ഇതിനിടയിലൊരു പുരുഷന്‍ നാലു പെറ്റു, വീണ്ടുമൊരു പ്രസവത്തിനു ബാല്യം

Thamasoma News Desk

ഹിറ ഹരീറ എന്ന അക്യുപങ്ചര്‍-പ്രകൃതി ചികിത്സ പ്രചാരകയുടെ വീട്ടിലെ പ്രസവ ചര്‍ച്ചകള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയൊരു അത്ഭുത പ്രതിഭാസമുണ്ട് (Natural Birth). നാലുപെറ്റ ഒരു റഹിമിനെക്കുറിച്ചുള്ള കുറിപ്പുകളാണത്. ഹോസ്പിറ്റലില്‍ പോയി ഇദ്ദേഹവും നാലു പെറ്റു എന്നാണ് വിവരിച്ചിരിക്കുന്നത്. രണ്ടുതവണ വയറുകീറിയും രണ്ടുതവണ വജൈനയുടെ അടിഭാഗം കീറിയുമാണ് കുട്ടിയെ പുറത്തെടുത്തതെന്ന വിശദീകരണവുമുണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഒരു പേരക്കുട്ടിയുമുള്ള ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ഇനിയുമൊന്നു പ്രസവിക്കണമെന്നാണ്. അതും ആശുപത്രി സൗകര്യങ്ങള്‍ പാടെ ഒഴിവാക്കി, മരുന്നുകളൊന്നും കഴിക്കാതെ, തികച്ചും പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ പ്രസവിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എന്തായാലും പുരുഷനൊരുത്തന്‍ നാലുപെറ്റ മഹാസംഭവം കേരളത്തിലാരും അറിയാതെ പോയി. ഇക്കാര്യം ഇദ്ദേഹത്തിനു തന്നെ വെളിപ്പെടുത്തേണ്ടിയും വന്നു.

സ്ത്രീകള്‍ക്ക് ആവശ്യത്തിനു വിദ്യാഭ്യാസം നല്‍കാതെ, ഇനി അഥവാ നല്‍കിയാല്‍ത്തന്നെ ജോലിക്കായി പുറത്തു പോകാന്‍ അനുവദിക്കാതെ, വിവാഹം, പ്രസവം, കുട്ടികള്‍, കുടുംബം എന്നിവയില്‍ മാത്രം ശ്രദ്ധയൂന്നി ശരീരം ചാക്കില്‍ പൊതിഞ്ഞ് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പല മുസ്ലീം സ്ത്രീകളും. ഇതാണു തങ്ങളുടെ ജീവിതമെന്നു മനസാ തീരുമാനമെടുത്തവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളെ സ്ത്രീ ഡോക്ടര്‍മാര്‍ തന്നെ ചികിത്സിക്കണമെന്നു നിഷ്‌കര്‍ഷയുള്ളവരാണിവര്‍. അപ്പോള്‍പ്പിന്നെ പ്രസവത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

വീട്ടില്‍ പ്രസവം നടത്തിയപ്പോള്‍, കുട്ടി പാതി വഴിയില്‍ കുരുങ്ങി അമ്മയും കുഞ്ഞും മരിച്ച സംഭവമുണ്ടായത് ഈ അടുത്ത കാലത്താണ്. ഗര്‍ഭിണി ആയതുമുതല്‍ പ്രസവം വരെയും അതിനു ശേഷവും ഒരുതവണ പോലും ഡോക്ടറെ കണ്ടില്ലെന്ന് അഭിമാനപൂര്‍വ്വം ഹിറ ഹരീറ പറയുന്നു. എന്നുമാത്രമല്ല, പ്രസവ വേദന തുടങ്ങിയപ്പോഴും സാധാരണ പോലെ വീട്ടിലെ ജോലികളെല്ലാം പൂര്‍ത്തിയാക്കി കട്ടിലില്‍ വന്നുകിടന്ന ഉടനെ കുഞ്ഞിനെ പെറ്റിട്ടു എന്നാണ് ഇവര്‍ പറയുന്നത്. അതും ആദ്യം കുട്ടിയുടെ കാല്‍ വെളിയില്‍ വന്നിട്ടും!

എങ്ങനെ പ്രസവിക്കണം, ഏതു മാര്‍ഗ്ഗം തെരഞ്ഞെടുക്കണം, ആശുപത്രിയില്‍ വേണോ അതോ വീട്ടില്‍ മതിയോ എന്നെല്ലാം ഓരോ വ്യക്തിയുടേയും തീരുമാനമാണ്. പ്രസവം ഒരു രോഗമല്ല, അതൊരു ജൈവപ്രക്രിയയാണ്. ഓരോ സ്ത്രീയുടേയും ശരീരപ്രകൃതിയും ആരോഗ്യവും വ്യത്യസ്ഥമാണ്. അതിനാല്‍ത്തന്നെ ഓരോ പ്രസവവും വ്യത്യസ്ഥമാണ്. ഒരാളില്‍ പരീക്ഷിച്ചു വിജയിച്ച രീതി മറ്റൊരാളില്‍ വിജയിക്കണമെന്നുമില്ല. വീട്ടിലെ പ്രസവം ഒരു സ്ത്രീയ്ക്കു മരണവും മറ്റൊരാള്‍ക്ക് ജീവിതവും സമ്മാനിച്ചത് അതിനാലാണ്.

സിന്‍സി അനില്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ച വരികള്‍ കൂടി ഈ ലേഖനത്തോടൊപ്പം ചേര്‍ക്കുന്നു.

മകന്റെത് സുഖമല്ലാത്ത ‘പ്രസവ’വും മകളുടേത് സുഖമായ സിസ്സേറിയനും ആയിരുന്നു. മകന്റെത് ഏഴാം മാസവും മകളുടേത് എട്ടാം മാസവും.
ഇരുപതാം വയസില്‍ സുഖപ്രസവം തേടിയുള്ള യാത്രയില്‍ പറ്റിയ കൈപ്പിഴയില്‍ കുറച്ചു കാലമെങ്കിലും ജീവിതം ഇരുട്ടില്‍ ആയിപ്പോയത് സിസ്സേറിയന്‍ വേണ്ട എന്ന അനാവശ്യ വാശി കാണിച്ചവര്‍ക്കല്ല. എനിക്കും എന്റെ മകനും മാത്രമായിരുന്നു! ഇന്നും അതിന്റെ ബാക്കി വെല്ലുവിളികള്‍ അനുഭവിക്കുന്നതും ഞങ്ങള്‍ മാത്രം!!

ഏഴാം മാസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അപ്രതീക്ഷിതമായി രാത്രി പത്തു മണിക്ക് ഫ്‌ളൂയിഡ് ലീക്ക് ആയി. ആശുപത്രിയില്‍ ചെന്ന ഞാന്‍ പിറ്റേന്ന് ഉച്ചക്ക് രണ്ടര മണിക്കാണ് പ്രസവിക്കുന്നത്, അല്ല പ്രസവിപ്പിക്കുന്നത്. അതും മലദ്വാരം വരെ കീറി മുറിച്ചിട്ടും കുഞ്ഞ് പോരാത്തതിനാല്‍ vaccuam ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്.

ഭര്‍ത്താവോ ബന്ധുക്കളോ എന്ത് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാലും ഇത്തരം കാര്യങ്ങള്‍ complicated ആക്കാതെ നോക്കേണ്ടത് ഡോക്ടര്‍മാര്‍ ആണ്. അന്ന് എന്തുകൊണ്ട് ആ ഡോക്ടര്‍ സിസ്സേറിയന്‍ ചെയ്തില്ല എന്നത് എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ആ സമയം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനാലാണ് അവിടുത്തെ നെര്‍വുകള്‍ക്ക് ക്ഷതം സംഭവിച്ചതുമെന്നും വളര്‍ച്ചയില്‍ പലതും ഓര്‍ത്ത് വയ്ക്കുവാനും പഠിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കുഞ്ഞിന് ഉണ്ടായതെന്നും പിന്നീടാണ് ഞാന്‍ മനസിലാക്കിയത്.

മലദ്വാരം വരെ ഇട്ട സ്റ്റിച്ചുമായി ഇരിക്കാനും കിടക്കാനും നിവരാനും പറ്റാതെ ഒരു മാസം പ്രാണവേദന തിന്നു ഞാന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്സേറിയനിലൂടെ മകളെ പുറത്തെടുത്തിട്ടു രണ്ടാഴ്ചകൊണ്ട് കൊണ്ട് ഓടി ചാടി നടന്നു എന്നത് നഗ്‌നസത്യമാണ്.

17 വര്‍ഷങ്ങള്‍ക്കപ്പുറം ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത് മൂന്നു കാര്യങ്ങളാണ്.
1)പുറത്ത് വന്നയുടന്‍ കുഞ്ഞ് കരഞ്ഞു..
2)മുല വലിച്ചു കുടിച്ചു.
3)2.7 kg തൂക്കം…

അതെ…ഇത്രയും മതി…. കുട്ടി ആരോഗ്യമുള്ളതാണെന്ന് വിലയിരുത്താന്‍…
ഏത്? ശാരീരികമായി ആരോഗ്യവാന്‍, ശാരീരികമായി മാത്രം…

പിന്നീട് അവനുണ്ടായ വെല്ലുവിളികള്‍ക്ക് അന്നും ഇന്നും സാക്ഷി ആയത് ഞാന്‍ മാത്രം…

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ദുരനുഭവത്തിന്റെ ഓര്‍മയില്‍ മകളുടെ പ്രസവം ഇലക്റ്റീവ് സിസേറിയനിലേക്ക് എന്നെ എത്തിച്ചു എന്നു വേണം പറയാന്‍. മറ്റൊരു ഹോസ്പിറ്റലില്‍ മകളെ ഗര്‍ഭിണി ആയി കാണാന്‍ ചെന്നപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചിട്ട് പറഞ്ഞ ഒരു കാര്യം ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട്. ‘പ്രസവിക്കാന്‍ പോന്ന ശരീരഘടന അല്ല നിങ്ങള്‍ക്കുള്ളത്. മൂത്ത ആളെ പ്രസവിച്ചു എന്ന് പറഞ്ഞത് വിശ്വസിക്കാന്‍ പറ്റുന്നില്ല. അന്നത്തെ ഡോക്ടര്‍ അത് മനസിലാക്കിയില്ല എന്നതും അവിശ്വസനീയം തന്നെ.’

ഇപ്പോള്‍ ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത് ഒരു സ്ത്രീ സ്വന്തം പ്രസവം തനിയെ വീട്ടില്‍ നടത്തിയ കഥ വായിച്ചത് കൊണ്ട് മാത്രമാണ്. പ്രസവത്തിനു തയ്യാറെടുക്കുന്ന പെണ്‍കുട്ടികളോടാണ്. മതത്തെയും പ്രകൃതിയെയും ഒക്കെ മറയാക്കി ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നവര്‍ക്ക് മറ്റെന്തൊക്കെയോ അജണ്ടകള്‍ ഉണ്ടന്ന് മനസിലാക്കുക. ഡോക്ടര്‍മാരുടെ കൈ പിഴ കൊണ്ട് ഒന്നും സംഭവിക്കില്ല എന്ന അവകാശവാദം ഒന്നുമില്ലങ്കില്‍ കൂടി ഒരു സങ്കീര്‍ണ്ണമായ ‘പ്രസവം’ എന്ന പ്രക്രിയ ഒരു ആശുപത്രിയില്‍ ആക്കുന്നതാണ് ഉചിതം.

നമ്മുടെ ജീവനും നമ്മുടെ കുഞ്ഞിന്റെ ജീവിതത്തിനും ഒരു പരിധിയില്‍ അപ്പുറം ആര്‍ക്കും താങ്ങാവാന്‍ സാധിക്കില്ല എന്ന സത്യം മനസിലാക്കുക. പ്രസവിക്കുക എന്നതിന് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന് കൂടി അര്‍ത്ഥമുണ്ടെന്നു ഓര്‍ത്തു വയ്ക്കുക… അവിടെ പലപ്പോഴും നമ്മള്‍ സ്ത്രീകള്‍ മാത്രമാണ് suffer ചെയ്യേണ്ടി വരിക എന്നതും.

”ഒരു ചായ കുടിച്ചിട്ട് വരുന്ന ലാഘവത്തോടെ കാണേണ്ട ഒന്നല്ല പ്രസവം.” എന്റെ മകള്‍ക്ക് പുറത്തെത്തിയ ഉടനെ ശ്വാസതടസം ഉണ്ടായിരുന്നു… ആ ആശുപത്രിയില്‍ നല്ലൊരു neonatal icu ഉണ്ടായിരുന്നത് കൊണ്ട് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല…5 ദിവസം അവള്‍ക്കു ഓക്‌സിജന്‍ കൊടുക്കേണ്ടി വന്നു..
ഹോസ്പിറ്റലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല neonatal icu ഉള്ള ഹോസ്പിറ്റല്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ ഓടി എത്താന്‍ പറ്റുന്ന ദൂരത്തു ഉള്ളത് എങ്കിലും അന്വേഷിച്ചു വയ്ക്കുക.

സോമന്റെ കൃതാവ് എന്നൊരു സിനിമയില്‍ ഇതുപോലൊരു രംഗം (വീട്ടില്‍ പ്രസവം) കാണിക്കുന്നുണ്ട്. ഇതൊക്കെ രണ്ടു ജീവനുകള്‍ വച്ചുള്ള ഞാണിന്മേല്‍ കളിയാണെന്നും ഇതൊന്നും പ്രചരിപ്പിക്കാന്‍ പാടില്ലാത്തത് ആണെന്നും ഒക്കെ നിയമങ്ങള്‍ വന്നിരുന്നെങ്കില്‍ ഈ അബദ്ധധാരണകള്‍ക്ക് ഒരു ശമനം വന്നേനെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170,
editor@thamasoma.com

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *