ്ങളെ വയറ്റില്‍ പേറി നടക്കുന്ന കാലഘട്ടത്തിലും ആര്‍ത്തവ സമയങ്ങളിലും ഇണയുമായി ബന്ധപ്പെടാന്‍ ജീവലോകം തയ്യാറാകില്ല. പക്ഷേ, മനുഷ്യവര്‍ഗ്ഗത്തിലെ പുരുഷന് സ്ത്രീയുടെ ഒരവസ്ഥയും ബാധകമല്ല. അവള്‍ ഏതവസ്ഥയില്‍ ആയിരുന്നാലും തന്റെ ലൈംഗിക ദാഹം ശമിക്കണമെന്ന ചിന്തയാണ് ഓരോ പുരുഷനെയും നയിക്കുന്നത്. നിങ്ങള്‍ക്കു തോന്നാം പുരുഷനു വേറെ പണിയുണ്ടെന്ന്. പക്ഷേ, സ്ത്രീയുമായി ബന്ധപ്പെടാനുള്ള വഴിയേതെന്ന് അന്വേഷിച്ചു കണ്ടെത്തുകയല്ലാതെ മറ്റെന്തു പ്രധാനപ്പെട്ട കാര്യമാണ് അവനുള്ളത്…??
സ്ത്രീലൈംഗികതയില്‍ ഇന്നൊരു തെരഞ്ഞെടുപ്പു സാധ്യമാണെങ്കില്‍ ആ അവകാശം അനുഭവിക്കുന്നവര്‍ ലൈംഗിക തൊഴിലാളികളാണ്. ആരുടെ കൂടെ കിടക്കണം, കിടക്കേണ്ട എന്നു തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എത്ര സമയം കിടക്കണമെന്നും തീരുമാനിക്കുന്നത് അവര്‍ തന്നെയാണ്.
മറ്റേതൊരു ജോലി പോലെയും ഒരു തൊഴിലാണ് ലൈംഗികത്തൊഴില്‍. ലോകത്തൊരു തൊഴിലും ആര്‍ക്കും ഇഷ്ടത്തോടെ ചെയ്യാനാവില്ല. അധ്വാനങ്ങള്‍ മാത്രമേ ഇഷ്ടത്തോടെ ചെയ്യാന്‍ കഴിയുകയുള്ളു.
നിങ്ങള്‍ നിങ്ങളുടെ മണ്ണില്‍ കൃഷി ചെയ്യുന്നത് അധ്വാനമാണ്, തൊഴിലല്ല. നിങ്ങളുടെ അധ്വാനം വിലയ്ക്കു വില്‍ക്കുമ്പോഴാണ് അതു തൊഴിലായി മാറുന്നത്. നമ്മള്‍ ചെയ്യുന്ന അധ്വാനത്തിനു കൂലി വാങ്ങുമ്പോള്‍ അതു ജോലിയാണ്. ജോലിയില്‍ നമുക്ക് സന്തോഷം ലഭിക്കുന്നത് അതിന്റെ ഉത്പ്പാദനത്തിലല്ല, മറിച്ച്, നമ്മുടെ ജോലിക്കു കിട്ടിയ കൂലി എന്ത് എന്നതിന്റെ അടിലസ്ഥാനത്തിലാണ്. തൊഴിലാക്കി മാറ്റിയ ഏതു പ്രവൃത്തിക്കകത്തും അധ്വാനത്തിന്റെ രസമുണ്ടാവില്ല. കൂലിയില്ലാതെ, ഒരു കാര്യത്തിനു വേണ്ടി ഇഷ്ടത്തോടെ പ്രയക്തിക്കുമ്പോഴാണ് നമ്മുടെ പ്രയത്നങ്ങള്‍ അധ്വാനങ്ങളായി മാറുന്നതും അതു നമ്മെ സന്തോഷിപ്പിക്കുന്നതും. ഒന്നില്‍ നിന്നും നമുക്കു വരുമാനമുണ്ടാകുന്നില്ല എങ്കില്‍ എത്ര ഇഷ്ടത്തോടെ ചെയ്യുന്ന പ്രവൃത്തി ആയാലും ചിലപ്പോഴത് നിലച്ചു പോകും. ഇതെല്ലാം നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. നാം ഇഷ്ടത്തോടെ, കൂലി വാങ്ങാതെ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മള്‍ ആരുടേയും ജോലിക്കാരുമല്ല.
ലൈംഗികത്തൊഴില്‍ ചെയ്യുന്നതും ഇഷ്ടത്തോടെയല്ല. അതൊരു തൊഴില്‍ മാത്രമാണ്. ബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാവരെയും ഈ തൊഴിലാളികള്‍ പ്രണയിക്കുന്നുമില്ല. അതേസമയം, ഒരാളെ പ്രണയിച്ച് ഉണ്ടാക്കുന്ന ബന്ധം അങ്ങനെയല്ല. അത് ഇഷ്ടത്തോടെയാണ്, ലൈംഗിക തൊഴിലാളികള്‍ പറഞ്ഞിട്ടുണ്ട്, ഞാനവനെ ഉമ്മ വയ്ക്കണമെങ്കില്‍ എനിക്കവനോട് ഇഷ്ടമുണ്ടാകണം. അല്ലാതെ ഉമ്മ കൊടുക്കില്ല എന്ന്. ലൈംഗിക തൊഴില്‍ ചെയ്യുന്ന 90% കേസുകളിലും അവര്‍ ഒന്നും ചെയ്യുകയുമില്ല. പൈസയ്ക്കു വേണ്ടി സഹകരിക്കും, കിടന്നു കൊടുക്കും, അത്രമാത്രം. പക്ഷേ, പ്രണയത്തില്‍ അങ്ങനെയല്ല.
ഭാര്യമാര്‍ക്ക് ഒരിക്കലും കിട്ടാനിടയില്ലാത്ത ഒരുപാടു സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കുന്നവരാണ് ലൈംഗിക തൊഴിലാളികള്‍. ഉത്തമഭാര്യയായി ഒരുകുടുംബത്തില്‍ ജീവിക്കണമെങ്കില്‍, സ്വന്തം ഭര്‍ത്താവിന്റെ അടിവസ്ത്രം മുതല്‍ സകലതും കഴുകിക്കൊടുക്കണം, അവന് ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിക്കൊടുക്കണം, അവനെ ദേഷ്യം പിടിപ്പിക്കാതെ സംസാരിക്കണം, അവന്‍ ആവശ്യപ്പെടുന്ന നിമിഷത്തിലെല്ലാം അവനുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും വേണം. രോഗം വന്നാലൊന്നു വിശ്രമിക്കാന്‍ കൂടി അനുവദിക്കാത്ത എത്രയോ കുടുംബങ്ങളുണ്ട്..?? വെറും അടിമകളെക്കാള്‍ കഷ്ടമായ ജീവിതം നയിക്കുന്ന സ്ത്രീകള്‍ എത്രയോ കുടുംബങ്ങളില്‍ കണ്ണീരുമായി ജീവിക്കുന്നു.?? എന്തായാലും ഇത്തരം അവസ്ഥകളൊന്നും ലൈംഗിക തൊഴിലാളികള്‍ക്ക് ഇല്ല. ആരുടെ കൂടെ കിടക്കണമെന്നു പോലും തീരുമാനിക്കാനുള്ള അവകാശമവള്‍ക്കുണ്ട്. അവന്റെ തുണി കഴുകിക്കൊടുക്കുകയോ അവന് വച്ചുണ്ടാക്കി വിളമ്പിക്കൊടുക്കുകയോ വേണ്ട. അവന്റെ ആജ്ഞകള്‍ അനുസരിക്കുകയും വേണ്ട. ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെടുന്നതെല്ലാം അവളെ പ്രാപിക്കാന്‍ വരുന്നവര്‍ സാധിച്ചു കൊടുക്കും. ഏതു ഹോട്ടലില്‍ താമസിക്കണമെന്നും എന്തു ഭക്ഷണം കഴിക്കണമെന്നും അവള്‍ക്കു തീരുമാനിക്കാം. അതിനാല്‍, ലൈംഗിക തൊഴിലാളികളെക്കാള്‍ മെച്ചമാണ് ഭാര്യമാരെന്ന നിലപാട് സാഹചര്യങ്ങള്‍ അറിയാത്തവര്‍ നടത്തുന്ന ജല്പനങ്ങളാണ്.
ഒരിക്കല്‍ ഭാര്യമാരായിരുന്നവര്‍ തന്നെയാണ് ലൈംഗിക വൃത്തിയിലേക്കു വന്നിട്ടുള്ളത്. അതിനാല്‍, ഭാര്യമാരായി ജീവിക്കുന്നതിന്റെ ദുരിതം എന്തുമാത്രമാണെന്ന് അവര്‍ക്കറിയാം. തൊഴില്‍ ചെയ്യുന്ന എല്ലാ മനുഷ്യരും അനുഭവിക്കുന്ന ദുരിതങ്ങള്‍ മാത്രമേ ലൈംഗികത തൊഴിലാളികള്‍ക്കുമുള്ളു. അതില്‍ യാതൊരു സംശയവുമില്ല. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മുറിയിലിട്ടു പൂട്ടി പലര്‍ചേര്‍ന്നു ബലാത്സംഗം ചെയ്യുമ്പോഴാണ് അവര്‍ ഏറ്റവുമധികം പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. അല്ലാതെ, തെരുവില്‍ നില്‍ക്കുന്ന ആളെപ്പിടിച്ചു കൊണ്ടുപോയി ബന്ധപ്പെട്ടാലൊന്നും അതില്‍ യാതൊരു പ്രയാസങ്ങളും അവര്‍ക്കില്ല. തെരഞ്ഞെടുക്കാന്‍ പരുവത്തില്‍ കുറെപ്പേര്‍ വന്നു ക്യൂ നില്‍ക്കും. അതില്‍ നിന്നും സ്ത്രീയ്ക്കു തെരഞ്ഞെടുക്കാം ആരുടെകൂടെ കിടക്കണമെന്ന്. ഇവന്‍ കൊള്ളാം ഇവന്റെ കൂടെ പോകാം എന്ന ഒരു തെരഞ്ഞെടുപ്പുണ്ടവിടെ. ഭാര്യയ്ക്ക് എന്താണുള്ളത്…??
ഒരു ഭര്‍ത്താവിനെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീയ്ക്ക് എന്തു സ്വാതന്ത്ര്യമാണുള്ളത്…?? അമ്മയും അച്ഛനും ബന്ധുക്കളും പറ്റുമെങ്കില്‍ നാട്ടുകാരും കൂടി ഒരുത്തനെ തെരഞ്ഞെടുക്കുകയാണ്. വിവാഹം കഴിച്ച ആ നിമിഷം മുതല്‍ അവനെ ഇഷ്ടപ്പെടാനുള്ള കഷ്ടപ്പാടിലൂടെയാണവള്‍ ജീവിക്കുന്നത്. അതിനാല്‍, ഭാര്യമാരുടെ അവസ്ഥ ലൈംഗിക തൊഴിലാളികളെക്കാള്‍ വളരെ വളരെ താഴെയാണ്. അടിമ ജീവിതമാണവര്‍ നയിക്കുന്നത്. ഒരുത്തന്റെ വേശ്യയാണൊരു ഭാര്യ. എന്നുമാത്രമല്ല, അടിമപ്പണി മുഴുവന്‍ ചെയ്യുകയും വേണം. തുണിമുഴുവന്‍ നനയ്ക്കണം, അടുക്കളപ്പണിയും വീടു വൃത്തിയാക്കലും എല്ലാം ചെയ്യണം. അവന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തല്ലും വാങ്ങണം. ലൈംഗിക തൊഴിലാളിയെ തല്ലിയാല്‍ അവന്റെ ജീവിതത്തില്‍ പിന്നെ അവരെ കിട്ടില്ല.
സ്ത്രീ സ്വന്തം ശക്തി തിരിച്ചു പിടിച്ചാല്‍, സ്വന്തമായി അധ്വാനിച്ച് സ്വയം ജീവിക്കാനാരംഭിച്ചാല്‍ തങ്ങളുടെ ലൈംഗികതയപ്പാടെ തകരാറിലാകുമെന്ന് പുരുഷനു നന്നായി അറിയാം. അതിനാല്‍, മതത്തിന്റെയും മാതൃത്വത്തിന്റെയും ചാരിത്ര്യത്തിന്റെയും സാമൂഹിക കുടുംബകെട്ടുപാടുകളുടെയും വേലിക്കെട്ടുകള്‍ തീര്‍ത്ത് സ്ത്രീകളെ വീടിനകത്തു തന്നെ തളച്ചിടാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അവരവരുടെ ശക്തിയെക്കുറിച്ചു തിരിച്ചറിവില്ലാത്ത സ്ത്രീവര്‍ഗ്ഗമാകട്ടെ സ്വയമവന്റെ ചവിട്ടടിയില്‍ വീണുകിടന്ന് മര്‍ദ്ദനമേറ്റു വലയുന്നു. അന്തസായി സ്വാതന്ത്ര്യത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീകളെ അടിമത്തം ഇഷ്ടപ്പെടുന്ന സ്ത്രീകളുള്‍പ്പടെയുള്ളവര്‍ വളഞ്ഞിട്ടാക്രമിക്കുന്നു. അടിമത്തത്തിന്റെ മഹത്വത്തെ മതത്തിന്റെ കൂട്ടുപിടിച്ചു പ്രഘോഷിക്കുന്ന സ്ത്രീകള്‍ പുരുഷന്റെ അടങ്ങാത്ത ലൈംഗിക ദാഹത്തിനു സ്വയം കീഴടങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഒന്നു പിടയ്ക്കാന്‍ പോലും ശേഷിയില്ലാത്ത വെറും കൃമികീടമായി സ്ത്രീ തരംതാഴുന്ന ഹീനമായ കാഴ്ചയാണത്.
(മൈത്രേയനുമായുള്ള അഭിമുഖം മൂന്നു ഭാഗങ്ങളായിട്ടാണ് തമസോമ പ്രസിദ്ധീകരിക്കുന്നത്. ഇത് ആദ്യഭാഗമാണ്. ഇതിന്റെ രണ്ടാം നാളെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.)