Jeneesh Cheraampilly
ജോലി കഴിഞ്ഞ് ഇറങ്ങാറായി നില്‍ക്കുമ്പോള്‍ സ്റ്റേഷനിലേക്ക് ഒരാള്‍ വരുന്നു. ആ മുഖം കണ്ടാലറിയാം ടെന്‍ഷനടിച്ച് വല്ലാത്തൊരു അവസ്ഥയിലാണ് ആളെന്ന്. എന്ത് പറ്റീന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് എറണാകുളത്ത് കോച്ചിങ്ങിനായി പോകുന്ന മകന്‍ ഇതുവരെ വീട്ടിലെത്തിയിട്ടില്ല (missing).
ഫോണ്‍ ആണെങ്കില്‍ switch off ആണ്. വേഗം മകന്റെയും instituteന്റെ ഡീറ്റെയില്‍സും വാങ്ങി സുഹൃത്തുക്കളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഉച്ചക്ക് ക്ലാസ്സ് വിടുന്ന ടൈം വരെ ഒപ്പമുണ്ടായിരുന്നു പിന്നെ കണ്ടില്ലാന്നും ഫോണ്‍ switch off ആണെന്ന മറുപടിയുമാണ് എല്ലാവരില്‍ നിന്നും കേള്‍ക്കുന്നത 21 വയസ്സുളള പയ്യനാണ് ഉച്ചക്ക് 2-30 മണിയോടെ എന്നും വീട്ടിലെത്താറുളളതാണ്. പയ്യന് ഇവിടെ വേറെ കമ്പനിക്കാരില്ല.
ആ സമയം മുഴുവന്‍ ആളുടെ മൊബൈലിലേക്ക് പലവട്ടം കോള്‍ വരുന്നുണ്ടായിരുന്നു. ആളത് attend ചെയ്ത് ആരെയോ ആശ്വാസിപ്പിക്കുന്നുണ്ട്. വീണ്ടും call വന്നപ്പോള്‍ ആരാണ് വിളിക്കുന്നതെന്ന് ചോദിച്ചു. ‘ഭാര്യയാണ് അവള്‍ക്ക് ചെറിയ ഡിപ്രഷന്‍ ഉണ്ട്. ടെന്‍ഷനടിച്ചിട്ട് വിളിക്കുന്നതാണ്. ഞങ്ങളുമായി സംസാരിക്കുന്നതിനിടക്ക് പലവട്ടം വീണ്ടും call വന്നിട്ടും ആള്‍ ഒരുതവണ പോലും അത് cut ചെയ്തില്ല. എന്നുമാത്രമല്ല, ഭാര്യയെ ആശ്വസിപ്പിക്കുന്നുമുണ്ട്. ഓരോ call വരുമ്പോഴും മകന്‍ വീട്ടിലെത്തിയ വിവരം പറയാനാകും വിളിക്കുന്നത് എന്നൊരു ചിന്ത call attend ചെയ്യും മുമ്പേ ആ മുഖത്ത് കാണുന്നുണ്ട്. അല്പം കഴിഞ്ഞ് ആളുടെ മൊഴിയെടുത്ത് missing ന് കേസെടുക്കാന്‍ പോയപ്പോള്‍ വീണ്ടും call വന്നു. ‘ഞാനിപ്പോ വരാം നീ ടെന്‍ഷനടിക്കല്ലേ’ന്ന് പറഞ്ഞ് call cut ചെയ്തിട്ട് ‘സാറേ ഞാന്‍ വീട് വരെ പോയിട്ട് ഇപ്പോ വരാം ചെന്നില്ലെങ്കില്‍ ചിലപ്പോ അവള്‍ക്ക് ടെന്‍ഷന്‍ കൂടി എന്തേലും കുഴപ്പമാകും’ എന്ന് പറഞ്ഞു.
‘എന്നാ ശരി ചേട്ടന്‍ പോയി വേഗം വരണം’ എന്ന് പറഞ്ഞ് വിട്ടു. സ്റ്റേഷന് കഷ്ടി ഒരു കിലോമീറ്റര്‍ അടുത്താണ് ആളുടെ വീട്. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആള് മടങ്ങിയെത്തി. മൊഴി എടുത്ത് തുടങ്ങിയപ്പോള്‍ വീണ്ടും call വന്നു. പക്ഷേ ഇത്തവണ attend ചെയ്തപ്പോള്‍ ആളുടെ കണ്ണില്‍ നിന്ന് പെട്ടെന്ന് കണ്ണീര്‍ വരുന്നു. കുറച്ച് നേരം ആള്‍ ഫോണ്‍ കൈയ്യില്‍ വെച്ച് മിണ്ടാതെ നില്‍ക്കുന്നു. എന്തു പറ്റി ചേട്ടാന്ന് ചോദിച്ചപ്പോള്‍ നിറഞ്ഞ കണ്ണോടെ ചേട്ടന്‍ പറയുന്നു, അവന്‍ വീട്ടിലെത്തി സാറേ. പിന്നെ കുറച്ച് നേരം മിണ്ടാതിരുന്നു ആ ചേട്ടന്‍.
അവന്‍ ഡ്രസ് എടുക്കാന്‍ ലുലുവില്‍ കയറിയതാണ്. സമയം പോയത് അറിഞ്ഞില്ലാന്ന്. അതും പറഞ്ഞ് ഒരൊറ്റ കരച്ചില്‍ ആയിരുന്നു. അത്ര നേരം അടക്കി പിടിച്ചിരുന്ന എല്ലാ സങ്കടവും ഒരു നിമിഷനേരം കൊണ്ട് ആ കണ്ണിലൂടെ പുഴ പോലെ ഒഴുകി. എല്ലാവരും ആ കാഴ്ച കണ്ട് വല്ലാതായി പോയി. കുറച്ച് നേരം കഴിഞ്ഞ് എല്ലാരോടും നന്ദി പറഞ്ഞ് ചേട്ടന്‍ പോയി. സാധാരണ ഗതിയില്‍ ഒരു കേസ് കുറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. പക്ഷേ സന്തോഷത്തേക്കാളുപരി ആ ചേട്ടന്‍ ഇത്രനേരം കടന്ന് പോയ മാനസീക അവസ്ഥയെ കുറിച്ചാണ് ഞാന്‍ ഓര്‍ത്തു പോയത്.
അല്ലെങ്കിലും ഏതൊരാണും ശരിക്കും ആ ആളിനെ പോലെ തന്നെയാണ്. എത്ര സങ്കടക്കടല്‍ ഉളളില്‍ ഉണ്ടെങ്കിലും അതൊക്കെ ആരും കാണാതെ അടക്കി പിടിച്ച് ഒരു കുഴപ്പമില്ലാത്ത പോലെ അഭിനയിക്കും. ഒടുവില്‍ എപ്പോഴെങ്കിലും ഇത് പോലെ പൊട്ടി പോകും.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യ മക്കളെ പഠിപ്പിച്ചോണ്ടിരിക്കുകയാണ്. അതിനിടക്ക് അവരോട് ദേഷ്യപ്പെടുന്നുമുണ്ട്. എന്നും ആ കാഴ്ച കണ്ടാല്‍ മിണ്ടാതെ പോകുന്ന ഞാന്‍ ഇന്നവരുടെ തലയില്‍ കയ്യോടിച്ച് കൊണ്ടാണ് അകത്തേക്ക് കയറി പോയത്. ഇതെന്താ മക്കളോട് പതിവില്ലാത്തൊരു പുന്നാരം എന്ന് അവള്‍ ചോദിച്ചെങ്കിലും മറുപടി ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്….
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47