ഇനിയെത്ര ശവങ്ങള്‍ വീഴണം, മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കാന്‍?

Thamasoma News Desk

‘ഇനിയെത്ര ശവങ്ങള്‍ വീണാലാണ് ഞങ്ങളുടെ സംരക്ഷണം നിങ്ങള്‍ ഉറപ്പു വരുത്തുന്നത്? കാട്ടാനകള്‍ (Wild elephant) വിഹരിക്കുന്ന കാനന പാതയിലൂടെ സഞ്ചരിക്കുമ്പോള്‍, അപകടത്തില്‍ നിന്നും ഓടി രക്ഷപ്പെടാനായി വഴിവിളക്കെങ്കിലും സ്ഥാപിച്ചു കൂടെ നിങ്ങള്‍ക്ക്? ഇത്രപോലും വിലയില്ലാതായിപ്പോയോ ഞങ്ങള്‍ മനുഷ്യരുടെ ജീവനുകള്‍ക്ക്? ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. ഇനിയൊരു മനുഷ്യന്‍ കൂടി മരണപ്പെടുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കുവാനുള്ള നടപടി വനംവകുപ്പ് അധികൃതര്‍ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ഇനിയും ശക്തമാകും. ജനങ്ങളെ സേവിക്കുന്നതിനാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്. ആ അധികാരം നിങ്ങള്‍ വിനിയോഗിക്കണം. വനപാലകര്‍ക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നാണ് വനംവകുപ്പു മന്ത്രി പരറഞ്ഞത്. എസി മുറിയിലിരുന്ന്, എസി കാറില്‍ യാത്ര ചെയ്ത്, സുഖജീവിതം നയിക്കുന്ന നേതാക്കള്‍ക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാകുന്നത് എങ്ങനെയാണ്. ഇത്രയും പ്രശ്‌നങ്ങളുള്ള വഴികളില്‍ ഒരു ബള്‍ബ് പോലുമില്ല. എല്‍ദോസ് കൊല്ലപ്പെട്ടിട്ട് നാലു മണിക്കൂറുകള്‍ക്കു ശേഷമാണ് അവിടെ ഒരു സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്,’ ഉരുളന്‍തണ്ണി വലിയ ക്ണാച്ചേരിയില്‍ കോടിയാട്ട് എല്‍ദോസ് വര്‍ഗ്ഗീസ് (45) കാട്ടാനയുടെ ആക്രമണത്തില്‍ മൃഗീയമായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോതമംഗലത്തു നടത്തിയ റാലിയില്‍ ഉയര്‍ന്നുകേട്ട സ്വരമായിരുന്നു ഇത്.

മനുഷ്യ ജീവനുകള്‍ക്ക് യാതൊരു വിലയും നല്‍കാതെ, കാട്ടാനകള്‍ക്കും മറ്റു കാട്ടുമൃഗങ്ങള്‍ക്കും മുന്നിലേക്ക് എറിഞ്ഞിട്ടിരിക്കുകയാണ് വനം വകുപ്പും സര്‍ക്കാരും. വനമേഖലയിലൂടെ കടന്നു പോകുന്ന റോഡിലെങ്ങും വഴിവിളക്കുകളില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പാതയോരങ്ങളാകട്ടെ കൊടുംകാടു മൂടിക്കിടക്കുന്നു. അതൊന്നു വെട്ടിമാറ്റി പാതകള്‍ സുരക്ഷിതമാക്കാന്‍ പോലും ഭരണ സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.

യാക്കോബായ സഭയുടെ നേതൃത്വത്തില്‍ ആറുമാസം മുമ്പാണ് കോതമംഗലം വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കാഞ്ഞിരവേലി സ്വദേശിയായ ഇന്ദിര കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു ഈ സംഭവം. ചെമ്പന്‍കുഴിയിലും കുട്ടമ്പുഴയിലുമായി രണ്ടു ജീവനുകള്‍ കൂടി കാട്ടാന എടുത്തിരിക്കുന്നു. ഇനിയും എത്ര ജീവനുകള്‍ നല്‍കിയാലാണ് സര്‍ക്കാരുകള്‍ കണ്ണുതുറക്കുന്നത്?

ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളെ യഥേഷ്ടം പറഞ്ഞയച്ച്, കര്‍ഷകരുടെ കൃഷിഭൂമി കൈയേറി കൈയ്യടക്കാനുള്ള വനം വകുപ്പിന്റെ ഗൂഢനീക്കമാണ് കാട്ടുമൃഗങ്ങളുടെ ശല്യം ഇത്രയേറെ വര്‍ദ്ധിക്കാന്‍ കാരണമെന്ന് ബിഷപ്പ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി. കൃഷിക്കാരുടെ ജീവനും കൃഷിയും സംരക്ഷിക്കാന്‍ വനംവകുപ്പു മന്ത്രി തയ്യാറല്ലെങ്കില്‍ അധികാരമൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ എല്‍ദോസ് ആക്രമിക്കപ്പെട്ടത് ഡിസംബര്‍ 16ന് രാത്രി 8-45 നും 9 നും ഇടയിലാണ്. എല്‍ദോസിന്റെ മരണം പുറംലോകമറിഞ്ഞതു മുതല്‍ വന്‍ പ്രതിഷേധമാണ് കുട്ടമ്പുഴയിലും സമീപപ്രദേശത്തും നടന്നത്. കാട്ടാനയുടെ സാന്നിധ്യം നേരത്തെ അറിയിച്ചിട്ടും വേണ്ട നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചില്ല എന്ന് നാട്ടുകാര്‍ പറഞ്ഞു. എല്‍ദോസിന്റെ മൃതശരീരം അടക്കം ചെയ്യാന്‍ പോലുമനുവദിക്കാതെ പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍. കുട്ടമ്പുഴയിലെ പ്രതിഷേധ പരിപാടികള്‍ക്കു ശേഷം പ്രതിഷേധം കോതമംഗലത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. കോതമംഗലം ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റില്‍ നിന്നുമാരംഭിച്ച പ്രതിഷേധ റാലി അവസാനിച്ചത് വനംവകുപ്പ് ഓഫീസിനു മുന്നിലാണ്.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *