Thamasoma News Desk
ഭാര്യയുടെ രോഗവും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുമുള്‍പ്പടെയുള്ള കാരണങ്ങളാലാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഗോപി തീകൊളുത്തി മരിച്ചതെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ‘ലൈഫ് പദ്ധതിക്ക് അപേക്ഷിക്കുന്നത് തീരെ നിര്‍ദ്ധനരായ കുടുംബങ്ങളാണ്. ഈ പദ്ധതി വഴി ലഭിക്കുന്ന നാലു ലക്ഷം രൂപ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഗുണഭോക്താക്കള്‍ക്ക് അറിയുകയും ചെയ്യാം. ഗോപിയുടെ കുടുംബത്തിന് വീടു പണിയാനായി 2 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി രണ്ടു ലക്ഷം രൂപയാണ് ശേഷിക്കുന്നത്. ലൈഫിലെ ഫണ്ട് മുടങ്ങിക്കിടക്കുന്നതിനാല്‍ നിരവധി പേരുടെ വീടു പണി മുടങ്ങിക്കിടക്കുകയാണ്. പണി പൂര്‍ത്തിയാക്കാനായി ഗോപി ഒരു ലോണിനു ശ്രമിച്ചിരുന്നു. പക്ഷേ, ബാങ്ക് അനുമതി നല്‍കിയില്ല. ഭാര്യയ്ക്ക് ഗുരുതരമായ രോഗം ബാധിച്ചതും ഗോപിയെ വല്ലാതെ അലട്ടിയിരുന്നു. മാത്രവുമല്ല, വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഗോപിക്ക് നേരിടേണ്ടി വന്നത് കടുത്ത സാമ്പത്തിക പ്രശ്‌നത്തെയാണ്. ഇതെല്ലാമാണ് അദ്ദേഹം മരിക്കാനിടയായത്,’ അഡ്വ ജോണ്‍സന്‍ വിളവിനാല്‍ പറയുന്നു.
നാലു മാസം മുമ്പാണ് ഗോപിയുടെ വീടിന്റെ പണി തുടങ്ങിയതെന്നും കുറച്ചു കുഴിയിലായതിനാല്‍, ഉദ്ദേശിച്ചതിനെക്കാള്‍ ഇരട്ടി പണം ചെലവായി എന്നും അഡ്വ ജോണ്‍സന്‍ പറഞ്ഞു. ലൈഫ് പദ്ധയിലൂടെ ലഭിക്കുന്ന പണം മാത്രമുപയോഗിച്ച് വീടു പണി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും കുറച്ചു പണം ഗുണഭോക്താക്കള്‍ സ്വയം കണ്ടെത്തണമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ആ പണം കണ്ടെത്താന്‍ കഴിയാതെ പോയതില്‍ ഏറെ ദു:ഖത്തിലായിരുന്നു ഗോപി.
ലൈഫ് പദ്ധതിയില്‍ നിന്ന് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് വീടുപണി മുടങ്ങിയതാണ് അച്ഛന്‍ തീ കൊളുത്തി മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകള്‍ ബിന്ദുമോള്‍ പറഞ്ഞിരുന്നു. മരിക്കുന്നതിന്റെ തലേന്നും ഫണ്ടിനെക്കുറിച്ച് പഞ്ചായത്തില്‍ അന്വേഷിച്ചെന്നും എന്നാല്‍ നിരാശയായിരുന്നു ഫലമെന്നും മകള്‍ പറഞ്ഞു.
ഭാര്യ കിടപ്പു രോഗി ആയതിനാല്‍, ഈ വര്‍ഷത്തെ ലൈഫ് പദ്ധതിയിലെ ആദ്യപേരുകാരനായിരുന്നു ലോട്ടറിക്കച്ചവടക്കാരനായ പി ഗോപി. ഈ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം വീടു പണി തുടങ്ങിയത്. ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോഴേക്കും പണം തീര്‍ന്ന് വീടു പണി നിലച്ചു. കാല്‍ മുറിച്ചു മാറ്റിയതിനെത്തുടര്‍ന്ന് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഗോപിയുടെ ഭാര്യ.
സന്തോഷ് മുക്ക് മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്ത് സ്വന്തം വീടിനു മുന്നിലുള്ള റോഡില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. സമീപത്തു നിന്നും മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് എന്നിവ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്.
ഗോപിയുടെ മരണത്തെത്തുടര്‍ന്ന് വീടു പണി പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് സഹായമോ നീതിയോ കിട്ടണമെങ്കില്‍ മരണപ്പെടണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Pic Courtesy: Manorama Online
#LifeMission #SelfimmolationofGopi #OmallurPanchayath
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47