സ്‌നേഹത്തണലിലേക്കു മാടിവിളിച്ച് നെല്ലിമറ്റം സെന്റ് ജോസഫ് സ്‌കൂള്‍

ജെസ് വര്‍ക്കി തുരുത്തേല്‍

അക്ഷരമധുരം നുണഞ്ഞ് കളിച്ചു തിമിര്‍ത്ത ആ തിരുമുറ്റത്തേക്ക് അവര്‍ വീണ്ടുമൊരിക്കല്‍ക്കൂടി എത്തുന്നു! നീണ്ട 75 വര്‍ഷത്തെ കാലയളവിനിടയില്‍, ഈ മുറ്റത്ത് ഓടിക്കളിച്ചവരും ക്ലാസ് മുറികളില്‍ നിന്നും അറിവു നേടിയവരും കുട്ടിത്തം വിട്ടുമാറാത്ത മനസുമായി വീണ്ടുമിവിടേക്ക്!! അറിവിന്റെയും നന്മയുടേയും സൗഹൃദങ്ങളുടേയും പൂക്കാലം തീര്‍ത്ത നെല്ലിമറ്റം സെന്റ് ജോസഫ് സ്‌കൂളിന് ചിലതെല്ലാം പകരം നല്‍കാനായി! 1950 കളില്‍ എല്‍ പി സ്‌കൂളായി ആരംഭിച്ച സെന്റ് ജോസഫ് ഇന്ന് യു പിയായി വളര്‍ച്ച നേടി. നെല്ലിമറ്റത്തിന്റെ വിദ്യാഭ്യാസ ജ്യോതിസായി, അനേകം കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കു ചിറകുകള്‍ നല്‍കി, കൈപിടിച്ചു നടത്തിയ ആ സ്‌കൂളിലേക്ക് അവിടെ പഠിച്ചവരും പഠിപ്പിച്ചവരും മാത്രമല്ല, നെല്ലിമറ്റം സെന്റ് ജോസഫ് (Nellimattam St Joseph School) ഒരു വികാരമായി കൊണ്ടുനടക്കുന്ന ഏവരുമെത്തുന്നു, ഇത് തങ്ങളുടെ സ്വന്തമെന്ന അവകാശവാദത്തോടെ!!

സ്‌കൂള്‍ കനക ശോഭയില്‍ കുളിച്ച 2004-ല്‍ ഒരുമിച്ചു കൂടിയപ്പോള്‍, ഇതിനേക്കാള്‍ മനോഹരമാകണം പ്ലാറ്റിനം ജൂബിലിയെന്ന് അവര്‍ തീരൂമാനിച്ചുറപ്പിച്ചിരുന്നു. അമ്പതാം വര്‍ഷത്തില്‍ നടത്തിയ ഹ്രസ്വകാല ആഘോഷ പരിപാടികള്‍ക്കപ്പുറം, ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയെന്ന തീരുമാനത്തിലേക്കും അവര്‍ അന്ന് എത്തിച്ചേര്‍ന്നിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2024 ഫെബ്രുവരി 9ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബില ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടക്കലാണ് ആഘോഷപരിപാടി ഉത്ഘാടനം ചെയ്തത്.

സ്‌കൂളിന്റെ 75 വര്‍ഷങ്ങള്‍ക്കായി 75 ഇന കര്‍മ്മപദ്ധതികള്‍ക്കാണ് അന്നവര്‍ തുടക്കം കുറിച്ചത്. സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലുമായി ജൂബിലി ട്രീ നട്ടുകൊണ്ട് ആരംഭിച്ച ഈ കര്‍മ്മ പദ്ധതികളില്‍ 45 ഓളം ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു. ഏറ്റവും പ്രാധാന്യമുള്ള എക്‌സ്‌പോ 2കെ24 എക്‌സിബിഷന്റെ ഉത്ഘാടനം നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10.30 ന് എം എല്‍ എ ആന്റണി ജോണ്‍ നിര്‍വഹിക്കും. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വ്യത്യസ്ഥങ്ങളായ നിരവധി നിര്‍മ്മാണങ്ങള്‍, പരീക്ഷണങ്ങള്‍, പഴയകാല വസ്തുക്കളുടെ പ്രദര്‍ശനം, മറ്റ് വ്യക്തികളെയും കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദ, വിജ്ഞാനപ്രദങ്ങളായ സ്റ്റാളുകള്‍ എന്നിവ ഈ എക്‌സ്‌പോയുടെ സവിശേഷതകളാണ്. സ്‌കൂളിന്റെ ജൂബിലി സ്മാരകമായി തയ്യാറാക്കിയ ജൂബിലി സ്മാരക പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം ഇതേവേദിയില്‍ കോതമംഗലം രൂപത ചാന്‍സിലര്‍ റവ. ഡോ. ജോസ് കുളത്തൂര്‍ നിര്‍വഹിക്കും.

2024 ഡിസംബര്‍ 1 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1.30 വരെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ ഒരു മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തുന്നു. ജനറല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോളജി, ഓങ്കോളജി, ഓര്‍ത്തോ വിഭാഗം, കാര്‍ഡിയോളജി തുടങ്ങിയ 5 വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ഈ മെഡിക്കല്‍ ക്യാമ്പ് ഈ നാട്ടിലെ പാവപ്പെട്ട ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ഈ സ്‌കൂളിലെ പൂര്‍വ്വ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് 2024 ഡിസംബര്‍ 27് വെള്ളിയാഴ്ച്ചയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും പ്രായം ചെന്ന അധ്യാപകരെയും, വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിക്കും. ക്കുന്നതാണ്. പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥികള്‍ക്ക് പഴയകാല ഓര്‍മ്മകളിലൂടെ പരസ്പരം സന്തോഷം പങ്കുവെക്കാനുള്ള വേദിയാണ് ഈ ഒത്തുചേരല്‍.

സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 2025 ഫെബ്രുവരിയില്‍ മതമേലദ്ധ്യക്ഷന്‍മാരേയും, സാമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്നതാണ്.

നഴ്‌സറി കുട്ടികള്‍ക്കായുള്ള കിഡ്‌സ് സ്‌പേസ് (കിഡ്‌സ് പാര്‍ക്ക്), കമ്പ്യൂട്ടര്‍ ലാബിന്റെ നവീകരണം എന്നിവ സ്‌കൂളിന്റെ ഏറെക്കാലത്തെ സ്വപ്‌നമാണ്. സ്‌കൂളിനെ സ്‌നേഹിക്കുന്നവരുടെ സഹായമുണ്ടെങ്കില്‍ ഇവ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. പ്ലാറ്റിനം ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഫണ്ട് സമാഹരണത്തിനായി ആകര്‍ഷകങ്ങളായ നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ജൂബിലി സമ്മാന കൂപ്പണ്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. പൊതുജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണമാണ് ഇതിനും പ്രതീക്ഷിക്കുന്നത്. ഹൈസ്‌കൂള്‍ ആക്കി നെല്ലിമറ്റം സെന്റ് ജോസഫ് സ്‌കൂളിനെ ഉയര്‍ത്തുന്നതിനുള്ള സഹകരണവും ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുകയാണ്.

പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജരും, ജൂബിലി ആഘോഷ കമ്മറ്റി ചെയര്‍മാനുമായ റവ. ഫാ.ജോര്‍ജ് കുരിശുംമൂട്ടില്‍, ആഘോഷ കമ്മറ്റി കണ്‍വീനറും സ്‌കൂള്‍ പ്രധാന അധ്യാപകനുമായ വിനു ജോര്‍ജ്, വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായ ആന്റണി പെരേര (പി ടി എ പ്രസിഡന്റ്), ഷീജ ജിയോ(എം പി ടി എ ചെയര്‍പേഴ്‌സണ്‍), സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജോയി പോള്‍ എന്നിവര്‍ പങ്കെടുത്തു.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *