Jess Varkey Thuruthel
നീണ്ടപാറ ചെമ്പന്‍കുഴിയില്‍, കാട്ടാന (Wild elephant) പനമരം മറിച്ചിട്ടതിന് അടിയില്‍ പെട്ട് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജനരോക്ഷം ആളിക്കത്തുന്നു. കോതമംഗലം എം എ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ആന്‍ മേരിയും അല്‍ത്താഫുമാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ആന്‍മേരിക്ക് ജീവന്‍ നഷ്ടമായി. റോഡരികില്‍ നിന്ന പനമരം ആന റോഡിലേക്കു മറിച്ചിടുകയായിരുന്നു. പനങ്കുട്ടി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആന്‍ മേരിയും അല്‍ത്താഫും അപകടത്തില്‍ പെടുകയായിരുന്നു. നീണ്ടപാറ ചെമ്പന്‍കുഴിയില്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ തൊട്ടരികിലായിരുന്നു സംഭവം.
കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് ഈ മേഖലയിലുള്ള ഭൂരിഭാഗം ജനങ്ങളും. എന്നാലിന്ന്, കൃഷി ചെയ്യാന്‍ കഴിയാത്ത വിധം അവരുടെ ജീവിതത്തെയാകെ കാട്ടാനകളും മറ്റു കാട്ടുമൃഗങ്ങളും താറുമാറാക്കിയിരിക്കുന്നു. വാഴയും തെങ്ങും കവുങ്ങുമെല്ലാം നശിപ്പിച്ച് യാതൊരു കൃഷിയും സാധ്യമല്ലാത്ത വിധത്തില്‍ ആനകള്‍ പ്രശ്‌നമുണ്ടാക്കുന്നു. കാട്ടുമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുകയും ജനവാസ മേഖലയിലേക്ക് എത്തിപ്പെടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം.
കാട്ടാനകള്‍ കൃഷിഭൂമിയിലേക്ക് ഇറങ്ങുമ്പോള്‍ പടക്കം പൊട്ടിച്ചും ലൈറ്റ് തെളിച്ചും ഓടിച്ച് കാട്ടിലേക്കു വിടുക എന്നതാണ് നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ മേഖലയിലൂടെ ഒഴുകുന്ന പെരിയാറിന്റെ മറുകരയിലും റോഡിനപ്പുറവും വനമാണ്. അതിനാല്‍, ഒരു കാട്ടില്‍ നിന്നും മറുകാട്ടിലേക്ക് കാട്ടുമൃഗങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നു. കൃഷികള്‍ നശിപ്പിക്കാതിരിക്കാന്‍ രാത്രി ഉറക്കമിളച്ചു കാവലിരിക്കുകയാണ് നാട്ടുകാര്‍. ഇതുവരെയും ഈ പ്രദേശത്തുള്ള ആരെയും ആന ഉപദ്രവിച്ചിട്ടില്ല എന്നത് ഒരാശ്വാസമാണ്. പക്ഷേ, അത് എത്ര കാലമെന്ന് അറിയില്ല. അതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.
നീണ്ടപാറ ഈസ്റ്റ് മുതല്‍ വെസ്റ്റ് വരെ നീണ്ടുകിടക്കുന്ന, പുഴയോടു ചേര്‍ന്നു പോകുന്ന ഒരു പഞ്ചായത്തു റോഡിന്റെ (Thottiyar link Road) നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിട്ട് കാലങ്ങളേറെയായി. പണമില്ലെന്ന കാരണത്താല്‍ ജനങ്ങളുടെ നിരന്തരമായ ഈ ആവശ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത്. ഈ റോഡിലൂടെ വാഹനഗതാഗതം സാധ്യമല്ലാത്തതിനാല്‍, ആനകള്‍ ജനവാസ മേഖലയിലേക്കെത്തുമ്പോള്‍ അവിടേയ്ക്ക് എളുപ്പത്തില്‍ ചെന്നെത്താന്‍ സാധിക്കാതെ വരുന്നു. അതിനാല്‍ ഈ വഴിയോടു ചേര്‍ന്നു കിടക്കുന്നവര്‍ ഏറെ ഭീതിയിലാണ്. ഏതു സമയത്തും കാട്ടാനകളുടെ ആക്രമണമുണ്ടായേക്കാമെന്ന് അവര്‍ ഭയപ്പെടുന്നു. അധികാരികളാകട്ടെ ജനങ്ങളുടെ ആവശ്യത്തോടു പ്രതികരിക്കുന്നതു പോലുമില്ല.
അധ്വാനശീലരായ ജനങ്ങളുള്ള, കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കു പ്രധാന പങ്കുവഹിക്കുന്ന കര്‍ഷകരാണിവര്‍. അവരുടെ അധ്വാനത്തിനു ഫലമുണ്ടായേ തീരൂ. കാടിന്റെ അവകാശികളായ കാട്ടുമൃഗങ്ങള്‍ക്ക് കാട് വാസയോഗ്യമല്ലാതാക്കി തീര്‍ത്തത് മാറിമാറി വന്ന ഭരണകൂടം തന്നെയാണ്. കാട്ടില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്‍രെയും വനം വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. ഓരോ തവണ വനത്തിലേക്കു കയറുമ്പോഴും ഫലവൃക്ഷങ്ങളുടെ കുറച്ചു വിത്തുകള്‍ വനത്തിലാകെ വിതറിയാല്‍ വന്‍മരമായി ഫലങ്ങള്‍ നല്‍കും. പക്ഷേ, വനത്തില്‍ മരങ്ങളുണ്ടായത് ആരും വിത്തു പാകിയിട്ടല്ല എന്നതാണ് വനംവകുപ്പിന്റെ വിചിത്ര വാദം.
വെട്ടിവിറ്റാല്‍ പണം കിട്ടുന്ന അക്കേഷ്യ, തേക്ക് തുടങ്ങിയ മരങ്ങളാണ് വനവത്കരണമെന്ന പേരില്‍ സര്‍ക്കാര്‍ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം മൃഗങ്ങളുടെ ഭക്ഷ്യലഭ്യത കുറയ്ക്കുകയാണ് ചെയ്തത്. ഇവയ്ക്കു പരിഹാരം കാണാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
റോഡിനിരുവശവുമുള്ള കാടുകള്‍ വെട്ടിമാറ്റുക, റോഡിനു സമീപത്തെ വനത്തിലെ അടിക്കാടുകള്‍ നീക്കം ചെയ്യുക, ഓടകള്‍ വൃത്തിയാക്കുക, തുടങ്ങിയവയാണ് കഴിഞ്ഞ തവണ ചെമ്പന്‍കുഴിയില്‍ ഉണ്ടായതു പോലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികള്‍. പക്ഷേ, ഇതുപോലും ചെയ്യുന്നില്ല എന്നതാണ് ജനങ്ങളുടെ എതിര്‍പ്പിന്റെ പ്രധാന കാരണം.
ഏതെങ്കിലുമൊരു മരണമുണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതല്ല സുരക്ഷ മാനദണ്ഡങ്ങള്‍. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടികളുണ്ടാകേണ്ടത്. അത് എത്രയും വേഗം നടപ്പാക്കിയേ തീരൂ. അേേതാടൊപ്പം കരിമണല്‍ മുതല്‍ ചെമ്പന്‍കുഴി വരെ നീളുന്ന സോളാര്‍ ഫെന്‍സിംഗ് എന്ന നാട്ടുകാരുടെ എക്കാലത്തേയും വലിയ ആവശ്യം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുകയും വേണം.
…………………………………………………………………………
For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975