കല , കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്
ഞാന്‍ ഒരു കൗണ്‌സലിങ്ങ് സൈക്കോളജിസ്‌റ് ആണ്, എങ്കില്‍ കൂടി ബൈപോളാര്‍ രോഗത്തിന്റെ (Bipolar Disorder) ചികിത്സയില്‍ തെറാപ്പികളും കൗണ്‌സലിങ്ങും കൊടുക്കുന്നതിനു മുന്‍പ് സൈക്ക്യാട്രിസ്റ്റിന്റെ സഹായത്തോടെയാണ് മരുന്നുകള്‍ കൊടുക്കേണ്ടത് എന്ന് പറയും.
ബൈപോളാര്‍ എന്നാല്‍, രണ്ടു ദ്രുവങ്ങള്‍ ഉള്ള, തീവ്രമായ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും തലത്തിലേയ്ക്ക് മാറി മാറി പോകുന്ന രോഗാവസ്ഥ ആണ്. ഒരേ വ്യക്തിയില്‍ ജീവിതത്തിന്റെ ചില ഘട്ടത്തില്‍, സന്തോഷം തീവ്രമായി മാസങ്ങള്‍ നിലനില്‍ക്കും. അമിതമായ ഊര്‍ജ്ജസ്വലത ആണ് പ്രധാന ലക്ഷണം. രാത്രിയില്‍ ഉറങ്ങില്ല എങ്കില്‍ പോലും പകലും നല്ല ഊര്‍ജ്ജസ്വലത ആയിരിക്കും. അമിതമായ സംസാരം. പരിചയമില്ലാത്ത ആളുകളോട് പോലും ഇടിച്ചു കേറി മിണ്ടും. അമിതമായ ആത്മവിശ്വാസം. തനിക്ക് ദൈവീകമായ കഴിവുണ്ടെന്ന് വരെ വിശ്വസിച്ചു പോകുന്ന തരത്തില്‍ ആത്മവിശ്വാസം ഉ്ണ്ടായിരിക്കും.
ഒന്നുകില്‍ അമിത സന്തോഷപ്രകടങ്ങള്‍ അല്ലേല്‍ അമിത ദേഷ്യപ്രകടങ്ങള്‍. ഇതാണ് ചില ഉന്മാദ ലക്ഷണങ്ങള്‍. ‘കൈയില്‍ നയാ പൈസ ഇല്ലാതെ അതുമിതും ഒക്കെ വാങ്ങിച്ചു ചെക്ക് ഒപ്പിട്ടു കൊടുത്തു. അവസാനം അതു പ്രശ്‌നമായി. അങ്ങനെ ആണ് അദ്ദേഹത്തില്‍ രോഗമുണ്ടെന്ന് ആദ്യമായ് തിരിച്ചറിഞ്ഞത്’. ഒരു രോഗിയുടെ ഭാര്യ പറഞ്ഞതാണ്..
വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ഈ അവസ്ഥ. ”അല്ലെങ്കില്‍ എന്തിനും പിശുക്കാണ്. പക്ഷെ അസുഖം വന്നു കഴിഞ്ഞാല്‍ മക്കളെയും കൊണ്ട് പോയി ധാരാളം തുണി, എനിക്ക് സാരി ഒക്കെ വാങ്ങി തരും. മറ്റൊരു രോഗിയുടെ ഭാര്യ പറഞ്ഞതു. ക്രമേണ അതു മാറി സങ്കടത്തിലോട്ടു കടക്കും. ചിലര്‍ക്ക് ഉന്മാദം മാത്രമാകും, വിഷാദത്തിലോട്ടു പോകില്ല. മറ്റു ചിലര്‍ക്ക് ചെറിയ ഉന്മാദാവസ്ഥ, കടുത്ത വിഷാദവും ആകാം. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, നിരാശ, ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല , ആത്മഹത്യ പ്രവണത ഇതൊക്കെ രണ്ടാഴ്ച കാലം നീണ്ടു നിന്നാല്‍ ആണ് വിഷാദരോഗം എന്ന് പറയാവുന്നത്..
ജീവശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ട് തന്നെ ചില വ്യക്തികളില്‍ മനോരോഗ സാദ്ധ്യതകള്‍ കൂടുതലാണ്. അതു ഉന്മാദ വിഷാദരോഗത്തിനും ബാധകമാണ്. പ്രധാനപെട്ട കാര്യം എന്ന് പറയുന്നത് പാരമ്പര്യത്തിന്റെ ഘടകമാണ്. ജനിതകമായിട്ട്, കുറച്ചു സാധ്യത, പാരമ്പര്യം ഇല്ലാത്തവരെ അപേക്ഷിച്ചു അവര്‍ക്ക് കൂടുതല്‍ ആണെന്ന് പറയാം.. ജീവിതത്തിലെ സമ്മര്‍ദ്ദം മൂലവും വരാം.
തീവ്രമായ വിഷാദം വരുന്ന സന്ദര്‍ഭത്തില്‍ മസ്തിഷ്‌കത്തിലെ സിറട്ടോണിന്‍ എന്ന് പറയുന്ന രാസവസ്തുവില്‍ കുറവുണ്ടാകുന്നു. ശാരീരിക ലക്ഷണങ്ങള്‍ ചിലര്‍ പ്രകടിപ്പിക്കും.
ചില വേദനകള്‍, പെരുപ്പ്, തരിപ്പ്, ഒരു ജോലിയും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.. ഇത്തരം ലക്ഷണം ഉള്ള വ്യക്തികളില്‍ മസ്തിഷ്‌ക്കത്തില്‍ noreprinephrin എന്ന് പറയുന്ന മറ്റൊരു രാസവസ്തുവില്‍ കുറവ് ഉണ്ടാകുന്നു. വിഷാദത്തിന്റെ കാര്യമെടുത്താല്‍ രണ്ടാഴ്ച വരെ ഉള്ള സ്ഥായിയായ വിഷാദം..
രാവിലെ മുതല്‍ വൈകുന്നേരം വരെ മാറാതെ ഉള്ള അകാരണമായ സങ്കടം.. ഒരു ജോലിയും ചെയ്യാന്‍ താല്പര്യം ഇല്ല. വല്ലാത്ത ക്ഷീണം.. ഉറക്കക്കുറവ്, വിശപ്പില്ലായ്മ..
ഇതൊക്കെ ആണ് വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഉന്മാദാവസ്ഥ ഉള്ള ആളുകളില്‍ തലച്ചോറില്‍ ഡോപ്പാമിന്‍ എന്ന് പറയുന്ന രസതന്മാത്ര കൂടുതലായി കാണപ്പെടുന്നു.. മരുന്നുകള്‍ കൊടുത്തു ഇതിന്റെ അളവിനെ ക്രമീകരിക്കുക എന്നതാണ് പ്രധാനമായും ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.. മൂഡ് സ്റ്റെബിലൈസര്‍ എന്ന് പറയുന്ന മരുന്നുകള്‍ ആണ് ഇതിനു ഉപയോഗിക്കുന്നത്..
വളരെ സുരക്ഷിതമായ, പാര്‍ശ്വഫലങ്ങള്‍ വരാതെ ഉള്ള മരുന്നുകള്‍ ഉണ്ട്.. എന്നാല്‍ തുടര്‍ച്ചയായി. മരുന്നു കഴിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദേശപ്രകാരം അല്ലാതെ മരുന്ന് കുറയ്ക്കുകയും നിര്‍ത്തുകയും ചെയ്യരുത്. രോഗത്തിന്റെ തുടക്കം രോഗിക്കും തൊട്ടടുത്ത ബന്ധുവിനും അറിയാന്‍ പറ്റിയാല്‍ വളരെ സാധാരണഗതിയില്‍ മരുന്നുകള്‍ എടുത്ത് ജോലിക്കും മറ്റു സാമൂഹിക കാര്യങ്ങളില്‍ പോലും ഇടപെട്ടു സന്തോഷകരമായ ജീവിതം നയിക്കാവുന്നതാണ്.
മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ പറ്റണം.. മനഃശാത്രപരമായ ചികിത്സകള്‍ രണ്ടാമതായി വരുന്നു.. Interpersonal സൈക്കോതെറാപ്പി ഉണ്ട്.. കോഗ്‌നിറ്റീവ് തെറാപ്പി ഉണ്ട്..
ഹൈപ്നോട്ടിസം കൊണ്ട് ഇത് മാറ്റാന്‍ പറ്റുമോ?
Hypnotism എന്നത് ഒരു relaxation രീതി ആണ്. അതു ഇവിടെ പ്രയോജനം ചെയ്യില്ല. ഒന്‍പതു മാസം എങ്കിലും മരുന്ന് എടുക്കണം. ചികിത്സ എടുത്തു ഒരാഴ്ച്ച കൊണ്ട് ചിലപ്പോള്‍ ലക്ഷണങ്ങള്‍ മാറും.. പക്ഷെ മരുന്ന് നിര്‍ത്തരുത്.. മസ്തിഷ്‌കത്തിലെ രാസവസ്തുക്കള്‍ മരുന്നുകളുടെ സഹായം ഇല്ലാതെ ക്രമമായി നിലനില്‍ക്കണം എങ്കില്‍ ചുരുങ്ങിയത് ഒന്‍പതു മാസമെങ്കിലും എടുക്കും.
ആവര്‍ത്തന സ്വഭാവം ഉള്ള ഒരു അസുഖം ആണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. തലച്ചോറിലെ രാസവ്യതിയാനങ്ങള്‍ വീണ്ടും ബാക്കി നില്‍ക്കുക ആണ്. അപ്പോള്‍ ചെറിയ ഒരു സമ്മര്‍ദ്ദം മാത്രം മതി, അല്ലേല്‍ ഒരു ദിവസം ഒന്ന് ഉറക്കം കുറഞ്ഞാല്‍ മതി അടുത്ത എപ്പിസോഡില്‍ കടക്കും.. രാസവസ്തുക്കള്‍ ക്രമീകരിച്ചാല്‍ മാത്രമേ ഈ അസുഖത്തിന്റെ തീവ്രത കുറയുകയും സാധാരണ ജീവിതം നയിക്കാനും പറ്റുള്ളൂ. ഉള്‍കാഴ്ച ഉണ്ടാകണം.
എങ്ങനെ ആണ് മരുന്നുകള്‍ ഇല്ലാതെ കൗണ്‍സലിംഗ് കൊണ്ട് മാറുക ..?
മരുന്ന് എടുത്ത് ഒരു ഘട്ടം എത്തിയതിനു ശേഷം കൗണ്‍സലിംഗ് & തെറാപ്പി ഫലപ്രദമാണ്. പല വ്യാജന്മാര്‍ , പരസ്യം ചെയ്യുന്നുണ്ട് .. ദൂരെ ഇരുന്നു അസുഖം മാറ്റി കൊടുക്കുന്ന രീതികള്‍ വരെ അന്ധമായി ചില അഭ്യസ്ത വിദ്യര്‍ വിശ്വസിക്കുന്നു. ഷുഗറിന്റെ അസുഖം ഉണ്ടായാല്‍ , അത് തീവ്രമായാല്‍ മരുന്ന് എടുക്കേണ്ടേ? അത് പോലെയേ ഉള്ളു ഇതും. രോഗം തിരിച്ചറിയാന്‍ പറ്റാതെ ആത്മഹത്യയിലേക്കു പോയ എത്രയോ ജീവിതങ്ങള്‍ !
കൗണ്‍സലിംഗ് സൈക്കോളജിസ്‌റ് ആയി പ്രക്ടീസ് ചെയ്യുന്നവര്‍ ക്ലിനിക്കല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടോ ?
തീര്‍ച്ചയായും ഉണ്ട്. അത് ചികില്‍സിക്കാന്‍ അല്ല ..മരുന്ന് കൊടുക്കാനും അല്ല. കൗണ്‍സലിംഗ് കൊണ്ട് ഭേദമാക്കാന്‍ പറ്റാത്ത എന്തൊക്കെ രോഗാവസ്ഥ ഉണ്ടെന്നു പഠിക്കാന്‍ വേണ്ടി ആണ് ചുരുങ്ങിയത് രണ്ടു വര്ഷം എങ്കിലും ട്രെയിനിങ് എടുത്തവരുടെ അടുക്കല്‍ ചികിത്സയ്ക്ക് ചെന്നാല്‍ അവര്‍ യഥാര്‍ത്ഥ വഴി പറഞ്ഞു കൊടുക്കും. പരിചയ സമ്പന്നരായ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുക. എന്തൊക്കെ ചെയ്യാം എന്നത് പോലെ കൗണ്‌സിലര്‍ക്കു എന്തൊക്കെ ചെയ്തു കൂടാ എന്നതും പ്രസക്തമാണ്. ദയവായി മോട്ടിവേഷണല്‍ ട്രെയ്‌നര്‍ എന്നുള്ള പരസ്യത്തില്‍ ഇത്തരം രോഗാവസ്ഥ പരീക്ഷണത്തിന് ഇട്ടു കൊടുക്കരുത്.
അധികം തിരക്കില്ലാത്ത മിടുക്കനായ സൈക്കിയാട്രിസ്റ്റിന്റെ സേവനം ആണ് ഫലപ്രദം. കാരണം , ഡോക്ടര്‍ രോഗാവസ്ഥയുടെ ആദ്യാവസാനകാര്യങ്ങള്‍ കൂടെ ഉള്ളവര്‍ക്ക് , രോഗിക്ക് ഒക്കെ വിശദമായി പറഞ്ഞു കൊടുക്കാന്‍ സമയം കണ്ടെത്തണം. അവര്‍ക്കു ശുഭാപ്തി വിശ്വാസം നല്‍കണം. ഡോക്ടറുടെ പുഞ്ചിരിയില്‍ അവര്‍ക്കു ആശ്വാസം കണ്ടെത്താന്‍ പറ്റണം.
Pic Taken from Google
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47