Thamasoma News Desk
‘മടുത്തു ഈ ജോലി, ഒന്നുറങ്ങാന്‍ സമയം കിട്ടുന്നില്ല, വീട്ടില്‍ പോകാനാവുന്നില്ല, വിശ്രമമില്ല, ജീവിതം പോലും വെറുത്തു’ എന്നു പറയാതെ പറയുന്ന പോലീസ് മുഖങ്ങള്‍ നമുക്കു ചുറ്റും ധാരാളമുണ്ട് (Kerala Police). പോലീസ് സേനയില്‍ ഗതികെട്ട് ആത്മഹത്യ ചെയ്യുന്നവര്‍ കൂടി വരുന്നു. ജോലിയുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ, ആരോടും പറയാതെ എവിടേക്കോ ഓടിയൊളിക്കുന്നവരുമുണ്ട്. ഗുണ്ടകള്‍ക്കു വേണ്ടി പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കു പിന്തുണ നല്‍കിയില്ലെന്ന കാരണത്താല്‍, ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുന്നവര്‍ സേനയില്‍ തന്നെയുണ്ട്. പ്രതികാരബുദ്ധിയോടെ പക വീട്ടുന്നവര്‍. അവര്‍ക്കിടയില്‍ ജീവിതം നഷ്ടപ്പെട്ടു പോകുന്ന നിസ്സഹായരായ പോലീസുകാര്‍. പോലീസ് സേനയിലെ പുഴുക്കുത്തുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തെഴുതി സസ്‌പെന്‍ഷനിലായ ഉമേഷ് വള്ളിക്കുന്ന് പറയുന്നതും അത്തരത്തിലൊരു സത്യമാണ്. അദ്ദേഹത്തിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ.
ഒരു പോലീസുകാരനെ ആത്മഹത്യയിലേക്ക് നയിക്കുന്നതെങ്ങനെ?
ഇത് എന്റെ അത്മഹത്യാക്കുറിപ്പാണെന്നോ ഞാന്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നോ ആരും തെറ്റിദ്ധരിക്കല്ലേ… നൂറുകണക്കിന് മനുഷ്യരുടെ സ്‌നേഹവും തണലും ചുറ്റും നില്‍ക്കുമ്പോള്‍ എനിക്കങ്ങനെ തോന്നേണ്ട കാര്യമില്ല. എന്നാല്‍ ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന പോലീസുകാരാരും ഇത്രയും സുഹൃത്തുക്കളോ ആത്മബന്ധുക്കളോ ഉള്ളവരാവണമെന്നില്ല. തൊഴിലിലോ ജീവിതത്തിലോ ഒരു പ്രതിസന്ധി വന്നാല്‍ പത്തുപേര് പോലും ഒപ്പമുണ്ടാവത്തവരാണ് കൂടുതല്‍. അവരുടെ നിസ്സഹായതയെക്കുറിച്ചാണ് പറയുന്നത്.
അവധി കഴിഞ്ഞ് തിരിച്ച് ആറന്മുളയിലെത്തിയത് ഏപ്രില്‍ 5 നാണ്. ജില്ലാ പോലീസ് മേധാവിയെ കണ്ടാലേ ജോയിന്‍ ചെയ്യിക്കൂ എന്ന് പറഞ്ഞ് സ്റ്റേഷന്‍ റൈറ്റര്‍ എന്നെ എസ്.പി.യുടെ അടുത്തേക്ക് വിട്ടു. സ്വാഭാവികമായ ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം എസ്.പി. അകത്തേക്ക് വിളിപ്പിച്ചു. അകത്ത് ലീവ് സെക്ഷനിലെ ക്ലര്‍ക്കും മറ്റും ഉണ്ടായിരുന്നു. ഒരു സിവില്‍ പോലീസ് ഓഫീസര്‍ എന്ന് നിലയില്‍ അര്‍ഹിക്കുന്ന പരിഗണനയോടെ എസ്.പി. വിവരങ്ങള്‍ അന്വേഷിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ജോയിനിങ് റിപ്പോര്‍ട്ടും വാങ്ങി നോക്കി. സര്‍ട്ടിഫിക്കറ്റ് ജെന്യൂന്‍ ആണോ എന്ന് വെരിഫൈ ചെയ്യും എന്ന് പറഞ്ഞു. അതിനു ശേഷം SHO അറ്റന്റന്‍സ് രജിസ്റ്റര്‍ കൊണ്ടുവരട്ടെ, വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു.
