പേവിഷബാധ നിര്‍മ്മാര്‍ജ്ജനം: മലയാളികളുടെ ഈ നെറികേടാണ് തടസം

Renjith K Joy

Jess Varkey Thuruthel

കേരളത്തില്‍ നിന്നും പേവിഷബാധ (Rabies) പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി മിഷന്‍ 2030 (Mission 2030) പദ്ധതിക്ക് കേരള മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. പക്ഷേ, സമീപഭാവിയിലെന്നല്ല, വിദൂര ഭാവിയില്‍പ്പോലും ഈ ലക്ഷ്യത്തിലെത്താന്‍ കേരളത്തിനു സാധിക്കില്ല. കാരണം, വിദ്യാഭ്യാസവും അറിവും ബുദ്ധിയുമുള്ള മലയാളികളുടെ ഈ നെറികേടാണ് ഈ മിഷന്റെ ഏറ്റവും വലിയ തടസം. കേരളത്തില്‍ പുതുതായി അതിനികൃഷ്ടമായൊരു സംസ്‌കാരം രൂപപ്പെട്ടു കഴിഞ്ഞു. അരുമ മൃഗങ്ങളെ വലിയ വില കൊടുത്തു വാങ്ങി, ആഗ്രഹം തീരുമ്പോള്‍, അല്ലെങ്കില്‍ അരുമകള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ തെരുവിലേക്കു വലിച്ചെറിയുന്ന ശീലം. ഇത്തരത്തില്‍ അനേകം മൃഗങ്ങളാണ് തെരുവിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നത്.

കൂടുതല്‍ക്കൂടുതല്‍ പണമുണ്ടാക്കുന്നതിനായി നിയമപ്രകാരവും അല്ലാതെയും ബ്രീഡുകളെ ജനിപ്പിക്കുന്നു, അവയെ വലിയ വിലയ്ക്കു വില്‍ക്കുന്നു. വാങ്ങുന്നവര്‍ നോക്കാന്‍ സാധിക്കാതെ വരുമ്പോള്‍, അല്ലെങ്കില്‍ അവയ്ക്കു രോഗം ബാധിക്കുമ്പോള്‍ തെരുവിലേക്കു വലിച്ചെറിയുന്നു. രോഗാണുക്കളെയും വഹിച്ചുകൊണ്ട് അവ തെരുവില്‍ ജീവിക്കുന്നു. മറ്റു മൃഗങ്ങള്‍ക്കും രോഗം നല്‍കുന്നു. ഇവയില്‍ ആക്രമണകാരികളായവര്‍ മനുഷ്യരിലേക്കും രോഗം പകര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍, നായ്ക്കളുടെ ആക്രണത്തിനു കാരണം നായ്ക്കളല്ല, മറിച്ച് നെറികെട്ട മനുഷ്യര്‍ തന്നെയാണ്.

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ തോറും സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്ത് അവരില്‍ പേവിഷത്തെക്കുറിച്ചും മൃഗങ്ങളുടെ ആക്രമണങ്ങളെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്ലാസെടുക്കുന്ന രഞ്ജിത് കെ ജോയിക്ക് (എജുക്കേഷന്‍ ഓഫീസര്‍ ഫോര്‍ റാബീസ്, എറണാകുളം ജില്ല) പറയാനുള്ളതും ഇതെല്ലാം തന്നെ.

‘മിഷന്‍ 2030 എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ പ്രയത്നിക്കുന്നത്. കേരളത്തില്‍ നിന്നും റാബീസ് വൈറസിനെ പരിപൂര്‍ണ്ണമായും തുടച്ചു മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പക്ഷേ, ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്ക് ഈ ലക്ഷ്യം നേടാന്‍ ചിലപ്പോള്‍ സാധിക്കില്ലെന്ന്. അതിന്റെ പ്രധാന കാരണം തെരുവിലേക്കു വലിച്ചെറിയപ്പെടുന്ന ബ്രീഡ് നായകളാണ്. ഇവയെ വാങ്ങി വളര്‍ത്തിയ ശേഷം രോഗം വരുമ്പോഴോ ആഗ്രഹം തീരുമ്പോഴോ തെരുവിലേക്കു വലിച്ചെറിയുന്ന ഒരു പ്രവണതയാണ് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ളത്.

നായ്ക്കളുടെ ആക്രമണങ്ങളെക്കുറിച്ചോ പേവിഷബാധയെക്കുറിച്ചോ പരാതിപ്പെട്ടതു കൊണ്ടായില്ല. മാറ്റം വരേണ്ടത് മനുഷ്യരുടെ സ്വഭാവത്തില്‍ തന്നെയാണ്. പെറ്റായി വളര്‍ത്തുന്ന മൃഗങ്ങളെ രോഗം വരുമ്പോള്‍ വലിച്ചെറിയുന്നു. ഒരുപക്ഷേ, കൊല്ലാനുള്ള മനസ് ഇല്ലാത്തതുകൊണ്ടാവാം തെരുവിലേക്കു വലിച്ചെറിയുന്നത്. പക്ഷേ, ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റുള്ള തെരുവുനായയെപ്പോലെ ഇവയും ആയിത്തീരുന്നു.

ഇത്തരം നായ്ക്കള്‍ മൃഗസ്നേഹികളുടെ കണ്ണില്‍പ്പെട്ടാല്‍ അവരവയെ സംരക്ഷിക്കുകയോ ദത്തു നല്‍കുകയോ നല്ലൊരു വീടു കണ്ടെത്തിക്കൊടുക്കുകയോ ചെയ്യാറുണ്ട്. പക്ഷേ, ചിലവ വീണ്ടും തെരുവിലേക്കുതന്നെ എത്തപ്പെടുന്നു. മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റം വരാതെ ഈ പ്രവണതയ്ക്ക് അന്ത്യമുണ്ടാകുകയില്ല. നമ്മള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെയാണ്. നല്ല രീതിയില്‍ ചികിത്സിച്ചാല്‍ ഇവയെ രക്ഷപ്പെടുത്തിയെടുക്കാം. പക്ഷേ, അതിന് പലരും മിനക്കെടാറുമില്ല.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഞങ്ങള്‍ നിരവധി ബോധവത്കരണ ക്ലാസുകള്‍ നല്‍കാറുണ്ട്. ഓരോ മനുഷ്യന്റെയും മനസിലൊരു ചിന്ത വേണം, തെരുവിലേക്ക് ഇവയെ വലിച്ചെറിഞ്ഞു കളയാന്‍ പാടില്ലെന്ന് അവര്‍ മനസിലാക്കിയേ തീരു. നായയെ വളര്‍ത്തുക എന്നത് ആജീവനാന്ത ഉത്തരവാദിത്വമാണെന്നു സ്വയം ബോധ്യപ്പെട്ട് ഉത്തരവാദിത്വത്തോടെ വളര്‍ത്തണം. അതിനു സാധ്യമല്ലെങ്കില്‍ സംരക്ഷിക്കാന്‍ മനസുള്ള ആരെയെങ്കിലും അവയെ ഏല്‍പ്പിക്കണം.

ഉപേക്ഷിക്കപ്പെടുന്ന ബ്രീഡ് നായ്ക്കളുടെ കാര്യത്തില്‍ പഞ്ചായത്തിന് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവും. പക്ഷേ, തെരുവുനായകളുടെ പ്രശ്നം തന്നെ പരിഹരിക്കാനാവാതെ പഞ്ചായത്ത് വലഞ്ഞിരിക്കുകയാണ്. അതിനിടയിലാണ് വളര്‍ത്തി ഉപേക്ഷിക്കുന്ന ബ്രീഡ് നായകളുടെ പ്രശ്നങ്ങള്‍. അവര്‍ക്കു തന്നെ തലവേദനയാണ്. നാട്ടുകാരുടെ പ്രശ്നങ്ങള്‍ വേറൊരു വഴിക്ക്. മൃഗങ്ങളെ കൊല്ലാന്‍ നമുക്ക് അവകാശമില്ല.

എല്ലാ നായ്ക്കള്‍ക്കും പേയില്ല. അതിനാല്‍ എല്ലാ നായ്ക്കളെയും പേടിക്കേണ്ടതുമില്ല. മുതിര്‍ന്നവരെ കണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. നായയെ കാണുമ്പോള്‍ കല്ലെറിഞ്ഞ് ഓടിക്കുക എന്നതാണ് മുതര്‍ന്നവരുടെ രീതി. അത് കുട്ടികളും അനുകരിക്കുന്നു. ഏറുകൊണ്ട പട്ടിയാകട്ടെ, അവസരം കിട്ടുമ്പോള്‍ മനുഷ്യരെ കടിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബോധവത്കരണം വേണ്ടത് മുതിര്‍ന്നവര്‍ക്കാണ്. പട്ടികടിക്കാന്‍ വരുമ്പോള്‍ അനങ്ങാതെ നില്‍ക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. അനങ്ങാതെ നിന്നാല്‍ പട്ടികള്‍ നമ്മളെ ഒന്നും ചെയ്യാതെ തിരിഞ്ഞു പൊയ്ക്കൊള്ളും. നായ്ക്കള്‍ കടിക്കാന്‍ വരുമ്പോള്‍ പിന്തിരിഞ്ഞോടിയാല്‍ നായ്ക്കളുടെ ആക്രമണം അതിരൂക്ഷമായിരിക്കും.

തെരുവുനായ്ക്കള്‍ പെരുകാനുള്ള കാരണം പൊതുബോധമില്ലാത്ത മനുഷ്യരാണ്. എന്തും വലിച്ചെറിയുന്ന ശീലമുള്ളവര്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നു തോന്നുന്നതിനെയെല്ലാം വലിച്ചെറിയുന്നു. ഒരാഗ്രഹത്തിന് അരുമ മൃഗങ്ങളെ വാങ്ങും. ആ ആഗ്രഹം തീരുമ്പോള്‍ അവയെ ഉപേക്ഷിക്കുകയും ചെയ്യും. ചില്ലു കുപ്പികളും മറ്റും പൊതുവഴിയില്‍ പൊട്ടിച്ചിടുന്നതും ഇത്തരത്തിലുള്ള മനുഷ്യര്‍ തന്നെ. ഈ കുപ്പിച്ചില്ലുകളില്‍ ചവിട്ടുന്ന മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം മുറിവേല്‍ക്കുന്നു. അവരവരുടെ കാര്യത്തില്‍ മാത്രം ശ്രദ്ധയുള്ള സ്വാര്‍ത്ഥരായി മാറിക്കഴിഞ്ഞിരിക്കുകയാണ് ചില മനുഷ്യര്‍.

നിയമത്തിന്റെ അഭാവമല്ല, നടപ്പാക്കാനുള്ള വിമുഖതയാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കു തടസമായി നില്‍ക്കുന്നത്. വഴിയില്‍ ചപ്പുചവറുകള്‍ വലിച്ചെറിയരുത് എന്നാണ് നിയമം. റോഡില്‍ തുപ്പാന്‍ പാടില്ലെന്നും പുക വലിക്കരുതെന്നും നിയമമുണ്ട്. പക്ഷേ, ആരും പാലിക്കുന്നില്ല. ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കാറുമില്ല.

ഓരോ പഞ്ചായത്തിലെയും ഓരോ മെംബര്‍ വിചാരിച്ചാല്‍ മതി, ഓരോ വാര്‍ഡും നന്നാവാന്‍. അവരു നന്നായാല്‍ ബാക്കിയുള്ളവരും നന്നാവും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. കേരളത്തില്‍ പലയിടത്തും ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഏറ്റവും വൃത്തിയുള്ള പഞ്ചായത്തായി എനിക്കു ബോധ്യപ്പെട്ടിട്ടുള്ളത് സുല്‍ത്താന്‍ ബത്തേരിയാണ്. അവിടെ ആരും അലക്ഷ്യമായി മാലിന്യങ്ങള്‍ ഇടാറില്ല. അവിടുള്ള കച്ചവടക്കാര്‍ പോലും അതു ചെയ്യില്ല. മാലിന്യം വലിച്ചെറിഞ്ഞാല്‍ നല്ല ശിക്ഷയുണ്ട്. മാലിന്യം വഴിയില്‍ കിടക്കുന്നതു കണ്ടാല്‍ അവിടെയുള്ള ആളുകള്‍ അതു ചവറ്റുകുട്ടയില്‍ ഇടാനും ശ്രദ്ധാലുക്കളാണ്. അപ്പോള്‍ വേണമെന്നു വച്ചാല്‍ നമ്മുടെ നാട് വൃത്തിയാക്കിയെടുക്കാന്‍ നമുക്കു സാധിക്കും.

വഴിയരികില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് അവസാനിപ്പിച്ചാല്‍ തന്നെ തെരുവു പട്ടികളും കുറയും. പക്ഷേ, സ്വന്തം ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറല്ല. അറവുമാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും മാത്രമല്ല, ഓരോ മനുഷ്യരും അവരവരുടെ വീടുകളിലെ മാലിന്യങ്ങള്‍ പോലും തെരുവിലേക്കു വലിച്ചെറിയുകയാണ്. അവ കഴിച്ച് തെരുവു നായ്ക്കള്‍ വളരുന്നു, കരുത്താര്‍ജ്ജിക്കുന്നു. കൂട്ടത്തോടെ ജീവിക്കുന്നു. മനുഷ്യരെ കൂട്ടത്തോടെ ആക്രമിക്കുന്നു.

തെരുവു നായ്ക്കള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു പരാതിപ്പെട്ടാല്‍ മാത്രം പോരാ. പ്രശ്നപരിഹാരത്തിന് ഓരോ വ്യക്തിക്കും അവരവരുടേതായ കടമകള്‍ ചെയ്യാനുണ്ട്. അവ കൂടി ഉള്‍പ്പെട്ടാല്‍ മാത്രമേ പേവിഷ ബാധ പരിപൂര്‍ണ്ണമായും കേരളത്തില്‍ നിന്നും തുടച്ചു നീക്കാനാകു.’ രഞ്ജിത് പറഞ്ഞു നിറുത്തി. നീണ്ടപാറ സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്കു ബോധവത്കരണക്ലാസ് നല്‍കിയ ശേഷം തമസോമയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *