Jess Varkey Thuruthel
കോതമംഗലം കുത്തുകുഴിയില്‍, ഒരു യുവാവിന്റെ മരണത്തിനിടയാക്കിയ ആ സ്‌കൂട്ടറും അതോടിച്ചയാളും കാണാമറയത്തൊളിച്ചു. ശേഷിക്കുന്നത് ചോരയും കണ്ണീരും അനാഥത്വവും മാത്രം. ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുമ്പോള്‍ പാലിക്കേണ്ടതായ ഒരു നിയമവും പാലിക്കപ്പെടുന്നില്ല. ഇത് കോതമംഗലം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ശാപം. വണ്ടിയുമായി നിരത്തിലിറങ്ങിയാല്‍ തങ്ങള്‍ക്ക് യാതൊരു നിയമവും ബാധകമല്ലെന്ന അഹങ്കാരമാണ് ഈ റോഡപകടങ്ങളുടെയെല്ലാം പ്രധാന കാരണം.
കുത്തുകുഴിയില്‍, മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശി ബേസില്‍ ജോയി (27) യുടെ മരണത്തിന് ഇടയാക്കിയതും അഹങ്കാരോന്മാദം ബാധിച്ചൊരാള്‍ അലക്ഷ്യമായി സ്‌കൂട്ടര്‍ ഓടിച്ചതുമൂലമാണ്. ഇടവഴിയില്‍ നിന്നും ആക്ടിവ സ്‌കൂട്ടര്‍ ഓടിച്ച് ഒരാള്‍ യാതൊരു നിയമവും പാലിക്കാതെ പ്രധാന റോഡായ ആലുവ മൂന്നാര്‍ റോഡിലേക്കു പ്രവേശിച്ചു. പ്രധാന റോഡിലൂടെ വന്ന റിറ്റ്‌സ് കാറിനു മുന്നിലേക്കാണ് ഇയാള്‍ വണ്ടിയോടിച്ചെത്തിയത്. സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വലത്തോട്ടു വെട്ടിച്ചു. അതോടെ, കോതമംഗലം ഭാഗത്തു നിന്നും നേര്യമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളില്‍ റിറ്റ്‌സ് ചെന്നിടിച്ചു. കാറും ഇരുചക്രവാഹനങ്ങളും ഓടയില്‍ ചെന്നു പതിച്ചു. അതിശക്തമായ ഇടിയില്‍, ബൈക്ക് യാത്രികനായ യുവാവ് തെറിച്ചു വീണ് തല്‍ക്ഷണം മരിച്ചു. മറ്റൊരു സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അതീവ ഗുരുതരമായ പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11.30ന് നെല്ലിമറ്റം കുത്തുകുഴി പള്ളിക്ക് സമീപമായിരുന്നു അപകടം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓടയുടേയും റോഡിന്റെയും പണികള്‍ പുരോഗമിക്കുകയാണ്. അതിനായി കുഴിച്ച കുഴിയിലേക്കാണ് ബൈക്കും സ്‌ക്കൂട്ടറും കാറും വീണത്. റോഡില്‍ ഇത്രയേറെ പണികള്‍ നടക്കുന്നുണ്ടെങ്കിലും, വളരെ പതുക്കെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഈ റോഡില്‍പ്പോലും അമിത വേഗത്തിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഇവിടെയും വാഹനങ്ങളെ അമിത വേഗത്തിലെത്തി മറികടന്നു പോകാനുള്ള ശ്രമങ്ങളും നടക്കുന്നു.
കോതമംഗലം പോലെ, റോഡ് നിയമങ്ങള്‍ ഇത്രയേറെ അവഗണിക്കുന്ന, പാലിക്കാന്‍ ഇഷ്ടപ്പെടാത്ത മനുഷ്യരുള്ള മറ്റൊരു നാട് കേരളത്തില്‍ വേറെയുണ്ടാവില്ല. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും മാത്രം ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാകട്ടെ, ഈ നിയമലംഘകരെ നിലയ്ക്കു നിറുത്താന്‍ താല്‍പര്യവുമില്ല. ഏതുവഴിയില്‍ നിന്നും എങ്ങനെ വേണമെങ്കിലും അമിത വേഗത്തില്‍ വാഹനമെത്താം. ഏതു വശത്തു കൂടെയും നമ്മളെ മറികടന്നു പോകുകയും ചെയ്യും. യാതൊരു സിഗ്നലും തരാതെ ഇടത്തോട്ടോ വലത്തോട്ടോ വാഹനം വെട്ടിത്തിരിക്കാന്‍ യാതൊരു മടിയുമില്ല ഇവര്‍ക്ക്. വാഹനം തിരിക്കാനായി ഇന്‍ഡിക്കേറ്ററിട്ടാല്‍ ആ നിമിഷം വാഹനം തിരിക്കുന്നവര്‍ വേറെയും. എവിടേക്കാണോ തിരിയേണ്ടത്, അതിന് അമ്പതു മീറ്റര്‍ അകലെ വച്ച് ഇന്‍ഡിക്കേറ്റര്‍ ഇട്ട ശേഷം ഇരുവശത്തു നിന്നും വാഹനങ്ങള്‍ ഒന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ തിരിക്കാവൂ എന്ന നിയമവും ഈ റോഡിലൂടെ വാഹനമോടിക്കുന്ന ഭൂരിഭാഗം പേരും പാലിച്ചു കണ്ടിട്ടില്ല. മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒരു പ്രവാഹം തന്നെയാണിപ്പോള്‍. വാഹനങ്ങളുടെ നീണ്ട നിര. അതിനിടയിലാണ് ദേശീയപാത നവീകരണത്തിന്റെ പണികള്‍ നടക്കുന്നത്.
റോഡില്‍ എന്തെല്ലാം തടസ്സങ്ങളുണ്ടായാലും തങ്ങളുടെ വണ്ടി അതിവേഗത്തില്‍ പായിക്കണമെന്നു നിഷ്ഠയുള്ള കുറച്ചു നികൃഷ്ട മനുഷ്യരാണ് നിയമം പാലിക്കുന്നവരുടെ ജീവിതം ദുരിതമാക്കുന്നത്. ഇടവഴിയില്‍ നിന്നും അലക്ഷ്യമായി സ്‌കൂട്ടറോടിച്ചെത്തിയ ആ മനുഷ്യനെ പിന്നീടാരും കണ്ടിട്ടില്ല. ഇനിയൊട്ടു കാണുകയുമില്ല. മറിച്ചതൊരു പാവം ചെറുപ്പക്കാരന്‍. മറ്റൊരു കുടുംബത്തിന്റെ ആധാരമായ ഒരു സ്ത്രീയാകട്ടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും.
അധികാരികള്‍ കണ്ണുതുറക്കണം. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമല്ല ഇവിടുത്തെ പ്രശ്‌നം. ഇവ രണ്ടുമില്ലെങ്കില്‍, ആ വാഹനമോടിക്കുന്നവര്‍ക്കു മാത്രമാണ് പ്രശ്‌നം. ദുരന്തങ്ങളെ സ്വയം വിളിച്ചു വരുത്തുന്നവരെ അവഗണിച്ചേക്കുക. പക്ഷേ, അതുപോലെയല്ല റോഡ് നിയമങ്ങള്‍ പാലിക്കാത്തവരും അമിത വേഗത്തില്‍ പായുന്നവരും. അവര്‍ തകര്‍ത്തെറിയുന്നത് മറ്റുള്ളവരുടെ ജീവിതവും സന്തോഷവും ജീവനുമാണ്. അതിനാല്‍, റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടണം. അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷയും നല്‍കിയേ തീരൂ.
………………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
…………………………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47