വിവാഹം: പെണ്ണിന്റെ ഈ പിന്‍മാറ്റം ശുഭസൂചന

Jess Varkey Thuruthel

പുരുഷന്‍ സ്ത്രീയുടെ ശിരസാണെന്നും അടങ്ങിയൊതുങ്ങി കുടുംബവും കുട്ടികളെയും നോക്കി ജീവിക്കുകയാണ് പെണ്ണിന് ദൈവം കല്‍പ്പിച്ചിരിക്കുന്ന നിയോഗമെന്നും ഇവിടെ മതങ്ങളും മതവിശ്വാസികളും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. പെണ്ണിനെ മറ്റൊരു വീട്ടില്‍ ജീവിക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളാണ് ഇക്കാലമത്രയും നല്‍കിയിരുന്നത്. പുരുഷന്റെ ലൈംഗിക അടിമ മാത്രമായിരുന്നില്ല, ശമ്പളം കൊടുക്കേണ്ടാത്ത വേലക്കാരി കൂടിയായിരുന്നു. അവന്റെ കലിപ്പു തീര്‍ക്കാനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. വിവാഹം കഴിച്ചതിനു ശേഷം സ്വാതന്ത്ര്യമെന്ന വാക്കു പോലും അവള്‍ക്ക് അന്യമായിരുന്നു. അവളുടെ ഇഷ്ടം എന്ന ഒന്നില്ലാത്ത, സ്വന്തമായി വീടില്ലാത്ത, വീട്ടുകാരില്ലാത്ത ഒരു ജീവിതം.

ഇന്നവള്‍ തിരിച്ചറിയുന്നു, ഇത് തങ്ങളുടെ നന്മയ്ക്കല്ല, മറിച്ച് നാശത്തിനാണെന്ന്. വിദ്യാഭ്യാസവും ജോലിയും നേടുന്ന സ്ത്രീകള്‍ക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 31 മുതല്‍ 98% വരെയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

വിവാഹം കഴിക്കുന്നതിലൂടെ ഒരു പെണ്ണിന്റെ ചുമലിലേക്ക് എത്തിപ്പെടുന്ന ഉത്തരവാദിത്വങ്ങളാണ് അതിനു പ്രധാന കാരണം. ആ വീട്ടിലെ സകല കാര്യങ്ങളും അവള്‍ ഒറ്റയ്ക്കു ചെയ്യേണ്ടി വരുന്നു. കുടുംബമെന്ന അദൃശ ഇരുമ്പഴിക്കുള്ളില്‍ അവള്‍ തളച്ചിടപ്പെടുന്നു. കുട്ടികള്‍ കൂടി ഉണ്ടാകുന്നതോടെ അവളുടെ ഭാരം ഇരട്ടിയാകുന്നു. വിശ്രമമില്ലാത്ത ജോലി, ശരീര ക്ഷീണം പോലും കണക്കിലെടുക്കാതെ, പുരുഷന്‍ ആവശ്യപ്പെടുന്ന മാത്രയിലെല്ലാം അവന്റെ ലൈംഗികതയ്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരിക, അതും കൂടാതെ, അവന്റെ ദേഷ്യങ്ങളും അടിയുമെല്ലാം സഹിക്കേണ്ടി വരിക, സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരിക, ഇതെല്ലാം അവളെ ഭയപ്പെടുത്തുന്ന കാരണങ്ങളാണ്.

കുടുംബജീവിതത്തിലേക്കു പ്രതീക്ഷയോടെയും സന്തോഷത്തോടെയും കടക്കുന്നവര്‍ ഏറെ താമസിയാതെ കണ്ണുനീരില്‍ ജീവിക്കുന്ന കാഴ്ചയും അവരുടെ കണ്‍മുന്നിലുണ്ട്. വളരെ നല്ല ബന്ധമാണെങ്കില്‍ മാത്രം മതി വിവാഹമെന്ന ചിന്തയും ഇപ്പോഴത്തെ പെണ്‍കുട്ടികളിലുണ്ട്. ജീവിക്കാന്‍ തനിക്കൊരു തുണ വേണ്ടതില്ലെന്നും ജോലിയുണ്ടെങ്കില്‍ ഒറ്റയ്ക്കു താമസിക്കാന്‍ തങ്ങള്‍ക്കാവുമെന്നും ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരുന്നു. സ്വന്തം ജീവിതം ആഘോഷപൂര്‍വ്വം ജീവിച്ചു തീര്‍ക്കാന്‍ പുരുഷന്റെ തണല്‍ ആവശ്യമില്ല എന്നത് നല്ലൊരു സൂചന തന്നെയാണ്.

ഇനിയെങ്കിലും ആണിനെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ചിന്തിച്ചേ മതിയാകൂ. സ്വന്തം കുടുംബത്തിലെ ജോലികള്‍ ചെയ്യാനും അവരുടെ മാതാപിതാക്കളെ സംരക്ഷിക്കാനും കുട്ടികളെ വളര്‍ത്താനുമെല്ലാം ഭാര്യയ്ക്കു മാത്രമല്ല ഉത്തരവാദിത്വമെന്നത് മറന്നു പോകരുത്. ഒരു കുടുംബത്തിലെ ജോലികള്‍ ഓരോ വ്യക്തിയും ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ത്താല്‍ കുടുംബം ഏവര്‍ക്കും ഉല്ലസിക്കാനും ആനന്ദിക്കാനുമുള്ള നല്ലൊരു ഇടമാകും. അല്ലാത്ത പക്ഷം ആണിന് പെണ്ണിനെ കിട്ടില്ല. ഒരു കുടുംബമുണ്ടാകുക എന്നത് ഏറ്റവും ആവശ്യം ആണിനാണ്. പെണ്ണിനെ അതില്ലാതെയും ജീവിക്കാമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഈ സമൂഹത്തിന് ഉണ്ടായേ തീരൂ. ആണ്‍തുണയില്ലാതെ സ്ത്രീക്ക് ജീവിക്കാനാവില്ല എന്ന കള്ളത്തരത്തിനു മുകളില്‍ അവളുടെ വിദ്യാഭ്യാസത്തെ ആദ്യം നിഷേധിച്ചു. പെണ്ണു പണിയെടുത്തിട്ടു വേണ്ട എന്ന കള്ളന്യായം നിരത്തി അവളുടെ ജോലിയും മുടക്കി. മാതൃത്വത്തെ ദിവ്യത്വമായികണ്ട് അവളെ വീട്ടകങ്ങളില്‍ തളച്ചിട്ടു. ഇപ്പോള്‍ പെണ്ണിനു തിരിച്ചറിവുണ്ടായിരിക്കുന്നു. ഇതൊന്നും പെണ്ണിന്റെ ആവശ്യമല്ല, ആണിനാണ് ആവശ്യമെന്നത്.

കുടുംബജീവിതത്തില്‍ വേണ്ടത് അടിമത്തമല്ല, ആണു ഭരിച്ചാലും പെണ്ണുഭരിച്ചാലും കുടുംബം തകര്‍ന്നടിയുമെന്ന സത്യം ഇനിയെങ്കിലും മനസിലാക്കിയേ തീരൂ. കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടത് അടിമത്തമല്ല, മറിച്ച് സ്‌നേഹത്തില്‍ അധിഷ്ഠിതമായ പരസ്പര പൂരകമായ ജീവിതരീതിയാണ്.


Leave a Reply

Your email address will not be published. Required fields are marked *