ഞാന്‍ പുറത്ത് വെയ്റ്റ് ചെയ്തു. ആ വഴി വന്നവരൊക്കെ പരിചയപ്പെട്ടു. ആ സന്തോഷത്തില്‍ നില്‍ക്കെ SHO യും റൈറ്ററും രജിസ്റ്ററുമായി വന്നു. അവര്‍ അകത്തു കയറി. അല്പം കഴിഞ്ഞ് എന്നെ അകത്ത് വിളിച്ച്, ഇരുത്തി ലീവിന്റെ എണ്ണത്തിലെ ചെറിയ വ്യത്യാസം correct ചെയ്യാന്‍ പറഞ്ഞു. അത് ചെയ്തുകൊടുത്തു. ഫയല്‍ ക്ലാര്‍ക്കിന് കൊടുത്തു. എന്നെ സ്റ്റേഷനിലേക്ക് അയക്കാനുള്ള പാസ്‌പോര്‍ട്ട് തരാന്‍ Addl. SP യെ ഏല്‍പ്പിച്ചു. പിന്നെ സ്റ്റേഷനിലെ റെസ്റ്റ് റൂമില്‍ കിടക്കണ്ട എന്നും വേറെ താമസസ്ഥലം നോക്കാനും പറഞ്ഞു. ഞാന്‍ സമ്മതിച്ചു. വൈകുന്നേരം ഞാന്‍ ആറന്മുള സ്റ്റേഷനില്‍ ചെന്ന് ജോയിന്‍ ചെയ്തു. പിറ്റേന്ന് രണ്ട് തവണ ഡ്യൂട്ടി മാറ്റിയ ശേഷം ഇലക്ഷന്‍ SST ഡ്യൂട്ടിക്ക് ജില്ലാ നീരേറ്റുപുറത്തേക്ക് അയച്ചു. തിരഞ്ഞെടുപ്പ് വരെ ആ ഡ്യൂട്ടി അങ്ങേയറ്റം സന്തോഷത്തോടെ ചെയ്തു. ഇത്രയും തികച്ചും സ്വാഭാവികം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവര്‍ക്കെല്ലാം കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികളും രണ്ടു ദിവസത്തെ റെസ്റ്റ് പ്രഖ്യാപിച്ചു. നമുക്കും കോഴിക്കോടുള്ള വീട്ടില്‍ പോയി വരാനുള്ള സാഹചര്യം ഒരുങ്ങി. എന്നാല്‍, പിറ്റേന്ന് രാവിലെ മുതല്‍ ചെന്നീര്‍ക്കര കൗണ്ടിംഗ് സെന്ററില്‍ ഡ്യൂട്ടിക്ക് അയച്ചു. ജൂണ്‍ നാല് വരെയാണ് ഡ്യൂട്ടി എന്നതിനാല്‍ വീട്ടില്‍ പോകാനുള്ള റെസ്റ്റോ, ലീവോ കിട്ടുകയില്ല എന്ന് മനസ്സിലായി. ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു. ജോലി തുടര്‍ന്നു. ആവശ്യത്തിന് വിശ്രമം കിട്ടുന്ന വിധത്തില്‍ ഡ്യൂട്ടിയായതിനാലും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും DHQ ലെയും KAP യിലെയും CISF ലെയും ഒരുപാട് പോലീസുകാരെ പരിചയപ്പെടാനും ഒരുമിച്ച് ഒരുമാസത്തിലധികം ജോലി ചെയ്യാനും പറ്റുന്നത് സന്തോഷമായെടുത്തു. ഒരുപാട് മനുഷ്യരുടെ ജീവതവും കഥകളും തമാശകളുമൊക്കെ കേട്ട് ദിവസങ്ങള്‍ കടന്നു.
കേന്ദ്രീയ വിദ്യാലയത്തിലെ സെക്യൂരിറ്റി സ്റ്റാഫും വോട്ടെണ്ണലിനുള്ള പന്തലു പണിയുന്നവരും ഒക്കെ കൂട്ടുകാരായി. പഴയ വാര്‍ത്തകളും മെമ്മോ മറുപടികളുമൊക്കെ തപ്പിയെടുത്ത് കൊണ്ടുവന്ന് എല്ലാവരും നമ്മളെ വൈബാക്കി നിര്‍ത്തി. കോഴഞ്ചേരി നിന്ന് ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നതും വരുന്നതും പോലീസനിയന്മാരായ കോയിപ്രത്തെ അനന്തുവും തിരുവല്ലയിലെ അനിലും ഏറ്റെടുത്തിരുന്നു. (സ്റ്റേഷനില്‍ താമസിക്കരുതെന്ന് എസ്. പി നിര്‍ദ്ദേശിച്ച വിവരം അറിഞ്ഞ ഉടനെ കോഴഞ്ചേരിയിലെ ഫ്‌ളാറ്റ് ഒരുപാധിയുമില്ലാതെ വിട്ടു തന്ന് താമസിപ്പിച്ചു റോഷന്റെ -ഞങ്ങളുടെയും- മമ്മി Thankamma John )
അതേ സമയം അവിടെ, കോഴിക്കോട് വിശേഷങ്ങള്‍ മാറിമാറി വന്നു. ഉത്തരയുടെ പത്താം ക്ലാസ് റിസള്‍ട്ട് വന്നു. ഒന്ന് കെട്ടിപ്പിടിക്കാനോ ഒരുമ്മ കൊടുക്കാനോ എനിക്ക് പറ്റിയില്ല. എല്ലാ കാര്യങ്ങളും ആതിര മാനേജ് ചെയ്തു. സ്‌കൂള്‍ ജീവിതത്തിലെ ഏറിയ പങ്കും അച്ഛന്‍ എന്ന സിംഗിള്‍ പാരന്റ് മാത്രമുണ്ടായിരുന്ന വീട്ടില്‍ നിന്ന് ആതിരയും ഉത്തരയും കെട്ടിപ്പടുത്ത വലിയ ലോകത്ത് അവര്‍ ഞാനില്ലാത്ത ആഘോഷങ്ങള്‍ ശീലിച്ചു. അഡ്മിഷന്റെ കാര്യങ്ങളെല്ലാം അവര്‍ തന്നെ ഡീല്‍ ചെയ്തു. എത്ര ദുരേക്ക് സ്ഥലമാറ്റിയാലും എങ്ങനെയൊക്കെ കുടുക്കിയിട്ടാലും തോറ്റുകൊടുക്കാന്‍ സമ്മതിക്കില്ലെന്ന് അവര്‍ തന്ന ഉറപ്പ് അവര്‍ ഒന്നുകൂടി ഉറപ്പിച്ചു. അമ്മയും സഹോദരങ്ങളും മക്കളുമൊക്കെ ഉള്‍പ്പെടുന്ന കുടുംബവും അത്ര തന്നെ സാഹോദര്യമുള്ള സുഹൃത്തുക്കളുമൊക്കെ ഒപ്പം നിന്നു.
എന്നാല്‍, ജോയിന്‍ ചെയ്ത് 30 ദിവസം കഴിഞ്ഞ് മെയ് 5 ആയിട്ടും ശമ്പളം കിട്ടാഞ്ഞപ്പോഴാണ് ലീവ് സെറ്റില്‍ ചെയ്യേണ്ട ക്ലാര്‍ക്കിനെ വിളിച്ച് നോക്കിയത്. അവിടെയാണ് കെണി മനസ്സിലായത്! ഏപ്രില്‍ 5 ന് ജില്ലാ പോലീസ് മേധാവി എന്റെ കയ്യില്‍ നിന്ന് വാങ്ങി ഏല്‍പ്പിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും 30 ദിവസമായി അനങ്ങിയിട്ടില്ല. SP പെന്‍ഡിങ്ങ് വെക്കാന്‍ പറഞ്ഞതാണത്രേ! നേരിട്ട് കണ്ടപ്പോള്‍ സൗമ്യമായി പുഞ്ചിരിച്ച് മാന്യമായി ഇടപെട്ട എസ്.പി യോ! പോലീസിലെ പലവിധം ഓഫീസര്‍മാരെ കണ്ടിട്ടുള്ളത് കൊണ്ട് അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ദിവസങ്ങളുടെ ഇടവേളയില്‍ ക്ലാര്‍ക്കിനോട് അന്വേഷിച്ചു കൊണ്ടിരുന്നു. ഒരേ മറുപടി. 35, 38,40, 45….എന്നിങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. ആറ് മാസത്തെ ശമ്പളം അവധിക്കാലത്തെ കട്ടിങ്ങുകള്‍ തീര്‍ത്ത് കിട്ടേണ്ടതാണ്. അതിന് സെക്ഷനില്‍ നിന്ന് പേപ്പര്‍ ഒന്ന് അനങ്ങാനാണ് ഇത്രയും താമസം! 48 ദിവസമായപ്പോള്‍ ക്ലര്‍ക്കിനോട് ‘ നാല്‍പ്പത്തിയെട്ട് ദിവസമായില്ലേ മാഡം ഒരു ഫയല്‍ മാഡത്തിന്റെ സെക്ഷനില്‍ പെന്‍ഡിംഗ്?’ എന്ന് ആദ്യമായി അല്പം സങ്കടവും അമര്‍ഷവും തിങ്ങി വന്ന ശബ്ദത്തില്‍ പറഞ്ഞ് ഫോണ്‍ വെച്ചു.
അല്പം കഴിഞ്ഞ് അവര്‍ തിരിച്ചു വിളിച്ചു. നിങ്ങളുടെ ലീവ് പാസ്സ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ലീവ് സെറ്റില്‍ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. ലീവ് സെറ്റില്‍ ചെയ്യാതെ ശമ്പളവും തരില്ല. ലീവ് പാസ്‌പോര്‍ട്ട് തരേണ്ട ആറന്മുള ഇന്‍സ്‌പെക്ടര്‍ അത് തരാതെ എന്നെ അബ്‌സന്റ് രേഖപ്പെടുത്തിയതും എന്നാല്‍ രേഖകളും തെളിവുകളും കൊണ്ട് അയാള്‍ പൊളിഞ്ഞു പോയതും ഒരു ഫ്‌ളാഷ് ബാക്ക് ഉണ്ട്.
എന്നാല്‍ ഞാന്‍ സ്റ്റേഷനില്‍ ചോദിച്ചിട്ട് വിളിക്കാം എന്ന് ക്ലാര്‍ക്ക് പറഞ്ഞു. അത് കഴിഞ്ഞ് 7 ദിവസങ്ങള്‍ കൂടി കടന്നു പോയി. 48 ദിവസം തന്റെ ടേബിളില്‍ ഒരപേക്ഷ തൊടാതെ മാറ്റിവെക്കാന്‍ ഒരു ക്ലാര്‍ക്ക് ധൈര്യപ്പെടണമെങ്കില്‍ അവര്‍ക്ക് കിട്ടിയ ഉന്നതതല പിന്തുണ എത്ര വലുതായിരിക്കും! അതിനു പിന്നിലെ അധികാരശക്തി എത്ര ദുഷിച്ചതായിരിക്കും രാവും പകലും കൊടും ചൂടിലും പെരുമഴയത്തും സ്വന്തം മകളെയൊ ഭാര്യയേയോ അമ്മയെയൊ പോലും കാണാതെ ജോലി ചെയ്യേണ്ടി വന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന് ശമ്പളം കൊടുക്കാതിരിക്കാന്‍ ഇത്രയും തരംതാണ കളി കളിക്കാന്‍ മാത്രം നിലവാരമുള്ള സിസ്റ്റം!
വായിച്ചു വരുന്ന സുഹൃത്തുക്കള്‍ ഈ പോയന്റില്‍ വെച്ച് ഇതിലെ എന്നെ മാറ്റി നിര്‍ത്തുക. സൗഹൃദങ്ങളുടെയും കുടുംബത്തിന്റെയും പ്രിവിലേജ് ഇല്ലാത്ത മറ്റൊരു പോലീസുകാരനെ ഈ സ്ഥാനത്ത് കാണുക. കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് ഏതോ കാരണത്താല്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ഒരു പോലീസുകാരന്‍. അവന്റെ കസിന്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവന്‍ തന്റെ ഇരുപത് വര്‍ഷത്തെ സമ്പാദ്യത്തിലുള്ള 286 ലീവുകളില്‍ വെറും പത്തെണ്ണത്തിന് (EL/HPL) അപേക്ഷിക്കുന്നു. കഞ്ചാവ് വില്‍പ്പനക്കാരനെ രഹസ്യമായി ബസ് കയറ്റി വിടാനുള്ള SHO യുടെ നിര്‍ദ്ദേശം അനുസരിക്കാത്തതിന്റെ വൈരാഗ്യബുദ്ധിയില്‍ അവന്റെ ലീവ് അപേക്ഷ SHO തന്റെ മേശയില്‍ പൂഴ്ത്തുന്നു. നിവൃത്തിയില്ലാതെ പോലീസുകാരന്‍ നാലു ദിവസത്തെ സാധാരണ അവധിക്ക് അപേക്ഷിക്കുന്നു. രാത്രി 8 മണിക്ക് പിറ്റേന്ന് ഒരൊറ്റ ദിവസത്തെ അവധി മാത്രം അനുവദിച്ച് ഉത്തരവിട്ട് SHO കളി തുടങ്ങുന്നു. ആറന്മുള നിന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട് പോയി രാത്രി തിരിച്ചെത്തി പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്കെത്തണം! ഏമാന്റെ വികൃതികള്‍!
ഈ നാലാകിട അഭ്യാസങ്ങളെ അതിജീവിച്ച്, വലിയ സാമ്പത്തിക നഷ്ടം സഹിച്ച് മെഡിക്കല്‍ അവധിയെടുത്ത് പിന്നീട് അയാളും ഭാര്യയും കുഞ്ഞിനു വേണ്ടിയുള്ള ചികിത്സകള്‍ നടത്തുന്നു. അവധി കഴിഞ്ഞ് ജോലിക്കെത്തിയ ശേഷം അയാള്‍ പത്തനംതിട്ടയില്‍ പെട്ടു പോകുന്നു. കുടുംബത്തെ കാണാനാകുന്നില്ല. ശമ്പളം കിട്ടുന്നില്ല. എല്ലാ EMI കളും മുടങ്ങുന്നു. ബാങ്കുകളില്‍ നിന്ന് വിളികള്‍ അസഹ്യമാകുന്നു. കടം വാങ്ങാനോ സഹായിക്കാനോ അയാള്‍ക്ക് എന്നെപ്പോലെ നൂറ് അടുത്ത സൂഹൃത്തുക്കളില്ല. ഉള്ള പത്തോ പതിനഞ്ചോ സുഹൃത്തുക്കളോട് ശമ്പളം കിട്ടിയിട്ട് കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിയ കടം തിരിച്ച് കൊടുക്കാന്‍ പറ്റിയിട്ടില്ല.
ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ 60 രൂപയില്ല. ക്യാമ്പിലെ മെസ്സില്‍ ഡ്യൂട്ടി യുള്ള പകലുകളില്‍ ഭക്ഷണം കഴിക്കാം. രാത്രിയാണ് ഡ്യൂട്ടിയെങ്കില്‍ പകല്‍ പട്ടിണി കിടക്കണം. താമസിക്കാന്‍ എനിക്ക് സൗജന്യമായി ഇടം തരാന്‍ ഒരു മമ്മി ഇവിടെയുണ്ട്. അയാള്‍ക്ക് അത് തേടി കണ്ടെത്തണം. ഒരു മാസം കഴിയുമ്പോള്‍ വാടക എവിടെനിന്നെടുത്തു കൊടുക്കും?
വീട്ടിലെ ആവശ്യങ്ങള്‍ക്ക് വിളി വരുമ്പോള്‍ എന്ത് മറുപടി പറയും? മക്കളുടെ അഡ്മിഷന്‍? ആറ് മാസത്തെ അയാളുടെ ശമ്പളം ട്രഷറിയില്‍ കിടക്കുമ്പോഴാണ് അയാളെ ഈ ഗതികേടിലേക്ക് തള്ളിയിട്ട് അധികാരം അതിന്റെ ദംഷ്ട്രകള്‍ കാണിച്ച് ചിരിക്കുന്നത്. ഒറ്റപ്പെട്ടവനായും ഏറ്റവും ഗതികെട്ടവനായും അപരിചതമായൊരു നാട്ടിലെ കുടുസ്സുമുറിയില്‍ സകല വിധത്തിലും അപമാനിതനായി ഒരോ പന്ത്രണ്ട് മണിക്കൂറിന് ശേഷവും ഇരുപത്തിനാലുമണിക്കൂര്‍ തുര്‍ച്ചയായി തന്റെ നിസ്സഹായതെയെ ശപിച്ച് മിനിറ്റുകളെണ്ണി ജീവിക്കുമ്പോള്‍ ആയാള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ആര്‍ക്കെങ്കിലും ഉറപ്പുണ്ടോ?
ആ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ‘പട്ടി ചത്തു’ എന്ന് കേള്‍ക്കുന്നതിലപ്പുറം എന്തെങ്കിലും വികാരം അയാളെ പട്ടിണിക്കിട്ട ഏമാനും ശിങ്കിടികള്‍ക്കും ഉണ്ടാകുമോ?
‘സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം’ എന്നല്ലാതെ ഏതെങ്കിലും നേതാവിന്റെ പഠന റിപ്പോര്‍ട്ട് പറയുമോ? ആയതിനാല്‍ സുഹൃത്തുക്കളേ, ഒരു കുറിപ്പ് പോലുമെഴുതാനാവാതെ ആത്മഹത്യ ചെയ്ത ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏതോ മനുഷ്യന് വേണ്ടിയുള്ള കുറിപ്പായി ഇത് വായിക്കുക.
എന്റേതല്ല, അല്ലേയല്ല.
എന്തെന്നാല്‍ എല്ലാ ആത്മഹത്യാ മുനമ്പില്‍ നിന്നും എന്നെ തിരിച്ചയയ്ക്കാന്‍ ഒരു സസ്‌പെന്‍ഷന്‍ ഉത്തരവ് വരാറുണ്ട്..
ഇവിടെയും വരും….
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47