മടങ്ങിയെത്തുന്ന ഫുട്ബോള്‍ ആരവങ്ങള്‍

Thamasoma News Desk

കൊടുങ്കാറ്റുപോലെ വീശിയടിച്ച ക്രിക്കറ്റ് ആരവത്തില്‍ ആടിയുലഞ്ഞു പോയിരുന്നു ഫുട്ബോള്‍. വീട്ടുമുറ്റങ്ങളിലും സമീപത്തെ ഗ്രൗണ്ടിലും സ്‌കൂള്‍ മൈതാനത്തും മാത്രമല്ല, എല്ലായിടവും ക്രിക്കറ്റ് കൈയ്യടക്കിയിരുന്നു. എന്നാലിന്ന്, ചെറിയ കുട്ടികള്‍ ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ പായുന്നത് മൈതാനത്തെ പന്തിനു പിന്നാലെയാണ്. അവരുടെ ആ ആവേശത്തിനൊപ്പം മൈതാനങ്ങളും ഉണര്‍ന്നു കഴിഞ്ഞു. വേനലവധിക്കാലത്തുമാത്രമല്ല, സാധ്യമായ സമയങ്ങളിലെല്ലാം ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പുകളുമായി (Football coaching camps) സ്‌കൂളുകളും ക്ലബുകളും മൈതാനങ്ങളും ആരവമുയര്‍ത്തുകയാണ്.

Elbin

കേരളോത്സവം 2024 ന്റെ ഉത്ഘാടനസ്ഥലമായ ചെമ്പന്‍കുഴി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഗ്രൗണ്ടില്‍, മത്സരത്തിന്റെ ഇടവേളയില്‍, നടത്തിപ്പുകാരിലൊരാളായ എല്‍ബിനും പറയാനുണ്ടായിരുന്നത് ഇതുതന്നെയായിരുന്നു. ‘എന്റെ മുപ്പതുകളിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. ഞങ്ങളുടെ ഈ ജനറേഷന്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റാണ്. പക്ഷേ, ഇപ്പോഴത്തെ കുട്ടികള്‍ അങ്ങനെയല്ല. ഫുട്ബോളിനെ നെഞ്ചിലേറ്റുന്നവരാണ് അവര്‍. കളിക്കളങ്ങളിലേക്ക് ഫുട്ബോള്‍ ആവേശം വീണ്ടും തിരിച്ചെത്തുകയാണ്. ക്രിക്കറ്റ് കൈയടക്കിയ ഇടങ്ങളില്‍ കാല്‍പ്പന്തിനു പ്രാധ്യാന്യമേറുകയാണ്,’ എല്‍വിന്‍ പറഞ്ഞു.

കലാകായിക രംഗങ്ങളില്‍ നിന്നും കഴിവുള്ളവരെ പിന്നോട്ടു വലിക്കുന്ന പ്രധാന ഘടകമാണ് പരിശീലനത്തിനു വേണ്ടിവരുന്ന ചെലവ്. കഴിവു തെളിയിക്കും വരെ പരിശീലനം നേടണമെങ്കില്‍ പണം മുടക്കിയേ തീരൂ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് അതിനു സാധിക്കില്ല. അങ്ങനെ കളിക്കണങ്ങള്‍ പണക്കാരുടേതു മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും സഹായകമാകുന്നതാണ് നാട്ടിന്‍പുറങ്ങളിലെ കളിക്കണങ്ങള്‍. പഞ്ചായത്തിന്റെ കീഴില്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ കോച്ചിംഗ് കൊടുക്കുന്നുണ്ട്. മികച്ച കലാ കായിക താരങ്ങള്‍ക്ക് വളര്‍ന്നുവരുന്നതിന് നിരവധി അവസരങ്ങളുമുണ്ട്. സ്പോണ്‍സര്‍മാരും ലഭ്യമാണ്.

പ്രതിഭകളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് നല്ല പരിശീലനം നല്‍കി മികച്ച കളിക്കാരാക്കുക എന്നതാണ് ലോകോത്തര നിലവാരമുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള മാര്‍ഗ്ഗം. എന്നാല്‍, പഞ്ചായത്തു തലത്തില്‍ നടത്തുന്ന ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായപരിധി 15 വയസുമുതല്‍ 40 വയസു വരെയാണ്. ഇതു തന്നെയാണ് ഈ മത്സരങ്ങളുടെ പോരായ്മയും. സ്‌കൂളുകളില്‍ അവര്‍ക്ക് അവസരങ്ങളുണ്ട്. പരിശീലനങ്ങളും നല്‍കുന്നുണ്ട്. എങ്കിലും പഞ്ചായത്തു തല മത്സരങ്ങളില്‍ നിന്നും ചെറിയ കുട്ടികളെ ഒഴിവാക്കുന്നത് വലിയ പോരായ്മ തന്നെയാണ്.

എങ്കിലും, ആരവങ്ങളുയരട്ടെ. കളിക്കളങ്ങണുണരട്ടെ. മൊബൈലില്‍ കുടുങ്ങിപ്പോയ മനുഷ്യര്‍ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളിലേക്കു വീണ്ടും കടന്നുവരട്ടെ.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *