Jess Varkey Thuruthel
കോതമംഗലം പ്രദേശത്തിന്റെ പലഭാഗങ്ങളിലായി, ചെമ്പന്‍കുഴി ഉള്‍പ്പടെയുള്ള പ്രദേശത്ത് കാട്ടാനകള്‍ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ ജീവിതം നിലച്ചു പോയത് തമിഴ്‌നാട്ടില്‍ നിന്നും കരിമണലിലെത്തി ഈറ്റകള്‍ കൊണ്ട് കുട്ടകളും മറ്റും നെയ്തു ജീവിക്കുന്ന നാലു കുടുംബങ്ങള്‍ക്കാണ്. അവരോട് ഇനി വനത്തില്‍ കയറരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വനംവകുപ്പ്. മക്കള്‍ സമീപത്തെ സ്‌കൂളുകളില്‍ പഠിക്കുന്നതിനാല്‍ പെട്ടെന്നൊരു പറിച്ചു നടല്‍ അസാധ്യമായിരിക്കുന്നു.
‘ശരിയാണ്. അവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ട്. പക്ഷേ, അവര്‍ ഈറ്റവെട്ടാനായി ഉള്‍വനത്തിലേക്കാണ് പോകുന്നത്. 8 ആനകളാണ് കരിമണല്‍ ഭാഗത്ത് ഈയിടയ്ക്ക് ഇറങ്ങിയത്. ഇവയുടെ ആക്രമണത്തില്‍ പെട്ട് ഈ മനുഷ്യര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ ഫോറസ്റ്റ് സ്‌റ്റേഷനും (Forest station) ഒപ്പം ഞങ്ങളെയും അവര്‍ ജീവനോടെ കത്തിക്കും. ഞങ്ങളും മനുഷ്യരാണ്. ഞങ്ങളൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസങ്ങളായി എന്നറിയുമോ? ഇവിടെ ആവശ്യത്തിനു ജീവനക്കാരില്ല. ഉള്ളവര്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ആന ഇറങ്ങി എന്ന വിളി വരുമ്പോള്‍ ഓടി ചെന്നെത്താന്‍ ഞങ്ങള്‍ക്ക് വാഹനം പോലുമില്ല. എന്നിട്ടും കൈയില്‍ നിന്നു കാശുമുടക്കിയുമെല്ലാം ഞങ്ങള്‍ ചെന്നെത്തുന്നു. എന്നിട്ടും ആളുകള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിറുത്തുകയാണ്. ഇവിടെ നിയമം പാലിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. മാനുഷിക പരിഗണന നല്‍കിയാല്‍, എന്തെങ്കിലും അശുഭകരമായ സംഭവമുണ്ടായാല്‍, ആളുകള്‍ ആദ്യം കുരിശിലേറ്റുന്നതും ഞങ്ങളെ തന്നെ ആയിരിക്കും,’ കരിമണല്‍, ചെമ്പന്‍കുഴി, നേര്യമംഗലം ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
തമിഴ്‌നാട്ടില്‍ നിന്നും 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കരിമണലിലെത്തി, കാട്ടില്‍ നിന്നും ഈറ്റ വെട്ടി കുട്ടയും മുറവുമെല്ലാം നെയ്ത് ജീവിക്കുന്ന നാലു കുടുംബങ്ങളോട് ഇനി കാട്ടില്‍ കയറരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഒന്നുകില്‍ ഈ നാട്ടില്‍ത്തന്നെ മറ്റേതെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും നാട്ടിലേക്ക് പോകാം. ഇക്കാലമത്രയും ഈറ്റകൊണ്ടു വസ്തുക്കള്‍ ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്ന അവര്‍ക്ക് മറ്റൊരു ജോലിയില്‍ വൈദഗ്ധ്യമില്ല. എങ്കിലും ഈ നാടു വിട്ടു പോകാന്‍ അവര്‍ തയ്യാറാണ്. പക്ഷേ, അവരുടെ മക്കളെയോര്‍ത്താണ് അവര്‍ക്കു സങ്കടം. ആ കുട്ടികള്‍ കേരളത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. തമിഴ്‌നാടു സ്വദേശികളാണെങ്കിലും അവര്‍ക്കു തമിഴ് അറിയില്ല. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു മാസം മാത്രമേ ശേഷിക്കുന്നുള്ളു. ഈ സമയത്ത് വേറൊരു സ്‌കൂളിലേക്കും ഇവര്‍ക്കു മാറാന്‍ സാധിക്കില്ല.
തമിഴ്‌നാട് സ്വദേശികളായ നാലു കുടുംബങ്ങളാണ് ഇപ്പോഴും കരിമണലില്‍ താമസിക്കുന്നത്. ഓരോ വീടിനും ആയിരം രൂപ വീതം വാടകയുമുണ്ട്. ഇവയില്‍ രണ്ടു കുടുംബങ്ങളിലായി നാലു മക്കള്‍. രണ്ടു പേര്‍ പത്തിലും രണ്ടുപേര്‍ ആറിലും പഠിക്കുന്നു. ഈ രണ്ടു കുടുംബമാണ് വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശത്തോടെ പെട്ടുപോയത്. ഒരു കുടുംബത്തിലാകട്ടെ, കുടുംബ നാഥനുമില്ല. ഉടനെ താമസം മാറ്റാന്‍ ഇവര്‍ക്കു സാധിക്കില്ല. മക്കളുടെ പഠനം കഴിയുന്നതു വരെ സമയം അനുവദിക്കണമെന്നാണ് വനംവകുപ്പിനോട് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, യാതൊരു കാരണവശാലും വനത്തിനകത്തു പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
ഇത്തരത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതില്‍ വനംവകുപ്പിനെ കുറ്റപ്പെടുത്താനും സാധിക്കില്ല. ഇപ്പോള്‍ രാത്രി കാലങ്ങളില്‍ മാത്രമല്ല, പകലും ഈ പ്രദേശങ്ങളില്‍ ആനകളെ കാണാറുണ്ട്. ചെമ്പന്‍കുഴിയില്‍ ആന പനമരം മറിച്ചുണ്ടായ അപകടം സംഭവിച്ചത് ഏകദേശം ആറുമണി സമയത്തായിരുന്നു. ഇരുട്ട് വ്യാപിച്ചിരുന്നില്ല അപ്പോള്‍. തീറ്റതേടി എത്തുന്ന ആനകള്‍ ഏതു സമയവും റോഡിലേക്ക് ഇറങ്ങിയേക്കാം. ഏതെങ്കിലും തരത്തില്‍ മനുഷ്യര്‍ക്ക് അത്യഹിതം സംഭവിച്ചാല്‍, രോക്ഷാകുലരായ ജനങ്ങള്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ തല്ലിത്തകര്‍ക്കാനും മടികാണിക്കില്ലെന്നും അവര്‍ക്കറിയാം.
പ്രശ്‌നത്തിനു പരിഹാരമായി, റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഈറ്റകള്‍ വെട്ടിയെടുത്തു കൊള്ളാന്‍ രണ്ടു കുടുംബങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പരീക്ഷകള്‍ അവസാനിക്കുന്നതു വരെ മാത്രമാണ് ഈ ഇളവു നല്‍കിയിരിക്കുന്നത്. മാര്‍ച്ചില്‍ പരീക്ഷകളെല്ലാം അവസാനിച്ച ശേഷം ഈ ഇളവും അനുവദിക്കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനു ശേഷം ഇത്തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തി ചെയ്താല്‍ വനത്തില്‍ അതിക്രമിച്ചു കയറിയതിന് കേസെടുക്കുകയും ചെയ്യും.
വനംവകുപ്പിന്റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചിരിക്കുകയാണ് ഈ തൊഴിലാളികള്‍. വനത്തില്‍ നിന്നും ഈറ്റയും മുളയുമെല്ലാം ശേഖരിക്കാന്‍ അനുവാദമുള്ളത് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്കാണ്. അല്ലാത്തവര്‍ കാട്ടില്‍ കയറിയാല്‍ അതിക്രമിച്ചു കടന്നതിന് നിയമ നടപടികള്‍ നേരിടേണ്ടി വരും.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975