Jess Varkey Thuruthel
സിനിമയെ തകര്‍ക്കരുതത്രെ! പ്രേക്ഷകരോടും മാധ്യമങ്ങളോടുമുള്ള അവസാനത്തെ അടവുമെടുത്തിരിക്കുകയാണ് അഭിനയ രംഗത്തെ കുലപതികള്‍. ‘നിങ്ങള്‍ക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് അന്യരായി മാറിയത്? വളരെ ദയനീയതയോടെ, സങ്കടങ്ങളെല്ലാം കാച്ചിക്കുറുക്കിയെടുത്ത് ‘ A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടന്‍ മോഹന്‍ലാലിന്റെ (Mohanlal) വാക്കുകള്‍. ആരാണ് സിനിമാ മേഖലയെ തകര്‍ത്തത്? പ്രേക്ഷകരാണോ, മാധ്യമങ്ങളാണോ. അതോ സിനിമാക്കാര്‍ തന്നെയോ? ഇതിനു കൂടി ഉത്തരം പറയാന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സകല താരങ്ങളും ബാധ്യസ്ഥരാണ്.
ബലാത്സംഗങ്ങളും അവസരനിഷേധങ്ങളും മാത്രമല്ല, വളര്‍ന്നുവരുന്നവരെ ഒതുക്കുകയും ഓരോരോ സംഘങ്ങളായി തിരിഞ്ഞ് തമ്മിലടികളും മാഫിയ ബന്ധങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം സിനിമാ മേഖലയിലുണ്ട്. അതെല്ലാം എല്ലാ മേഖലകളിലും ഉള്ളതല്ലേ പിന്നെ സിനിമയില്‍ ഉള്ളതിന് എന്താണ് ഇത്ര പറയാനുള്ളത് എന്ന മട്ടിലാണ് എല്ലാവരും കൈകാര്യം ചെയ്യുന്നത്. സിനിമ വെറും സിനിമ മാത്രമാണ്. ഈ കലാകാരന്മാരൊന്നും മൂല്യബോധമുള്ളവരല്ല, അവര്‍ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്നത് വെറും സ്‌ക്രീനില്‍ മാത്രമാണ്. അല്ലാതെ ജീവിതത്തില്‍ അവര്‍ യാതൊരു തരത്തിലുമുള്ള മൂല്യങ്ങള്‍ പാലിക്കുന്നവരോ പിന്തുടരുന്നവരോ അല്ല. പിന്നെ അവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. ഒരു പരിധിയില്‍ കൂടുതലുള്ള സമ്പാദ്യങ്ങള്‍ക്ക് വരുമാന നികുതി അടക്കേണ്ടി വരും. പക്ഷേ, ആ പണത്തിലൊരു പങ്ക് ചാരിറ്റിയായി നല്‍കിയാല്‍ ടാക്‌സില്‍ കുറവുണ്ടാകും. എന്നുമാത്രമല്ല, അത് അവരുടെ പൊതു സമ്മതി ഉയര്‍ത്തുകയും നല്ലവര്‍ എന്ന ഇമേജ് ഉണ്ടാക്കുകയും ചെയ്യും.
സ്വദേശങ്ങളിലും വിദേശങ്ങളിലും സിനിമാ മേഖലയിലുള്ളവര്‍ നിരവധി പ്രോഗ്രാമുകള്‍ നടത്താറുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രമല്ല, ആ പ്രോഗ്രാമിലെല്ലാം പോകുമ്പോഴും നടിമാരും (ചില നടന്മാരും) ഒട്ടേറെ ചൂഷണങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇതെല്ലാം സിനിമാ മേഖല കൈയടക്കി വച്ചിരിക്കുന്ന മഹാനടന്മാര്‍ക്ക് അറിവുള്ളതുമാണ്. പക്ഷേ അവര്‍ അതിമെതിരായി യാതൊരക്ഷരവും മിണ്ടില്ല. അനീതികളെ ചോദ്യം ചെയ്യില്ല. ഒരുപക്ഷേ, ഇവര്‍ ഇന്നും നിലനിര്‍ത്തി കൊണ്ടുനടക്കുന്ന താരസിംഹാസനങ്ങളെല്ലാം ഇത്തരത്തില്‍ കണ്ണടച്ചു പിടിച്ചതിന്റെ പ്രതിഫലമായിരിക്കാം. എന്നിട്ടവര്‍ പൊതുവേദിയില്‍ നിന്നു തേങ്ങുന്നു, ഞങ്ങളെ നിങ്ങള്‍ക്കറിയാമല്ലോ. ഇത്രപെട്ടെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്യരായതെങ്ങനെ…?
ലൈംഗിക ചൂഷണങ്ങള്‍ സിനിമയില്‍ മാത്രമല്ല, മറ്റെല്ലാ രംഗങ്ങളിലും ഉണ്ടെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ന്യായീകരിക്കുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നു. പക്ഷേ, സിനിമാ രംഗത്തല്ലാതെ മറ്റൊരു രംഗത്തും ഇത്രയേറെ ലൈംഗിക ചൂഷണങ്ങളും വൈകൃതങ്ങളും നടക്കുന്നില്ല. സിനിമയില്‍ സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഇതുതന്നെയാണവസ്ഥ. അവസരങ്ങള്‍ തേടി സ്ത്രീകളും പെണ്‍കുട്ടികളും ഒഴുകിയെത്തുന്ന വേറൊരു മേഖലയുമില്ല. ലൈംഗികമായി ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമായി ഇവിടെ സിനിമകള്‍ ഇറങ്ങുന്നു. ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് സിനിമയ്ക്കകത്തെ മാത്രം നീതിയുടെ കാവല്‍ക്കാര്‍.
സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ മൗനവും നട്ടെല്ലില്ലായ്മയും വിരല്‍ചൂണ്ടുന്ന മറ്റൊരു സത്യമുണ്ട്. ഈ കൊടുങ്കാറ്റില്‍ കുറച്ചു പേരുടെ ഇമേജ് തകര്‍ക്കാമെന്നല്ലാതെ ആരെയും ശിക്ഷിക്കാനാവില്ല. തെളിവുകളുണ്ടാവില്ല ആര്‍ക്കെതിരെയും. നടന്‍ മുകേഷിനെ സംരക്ഷിക്കാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഏതുവിധമാണോ ശ്രമിക്കുന്നത് ആ വിധത്തിലുള്ള സംരക്ഷണം ഇവര്‍ക്കു ആരോപണവിധേയരായ എല്ലാവര്‍ക്കും ലഭിക്കും. മുകേഷിന്റെ ആദ്യഭാര്യ സരിത ഇത്രയേറെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും അയാളെ ഒന്നും ചെയ്യാന്‍ ഇവിടെയുള്ള നിയമ വ്യവസ്ഥയ്ക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ, ഈ കൊടുങ്കാറ്റില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
സിനിമയിലുള്ളവര്‍ തന്നെ ശ്രമിക്കുന്നത് കുറ്റക്കാരെ സംരക്ഷിച്ചു പിടിക്കാനാണ്. അപ്പോള്‍പ്പിന്നെ ഇവിടെ ആരും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിനാല്‍, ആ അപവാദം ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുംമേല്‍ ചാര്‍ത്താതിരിക്കുകയാണ് സിനിമാക്കാര്‍ക്ക് നല്ലത്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975