My Lord, സഹികെട്ടിട്ടാണ് ഇതെഴുതുന്നത്. മനസ്സുണ്ടെങ്കിൽ മുഴുവൻ വായിക്കുക:
ഒരു കൊച്ചു കുട്ടിയുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപാ!
പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടുന്നത് രണ്ട് ചേരുവകളാണ്. ഒന്ന്, മാറ്റി വയ്ക്കാനുള്ള അവയവം. പിന്നെ അത് സ്വമനസ്സാലേ ദാനം നൽകുവാൻ സുമനസ്സുള്ള ഒരു അവയവ ദാദാവ്. നിലവിലുള്ള നിയമ പ്രകാരം അത് രണ്ടും പണം കൊടുത്ത് വാങ്ങാനാകില്ല. അതു കൊണ്ട് തന്നെ, ഇത് രണ്ടും ഫ്രീ.
[അല്ല, ഈ രണ്ട് ചേരുവകളുമില്ലാതെ പിന്നെ വേറെയെന്തുണ്ടായിട്ടെന്താ കാര്യം? ഒരു കാര്യവുമില്ല. എന്റെ അറിവിൽ, ഹിന്ദുസ്ഥാൻ ലിവർ അല്ല, അതിന്റെ അപ്പൻ സാക്ഷാൽ യൂണീ ലിവർ പോലും മനുഷ്യ അവയവങ്ങൾ ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്നില്ല. എന്നുള്ളതാണ്, എന്റെ ഇതുവരെയുള്ള വിശ്വാസവും, അറിവും.]
പക്ഷേ, എങ്കിലും വേണം, രൂപ ഇരുപത്തഞ്ച് ലക്ഷം, ആ കൊച്ചു കുട്ടിയുടെ അവയവ- മാറ്റ ശസ്ത്ര-ക്രിയയ്ക്ക് !!
നമ്മുടെ ഗവൺമെന്റിന് ഒരു പാട് ആശുപത്രികളുണ്ട്, മെഡിക്കൽ കോളജുകൾ ഉണ്ട്, അവിടെയെല്ലാം അതി പ്രഗല്ഭരായ ഡോക്ടർമാരും ഉണ്ട്. പക്ഷേ, അവിടെയൊന്നും ഈ വക യന്ത്രസാമഗ്രികളില്ല എന്നാണ് ഉത്തരം. അതു കൊണ്ട് തന്നെ മനുഷ്യ അവയവ മാറ്റൽ ശസ്ത്രക്രിയ പോലുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക്, സർക്കാർ ആശുപത്രിയിലോട്ട പോയി ആരും നേരം കളയേണ്ടതില്ല.
ഒരു അപ്രിയ ചോദ്യം ചോദിച്ചോട്ടേ?
എന്തേ, ഈ സ്വകാര്യ ആശുപത്രികളിൽ മാത്രം, ഇത്തരം ജീവൻ രക്ഷാ വിദ്യകൾ നടത്താനുള്ള യന്ത്രങ്ങളും സംവിധാനങ്ങളുമുള്ളൂ, My Lord?
ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ ഊന്നി നിലകൊള്ളുന്ന ഒരു രാഷ്ട്രത്തിന്റെ സർക്കാർ ആശുപത്രികളിൽ ഇത്തരം യന്ത്രസാമഗ്രികളും സംവിധാനങ്ങളുമൊരുക്കി, പാവപ്പെട്ട ഒരു കുട്ടിയുടെ / പൗരന്റെ ജീവൻ നിലനിർത്തുന്നതിന് തടസം നിൽക്കുന്നത് ആരാണ് My Lord?
എന്താ?
എന്താണ്?
എന്താണതിങ്ങനെ?
ആണ്ടോടാണ്ട് മുടങ്ങാതെ വരുന്ന ഒരു ബലിയിടൽ ചടങ്ങാണല്ലോ, കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് അവതരണം എന്ന വാർഷിക പരിപാടി.. എന്നാൽ ഏതപ്പൻ വന്നാലും, ഒരു ബഡ്ജറ്റിലും, ഒരു സർക്കാരും, ഇത്തരം ആവശ്യങ്ങൾക്കായി ഒരു തുകയും ഇന്നേവരേ വക കൊള്ളിച്ച് കണ്ടിട്ടില്ല!
അതെന്ത് കൊണ്ടെന്ന്, 139 കോടി ഭാരത മക്കളിൽ, ഞാനടക്കമുള്ള ഒരു നായിന്റെ മോന്റെ മക്കളും ചോദിക്കില്ല, അഥവാ ചോദിച്ചു കണ്ടിട്ടില്ല, പിന്നിട്ട ഈ 71 വർഷക്കാലങ്ങളിൽ ഒരു വട്ടം പോലും!!
കാരണമുണ്ട് My Lord. “സഹിഷ്ണുത”.
അറിയില്ലേ, സഹിഷ്ണുതയേ?
അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
അത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.
അത് നമ്മുടെ ഭരണഘടനയുടെ ഭാഗമാണ്.
അതു കൊണ്ട് തന്നെ, ഒരു ബഡ്ജറ്റിലും, ഒരു സർക്കാരും, യാതൊരു വിധ തുകയും മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് വക കൊള്ളിച്ചില്ലെങ്കിലും, അതീവ സഹിഷ്ണക്കളായ നമ്മൾ അഖില ഭാരത പൗരന്മാർ, നല്ല ആട്ടിൻ കുട്ടികളായി, കാര്യങ്ങൾ മനസ്സിലാക്കും.
ഒരു പൗരന്റെ ജീവനെക്കാൾ എന്ത് കൊണ്ടും വില ഏറിയതാണല്ലോ, കോടികൾ മുതൽ മുടക്കി സ്വകാര്യ ആശുപത്രി നടത്തുന്ന ആ പാവം മുതലാളിമാരുടെ ആത്മരോദനങ്ങൾ!!
ഇനി ഒരല്പം നിയമം കേട്ടോളൂ :
സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് സ്വതന്ത്ര ഭാരതത്തിന്റെ ശിൽപ്പികൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപ്പന ചെയ്തത്. ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിൽ നിന്നും ക്ഷാമ രാഷ്ട്രം എന്ന യാഥാർത്ഥ്യത്തിലേക്കുള്ള കുതിപ്പായിരുന്നു, സ്വാതന്ത്ര്യ ലബ്ധി മുതൽ ഇങ്ങോട്ടുള്ള 71 കൊല്ലത്തെ യാത്ര.
ജീവിക്കുവാനുള്ള അവകാശം ഭരണഘടനയുടെ 21 ആം അനുഛേദപ്രകാരം മൗലികാവകാശമായ ഒരു രാജ്യത്ത്, ഫ്രീയായ അവയവവും ഫ്രീയായ അവയവദാതാവും ഉണ്ടെങ്കിലും, 25 ലക്ഷം രൂപ കൈയ്യിലില്ലെങ്കിൽ ഉയിര് പോയിടും. അതിങ്ങനെ പോയി കൊണ്ടേയിരിക്കുന്നുണ്ട്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി നൽകുന്നതിനുള്ള ഭരണഘടനാപരമായ കടമ ഭരണഘടനയുടെ 21 ആം അനുഛേദപ്രകാരം ഭാരതത്തിന്റെ ഭരണകൂടത്തിന് ഇല്ലേ? അങ്ങിനെ ഉണ്ടെന്ന പ്രഖ്യാപനം കോടതി നടത്തണം എന്നാവശ്യപ്പെട്ട്, ജനപക്ഷത്തിന്റെ മുഖ്യ രക്ഷാധികാരി , പദ്മവിഭൂഷൺ ഡോ: കെ.ജെ.യേശുദാസ്, ജനപക്ഷം സംസ്ഥാന കൺവീനർ ശ്രീ. ബെന്നി ജോസഫ് എന്നിവർ നൽകിയ പൊതുതാൽപര്യ ഹർജ്ജി ഇന്നും കേരള ഹൈക്കോടതിയിൽ നിലവിലുണ്ട്. ആ ഹർജിയിൽ ഒട്ടനവധി ഇടക്കാല വിധികൾ വന്നുവെങ്കിലും, വിധികളെ സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള സംഘടിത ശക്തിയായി മാറി കഴിഞ്ഞിരിക്കുന്നു, ഭാരതത്തിന്റെ ആരോഗ്യമേഖല.
ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലെ ഏറ്റവും പ്രധാനപ്പെട്ട സേവന മേഖലയായ ആരോഗ്യമേഖല, ആഗോളവൽക്കരണമെന്ന വർത്തമാനകാല യാഥാർത്ഥ്യത്തിൽ, ഇന്നേറ്റവും പ്രധാനപ്പെട്ട കച്ചവട മേഖലയായി മാറിയെന്ന യാഥാർത്ഥ്യം നമ്മെ ഓർമ്മിപ്പിക്കേണ്ടത് എന്താണ്? സേവന മേഖല എന്നൊന്ന് തന്നെ വാസ്തവത്തിൽ ഇല്ലാതായിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ്, ഇൻഷ്വറൻസ് തുടങ്ങി എല്ലാ സേവന മേഖലകളും കച്ചവട മേഖലയ്ക്ക് ലാഭമുണ്ടാക്കാൻ തീറെഴുതി കൊടുത്തിരിക്കുന്നു. ഈ യാഥാർത്ഥ്യത്തിൽ എവിടെയാണ് ക്ഷേമരാഷ്ട്രം എന്ന ഭരണഘടനാ തത്ത്വത്തിന്റെ പ്രസക്തി, My Lord?
നമ്മൾ കഴുതക്കൂട്ടങ്ങളാരും അറിയാതെ, 2017ൽ ഭാരതത്തിന്റെ കരട് ഫാർമസ്യൂട്ടിക്കൽ പോളിസി പുറത്തിറങ്ങി. ഒരു വാർത്താ മാധ്യമങ്ങളിലും ഇടം കണ്ടെത്താത്ത ഈ വാർത്ത, ഒരിടത്തും ചർച്ച ചെയ്തതായി കണ്ടില്ല. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം അത്യുജ്ജ്വലവും അതിലേറെ ഊർജ്ജിതവുമാണ് എന്ന് പ്രസ്തുത കരട് ഫാർമസ്യൂട്ടിക്കൽ പോളിസി പറയുന്നു. 2015-16 ലെ കണക്ക് പ്രകാരം ഇന്ത്യൻ ഫാർമ്മസ്യൂട്ടിക്കൽ വ്യവസായ രംഗത്തെ ഒരു വർഷത്തെ ടേൺ – ഓവർ എന്നത് വെറും രണ്ട് ലക്ഷത്തി നാലായിരത്തി അറുന്നൂറ്റി ഇരുപത്തിയേഴ് കോടി രൂപ പതിനഞ്ച് പൈസ [Rs. 2, 04, 627.15 Crores] എന്നാൽ ഇത്രയും പെരുത്ത ലക്ഷം കോടികളുടെ വരുമാനം ഉണ്ടാകുന്ന ആരോഗ്യ വ്യവസായത്തിൽ ഭാരതത്തിന്റെ പൊതുമേഖല എന്നത്, പൊന്നുരുക്കുന്നിടത്തെ കണ്ടൻ പൂച്ചയെ പോലെ വെറും വെറും വെറും കാഴ്ചക്കാർ മാത്രമാണെന്ന് തുറന്ന് സമ്മതിക്കുവാൻ നമ്മുടെ സർക്കാരിന് യാതൊരു മടിയുമില്ല. അതാണ്, നമ്മുടെ ഭരണകൂടത്തിന്റെ ഭരണപരമായ സുതാര്യത !
സംസ്കൃതം പഠിച്ചിട്ടില്ലാത്ത, സ്ഥിരമായി പാർട്ടി ക്ലാസ്സുകളിൽ പോകാത്ത, നമ്മൾ സാധാരണക്കാർക്ക് ഇത് മനസ്സിലാകില്ല. 1947 മുതൽ 2018 വരെ, ഇക്കഴിഞ്ഞ 71 കൊല്ലമായി മനസ്സിലാകാത്ത കഴുതക്കൂട്ടത്തിൽ പെട്ട ഞാനടക്കമുള്ള ഒരൊറ്റയൊന്നിനും ഈ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാകില്ല. അതുകൊണ്ടാണ് നമ്മൾ നമ്മൾ പൊതുജനത്തെ അന്നും ഇന്നും വെറും കഴുതകൾ എന്ന് വിളിച്ച് മേലാളൻമാർ കൊഞ്ചിക്കുന്നതും, ആ വിളി കേട്ട് വിജൃംഭിക്കപ്പെട്ട് നമ്മൾ തികഞ്ഞ ആത്മശാന്തിയോടെ ആനന്ദിക്കുന്നതും !
My Lord, പണമില്ലാത്ത മുഴുവൻ തെണ്ടികളും മരിച്ചു പൊക്കോട്ടേ. പണമുള്ളവൻ തന്റെ പണം മുടക്കി, സ്വന്തം ജീവിതവും തന്റെ കുടുംബത്തിന്റെ ജീവിതവും നില നിർത്തിക്കോട്ടേ. ഒരു നല്ല കാഴ്ചക്കാരന്റെ വേഷത്തിൽ ഭരണകൂടം തന്റെ റോൾ ഭംഗിയായി തന്നെ നിർവ്വഹിക്കും.
ദൈവഹിതവും സർക്കാർ ഹിതവും അതായ നിലയക്ക്, വേറെന്ത് പറയാൻ?
My Lord, ഇന്ത്യൻ ഭരണഘടനയുടെ പതിന്നാലാം അനുഛേദം [Article 14] ആയതിനാൽ ഇങ്ങനെ നടപ്പിലാക്കപ്പെടുന്നു.
ആരും തുല്യരല്ല എന്ന കാര്യത്തിലെങ്കിലും നമ്മളെല്ലാവരും തുല്യമാണ്.
That’s all My Lord:
– CV Manuvilsan