Anish Bursom
കുതന്ത്രങ്ങളും തരംതാണ രാഷ്ട്രീയ പ്രചാരണങ്ങളും വ്യക്തി അധിക്ഷേപങ്ങളും നടത്തിയ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. പക്ഷേ, വടകരയില്‍ ഈ മനുഷ്യന്‍ ഉണ്ടാക്കിയ സാമൂഹിക ആഘാതത്തില്‍ നിന്നും മുക്തിനേടാന്‍ എത്ര കാലം കഴിഞ്ഞാലാണ് ഈ നാടിനു സാധിക്കുക? വിജയത്തിനായി ഷാഫി (Shafi Parambil) മണ്ഡലങ്ങളിലെമ്പാടും തീ കൊളുത്തി, ആളിപ്പടരുന്നതു നോക്കി ആസ്വദിച്ചു കാത്തിരുന്നു. ഒരു നാടിനെ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള തീയാണത്.
വടകരയില്‍ ജയിക്കാന്‍ ഷാഫി ഉയര്‍ത്തിയ തന്ത്രങ്ങളെ അക്കാദമിക് സങ്കേതഭാഷയില്‍ നാലായി തരംതിരിക്കാം.
- Politics of mendacity. മിഥ്യാ വാദങ്ങളും വ്യാജോക്തികളും ഉപയോഗിച്ചുള്ള രാഷ്ട്രീയപ്രയോഗം.
- Vampire politics. വ്യാജമായി ദ്വന്ദങ്ങള്‍ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന രക്തപാനാസക്തിയുടെ രാഷ്ട്രീയം.
- Fake politics. ഒരു പ്രത്യേക കാലയളവിനു മാത്രമായി കള്ളങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന കപട രാഷ്ട്രീയം.
- Campaign of absurdity. ഭീതി സൃഷ്ടിക്കാനായി അസംബന്ധങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുക.
ഈ നാല് കാര്യങ്ങളും വടകരയില്‍ എങ്ങനെയാണ് പ്രയോഗിക്കപ്പെട്ടത് എന്ന് നോക്കാം. അവസാനം ഉയര്‍ന്ന വിവാദത്തില്‍ നിന്ന് തുടങ്ങാം. മുസ്ലിം വര്‍ഗീയവാദി എന്ന ചാപ്പ കുത്തി കിട്ടുന്നത് അത്ര സുഖകരമല്ലെന്നും കാഫിര്‍ എന്ന് വിളിച്ചുള്ള ഒരു വോട്ടും തനിക്ക് വേണ്ടെന്നും ഷാഫി അവസാനം പ്രഖ്യാപിച്ചു. അങ്ങനെ ധീരോദാത്തമായ പ്രഖ്യാപനം ഷാഫി നടത്തിയതാകട്ടെ, വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ പത്തരയ്ക്ക്. വോട്ടെടുപ്പ് ദിവസം രാവിലെ ഒരു എഫ്ബി പോസ്റ്റ് ഇടാന്‍ പോലും കൂട്ടാക്കാത്ത ഷാഫിയാണ് പിറ്റേന്ന് ഇരവാദം എടുത്തണിഞ്ഞത്.
കാഫിറിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്ന യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് ഖാസിം എന്നയാളുടെ പേരില്‍ പുറത്തുവന്ന വാട്‌സ്ആപ്പ് മെസ്സേജിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. പക്ഷേ കെ കെ ശൈലജ ടീച്ചറെ മുസ്ലിം വിരുദ്ധയായി ചിത്രീകരിച്ച് മതാനുകൂല്യം നേടാന്‍ ഷാഫി ശ്രമിച്ചതിന് ഒന്നിന് പകരം ഒമ്പത് തെളിവുകള്‍ കണ്ടെത്താനാകും. രണ്ടു മാധ്യമ സ്ഥാപനങ്ങള്‍ തന്നെ ഷാഫിയുടെ പ്രചാരണത്തിന് എതിരെ പരാതി ഉയര്‍ത്തി.
ഷാഫിക്ക് മതവ്യക്തിത്വം ചാര്‍ത്തി കൊടുത്തത് ആരാണെന്ന് ആദ്യം ഓര്‍ക്കണം. 20ല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നു. രണ്ട് ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു. പത്മജ ബിജെപിയില്‍ പോയതിന് പിന്നാലെ വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശ്ശൂരിലേക്ക് കെട്ടിയിറക്കി. ആലപ്പുഴയില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട അനിവാര്യത ഒഴിവാക്കി, കെസി വേണുഗോപാലിന് മത്സരിക്കാനായി, വടകരയിലേക്ക് ഷാഫിയെ പാലക്കാട് നിന്ന് പായ്ക്ക് ചെയ്തു. കോണ്‍ഗ്രസ് പട്ടികയിലെ മുസ്ലിം സ്ഥാനാര്‍ത്ഥി എന്ന ലേബലില്‍ ഷാഫിയെ വടകരയില്‍ ഇറക്കിയത് കോണ്‍ഗ്രസ് തന്നെയാണ്. അവിടെ തുടങ്ങുന്നു പ്രശ്‌നങ്ങള്‍.
ഷാഫി വടകരയില്‍ വന്നതിന് പിന്നാലെ തന്നെ ടീച്ചര്‍ക്കെതിരായ അധിക്ഷേപ ക്യാമ്പയിന്‍ തുടങ്ങി. മുസ്ലീങ്ങളെല്ലാം വര്‍ഗീയവാദികളാണ് എന്ന് ടീച്ചര്‍ പറഞ്ഞതായ ഫെയ്ക് വീഡിയോ നിര്‍മ്മിച്ചു. ലവ് ജിഹാദിന് ടീച്ചര്‍ അനുകൂലമാണെന്ന് കുപ്രചരണം നടത്തി. പ്രവാചകനിന്ദ ടീച്ചര്‍ നടത്തിയെന്ന് വ്യാജവാര്‍ത്ത നിര്‍മ്മിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ വ്യാജമായ കാര്‍ഡ് പുറത്തിറക്കി. ഇത്രയും ആസൂത്രിതമായി ഫെയ്ക് വീഡിയോകളും ഫോട്ടോകളും ഒരു മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും ഇറക്കിയിട്ടില്ല. ഷാഫിയുടെ ഈ പ്രചാരണത്തിനെതിരെ മാതൃഭൂമി ദിനപത്രവും റിപ്പോര്‍ട്ടര്‍ ചാനലും പരാതി ഉയര്‍ത്തി. ഇത് നിഷേധിക്കാന്‍ യുഡിഎഫിന് കഴിയുമെന്നു തോന്നുന്നില്ല.
വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് കാഫിര്‍ കാര്‍ഡ് ഇറങ്ങുന്നത്. കാഫിറിന് വോട്ട് ചെയ്യരുതെന്ന ആ കാര്‍ഡ് വ്യാജമാണെന്ന് അറിഞ്ഞിട്ടും ടീച്ചര്‍ തള്ളിപ്പറഞ്ഞില്ല എന്നാണ് ഷാഫിയുടെ ആരോപണം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതല്‍ ടീച്ചറെ മുസ്ലിം വിരോധി എന്ന് ചാപ്പ കുത്താന്‍ ആസൂത്രിതമായ വ്യാജപ്രചരണം നടത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച ആളാണ്, വോട്ടെടുപ്പിന്റെ പിറ്റേന്ന് എന്നെ വര്‍ഗീയവാദിയായി ചാപ്പകുത്താന്‍ ശ്രമം നടക്കുന്നു എന്ന് പരിതപിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നിട്ട് കെ കെ ശൈലജയാണ് വര്‍ഗീയവാദി എന്ന് വടകരയില്‍ യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ആളുടെ അധിക്ഷേപവും.
മതത്തിന്റെ മറപറ്റി കേരളത്തില്‍ ഒരു മണ്ഡലത്തിലും ഈ തെരഞ്ഞെടുപ്പില്‍ ഇതുപോലൊരു പ്രചരണം നടന്നിട്ടില്ല. 2016ല്‍ സിറാത്ത് പാലം കടക്കാന്‍ കെഎം ഷാജിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് പോലീസ് തന്നെ പിടിച്ചെടുത്തതാണ് ഇതിനു സമാനമായി ഞെട്ടിക്കുന്ന ഒരു സംഭവം ഉണ്ടായത്. മതം എത്ര അപകടകരമായ രാഷ്ട്രീയ ആയുധമാണെന്ന്, കണ്ണുതുറന്ന് ഇന്ത്യയൊട്ടാകെ ഒന്ന് നോക്കുന്ന ഏതൊരു കോണ്‍ഗ്രസുകാരനും മനസ്സിലാകും.
നാദാപുരം അടങ്ങുന്ന വടകര മണ്ഡലത്തിലാണ് മുസ്ലിംലീഗ് ഈ തീക്കളി നടത്തിയത്. ഭൂവുടമകള്‍ ആയിരുന്ന മുസ്ലീങ്ങളും കര്‍ഷക തൊഴിലാളികള്‍ ആയിരുന്ന തീയ്യരും തമ്മില്‍ ചരിത്രപരമായി ഉണ്ടായിരുന്ന സംഘര്‍ഷം ആറിത്തണുത്തിട്ട് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. സഖാവ് എ കണാരന്‍ നടത്തിയ ചെക്കന്‍ സമരം ചരിത്രത്തില്‍ ഇടംപിടിച്ചത് വടകരയുടെതായ സവിശേഷ സാമൂഹിക സാഹചര്യങ്ങളാലാണ്. ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ ജോലി ചെയ്യുന്ന സമയത്ത്, ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന് പിന്നാലെ മുസ്ലിം വീടുകള്‍ ആസൂത്രിതമായി ആക്രമിക്കുകയും കത്തിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്.
ഈ വടകരയില്‍ തന്നെയാണ് 23 വര്‍ഷം മുമ്പ്, തെരുവംപറമ്പ് ബലാത്സംഗ കേസ് വലിയ കോളിളക്കം ഉണ്ടാക്കിയത്. തെരുവാംപറമ്പ് നബീസുവിനെയും എട്ടുവയസ്സുകാരി മകളെയും നിസ്‌കാരപ്പായയില്‍ ഇട്ട് സിപിഎമ്മുകാര്‍ ബലാത്സംഗം ചെയ്തു എന്നതായിരുന്നു കേസ്. 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ കേസ് വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഈന്തുള്ളതില്‍ ബിനുവിനെ 2001 മെയ്യില്‍ കല്ലാച്ചി അങ്ങാടിയില്‍ വച്ച് ഒരു കൂട്ടം ആളുകള്‍ വെട്ടിക്കൊന്നു. മാസങ്ങള്‍ക്ക് ശേഷം നബീസുവും ഭര്‍ത്താവും വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു, ലീഗുകാര്‍ പറഞ്ഞിട്ടാണ് കള്ളം പറഞ്ഞതെന്ന്. മെഡിക്കല്‍ പരിശോധനയിലും ബലാത്സംഗം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. ഇതാണ് വടകരയുടെ സമീപ ഭൂതകാലം.
ഇനി വ്യാജ വീഡിയോ വിവാദത്തിലേക്ക്. ഒരു സുപ്രഭാതത്തില്‍ അന്തരീക്ഷത്തില്‍ നിന്ന് ഒരു പ്രചാരണം പൊട്ടി വീഴുന്നു. ശൈലജ ടീച്ചറുടെ സെക്‌സ് വീഡിയോ കിട്ടിയോ? ഈ ചോദ്യം സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടെ പ്രവഹിക്കുന്നു. ഗ്രാനി സെക്‌സ് കാണണം എന്നു പറഞ്ഞ്, കേരളം ബഹുമാനിക്കുന്ന ഒരു വനിതാ നേതാവിനെതിരെ ആസൂത്രിതമായി പ്രചാരണം ഉണ്ടാകുന്നു. അങ്ങനെ ഒരു വീഡിയോ ഉണ്ടോ? ആര്‍ക്കും അറിയില്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളായല്ല, കമന്റുകള്‍ ആയി ഗ്രാനൈറ്റ് സെക്‌സ് വീഡിയോക്കായി ആര്‍പ്പുവിളി ഉയര്‍ന്നു. ഇത്രയും പ്രായമുള്ള ഒരു വനിതാ രാഷ്ട്രീയ നേതാവിനെ കുറിച്ചാണ് ഗ്രാനി സെക്‌സ് എന്ന് വിശേഷിപ്പിച്ച് കുപ്രചരണം നടന്നത്. ഇത് വിവാദമായ ഘട്ടത്തില്‍ അങ്ങനെ ഒരു വീഡിയോ ഉണ്ടോ എന്ന് തനിക്കറിയില്ല എന്നു മാത്രമാണ് ഷാഫി പറഞ്ഞത്. ഇല്ലാത്ത ഒരു വീഡിയോ ഷെയര്‍ ചെയ്യൂ എന്ന് ആക്രോശിച്ച ആള്‍ക്കൂട്ട ഹിംസയെ തള്ളിപ്പറയാന്‍ ഷാഫി തയ്യാറായില്ല.
വ്യാപകമായ വ്യാജപ്രചരണം നടക്കുന്നത് സംബന്ധിച്ച് ടീച്ചര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലും മോര്‍ഫ് ചെയ്ത ഫോട്ടോയുണ്ട് എന്നു മാത്രമാണ് പറഞ്ഞത്. മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് ടെലിവിഷന്‍ ബൈറ്റിലും ടീച്ചര്‍ പറഞ്ഞിട്ടില്ല. പക്ഷേ ഫെയ്ക്ക് വീഡിയോ രണ്ടെണ്ണമുണ്ട് എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫെയ്ക്ക് വീഡിയോയും മോര്‍ഫ്ഡ് വീഡിയോയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ തെറ്റായ പ്രതികരണം നടത്തിയിട്ടുമുണ്ട്.
വോട്ടെടുപ്പിന് കുറച്ചുദിവസം മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ടീച്ചര്‍ സ്വാഭാവികമായി പ്രതികരിച്ചു. ഇതിനെ കുറ്റസമ്മതം എന്ന രൂപത്തില്‍ ഷാഫി അവതരിപ്പിച്ചു. ഇല്ലാത്ത ഒരു വീഡിയോ ഷെയര്‍ ചെയ്യൂ എന്ന് അണികള്‍ ആവശ്യപ്പെടുക – ഗ്രാനി സെക്‌സ് കാണണമെന്ന് അണികള്‍ ആക്രോശിക്കുക – കേട്ടാലറയ്ക്കുന്ന തെറികള്‍ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ നിരന്തരം എഴുതി വിടുക – മോര്‍ഫ്ഡ് വീഡിയോ ഉണ്ടെന്ന് എന്റെ പരാതിയില്‍ ഇല്ലെന്ന് എതിര്‍സ്ഥാനാര്‍ത്ഥി പറയുമ്പോള്‍ ഇരാവാദവുമായി പിടഞ്ഞെഴുന്നേല്‍ക്കുക. ഈ തന്ത്രമാണ് ഷാഫി പ്രയോഗിച്ചത്. അതായത് ആയിരം ദുഷ്പ്രചരണം നടത്തുക, എന്നിട്ട് അതില്‍ ഒരെണ്ണത്തില്‍ പിടിച്ച് ഇരാവാദം ഉയര്‍ത്തുക.
പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം പോലും ഷൈലജ ടീച്ചറെ വ്യക്തിപരമായി അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ടാണ് യുഡിഎഫുകാര്‍ വടകരയില്‍ നിറഞ്ഞത്. അത് എല്ലാവരും കണ്ടതുമാണ്. ഇത്രമേല്‍ വ്യക്തി അധിക്ഷേപം എല്‍ഡിഎഫിലെയോ യുഡിഎഫിലെയോ ബിജെപിയിലെയോ ഒരു സ്ഥാനാര്‍ത്ഥിയും കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടിട്ടില്ല. ഏതെങ്കിലും ഒരു വനിതാ സ്ഥാനാര്‍ത്ഥിയുടെ ഗ്രാനി സെക്‌സ് ചോദിച്ച് എല്‍ഡിഎഫിന്റെയോ ബിജെപിയുടെയോ അണികള്‍ ആള്‍ക്കൂട്ട ആക്രോശം ഉയര്‍ത്തിയിരുന്നുവെങ്കില്‍ കേരളത്തില്‍ ഉണ്ടാകുന്ന സോഷ്യല്‍ ഓഡിറ്റിംഗ് എത്രമേല്‍ ആകുമായിരുന്നെന്ന് ചിന്തിക്കണം. കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് മാത്രമാണ് ഒരുതരത്തിലുള്ള സോഷ്യല്‍ ഓഡിറ്റിങ്ങും ഇത്തരം മനോവൈകൃതങ്ങള്‍ക്കുമേല്‍ ഉണ്ടാകാതെ പോകുന്നത്. കെ കെ ശൈലജയും കെപി ശശികലയും തുലനം ചെയ്യുന്നതിന്റെ സമീകരണ യുക്തി എന്താണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് തിരിച്ചു ചോദിക്കാനുള്ള സാമാന്യ മര്യാദ പോലും ഇല്ലാതെ പോകുന്നത് അപകടകരമാണ്.
വടകരയില്‍ ആരെങ്കിലും ജയിക്കട്ടെ. ഷാഫി തന്നെ വെന്നികൊടി പാറിക്കട്ടെ. പക്ഷേ ഷാഫി പ്രയോഗിച്ച ഈ തെരഞ്ഞെടുപ്പ് തന്ത്രം ഇനി കേരളത്തില്‍ ഉയരാന്‍ പാടില്ലാത്തതാണ്. പ്രത്യേകിച്ചും മതാത്മകതയില്‍ ഊന്നിയും വനിതാ സ്ഥാനാര്‍ത്ഥിയുടെ സെക്‌സ് വീഡിയോ ചോദിച്ചുമുള്ള പ്രചാരണം. രാജ്യത്ത് സംഘപരിവാര്‍ ഹിംസാത്മകമായി മതാത്മകത ഉയര്‍ത്തുന്ന ഈ കാലത്ത് – ഷാഫി പറമ്പില്‍, നിങ്ങള്‍ ചെയ്തത് വലിയൊരു തെറ്റാണ്.
…………………………………………………………………………
പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.
ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.
എഡിറ്റര്‍: 8921990170, editor@thamasoma.com
(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)
തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47