സാഗരത്തിനാവുമോ ആ അമ്മയുടെ നെഞ്ചിലെ തീയണയ്ക്കാന്‍?

Jess Varkey Thuruthel

പെയ്യുവാന്‍ വെമ്പി നില്‍ക്കുന്ന കണ്ണുകള്‍, പതറുന്ന നോട്ടം, വലിയൊരു തീക്കുണ്ഡത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടുന്നതു പോലെ വെപ്രാളപ്പെട്ടുള്ള നടപ്പ്. കുറച്ചു സമയം ഞാനവരെ നോക്കി നിന്നു. സിനര്‍ജിയിലെ ചിലരോടവര്‍ സംസാരിക്കുന്നു. കണ്ണുകള്‍ കൂടുതല്‍ സജലങ്ങളാകുന്നു. ഞാന്‍ സാവധാനം അവരുടെ അടുത്തു ചെന്നു. എന്തിനാണു നിങ്ങള്‍ സങ്കടപ്പെടുന്നതെന്നു ചോദിച്ചു…

നിറഞ്ഞു കവിഞ്ഞുവോ ആ കണ്ണുകള്‍? അവരുടെ ചുണ്ടുകള്‍ വിറ പൂണ്ടു. എരിതീയിലെരിയുന്ന മനസിന്റെ വിങ്ങലുകള്‍ എന്നില്‍ നിന്നും മറയ്ക്കുവാനെന്ന വണ്ണം അവര്‍ മുഖം അമര്‍ത്തിത്തുടച്ചു. പിന്നെ സാവധാനം പറഞ്ഞു തുടങ്ങി…

‘എന്റെ മകള്‍ ഓട്ടിസ്റ്റിക്കാണ് (Autism). അവളെ ഒരിടത്തു ഞാന്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് അവള്‍ വയലന്റ് ആകും. അതിനാല്‍, അവര്‍ അവളെ പൂട്ടിയിട്ടിരിക്കുകയാണ്. ആ കാഴ്ച കണ്ടുനില്‍ക്കുവാന്‍ എനിക്കു വയ്യ. എനിക്കെന്റെ മകള്‍ക്കൊപ്പം നില്‍ക്കണമെന്നുണ്ട്. പക്ഷേ, മകളെ ഒറ്റയ്ക്കു നോക്കുവാന്‍ എനിക്കു സാധിക്കില്ല. എനിക്കൊരു മകന്‍ കൂടിയുണ്ട്. അവന്റെ ജീവിതത്തിനു പ്രശ്‌നമില്ലാത്ത രീതിയില്‍ മകള്‍ക്കൊപ്പം എനിക്കു താമസിക്കണം. അതിനായി ഇതുപോലുള്ള ഓരോരോ ഇടങ്ങളും ഞാന്‍ കയറിയിറങ്ങുകയാണ്. ഞങ്ങളെക്കൂടി ഇവിടെ താമസിപ്പിക്കുമോ എന്നറിയാനാണ് ഇവിടെ വന്നത്. പക്ഷേ…..’ അവരുടെ വാക്കുകളൊന്നു മുറിഞ്ഞു. പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി.

‘വളരെ ചെറിയൊരു സ്ഥലം മതിയായിരുന്നു ഞങ്ങള്‍ക്ക്. എങ്ങനെയും അഡ്ജസ്റ്റ് ചെയ്യാനും ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ….’ വീണ്ടുമവരുടെ ശബ്ദം മുറിഞ്ഞു. വാക്കുകള്‍ തൊണ്ടയില്‍ മൃതിയടയുന്നു.

മകള്‍ക്ക് എത്ര പ്രായമുണ്ടെന്നു ഞാന്‍ ചോദിച്ചു. 20 വയസ് എന്നവര്‍ മറുപടി പറഞ്ഞു. ഭര്‍ത്താവു മരിച്ചു പോയി. ആരോഗ്യവകുപ്പില്‍ താല്‍ക്കാലികമായൊരു ജോലിയുണ്ടവര്‍ക്ക്.

മരിച്ചാലും ആധിപൂണ്ടലയുന്ന ചില മനുഷ്യരുണ്ട് ഈ ഭൂമിയില്‍. ചിരിക്കാന്‍ മറന്നു പോയവര്‍. ജീവിതം നിലച്ചു പോയവര്‍. തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തങ്ങളുടെ മക്കള്‍ മരിച്ചു പോകണേയെന്നു ഹൃദയവേദനയോടെ പ്രാര്‍ത്ഥിക്കുന്നവര്‍. ഓട്ടിസം, ബുദ്ധിവികാസമില്ലായ്മ, സെറിബ്രല്‍ പാള്‍സി, തുടങ്ങിയ പ്രശ്‌നങ്ങളുമായി ഈ ഭൂമിയില്‍ ജനിച്ചു വീണ കുറച്ചു മക്കളുടെ മാതാപിതാക്കള്‍. പ്രാഥമിക കൃത്യങ്ങള്‍ പോലും സ്വന്തമായി ചെയ്യുവാന്‍ കഴിവില്ലാത്തവര്‍. അത്തരം കഴിവുകളെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ നേടുന്നതിനു വേണ്ടി വര്‍ഷങ്ങളോളം അവരെ പരിശീലിപ്പിക്കുന്നവര്‍. തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചു പോയാല്‍ ഇവര്‍ പിന്നെ എങ്ങനെ ജീവിക്കുമെന്ന ചിന്തയില്‍, തീക്കടലില്‍ ഉരുകി ജീവിക്കുന്നവര്‍. മതങ്ങളും പുരോഹിത വര്‍ഗ്ഗവും ഭീതിപ്പെടുത്തുന്ന നരക സങ്കല്‍പ്പം പോലും ഇവരുടെ ജീവിതത്തെക്കാള്‍ മനോഹരമായിരിക്കും. പൊതുസമൂഹത്തിനു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍. അവരില്‍ പലരും ജീവിതത്തോടു പൊരുതിത്തോറ്റ് തങ്ങളുടെ മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്നു.

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 68 സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പട്ടിണിയെയും രോഗത്തെയും സാമ്പത്തിക പരാധീനതകളെയും അതിജീവിച്ച് നമ്മുടെ നാട് മെച്ചപ്പെട്ടൊരു ജീവിത സാഹചര്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴും ജീവിതം തന്നെ നിലച്ചു പോയ കുറച്ചു മനുഷ്യരിങ്ങനെ ശാന്തിയില്ലാതെ അലയുന്നു. അവരെക്കൂടി ചേര്‍ത്തു പിടിച്ചു കൊണ്ടും ഉള്‍പ്പെടുത്തിക്കൊണ്ടും ഒരു സാമൂഹിക വികസനത്തിന് ആരും ശ്രമിക്കുന്നില്ല. അവരുടെ വിധി അവര്‍ സ്വയം അനുഭവിച്ചു തീര്‍ക്കട്ടെ എന്ന നിലപാട്. ഇനിയും മുന്നോട്ടു നീങ്ങുവാന്‍ ശേഷിയില്ലാതെ എത്രയോ മനുഷ്യര്‍ തങ്ങളുടെ കുഞ്ഞുങ്ങളെയും കൊണ്ട് ഈ ലോകം വിട്ടു പോയിരിക്കുന്നു! ശേഷിക്കുന്നവര്‍ ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുന്നു!!

ഒരു റോഡു നിര്‍മ്മിക്കുമ്പോള്‍, ഒരു സ്ഥാപനം പണിയുമ്പോള്‍ ശാരീരിക മാനസിക വെല്ലുവിളികളുള്ളവരെക്കൂടി പരിഗണിക്കണമെന്ന മാനുഷിക കാഴ്ചപ്പാടു പോലും ഭരിക്കുന്നവര്‍ക്കോ പൊതുസമൂഹത്തിനോ ഇല്ല. പകരം അവരെ ഒറ്റപ്പെടുത്തുന്നു, വെറുത്തകറ്റി നിറുത്തുന്നു. അതിനു ചുക്കാന്‍ പിടിച്ച് അന്ധമായ കുറെ മതവിശ്വാസങ്ങളും. ദൈവത്തിന്റെ ശാപമെന്ന പേരില്‍ സഹിക്കേണ്ടി വരുന്ന അവഗണനകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും. ഇത്തരത്തിലുള്ള ഒരായിരം പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടാണ് ഓരോ നിമിഷവും ഈ മനുഷ്യര്‍ ജീവിച്ചു തീര്‍ക്കുന്നത്. അവരുടെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങുന്നതു കണ്ണുനീരല്ല, കീറിമുറിക്കപ്പെട്ട ഹൃദയത്തിന്റെ രക്തത്തുള്ളികളാണ്.

ലോക ഭിന്നശേഷി ദിനമാണ് ഡിസംബര്‍ 3 (World disability day). അവസാനത്തെ സെന്‍സെസ് പ്രകാരം (2011) കേരളത്തില്‍ ആകെ 2.28 % പേര്‍ മാത്രമാണ് ഭിന്നശേഷിക്കാരായിട്ടുള്ളത് (differently abled). അതായത്, കേരളത്തിലെ മൂന്നു കോടിയിലേറെ വരുന്ന ജനസംഖ്യയിലെ 97.72 % പേര്‍ക്കും ശാരീരിക ബൗദ്ധിക പ്രശ്‌നങ്ങള്‍ ഇല്ലെന്നര്‍ത്ഥം. ശാരീരിക മാനസിക വെല്ലുവിളികള്‍ ഉള്ള മനുഷ്യര്‍ അവരെ ജനിപ്പിച്ചവരുടെ മാത്രം ബാധ്യതയാണോ? ഉയര്‍ന്ന സാംസ്‌കാരിക, വിദ്യാഭ്യാസ നിലവാരമുള്ള കേരളമെങ്കിലും മാറിച്ചിന്തിക്കേണ്ടതല്ലേ? ഈ മണ്ണില്‍ പിറന്നു വീഴുന്ന ഓരോ വ്യക്തിയും വളരുകയും പ്രാപ്തിയിലേക്കെത്തുകയും ചെയ്യുന്നത് ഈ സമൂഹത്തിലെ പൊതുവായ വിഭവങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. അങ്ങനെ വളര്‍ന്നുവരുന്നവര്‍ക്ക് ഈ സമൂഹത്തോടും കുറെയേറെ ഉത്തരവാദിത്വങ്ങളുണ്ട്.

ഇത് ഡിസംബര്‍ മാസം. കുരുടന്റെയും അന്ധന്റെയും അംഗവൈകല്യം ബാധിച്ചവരുടേയും ദരിദ്രരുടേയുമെല്ലാം സമാധാനത്തിനായി എത്തിയ ക്രിസ്തുവിന്റെ പിറവിക്കായി ലോകമൊരുങ്ങുന്നു. അങ്ങ്, ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേക്കാളേറെ നക്ഷത്രവിളക്കുകള്‍ നമ്മള്‍ വീട്ടിലും ആരാധനാലയങ്ങളിലും തെളിയിച്ചേക്കാം. വൃക്ഷത്തലപ്പുകള്‍ വെട്ടി നമ്മള്‍ അനേകമനേകം ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുകളും നിര്‍മ്മിച്ചേക്കാം. അത്തരമൊരു പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിന്റെ പ്രതിമയും നമ്മള്‍ സ്ഥാപിച്ചേക്കാം. പക്ഷേ, നമ്മുടെ മനസുകളില്‍ ഉണ്ണിയേശു പിറക്കണമെങ്കില്‍ സഹജീവികളെക്കൂടി ചേര്‍ത്തു പിടിക്കുവാന്‍ നമുക്കു കഴിയണം.

സിനര്‍ജി മഹത്തായൊരു ആശയമാണ്. സമാന മനസ്‌കരായ ചെറിയൊരു കൂട്ടം ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന ഒരിടം മാത്രമല്ല അത്. പരസ്പരം താങ്ങും തണലുമാവുകയാണ് അവര്‍. ഒരാളെപ്പോലും വീണുപോകാന്‍ അനുവദിക്കാതെ സ്വന്തം കരങ്ങളിലവര്‍ താങ്ങുന്നു.

പരസ്പരം താങ്ങാകുമെന്ന് ഉറച്ച മനസ്ഥിതിയുള്ള കുറച്ചു പേര്‍ ചേര്‍ന്ന് ഒരിടത്തു താമസിക്കുക. അത്തരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കും മുന്‍പേ, ഒത്തൊരുമിച്ചു പോകുവാന്‍ സാധിക്കുന്നവരാണോ തങ്ങളെന്ന് പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടെത്തുക. വളരെ സ്‌നേഹത്തോടെ, സഹകരണത്തോടെ, സൗഹൃദത്തോടെ, സഹവര്‍ത്തിത്വത്തോടെ, ജാതിക്കും മതത്തിനും ലിംഗത്തിനും അധീതമായി സ്‌നേഹത്തിലൊരു കൂടാരം കെട്ടിപ്പടുക്കാനാകുമെങ്കില്‍, ഭൂമിയില്‍ നമുക്കും സ്വര്‍ഗ്ഗം പണിയാം. സിനര്‍ജിയെ മാതൃകയാക്കാം.

ഭിന്നശേഷിക്കാര്‍ക്കായി കോടിക്കണക്കിനു രൂപയാണ് ഓരോ ബജറ്റിലും സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നത്. ഈ പണമെല്ലാം എവിടേക്കാണ് പോകുന്നത്? ആശ്രയമേതുമില്ലാത്ത, ജീവിതത്തില്‍ പ്രതീക്ഷിക്കാന്‍ യാതൊന്നുമില്ലാത്ത ഈ ഭിന്നശേഷിക്കാരുടെ നാണയത്തുട്ടുകള്‍ കൂടി കൈക്കലാക്കുന്നത് ആരെല്ലാമാണ്? രക്ഷകരെന്ന വ്യാജേന ചില നന്മമരങ്ങള്‍ കൂടി ആ ഫണ്ട് കൈയ്ക്കലാക്കുന്നുണ്ട്. ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികളേതുമില്ലാതെ ജനിച്ചു ജീവിക്കുന്ന ഓരോ മനുഷ്യരും അഹങ്കരിക്കുന്നു, മത്സരിക്കുന്നു, പോരടിക്കുന്നു. വൈകല്യങ്ങളേതുമില്ലാതെ ഭൂമിയില്‍ ജനിച്ചത്, വെല്ലുവിളികള്‍ നേരിടുന്ന മനുഷ്യരുടെ രക്ഷയ്ക്കു കൂടിയാണെന്ന സത്യം മറന്നുപോകുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കേണ്ട സര്‍ക്കാരും ഉദ്യോഗസ്ഥരുമാകട്ടെ, അവരുടെ രക്ഷയ്‌ക്കെത്തുന്നതുമില്ല. ചിന്താഗതികള്‍ മാറണം, കാഴ്ചപ്പാടുകള്‍ മാറണം, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതു തന്നെ.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *