കിട്ടുന്ന സ്ത്രീധനം എത്രയെന്നറിയാന്‍ Shadi.com ഫോം പൂരിപ്പിച്ചവര്‍ ഞെട്ടി!

Thamasoma News Desk

എത്രയായിരിക്കും വിവാഹ മാര്‍ക്കറ്റില്‍ നിങ്ങള്‍ക്കു കിട്ടുന്ന വില? അതറിയാന്‍ സ്ത്രീധനമോഹികളായ പുരുഷന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആഗ്രഹമുണ്ടാവില്ലേ? അവരുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനായി പ്രസിദ്ധ വിവാഹ വെബ്‌സൈറ്റ് ആയ Shadi.com ഒരവസരം നല്‍കി, ഒരു സ്ത്രീധനകാല്‍കുലേറ്റര്‍! എന്നാല്‍, ആ സൈറ്റില്‍ നല്‍കിയ ഫോം പൂരിപ്പിച്ചു നല്‍കി, തങ്ങള്‍ക്കു ലഭിക്കുന്ന തുക എത്രയെന്നറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവര്‍ ഞെട്ടി!

ഓരോ ലോണ്‍ വെബ്‌സൈറ്റില്‍ കയറുമ്പോഴും ഓരോ വ്യക്തിക്കും കിട്ടാനിടയുള്ള ഏറ്റവും കൂടിയ ലോണ്‍ തുകയുടെ കാല്‍കുലേറ്റര്‍ കാണാനാകും. പൂരിപ്പിക്കാനായി ഒരു ഫോമും. ആ ഫോം പൂരിപ്പിച്ച് ഒരു ബട്ടനില്‍ ക്ലിക് ചെയ്താല്‍ ഓരോ വ്യക്തിക്കും കിട്ടാന്‍ സാധ്യതയുള്ള ലോണ്‍ തുക എത്രയാണെന്ന് എഴുതിക്കാണിക്കും. അത്തരത്തില്‍, മാട്രിമോണിയല്‍ സൈറ്റ് ആയ Shadi.com തങ്ങളുടെ വെബ്‌സൈറ്റില്‍ അവതരിപ്പിച്ച നൂതനാശയമായിരുന്നു ‘സ്ത്രീധനം കാല്‍ക്കുലേറ്റര്‍.’ വെബ് ലോകത്ത് Shadi.com ചുവടുറപ്പിച്ചിട്ട് പതിറ്റാണ്ടുകളായി. ഇതിനിടയില്‍, പല പുരോഗനപരമായ കാരണങ്ങളാലും ഈ വെബ് സൈറ്റ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നിട്ടും Shadi.com എന്തുകൊണ്ടിങ്ങനെ? രോഷാകുലരായ നെറ്റിസണ്‍സ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു.

സ്ത്രീധനം എന്നത് ഒരു ദുരാചാരമായി കണക്കാക്കി, 1961 മെയ് 1 ന് ഇന്ത്യയില്‍ നിര്‍ത്തലാക്കിയതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും സ്ത്രീധന സമ്പ്രദായത്തിന് എതിരാണ്. സ്ത്രീധനം നിരോധിച്ച നിയമത്തെ എല്ലാ മതങ്ങളും സ്വാഗതം ചെയ്യുകയും ചെയ്തു. പക്ഷേ, ഇന്നും ഈ ദുരാചാരത്തിന്റെ പേരില്‍, സ്ത്രീകള്‍ പീഢിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു, കൊല്ലാക്കൊല ചെയ്യപ്പെടുന്നു. ഇന്ത്യന്‍ സമൂഹം ഇന്നും ഈ ദുരാചാരത്തില്‍ നിന്നും മുക്തി നേടാന്‍ പെടാപ്പാടു പെടുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച്, 2022-ല്‍ ഇന്ത്യയില്‍ 6,450 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധന മരണങ്ങളും സ്ത്രീധന പീഡന കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, ‘സ്ത്രീധന കാല്‍ക്കുലേറ്റര്‍’ തീവ്രവിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കി. ഷാര്‍ക്ക് ടാങ്ക് ഇന്ത്യയുടെ ജഡ്ജിയായ അനുപം മിത്തലിന്റെ ഷാദി ഡോട്ട് കോം, ‘നിങ്ങളുടെ സ്ത്രീധനം എത്രയാണ്?’ എന്ന് ഉപയോക്താക്കളോട് ചോദിക്കുന്ന ഈ ചോദ്യം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നു.

Shaadi.com-ന്റെ സ്ത്രീധനം കാല്‍ക്കുലേറ്ററില്‍, ഒരു പഠന വിളക്ക്, പുസ്തകങ്ങള്‍, പണ ബാഗുകള്‍, ഒരു ഗ്ലോബ്, ഒരു വീട്, ഒരു കാര്‍ എന്നിവയുടെ ചിത്രങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പുരുഷന്റെ ഗ്രാഫിക് കാണിക്കുന്നു. ഈ ചിത്രത്തിന് താഴെയുള്ള ഒരു ഫോം ഉപയോക്താക്കളോട് അവരുടെ പ്രായം, തൊഴില്‍, പ്രതിമാസ ശമ്പളം, വിദ്യാഭ്യാസം, അവര്‍ക്ക് സ്വന്തമായി വീടുണ്ടെങ്കില്‍, അവര്‍ താമസിക്കുന്ന സ്ഥലം എന്നിവ പൂരിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫോം പൂരിപ്പിച്ച് ‘സ്ത്രീധന തുക കണക്കാക്കുക’ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, പേജ് ഒരു കാല്‍ക്കുലേറ്റര്‍ വര്‍ക്കിംഗ് നമ്പറിന്റെ വീഡിയോ മൊണ്ടേജിലേക്ക് നയിക്കുകയും 91,202 എന്ന കണക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു, ഇത് 2001-2012 കാലയളവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീധന മരണങ്ങളുടെ എണ്ണമാണ്. തനിക്കു കിട്ടുന്ന സ്ത്രീധനം എത്രയായിരിക്കുമെന്ന് അറിയാനാഗ്രഹിച്ച് ഫോം പൂരിപ്പിച്ച ഓരോ വ്യക്തിക്കും മുന്നില്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ‘ഇനിയും നിങ്ങള്‍ക്ക് അറിയണോ നിങ്ങള്‍ക്കു ലഭിക്കാനിടയുള്ള സ്ത്രീധനം എത്രയാണെന്ന്? ‘അവളുടെ ജീവന് വിലയുണ്ടോ?’. തുടര്‍ന്ന് ശാരീരികമായി പീഡിപ്പിക്കപ്പെട്ട വിവാഹിതയായ ഒരു സ്ത്രീയുടെ ചിത്രം കാണിക്കുന്നു, ‘ഇന്ത്യയെ സ്ത്രീധന രഹിത സമൂഹമാക്കാം’ എന്ന അടിക്കുറിപ്പോടെ, ‘മാറ്റമാകൂ. മാറ്റമുണ്ടാക്കൂ!’ എന്ന വാക്യത്തോടെ അവസാനിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ല്‍ കുറിച്ചിട്ട ഒരു പോസ്റ്റ് ഇത്തരത്തിലായിരുന്നു, ‘Shaadi.com-ലെ സ്ത്രീധന കാല്‍ക്കുലേറ്റര്‍ കണ്ട് ആദ്യം ഞെട്ടിപ്പോയി. സൈറ്റിന്റെ ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് വിവാഹമാര്‍ക്കറ്റില്‍ തങ്ങളുടെ വില എത്രയാണ് എന്നു മനസിലാക്കുന്നതായിരുന്നു അത്. എന്നാല്‍, ആ ഫോം പൂരിപ്പിച്ചു നല്‍കുമ്പോള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറക്കുന്ന പേജ് നിങ്ങളെ അത്ഭുതപ്പെടുത്തും. മികച്ച ആശയത്തിന് അഭിനന്ദനങ്ങള്‍ @AnupamMittal.’

പ്രശസ്ത മാട്രിമോണിയല്‍ വെബ്സൈറ്റ് Shaadi.com 2011-ല്‍ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചു, ഇന്ത്യയില്‍ സ്ത്രീധനം വാങ്ങുന്നത് തടയുന്നതിനുള്ള അര്‍ത്ഥവത്തായ ഒരു കാമ്പെയ്നായിരുന്നു അത്. ഓരോ പുരുഷനും ലഭിക്കുന്ന സ്ത്രീധനം എത്രയെന്നു കണക്കാക്കാനും ഒരു ഭാര്യയുടെ മൂല്യം എത്രയാണെന്നും ക്ലെയിം ചെയ്യുന്ന ഒരു ക്ലിക്ക്‌ബെയ്റ്റ് പേജാണ് സൈറ്റ് സൃഷ്ടിച്ചത്. എന്നാല്‍ ഒരിക്കല്‍ നിങ്ങള്‍ ‘സ്ത്രീധനം കാല്‍ക്കുലേറ്ററില്‍’ ക്ലിക്ക് ചെയ്താല്‍, ഈ ആചാരത്തിന്റെ ഭീകരതയും ഈ സാമൂഹിക വിപത്ത് സ്ത്രീകളുടെ ജീവിതത്തില്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കാണിച്ചു തരുന്നു.

‘സ്ത്രീധനം എന്നത് കാലങ്ങളായി സമൂഹത്തില്‍ നടമാടുന്ന ഒരു വിപത്താണ്. അതിനാല്‍ ഈ വിഷയത്തില്‍ ശ്രദ്ധ പതിപ്പിക്കാമെന്നു തീരുമാനിച്ചു. അതിനായി ഞങ്ങള്‍ ഒരു പുതുവഴിയും അവതരിപ്പിച്ചു. സ്ത്രീ മുക്തി സംഘടന എന്ന എന്‍ജിഒയുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തിയത്. സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെ വിവാഹ കമ്പോളത്തില്‍ നിന്നും ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം. Shaadi.com-ലെ സ്ത്രീധന കാല്‍ക്കുലേറ്റര്‍ 2018-ല്‍ തെറ്റിദ്ധരിപ്പിക്കുന്നതും ‘സ്വീകാര്യമല്ലാത്തതും’ ആയതിനാല്‍ 2018 ല്‍ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം Shadi.com ന്റെ സ്ത്രീധന കാല്‍ക്കുലേറ്റര്‍ തടഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം, 2023-ല്‍, ഒരു അപേക്ഷയ്ക്ക് മറുപടിയായി ഡല്‍ഹി ഹൈക്കോടതി വെബ്സൈറ്റിനെ ‘തികച്ചും ക്രിയേറ്റീവ്’ എന്ന് വിശേഷിപ്പിച്ചു.’ Shadi.com ലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, NGO സ്ത്രീ മുക്തി സംഘടനയുമായി സഹകരിച്ച് Shaadi.com ആണ് ഈ സംരംഭം സൃഷ്ടിച്ചത്. ഷാദി ഡോട്ട് കോമിന്റെ സ്ഥാപകനും സിഇഒയുമായ അനുപം മിത്തല്‍ പറയുന്നു, ‘ഇന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദാമ്പത്യ സാമൂഹിക പ്രശ്നങ്ങളുടെ ശക്തമായ വ്യാപനത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ സങ്കടമുണ്ട്. സന്തോഷകരമായ ഒരു ജീവിതമാണ് വിവാഹ ബന്ധം കൊണ്ടു ലക്ഷ്യമിടുന്നത്. മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മീതെയാണ് ആ ബന്ധം. സ്ത്രീധനം, ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക തിന്മകള്‍ പവിത്രമായ ഈ ബന്ധത്തെ തകര്‍ക്കുകയാണ്. ആജീവനാന്ത സഹായവും പിന്തുണയും കണ്ടെത്തുക എന്നതാണ് വിവാഹത്തിന്റെ ലക്ഷ്യം. അതു സാധിക്കപ്പെടണം.’

ഓണ്‍ലൈന്‍ മാച്ച് മേക്കിംഗ് വ്യവസായത്തിലെ ഒരു നേതാവെന്ന നിലയില്‍, വൈവാഹിക ദുരുപയോഗത്തിന് ഇരയായവരെ നേരിട്ട് സഹായിക്കുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ Shaadi.com പരിശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാദി കെയേഴ്സിലൂടെ, തങ്ങളുടെ 30 ദശലക്ഷം അംഗങ്ങള്‍ക്കിടയില്‍ വിവാഹം എങ്ങനെ ‘നന്മയ്ക്കായി ഒരുമിച്ച്’ ആയിരിക്കാം, എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും തങ്ങളുടെ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നു എന്നും മിത്തല്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *